Related Posts with Thumbnails

2010-01-22

അടുക്കളയിലെ അധിനിവേശം



കെ എം മുസ്‌തഫ്‌
വൈകിയെത്തുന്ന രാത്രികളിലൊന്നില്‍ ഉണ്ണാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സംശയമുണര്‍ന്നു: `എന്റെ വീട്ടിലെ രുചിയില്‍ ഈയിടെ എന്തോ ഒരു മാറ്റമില്ലേ? ഒരു നല്ല മാറ്റം?' അന്നം മണത്തുനോക്കാന്‍ പാടില്ലെന്നാണ്‌ പഴമക്കാര്‍ പറയാറ്‌. എന്നാല്‍ മണത്തുനോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‌ എനിക്കു മുന്നിലിരിക്കുന്ന ഭക്ഷണത്തിലുണ്ടായിരുന്നു. ആ മണം എന്റെ മൂക്കിലൂടെ കടന്നു നാക്കിന്‍തുമ്പിലെത്തി
കൊതിയുടെ അനേകം രസമുകുളങ്ങള്‍ മുളപ്പിക്കുകയാണ്‌. എന്റെ ഭാര്യ ഒരു നല്ല പാചകക്കാരിയല്ല. ചില വിഭവങ്ങളുണ്ടാക്കുന്നതില്‍ മാത്രമാണ്‌ ഉമ്മക്ക്‌ പ്രാവീണ്യം.
പുതുതായി ആരും വീട്ടില്‍ വന്നതായി കേട്ടിട്ടില്ല. പിന്നെയെങ്ങനെ ഈ മാറ്റം?
``നീയിപ്പൊ പാചകപുസ്‌തകങ്ങളാണോ വായിക്കുന്നത്‌?''
കൈകഴുകി സുഖദമായ ഒരു ഏമ്പക്കവും വിട്ട്‌ ഉമ്മറത്തിരിക്കുമ്പോള്‍ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു.
``പാചകം പോയിട്ട്‌ പി എസ്‌ സിക്ക്‌ പഠിക്കാന്‍ നേരംല്ല. എന്താ ചോദിച്ചത്‌?''
``ഏയ്‌ വെറുതെ ചോദിച്ചതാ, ഇപ്പൊ ഇവിടെ ആരാ പാചകം ചെയ്യുന്നത്‌?''
``കൂടുതലും ഉമ്മയാ..'' അവള്‍ പറഞ്ഞു.
മരുമക്കള്‍ വീട്ടില്‍ വരുമ്പോഴാണ്‌ അമ്മായിമ്മമാര്‍ കൂടുതല്‍ നല്ല പാചകക്കാരികളാവുന്നത്‌. ഇതൊരു അമ്മായിയമ്മ മനശ്ശാസ്‌ത്രമാണ്‌. എന്റെ വീട്ടിലും
ഇത്തരം മനശ്ശാസ്‌ത്രപ്രക്രിയകള്‍ അരങ്ങേറുന്നുണ്ടെന്ന പുതിയ നിഗമനത്തിലാണ്‌
ഞാനന്ന്‌ ഉറങ്ങാന്‍ കിടന്നത്‌.
പിറ്റേന്ന്‌ ഒരു അവധിദിവസത്തിന്റെ ആലസ്യത്തില്‍ വൈകിയാണ്‌ ഉണര്‍ന്നത്‌. ഭാര്യ കൊണ്ടുവന്നുവച്ച ആവിപറക്കുന്ന ചായ ഒരിറക്ക്‌ കുടിച്ചപ്പോള്‍ തലേന്നുണ്ടായ അതേ സംശയം വീണ്ടും തലപൊക്കി. ഈ ചായക്കുമില്ലേ ഒരു പ്രത്യേക രുചി? ഞാന്‍ മൂക്കു വിടര്‍ത്തി.
വീണ്ടും വീണ്ടും മണക്കാന്‍ പ്രേരിപ്പിക്കുന്ന ഗന്ധം.
ഞാന്‍ ഭാര്യയെ വിളിച്ചു.
``ഈ ചായ ഏതാ?''
``ഞാന്‍ കൊണ്ടുവന്നു വച്ചതാ.''
പെണ്ണുങ്ങള്‍ ഇങ്ങനെയാണ്‌. കേള്‍ക്കുന്ന മാത്രയില്‍ പ്രതികരിച്ചുകളയും; ഒട്ടും ചിന്തിക്കാതെ. വിപണിയുടെ തന്ത്രങ്ങള്‍ പെണ്ണുങ്ങളില്‍
കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ഈ സ്‌ത്രീമനശ്ശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയാണ്‌.
``അതല്ല ചോദിച്ചത്‌. ഈ ചായയുടെ ബ്രാന്‍ഡേതാണെന്നാണ്‌?''
അവള്‍ ബ്രാന്‍ഡു പറഞ്ഞപ്പോള്‍ ഞാനാകെ തരിച്ചുപോയി. തികച്ചും വിദേശിയായ ആ സാധനത്തിന്റെ ഏറ്റവും ചെറിയ പാക്കറ്റുവാങ്ങാന്‍ എന്റെ ഒരു ദിവസത്തെ ശമ്പളം മതിയാവില്ല.
``ആരാണിതു വാങ്ങിച്ചത്‌?''
``ആ, അത്‌ ഉമ്മക്കാരോ ഫ്രീ കൊടുത്തതാ.''
``ഫ്രീയോ? ഉമ്മക്കാര്‌ ഫ്രീ കൊടുക്കാനാ?''
``ആ, എനിക്കറിയില്ല. ഉമ്മാന്റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ആരോ. വേറെയും കുറെ സാധനങ്ങളുണ്ട്‌.''
എനിക്ക്‌ ഒന്നും മനസ്സിലായില്ല. പതിവായി എത്താറുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളൊന്നും ഞാനറിയുന്നില്ലേ എന്നൊരു ചിന്ത ആദ്യമായി എനിക്കുണ്ടായി.
വീട്ടുകാര്യങ്ങള്‍ മിക്കവാറും പണ്ടുമുതലേ ഉമ്മയുടെ നിയന്ത്രണത്തിലാണ്‌. പണത്തില്‍ മാത്രമേ എന്റെ പങ്കുള്ളൂ. വെറുതെ ഒരു ടെന്‍ഷന്‍ കൂടി തലയിലേറ്റേണ്ട എന്നതായിരുന്നു എന്റെ സമീപനം.
