Related Posts with Thumbnails

2010-04-09

ഇംഗ്ലണ്ടുകാരേക്കാള്‍ ഇംഗ്ലീഷിന്‌ മാര്‍ക്ക്‌ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും


ലണ്ടന്‍: 'ലണ്ടനില്‍ ഭിക്ഷക്കാര്‍വരെ ഇംഗ്ലീഷാണു പറയുന്നത്‌' എന്ന തമാശ ഇനി ഏശാനിടയില്ല. ഇംഗ്ലീഷ്‌ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും ബ്രിട്ടീഷ്‌ വിദ്യാര്‍ഥികളെക്കാള്‍ മിടുക്കന്‍മാര്‍ ഇന്ത്യന്‍/ചൈനീസ്‌ വിദ്യാര്‍ഥികളാണെന്ന്‌ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ബ്രിട്ടനില്‍ കഴിഞ്ഞവര്‍ഷം 'ജനറല്‍ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ സ്‌കൂള്‍ എഡ്യൂക്കേഷന്‍' പരീക്ഷയെഴുതിയ ഇന്ത്യന്‍/ചൈനീസ്‌ കുട്ടികള്‍ വെളുത്തവര്‍ഗക്കാരായ തദ്ദേശീയ വിദ്യാര്‍ഥികളേക്കാള്‍ എല്ലാ വിഷയങ്ങളിലും ഉയര്‍ന്ന ഗ്രേഡ്‌ വാങ്ങിയതായി സര്‍ക്കാര്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

പരീക്ഷയെഴുതിയ 31% ഇന്ത്യന്‍ കുട്ടികളും 55% ചൈനീസ്‌ കുട്ടികളും എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ്‌ നേടി. 16% ബ്രിട്ടീഷ്‌ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ്‌ ഈ നേട്ടം കൈവരിക്കാനായത്‌. കറുത്തവര്‍ഗക്കാരായ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ ഇക്കാര്യത്തില്‍ വെളുത്ത തൊലിക്കാരേക്കാള്‍ ഒട്ടം മോശമായില്ല-14%. മറ്റു വിദ്യാര്‍ഥികളില്‍ പാകിസ്‌താനി-13%, കരീബിയന്‍സ്‌-8% എന്നിങ്ങനെയാണ്‌ ഉന്നതവിജയശതമാനമെന്നു 'ദ ഡെയ്‌ലി' പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

കണക്കിനു പുറമേ ബ്രിട്ടീഷുകാരുടെ മാതൃഭാഷയായ ഇംഗ്ലീഷിന്റെ കാര്യത്തിലും ഇന്ത്യന്‍/ചൈനീസ്‌ വിദ്യാര്‍ഥികള്‍ അവരേക്കാള്‍ മുന്നിലാണ്‌. ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക്‌ തദ്ദേശീയരുമായി മത്സരിച്ചു സാമൂഹിക ഉന്നമനം നേടാനുള്ള ത്വര കൂടുതലായതിനാലാണ്‌ ഈ പ്രതിഭാസമെന്നു ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
From an E-mail Source 

2010-04-08

വായ്‌നോട്ടം? മടിക്കേണ്ട എസ്എംഎസ് ചെയ്യൂ


വായ്‌നോട്ടക്കാര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് കേരളം. തുണിയുരിക്കുന്ന രീതിയില്‍ പെണ്ണുങ്ങളെ നോക്കുകയും പറ്റിയാല്‍ തൊടുകയും പിച്ചുകയും ചെയ്യുന്നവരും എല്ലാമുണ്ട് ചുറ്റിലും.
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
ബസിലായാലും റയില്‍വേസ്റ്റേഷനിലായാലും ഇത്തരക്കാരുടെ ശല്യം അനുദിനം ഏറിവരുകയാണ്. വായ്‌നോട്ടക്കാരില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാനായി ഇതാ വനിതാ കമ്മീഷന്റെ ഒരു നൂതന വിദ്യ.


സ്ത്രീകളുടെ സഹായത്തിനായി ഒരു എസ്എംഎസ് പരാതി സംവിധാനത്തിന് രൂപം കൊടുക്കുകയാണ് കമ്മീഷന്‍. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും മൊബൈലില്‍ നിന്നും ചുരുങ്ങിയവാക്കുകള്‍ എസ്എംഎസ് അയച്ചാല്‍മതി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാരിയ്ക്ക് ഉടന്‍ സഹായം ലഭിയ്ക്കും.


വനിത എന്ന് ഇംഗ്ലീഷില്‍ എഴുതി സ്‌പേസ് ഇട്ടശേഷം പരാതി എന്താണെന്ന് ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേയ്ക്ക് അയച്ചാല്‍ മതി. പരാതി ഉടന്‍തന്നെ വനിതാ കമ്മീഷന്റെ കേന്ദ്രഓഫീസിലെ പ്രധാന സെര്‍വറിലേയ്ക്കും ചെയര്‍മാന്റെ മൊബൈല്‍ ഫോണിലേയ്ക്കും ഒപ്പം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ മൊബൈലിലേയ്ക്കും പറക്കും.


എവിടെയാണോ പരാതിക്കാരി നില്‍ക്കുന്നത് അവിടേക്ക് സഹായവുമായി പൊലീസ് പറന്നെത്തും. മാര്‍ച്ച് മാസം പകുതിയോടെ പദ്ധതി നടപ്പാക്കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. രണ്ടുരൂപയാണ് സന്ദേശം അയക്കാന്‍ പരാതിക്കാര്‍ ചെലവാക്കേണ്ടത്.


ഇതുകൂടാതെ കേസിന്റെ വിവരങ്ങള്‍ നേരത്തേ അറിയുന്നതിനും ഓണ്‍ലൈന്‍ വഴി പരാതി നല്‍കുന്നതിനുമെല്ലാം ഉടന്‍തന്നെ സൗകര്യങ്ങള്‍ നിലവില്‍വരും. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം സമൂഹത്തിലെ എല്ലാതലങ്ങളിലുമുള്ളവര്‍ക്ക് പ്രാപ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ നടപ്പാക്കുന്നത്.