ഉണ്ടാക്കിവയ്‌ക്കുന്ന ഭക്ഷണം മൂക്കറ്റം തട്ടുകയല്ലാതെ അത്‌ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചോ അതിനെന്ത്‌ ചെലവ്‌ വരും എന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട ഒരു സാഹചര്യം ഇത്ര കാലമായിട്ടും ഉണ്ടായിട്ടില്ല. അടുക്കള എനിക്ക്‌ അജ്ഞാതമായ ഇടമായിരുന്നു. പെണ്ണുങ്ങള്‍ക്കു മാത്രമല്ല ആണുങ്ങള്‍ക്കും അടുക്കളയില്‍ പ്രവേശിക്കാം എന്ന തത്വശാസ്‌ത്രമൊക്കെ മനസ്സിലുണ്ടെങ്കിലും സൗകര്യപൂര്‍വം
വിസ്‌മരിക്കുകയാണ്‌ പതിവ്‌.
എന്നാല്‍ ഇപ്പോള്‍ ആദ്യമായി അടുക്കളയിലൊന്ന്‌ കയറിയാലെന്താ എന്നൊരു ചിന്ത എന്നെ പിടികൂടി. എന്നു മാത്രമല്ല മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിയുംമുമ്പ്‌ ഞാനവിടെ പ്രവേശിക്കുകയും ചെയ്‌തു. അരമണിക്കൂര്‍ അവിടെ ചെലവഴിച്ചപ്പോഴേക്കും ഞാന്‍ തീര്‍ത്തും ഹതാശനായി. എന്റെ രാഷ്‌ട്രീയബോധത്തെ ക്രൂരമായി പരിഹസിക്കുന്ന ഭീകരമായ കാഴ്‌ചയാണ്‌ എനിക്കവിടെ കാണാന്‍ കഴിഞ്ഞത്‌.
ലോകത്ത്‌ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച്‌ ലോകബുദ്ധിജീവികളെഴുതുന്ന ലേഖനങ്ങള്‍ വായിച്ച്‌ അതിനെതിരെ വ്യക്തമായ ഒരു രാഷ്‌ട്രീയബോധവും മാനസികമായ പ്രതിരോധവും രൂപപ്പെടുത്തിയിട്ടുണ്ട്‌ ഞാന്‍. എന്നാല്‍ ഉമ്മറത്തിരുന്ന്‌ രാഷ്‌ട്രീയബോധം രൂപപ്പെടുത്തുന്നതിനിടയില്‍ ഞാനറിയാതെ അധിനിവേശം എന്റെ അടുക്കളയില്‍ പണിതുടങ്ങിയിരുന്നു.
അടുക്കളയിലെ അലമാരയില്‍ നിരത്തിവച്ചിരിക്കുന്ന പാക്കറ്റുകളിലെ ബ്രാന്‍ഡ്‌ നെയിമുകള്‍ വായിക്കെ ഞാന്‍ ഉമ്മയോട്‌ ചോദിച്ചു:
``ഈ സാധനങ്ങളൊക്കെ എങ്ങനെ നമ്മുടെ ബജറ്റിലൊതുങ്ങുന്നു?''
``അതറിയാന്‍ നിനക്കെവിടെ സമയം?'' ഉമ്മ എടുത്തടിച്ചതുപോലെ ചോദിച്ചു.``ഏതുനേരോം പുസ്‌തകത്തിന്റെ ഉള്ളിലല്ലേ..
ഇതില്‌ ഓരോരുത്തര്‌ ഫ്രീയായി തന്നതും ഞാന്‍ കാശ്‌ കൊടുത്ത്‌
വാങ്ങിയതുമൊക്കെയുണ്ട്‌. നാക്കിന്‌ രുചിയുള്ളത്‌ വല്ലതും കഴിക്കണമെങ്കില്‍ നല്ല സാധനം വാങ്ങണം.''
വീടിന്റെ ഉമ്മറത്തു വച്ച്‌ അധിനിവേശത്തെ തടയാന്‍ ശക്തമായ ഒരു ചിന്താമണ്‌ഡലം ഞാന്‍
വാര്‍ത്തെടുത്തിരുന്നു. എന്നാല്‍ ഈ ചിന്താമണ്ഡലം വാര്‍ത്തെടുക്കാന്‍ ഞാന്‍ വിനിയോഗിച്ച സമയത്തിന്റെ നൂറിലൊരംശം കൊണ്ട്‌ അധിനിവേശം പിന്നാമ്പുറത്തുകൂടെ എന്റെ വീടിന്റെ അടുക്കളയില്‍ കയറി ആക്രമണം തുടങ്ങിയിരുന്നു എന്ന സത്യത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്റെ കണ്ണുവേണ്ടിയിരുന്നത്‌ ഉമ്മറത്തല്ല.
അടുക്കളയിലായിരുന്നു. അതാണ്‌ ഒരു വീടിന്റെ ഹൃദയം. അവിടെ നിന്നാണ്‌ എല്ലാ ധമനികളിലേക്കും രക്തമെത്തുന്നത്‌. കടന്നുകയറ്റത്തിന്‌ ചോരയെക്കാള്‍ മികച്ച മാധ്യമമില്ല.
ഞാനോര്‍ക്കുകയായിരുന്നു; പണ്ടൊക്കെ ഉമ്മ, ഞങ്ങളുടെ തൊടിയിലെ ചേനയും മുരിങ്ങയിലയും കാച്ചിലും പപ്പായയുമൊക്കെകൊണ്ട്‌ രുചികരമായ വിഭവങ്ങളുണ്ടാക്കുമായിരുന്നു. ഉമ്മയുടെ ഈ താത്‌പര്യംകണ്ട്‌ കണ്ടത്തില്‍ ഞാന്‍ ചീരവിത്ത്‌ പാകി മുളപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലമായി അത്തരം വിഭവങ്ങളൊന്നും തീന്‍മേശയില്‍ കാണാറേയില്ല. ഉമ്മക്കിപ്പോള്‍ അതൊന്നും പറ്റാതായോ?
``ഉമ്മാ... ഉമ്മാന്റെ ചേമ്പുംതാള്‍ എന്തുരസമായിരുന്നു. അതൊക്കെപ്പൊ എവിടെ?''
``ആര്‍ക്കാവ്‌ടെ ചേമ്പും ചേനയുമൊക്കെ നട്ടു നനയ്‌ക്കാന്‍ നേരം... അതൊക്കെണ്ടാക്ക്‌ണ നേരംകൊണ്ട്‌ നാലുമുക്കാല്‌ണ്ടാക്ക്യാ പീടീല്‍ കിട്ടാത്ത സാധനംണ്ടോ..?''
ഉമ്മ പറഞ്ഞു.
ഞാന്‍ തൊടിയിലേക്കിറങ്ങി. ആരും ഒന്നും ചെയ്യാതെ തന്നെ പൊട്ടിമുളച്ച്‌ പടര്‍ന്നിരുന്ന ചേമ്പിന്റെയും ചേനയുടെയുമൊന്നും മുളപോലും കാണാനില്ല. തടിയില്‍ പൊത്ത്‌ബാധിച്ച മുരിങ്ങാമരം മരണാസന്നനിലയിലാണ്‌. പുഴുക്കളരിച്ച്‌ കറിവേപ്പ്‌മരം ഉണങ്ങിപ്പോയിരിക്കുന്നു. പപ്പായമരം ചൊറിബാധിച്ച്‌ മുരടിച്ചുപോയിരിക്കുന്നു.
എനിക്ക്‌ വല്ലാത്ത സങ്കടംതോന്നി. ഒരു വര്‍ഷംമുഴുവനും അങ്ങാടി പൂട്ടിക്കിടന്നാലും മുന്നുനേരം സുഭിക്ഷമായും ആരോഗ്യകരമായും ഭക്ഷിക്കാന്‍ കഴിയുംവിധം സ്വയംപര്യാപ്‌തമായിരുന്നു എന്റെ മണ്ണ്‌.
ആരാണ്‌ എന്റെ തൊടിയിലെ പച്ചപ്പുകളെയെല്ലാം കരിച്ചുകളഞ്ഞത്‌?
എന്റെ ഉമ്മയോ? ഭാര്യയോ?
അതോ കാലങ്ങളായി തൊടിയുടെ അവസ്ഥയെന്തെന്ന്‌ ചിന്തിക്കാതെ ഒരു ബുദ്ധിജീവിയുടെ നാട്യത്തില്‍ ഉമ്മറത്തിരുന്ന്‌ പുസ്‌തകങ്ങള്‍ കരണ്ടുതിന്നുകയും മറ്റുള്ളവരെ നന്നാക്കാന്‍വേണ്ടി ലേഖനമെഴുതുകയും ചെയ്‌ത ഞാനോ?
ചിന്തിച്ചിരിക്കാന്‍ എനിക്ക്‌ സമയമില്ലായിരുന്നു. അധിനിവേശം എന്റെ അടുക്കളയിലാണ്‌.
പെട്ടെന്ന്‌ പ്രതിരോധിച്ചില്ലെങ്കില്‍ അതെന്റെ കുടുംബത്തിന്റെ നാഡിഞരമ്പുകളിലെല്ലാം കടന്നുകയറും.
പിറ്റേന്നുമുതല്‍ ഉണര്‍ന്നെണീറ്റ ഉടന്‍ ഒരു തൂമ്പയുമെടുത്ത്‌ ഞാനെന്റെ തൊടിയിലിറങ്ങി. വര്‍ഷങ്ങളായി തൂമ്പ കണ്ടിട്ടില്ലാത്ത മണ്ണിന്റെ കാഠിന്യത്തില്‍ പുതിയൊരാവേശത്തോടെ കൊത്തി. അവിടെ ചേമ്പും ചേനയും കാച്ചിലും വാഴയും നട്ടു. പുതിയ രണ്ടു പപ്പായ മരങ്ങള്‍ പിടിപ്പിച്ചു. കറിവേപ്പു മരത്തിനു ചുറ്റും മണ്ണിട്ട്‌ തടമെടുത്തു. ടെറസിലേക്ക്‌ പടര്‍ന്നുകയറാന്‍ പാകത്തില്‍ ഒരു കോവക്കാവള്ളി പിടിപ്പിച്ചു. അടുക്കളച്ചെളിയില്‍ മുളക്‌ വിത്തുകളും ചീരവിത്തുകളും പാകി. വൈകുന്നേരം ഓഫീസില്‍ നിന്ന്‌ കൃത്യസമയത്തിറങ്ങി. ബുദ്ധിജീവി ചര്‍ച്ചകള്‍ക്കും വായനശാലയിലെ അലസവായനക്കുമുള്ള ടെംപ്‌റ്റേഷന്‍ പിടിച്ചുകെട്ടി നേരെ വീട്ടിലെത്തി.
തൊടിയിലേക്കിറങ്ങി നട്ടതെല്ലാം നനച്ചു. രണ്ടുമാസമായപ്പോഴേക്കും എന്റെ തൊടിയുടെ മുഖച്ഛായ തന്നെ മാറി. അവിടെ സ്വയംപര്യാപ്‌തതയുടെ പച്ചപ്പ്‌ പടര്‍ന്നുപന്തലിച്ചു.
വായിച്ച പുസ്‌തകങ്ങളെക്കാള്‍, എഴുതിയ ലേഖനങ്ങളെക്കാള്‍ സംതൃപ്‌തമായിരുന്നു എനിക്കാ കാഴ്‌ച. ഈയിടെ വീടുവിറ്റ്‌ പുതിയ താമസസ്ഥലത്തേക്ക്‌ മാറുമ്പോള്‍ പുതിയ ഉടമസ്ഥന്‍ ചോദിച്ചു:
``ഇതെല്ലാം നട്ടുപിടിപ്പിച്ച്‌ പിന്നെ എന്തേ വില്‍ക്കുന്നത്‌?''
ഞാന്‍ അയാളോട്‌ പറഞ്ഞു:
``നട്ടുനനയ്‌ക്കല്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌. ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതും ഏറെ മാനങ്ങളുള്ളതുമായ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം. നമ്മുടെ
അടുക്കളയിലേക്കുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ അതിനു കഴിയും.''
അടുക്കളയിലെ അധിനിവേശ രാഷ്‌ട്രീയം ഒരു വ്യക്തിയോ സമൂഹമോ രാഷ്‌ട്രമോ സംസ്‌കാരമോ തങ്ങളുടെ സ്വാര്‍ത്ഥമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ സംസ്‌കാരത്തിന്റെയോ നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും നശിപ്പിച്ചുകളയുകയും ചെയ്യുന്നതിനെയാണ്‌ അധിനിവേശം എന്നു പറയുന്നത്‌. കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ മറ്റൊരാളുടെമേല്‍ നടത്തുന്ന കുതിരകയറ്റം. ഭൂവിഭാഗങ്ങളുടെ കോളനി വല്‍ക്കരണമായിരുന്നു പണ്ട്‌ അതിന്റെ അജണ്ട. ഇന്നത്‌ രൂപംമാറി ആഗോളമുതലാളിത്തത്തിന്റെ വിപണിവല്‍ക്കരണമായി മാറിയിരിക്കുന്നു. അതായത്‌ ഓരോ പ്രദേശത്തെയും വിഭവങ്ങളെ കയ്യടക്കാനുള്ള കടന്നുകയറ്റമായിരുന്നു കോളനിവല്‍ക്കരണമെങ്കില്‍ മുതലാളിത്തത്തിന്റെ മിച്ച ഉല്‍പ്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയുന്ന ചന്തകളാക്കി ഓരോ പ്രദേശത്തെയും മാറ്റിയെടുക്കലാണ്‌ വിപണിവല്‍ക്കരണം. സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ വേരോടെ നശിപ്പിക്കലാണ്‌ അധിനിവേശത്തിനുള്ള എറ്റവും മികച്ച ഉപായം. റഷ്യയില്‍ സാമ്രാജ്യത്വം ഈ തന്ത്രമാണത്രെ ഉപയോഗിച്ചത്‌. ആട്ടിറച്ചി റഷ്യയിലെ മുഖ്യ ആഹാരങ്ങളിലൊന്നാണ്‌. ഒരു സംഘം ആളുകള്‍ചേര്‍ന്ന്‌ സഹകരണാടിസ്ഥാനത്തില്‍ ആടുകളെ വളര്‍ത്തിയാണ്‌ ഇവിടെ ആട്ടിറച്ചി വിതരണം സാധ്യമാക്കിയിരുന്നത്‌. അതായത്‌ തങ്ങള്‍ക്ക്‌ ആവശ്യമുള്ള ഭക്ഷണം തങ്ങള്‍തന്നെ നിര്‍മിച്ച്‌ തങ്ങള്‍തന്നെ ഉപയോഗിക്കുന്ന രീതി. ഈ രീതിയില്‍ വിപണിയും
അതിന്റെ കച്ചവടതന്ത്രങ്ങളും അപ്രസക്തമാണ്‌. ഈ സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ തകര്‍ത്തുകൊണ്ടുമാത്രമേ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന്‌ മനസ്സിലാക്കിയ സാമ്രാജ്യത്വം ഈ കര്‍ഷകര്‍ക്ക്‌ ഫ്രീയായി ആട്ടിറച്ചി വിതരണം ചെയ്യാന്‍ തുടങ്ങി. ദിവസവും ഫ്രീയായി ആട്ടിറച്ചി ലഭിക്കുമ്പോള്‍ ആരാണ്‌ ആടുകളെ വളര്‍ത്താന്‍ മെനക്കെടുക? ക്രമേണ ആടിനെ വളര്‍ത്തുന്ന സംസ്‌കാരംതന്നെ ആ സമൂഹം
മറന്നു. പാക്കറ്റില്‍ ലഭിക്കുന്ന ആട്ടിറച്ചി അവരുടെ വായയുടെ രുചിയെ കണ്ടീഷന്‍ചെയ്‌തു. അതായി അവരുടെ മുഖ്യആഹാരം. അപ്പോഴാണ്‌ സാമ്രാജ്യത്വം അതിന്റെ യഥാര്‍ത്ഥമുഖം പുറത്തെടുക്കുന്നത്‌. അതുവരെ ഫ്രീയായി കൊടുത്തിരുന്ന ഇറച്ചിക്ക്‌ അവര്‍ വിലയിട്ടു. തങ്ങളുടെ പഴയ സംസ്‌കാരത്തിലേക്ക്‌ തിരിച്ചുപോകാന്‍ കഴിയാത്ത വിധം കര്‍ഷകര്‍ അപ്പോഴേക്കും ഉപഭോഗ സംസ്‌കാരത്തിന്‌ അടിമകളായിരുന്നു.
വിപണിയുടെ ഇതേ ഒളിയജണ്ട ഇതേ രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമ്മുടെ സ്വയം പര്യാപ്‌തതയുടെ പച്ചപ്പുകളെയെല്ലാം കരിച്ചുകളയുന്നില്ലേ?
നോക്കൂ,
നമ്മുടെ മണ്ണില്‍ നട്ടുനനച്ചുണ്ടാക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, നമ്മുടെ ജലാശയങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങള്‍, നമ്മുടെ മലനിരകളില്‍ വളരുന്ന സുഗന്ധവ്യഞ്‌ജനങ്ങള്‍, നമ്മുടെ വീട്ടിലെ കൂട്ടില്‍ വളരുന്ന കോഴികള്‍ തുടങ്ങി എല്ലാം കുറഞ്ഞ മെനക്കേടില്‍ കൂടുതല്‍ ആകര്‍ഷകമായ രൂപഭാവങ്ങളോടെ റെഡിമെയ്‌ഡ്‌ പാക്കറ്റുകളില്‍ നമുക്കു മുന്നിലെത്തുമ്പോള്‍ നാം നമ്മുടെ തൊടിയിലെ പച്ചപ്പ്‌ മറന്നുപോകുന്നില്ലേ? വെളിച്ചത്തിനു മുന്നിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട്‌ സ്വയംമരണം വരിക്കുന്ന ഇയ്യാം പാറ്റകളെപ്പോലെ പുറംമോടിയുള്ള ഉല്‍പ്പന്നങ്ങളില്‍
കണ്ണുമഞ്ഞളിച്ച്‌ നാം നമ്മുടെ പണവും ആരോഗ്യവും തുലയ്‌ക്കുകയാണ്‌. അടുക്കളയെ അധിനിവേശത്തിന്റെ പരീക്ഷണശാലകളാക്കാന്‍ വിട്ടുകൊടുക്കുകയാണ്‌. മുലപ്പാലിനു പകരം മുതലാളിത്ത സപ്ലിമെന്റ്‌ കഴിച്ച്‌ നമ്മുടെ കുഞ്ഞുങ്ങള്‍ വളരുകയാണ്‌.
മയക്കുമരുന്നിന്‌ രണ്ടോ മൂന്നോ ഡോസുകൊണ്ട്‌ നിങ്ങളെ അടിമയാക്കാന്‍ കഴിയും. ഉപഭോഗ സംസ്‌കാരം ബ്രൗണ്‍ഷുഗറിനെക്കാള്‍ ഭീകരമായ മയക്കുമരുന്നാണ്‌. ഒരൊറ്റ ഡോസ്‌ മതി, ഒരു ജന്മമല്ല, ഒരു പാട്‌ തലമുറകളോളം അത്‌ നിങ്ങളെ അടിമയാക്കി നിര്‍ത്തും. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവതില്ലാത്ത, ഒന്നും ചോദ്യം ചെയ്യാത്ത, എന്തു കൊടുത്താലും സ്വീകരിക്കുന്ന അടിമകളെയാണ്‌ അധിനിവേശം അന്വേഷിക്കുന്നത്‌. സ്വയം പരിശോധിക്കുക:
നിങ്ങളിലും നിങ്ങളറിയാതെ പ്രതികരണ പ്രതിരോധശേഷികള്‍ നഷ്‌ടപ്പെട്ട ഒരടിമ വളര്‍ന്നു വരുന്നില്ലേ?
ചെക്ക്‌ അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെ അടുക്കളയിലും കാണാനുണ്ടോ? ഒരു തൂമ്പയെടുത്ത്‌ ഇപ്പോള്‍ തന്നെ തൊടിയിലേക്കിറങ്ങുക.
കടപ്പാട് രിസാല

നിയമത്തെ ദുരുപയോഗം ചെയ്യുന്നവര്‍




ശൈഖ് മുഹമ്മദ് കാരകുന്ന്

ഏതെങ്കിലും വ്യക്തികളെ പേരെടുത്ത് പരാമര്‍ശിക്കുകയോ വ്യക്തമായ സൂചനവ്യാജമെഴുതുകയോ ചെയ്താല്‍ മാനനഷ്ടത്തിന് കേസുകൊടുക്കാം. ബന്ധപ്പെട്ട വ്യക്തിയോ അടുത്ത ബന്ധുക്കളോ നിയമനടപടിക്ക് ശ്രമിച്ചാല്‍ മാത്രമേ അപ്പോഴും അത് സാധ്യമാവുകയുള്ളൂ. വ്യക്തികള്‍ക്കേ അഭിമാനമുള്ളൂ, അവരുള്‍ക്കൊള്ളുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമില്ല! അതുകൊണ്ടുതന്നെ സംഘടനകളെ ആക്ഷേപിക്കുകയോ അപഹസിക്കുകയോ ചെയ്താല്‍ അനുയായികള്‍ക്ക് കടുത്ത മനഃപ്രയാസവും മാനനഷ്ടവുമുണ്ടാവുമെങ്കിലും നിലവിലുള്ള ചട്ടപ്രകാരം നിയമനടപടിക്ക് സാധ്യമല്ല. കേരളത്തിലെ പല പ്രസംഗകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും നിയമത്തിലെ ഈ പഴുത് തങ്ങള്‍ക്കിഷ്ടമില്ലാത്ത സംഘടനകളെയും സമുദായങ്ങളെയും തേജോവധം ചെയ്യാന്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് സമൂഹമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എതിരാളി മാന്യനും സാമാന്യ മര്യാദയുള്ളവനുമല്ലാത്ത ഏതു വിഭാഗവും എന്ത് ആക്ഷേപവും സഹിക്കാന്‍ സന്നദ്ധമാവണം. നിയമത്തിലെ ഈ ആനുകൂല്യമുപയോഗിച്ച് ചില മലയാളമാധ്യമങ്ങള്‍ നടത്തിവരുന്ന ഹീനമായ പ്രചാരണങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. ആടിനെ പട്ടിയെന്ന് അനേകതവണ വിളിച്ച് അങ്ങനെയൊരു പൊതുബോധം വളര്‍ത്തി തല്ലിക്കൊല്ലാനുള്ള ശ്രമമാണ് അവ നടത്തിക്കൊണ്ടിരിക്കുന്നത്.

ലൌ ജിഹാദിന്റെ പേരില്‍ നടന്ന പ്രചാരണങ്ങള്‍ തെറ്റായിരുന്നുവെന്ന് കേരള ഹൈകോടതിയും  കര്‍ണാടകകോടതിയും വ്യക്തമാക്കി. എന്നാല്‍, അതു സംബന്ധമായി മലയാളപത്രങ്ങള്‍ പ്രചരിപ്പിച്ചത് പരിശോധിച്ചാല്‍ എത്ര ഗുരുതരമായ ഹീനകൃത്യമാണതെന്ന് വ്യക്തമാകും.
'കേരളത്തിലെ എല്ലാ ജില്ലകളിലും ലൌ ജിഹാദിന് ഓഫിസുണ്ട്. ജനറല്‍ കമാന്‍ഡര്‍മാരുണ്ട്. സ്മാര്‍ട്ട് ഫ്രന്‍ഡ് എന്ന ഒരു സംഘടന ലൌ ജിഹാദിനായി പ്രവര്‍ത്തിക്കുന്നു. ജനറല്‍ കമാന്‍ഡര്‍ക്ക് ബൈക്കും മൊബൈല്‍ഫോണും സൌജന്യമായി നല്‍കുന്നു, ദിനംപ്രതി ഇരുന്നൂറ് രൂപയും. ലൌ ജിഹാദിന്റെ ചതിക്കുഴിയില്‍ 2866 പെണ്‍കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട്. ഇങ്ങനെ മതംമാറ്റിയ ചില പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ചിലരെ പാകിസ്താനിലേക്കയച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം മാത്രം 500 പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട്. ലൌ ജിഹാദിലൂടെ മതംമാറിയ പെണ്‍കുട്ടികളെ മയക്കുമരുന്ന് കടത്തിനും വേശ്യാവൃത്തിക്കും ഉപയോഗിക്കുന്നു. മലപ്പുറം ജില്ലയില്‍ മാത്രം ഇരുപത് മുസ്ലിം മതംമാറ്റ കേന്ദ്രങ്ങളുണ്ട്'^മലയാള മനോരമ, കേരള കൌമുദി, കലാകൌമുദി തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങള്‍ എഴുതിയതിങ്ങനെയാണ്.

തല്‍പരകക്ഷികള്‍ കെട്ടിച്ചമച്ച ഈ കള്ളങ്ങള്‍ സമൂഹത്തില്‍ എത്ര ഗുരുതരമായ തെറ്റിദ്ധാരണകളാണ് വളര്‍ത്തുകയെന്നും സമുദായങ്ങള്‍ക്കിടയില്‍ അപകടകരമായ അകല്‍ച്ചയും അവിശ്വാസവുമാണ് സൃഷ്ടിക്കുകയെന്നും ഊഹിക്കാവുന്നതേയുള്ളൂ. വ്യക്തികളെ പരാമര്‍ശിക്കാത്ത പൊതുപ്രസ്താവങ്ങളായതിനാല്‍ നിയമനടപടികളെ നേരിടേണ്ടിവരില്ലെന്ന ആശ്വാസമായിരിക്കാം ഇത്ര ഭീകരവും സാമൂഹികദ്രോഹപരവും രാജ്യദ്രോഹപരവുമായ കള്ളം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്.

തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതാണെന്ന വ്യാജേന വരുന്ന പല പ്രസ്താവനകളും വാര്‍ത്തകളും ഇതുപോലുള്ളവയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പൊലീസിന്റെ പിടിയിലായതിനാല്‍ ഒന്നും നിഷേധിക്കാന്‍ വരില്ലെന്ന ധൈര്യവും പ്രശ്നം ദേശീയതയുമായി ബന്ധപ്പെട്ടതായതിനാല്‍ ആരും ചോദ്യംചെയ്യില്ലെന്ന ചിന്തയുമായിരിക്കാം എന്തും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക്  പ്രചോദനമേകുന്നത്.'പെരുന്നാള്‍ദിവസം  നോമ്പു തുറക്കുന്നവരുടെ മേല്‍ ബോംബ് വെക്കാന്‍ തടിയന്റവിട നസീര്‍ പദ്ധതിയിട്ടിരുന്നു'വെന്ന് മഹത്തായ പാരമ്പര്യമവകാശപ്പെട്ട 'മാതൃഭൂമി' (2009 ഡിസംബര്‍ 11)യെപ്പോലുള്ള ഒരു ദേശീയപത്രം എഴുതാന്‍ ഒരുമ്പെട്ടത് ഒട്ടും നിസ്സാരമായി കാണാവുന്ന കാര്യമല്ല.

ബോംബ് സ്ഫോടനങ്ങളെയും ഭീകരാക്രമണങ്ങളെയും സംബന്ധിച്ചാണെങ്കില്‍ പറയുന്നവക്ക് സത്യവുമായി എന്തെങ്കിലും ബന്ധമുണ്ടാവണമെന്ന ഒരു നിര്‍ബന്ധവും പലര്‍ക്കുമില്ല. 2006 സെപ്റ്റംബര്‍ എട്ടിന് വെള്ളിയാഴ്ച മാലേഗാവില്‍നടന്ന മൂന്ന് സ്ഫോടനങ്ങളിലായി 22 കുട്ടികളുള്‍പ്പെടെ 40 പേര്‍ മരിച്ചു. ഇരുന്നൂറ്റമ്പതോളം പേര്‍ക്ക് പരിക്കുപറ്റി. പ്രസ്തുത സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രജ്ഞസിങ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് ദയാനന്ദ് പാണ്ഡെ, പൂര്‍ണചേതാ നന്ദകി തുടങ്ങിയ 'അഭിനവ് ഭാരത്' എന്ന തീവ്രഹിന്ദു സംഘടനയുടെ നേതാക്കളായിരുന്നുവെന്ന് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിയിച്ചതാണല്ലോ. എന്നാല്‍, പ്രസ്തുത സ്ഫോടനങ്ങളെ സംബന്ധിച്ച് പ്രവീണ്‍ സ്വാമി 'ചിതറിയ സത്യങ്ങള്‍' (Fractured Truths) എന്ന തലക്കെട്ടിലെഴുതി: 'ലക്ശര്‍ മാത്രമല്ല, ജയ്ശെ  മുഹമ്മദും ഹര്‍കതുല്‍ അന്‍സാറും അതില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്വാമി സുബൈര്‍, സുഹൈല്‍, റാശിദ് എന്നീ പേരുകളും പ്രതികളുടേതായി ചേര്‍ത്തു.

'മാലേഗാവ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ജിഹാദി സംഘടനകളാണെന്നും രണ്ടു ദിവസം മുമ്പ്് സെപ്റ്റംബര്‍ ആറിന് ഗണേശ്പൂജാ വേളയില്‍ സ്ഫോടനം നടത്താനായിരുന്നു അവ പരിപാടി ഇട്ടിരുന്നതെന്നും 'ടൈംസ് ഓഫ് ഇന്ത്യ' സെപ്റ്റംബര്‍ 11ന് എഴുതി. സ്ഫോടനം നടന്ന ശബേ ബറാത്ത് ആഘോഷം ബറേല്‍വികളുടേതാണെന്നും അഹ്ലെഹദീസും തബ്ലീഗ് ജമാഅത്തും ദയൂബന്തികളും അതിനെതിരാണെന്നും ലക്ശറെ ത്വയ്യിബ, അഹ്ലെ ഹദീസിന്റെ ചിന്താധാര ഉള്‍ക്കൊണ്ടവരാണെന്നും വരെ അത്തരം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും അങ്ങനെ മുസ്ലിംകള്‍ക്കിടയില്‍ ശത്രുതയും ശൈഥില്യവും വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ഇവിടത്തെ ചില എഴുത്തുകാരും വാരികകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളും ഇവ്വിധം തന്നെയാണ്. ഭീകരവാദവും ഇന്ത്യാ വിരുദ്ധ ആശയങ്ങളും പ്രചരിപ്പിക്കാനാണ് ജമാഅത്ത് 'സിമി' ഉണ്ടാക്കിയതെന്നും നിരോധിക്കപ്പെട്ട ശേഷവും അത് സജീവമാണെന്നും ജമാഅത്തെ ഇസ്ലാമിയാണ് അതിന് എല്ലാവിധ സഹായവും നല്‍കുന്നതെന്നും മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിമിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായി ഒത്തുപോകുന്നവയാണെന്നും ദേശീയ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട് എന്നെല്ലാമുള്ള വ്യാജപ്രചാരണങ്ങള്‍ ഇതിനുദാഹരണമാണ്.

'തന്റെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൌദൂദികളുടെ ചിന്തകളാണെന്ന് ബിന്‍ലാദിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്' എന്ന് എഴുതിയത് മൌദൂദിയോ കുടുംബമോ ബിന്‍ലാദിനോ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ വരില്ലെന്ന കാരണത്താലാവാനേ തരമുള്ളൂ. ഇപ്രകാരം തന്നെ നൂരിഷാ ത്വരീഖത്തുകാരനായ തടിയന്റവിട നസീര്‍ തന്നെ ഭീകരവാദത്തിലേക്ക് തിരിയാന്‍ സ്വാധീനിച്ചത് ഹസനുല്‍ ബന്ന, അബുല്‍ അഅ്ലാ മൌദൂദി, സയ്യിദ് ഖുത്വുബ് എന്നീ മൂന്ന് റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളാണെന്ന്' പറഞ്ഞതായി ഒരു ഇംഗ്ലീഷ് പത്രവും ഒരു വാരികയും എഴുതിയത് നസീര്‍ അത് നിഷേധിക്കാനോ, മരിച്ചുപോയ ബന്നയും മൌദൂദിയും ഖുത്വുബും ചോദ്യംചെയ്യാനോ വരില്ലെന്ന ഉറച്ച വിശ്വാസത്തിലാവാം. അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്ലാമിയെ ഇന്ദിരാഗാന്ധി നിരോധിച്ചപ്പോള്‍ ആദ്യം അതിനെ സ്വാഗതം ചെയ്തത് നൂരിഷാ ത്വരീഖത്തിന്റെ സമുന്നതനേതാവാണ്. അത്തരം ത്വരീഖത്തുകാര്‍ മൌദൂദിയുടെയും ബന്നയുടെയും ഖുതുബിന്റെയും ഗ്രന്ഥങ്ങള്‍ തൊടാന്‍ പോലും തയാറാവില്ലെന്ന് അവരെ സംബന്ധിച്ച സാമാന്യധാരണയുള്ളവര്‍ക്കെല്ലാമറിയാം. നിയമത്തിലെ പഴുതുകള്‍ മാന്യതയോ, മൂല്യബോധമോ ഇല്ലാത്ത എഴുത്തുകാരും മാധ്യമങ്ങളും എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുന്നുവെന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്                                                                            Thursday, January 21, 2010 മാധ്യമം

വലിച്ചെറിഞ്ഞ മെത്തയില്‍ നാലു കോടി രൂപ!



ആദ്യമേ പറയാം, ഈ സംഭവം കേരളത്തിലല്ല. മുഴുവന്‍ വായിക്കാന്‍ ക്ഷമയില്ലാത്തവര്‍, മാലിന്യങ്ങള്‍ക്കിടയില്‍ പഴയ മെത്തകള്‍ അനേ്വഷിച്ചു പോകാതിരിക്കാനാണ്, കേരളത്തിലല്ല എന്നു നേരത്തേ വ്യക്തമാക്കിയത്. വീട്ടിലെ പഴയ സാധനങ്ങള്‍ വലിച്ചെറിഞ്ഞു കളയുമ്പോള്‍ സൂക്ഷിക്കണം. പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നതിന്‍റെ പ്രശ്നങ്ങള്‍ മാത്രമല്ല. ചിലപ്പോള്‍ നഷ്ടപ്പെടുന്നത് ഒരു ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യങ്ങളായിരിക്കും. സംശയമുണ്ടെങ്കില്‍, ഇസ്രയലില്‍ വിഷമിച്ചിരിക്കുന്ന ഈ അമ്മയുടേയും മകളുടേയും അനുഭവങ്ങളറിയാം.
മകളുടെ പേര് അനറ്റ്. അമ്മയ്ക്ക് ബോധം തെളിഞ്ഞിട്ടില്ലാത്തതിനാല്‍, പേരു വെളിപ്പെടുത്തിയിട്ടില്ല. അമ്മയുടെ പേര് പറഞ്ഞുതരാന്‍ മകള്‍ക്ക് ഇപ്പോള്‍ സമയവും ഇല്ല. കാരണം അനറ്റ് പഴയൊരു മെത്ത അനേ്വഷിക്കുകയാണ്. വിലയേറിയ മെത്തയുടെ കഥ ഇങ്ങനെ. അനറ്റിന്‍റെ ടെല്‍ അവീവിലെ വീട്ടില്‍ പഴയൊരു മെത്തയുണ്ടായിരുന്നു. അനറ്റിന്‍റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടത്. ഒരിക്കല്‍ അനറ്റ് വിചാരിച്ചു, അമ്മയ്ക്ക് നല്ല ഭംഗിയുള്ള മെത്ത വാങ്ങിക്കൊടുക്കണം. അതിനുമുന്‍പ് അനറ്റ് പഴയ മെത്ത പുറത്തേക്ക് എറിഞ്ഞുകളയുകയും ചെയ്തു.
പുതുപുത്തന്‍ മെത്തയുമായി അമ്മയുടെ മുന്നിലെത്തി, തന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ് കൈമാറി. പഴയത് എവിടെയെന്നായി അമ്മയുടെ ചോദ്യം. അത് കളഞ്ഞെന്നും, ഇനി മുതല്‍ പുതിയത് ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു അനറ്റിന്‍റെ മറുപടി. അമ്മ തലകറങ്ങി വീണു, ബോധം നഷ്ടപ്പെട്ടു. ഇടയ്ക്കെപ്പഴോ ബോധം തിരികെ കിട്ടിയപ്പോള്‍ മാത്രമാണ്, വലിച്ചറിഞ്ഞ മെത്തയുടെ വില മകള്‍ക്കും നാട്ടുകാര്‍ക്കും മനസിലായത്.
അനറ്റിന്‍റെ അമ്മയുടെ ജീവിതകാലത്തെ സമ്പാദ്യമെല്ലാം അതിനുള്ളിലായിരുന്നു. ഏകദേശം നാലു കോടി എഴുപത്തിനാലു ലക്ഷം രൂപയുണ്ടായിരുന്നു മെത്തയ്ക്കുള്ളില്‍, നിരവധി കറന്‍സി നോട്ടുകള്‍. ആരുമറിയാതെ അമ്മ സൂക്ഷിച്ച പണം. ഇപ്പോള്‍ ടെല്‍ അവീവില്‍ വേസ്റ്റുകള്‍ കൂട്ടിയിടുന്ന സ്ഥലത്ത് ശക്തമായ പരിശോധന നടക്കുകയാണ്. വിവരമറിഞ്ഞപ്പോള്‍ ആ സ്ഥലത്തിനു ചുറ്റും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം ഇരുപത്തയ്യായിരം ടണ്‍ മാലിന്യങ്ങള്‍ വന്നടിയുന്ന സ്ഥലത്തു നിന്നു മെത്ത കണ്ടെത്തുന്നത് ശ്രമകരമായ ജോലിയാണ്. എങ്കിലും പരിശോധന നടക്കുന്നു, കൂട്ടത്തില്‍ അനറ്റുമുണ്ട്.
എന്തായാലും ടെല്‍ അവീവില്‍ ഇപ്പോള്‍ ഒരു ഗുണപാഠം പ്രചരിക്കുന്നുണ്ട്, ഓരോന്നിനും പറഞ്ഞിട്ടുള്ള ജോലിയേ ഏല്‍പ്പിക്കാവൂ, അതായത്, ബാങ്കിന്‍റെ ജോലി ബാങ്കും, മെത്തയുടെ ജോലി മെത്തയും ചെയ്യണം, ഇല്ലെങ്കില്‍ ശിഷ്ടജീവിതം മാലിന്യങ്ങള്‍ക്കിടയിലാകാനുള്ള സാധ്യത കൂടുതലാണ്

2010-01-20

മയൂര നൃത്തം



രാജസ്ഥാന്‍ മരുഭൂമിയില്‍‍, എണ്ണപ്പാടത്ത് ജോലിക്ക് പോകുമ്പോള്‍ താമസിക്കാറുള്ളത് ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലാണ്.

ടെലിഫോണ്‍ ചെയ്യാന്‍ പോകാറുള്ള വീടിന്റെ തൊട്ടടുത്ത് എന്നും കാണാറുള്ള കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

നമ്മുടെ നാട്ടില്‍ വീട്ടുമുറ്റത്ത് കോഴികള്‍ നടക്കുന്നതുപോലെയാണ് അവിടെ മയിലുകള്‍ കറങ്ങി നടക്കുന്നത്. ( ഗ്രാമവാസികള്‍ മാംസഭുക്കുകള്‍ അല്ലെന്നതും, അവര്‍ മയിലിനെ പിടിച്ച് മയിലെണ്ണ ഉണ്ടാക്കാറില്ല എന്നതുമായിരിക്കാം മയിലുകള്‍ നിര്‍ഭയം ചുറ്റിയടിച്ച് നടക്കുന്നതിന്റെ കാരണം. മയിലിനെ പിടിച്ച് ആ പരിപാടി ചെയ്യുന്ന വേടന്മാരുടെ കുലത്തില്‍പ്പെട്ടവരും, എണ്ണത്തില്‍ കുറവാണെങ്കിലും രാജസ്ഥാനിലുണ്ട്.)

രണ്ട് മൂന്ന് പെണ്‍‌മയിലുകളുടെ ഇടയില്‍ പീലിവിരിച്ച്, പെടപ്പിച്ച് സ്റ്റൈലിലങ്ങനെ നില്‍ക്കുന്ന ആ ചുള്ളനെ കണ്ടില്ലേ ? പടമെടുക്കാ‍ന്‍ അടുത്തേക്ക് ചെന്നാല്‍ അവറ്റകള്‍ എല്ലാം ഓടിയകലും. ക്യാമറ പരമാവധി സൂം ചെയ്ത് ഈ പടമെടുത്തത്, ശൃംഗരിച്ച് നില്‍ക്കുന്നതിനിടയില്‍ അവനും അവളുമാരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു

ധന്യം ഈ നടനജീവിതം




നൃത്തം ജയന് ഉപജീവനമാര്‍ഗം മാത്രമല്ല. നൃത്തത്തെ ജീവിതോപാസനയായി കണ്ടുവെന്നതാണ് ജയന്‍റെ വിജയം. പിന്നീടത് ജീവനമാര്‍ഗം കൂടിയായിത്തീരുകയായിരുന്നു.

ജൂലൈയില്‍ തിരുവനന്തപുരത്ത് അരങ്ങേറിയ നമ്പ്യാര്‍ നൃത്തശില്‍പമൊന്നു മാത്രം മതി നൃത്തകലയ്ക്കുള്ള ജയന്‍റെ അര്‍പണബുദ്ധിയും പാടവവും തിരിച്ചറിയാന്‍. 
കേരള നടനം മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയ ക്ളാസിക്കല്‍ നൃത്തരീതികള്‍ മുതല്‍ വേലകളി വരെയുള്ള പരമ്പരാഗത നൃത്തരീതി വരെ സമഞ്ജസമായി സമ്മേളിപ്പിച്ചായിരുന്നു ജയന്‍ അന്ന് നടനവിസ്മയമായത്. 
നാട്യകലകളുടെ പഠനത്തിനും ഗവേഷണത്തിനും ഒരു കേന്ദ്രം. അതിന്‍റെ നടത്തിപ്പിലൂടെ നൃത്തരംഗത്തിന് സ്വയം ഉഴിഞ്ഞുവച്ച ജീവിതം. കണ്ണമ്മൂല മുളവന ജങ്ഷനില്‍ 1995ല്‍ ആരംഭിച്ച ഭരതക്ഷേത്ര എന്ന ഗവേഷണ നൃത്ത സംഗീത പരിശീലനകേന്ദ്രവും അതിന്‍റെ സ്ഥാപകന്‍ ജയനും ഇപ്പോള്‍ പ്രശസ്തിയുടെ പടവുകളിലാണ്. 
ആദ്യഗുരു കൊഞ്ചിറവിള ശശി. പ്രസിദ്ധ നര്‍ത്തകരുടെ കീഴില്‍ പഠിച്ചാണ് ജയന്‍ നൃത്തരംഗത്ത് പ്രശസ്തനായത്. ബി.എ. പാസായശേഷമായിരുന്നു നൃത്ത പഠനം .ഗുരുഗോപിനാഥ് ,കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാക്ഷേത്രവിലാസിനി, കലാക്ഷേത്ര വിജയന്‍, ചന്ദ്രികാകുറുപ്പ്, തുടങ്ങിയവരുടെ കീഴില്‍ നൃത്തം അഭ്യസിച്ചു.
ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി, ഒഡീസി, കഥകളി, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, പറയന്‍ തുള്ളല്‍ എന്നിവ മാത്രമല്ല സംഗീതവും ഈ യുവാവിന് സ്വന്തം. 
ദരിദ്രരായ കുട്ടികള്‍ക്ക് നൃത്തസംഗീത കലകളില്‍ അറിവ് നല്‍കുക. അവരെ അതിന് പരിശീലിപ്പയ്ക്കുക. കലാധ്യാപകര്‍ക്ക് നാട്യകലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. എന്നിവയാണ് ഭരതക്ഷേത്രയുടെ ലക്ഷ്യം. ആറ് വര്‍ഷത്തിനുള്ളില്‍ നിരവധി പ്രതിഭകളെ കലാക്ഷേത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നു ള്ള 180ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഒഡീസി, കഥകളി, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, ശാസ്ത്രീയസംഗീതം എന്നിവയ്ക്ക് ഇവിടെ ക്ളാസുണ്ട്. പത്തുവയസിന് മുകളിലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. കുട്ടികള്‍ക്ക് താമസിച്ച് പഠിയ്ക്കാന്‍ ഹോസ്റ്റല്‍ സൗകര്യമുണ്ട്. പഠിപ്പിയ്ക്കാന്‍ 18-ഓളം അധ്യാപകര്‍. നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ക്ക് ഫീസിളവുമുണ്ട്. 
പാരമ്പര്യകലകളായ കമ്പടവ്കളി, കുത്തിയോട്ട കളി, വേലകളി എന്നിവ ഫീസ് ഈടാക്കാതെയാണ് പഠിപ്പിയ്ക്കുന്നത്. എല്ലാവിധ സംഗീതോപകരണങ്ങളും കലാക്ഷേത്രയിലുണ്ട്. 
രാമായണത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച നാലുമണിക്കൂര്‍ പരിപാടി തിരുവനന്തപുരത്ത് കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ ജയനും സംഘവും അവതരിപ്പിച്ചത് വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. 
ടി.വി. സീരിയലുകള്‍ക്കും നാടകങ്ങള്‍ക്കും ജയന്‍ നൃത്തസംവിധാനം ചെയ്യാറുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാജാരവിവര്‍മ്മ എന്ന നാടകത്തിലും ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ എ.കെ.ജി. നാടകത്തിലും ജയനായിരുന്നു നൃത്തസംവിധാനം. 
ഭരതക്ഷേത്ര മുളവന ജങ്ഷന്‍ തിരുവനന്തപുരം എന്നതാണ് ജയന്‍റെ വിലാസം. റിട്ട. അധ്യാപകനായ ശങ്കരന്‍ നായരുടെ തങ്കമ്മയുടെയും മകനായ ജയന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങായി ഭാര്യ രേണുകയുണ്ട്.