
സാമാന്യം തരക്കേടില്ലാത്ത ജോലിക്കാരായ ദമ്പതികള്‍. വീട്ടില്‍ ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും. ഭാര്യയും ഭര്‍ത്താവുമൊക്കെ ചാറ്റിങ്ങ് റൂമുകളില്‍ നേരമ്പോക്കിന് സൗഹൃദം പങ്കിടാറുണ്ട്. സ്വസ്ഥമായി മുന്നോട്ടു നീങ്ങിയ കുടുംബത്തിലേക്ക് ഇടിത്തീ പോലെയാണ് റഷ്യന്‍സുന്ദരി കടന്നു വന്നത്. തുടക്കത്തില്‍ ഭാര്യ ഒന്നും അറിഞ്ഞില്ല. വിദ്യാസമ്പന്നനായിരുന്ന കുടുംബനാഥന്റെ ജീവിതം ദേശങ്ങള്‍ക്കപ്പുറമുള്ള അജ്ഞതയിലേക്ക് ചുരുങ്ങാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. റഷ്യക്കാരിയുമായി എങ്ങനെ അടുക്കുമെന്നായി ചിന്ത. ഒടുവില്‍ അവള്‍ തന്നെ മാര്‍ഗം നിര്‍ദേശിച്ചു-എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് വരാന്‍ താന്‍ തയാറാണെന്ന്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ടിക്കറ്റിനും വിസക്കും ആവശ്യമായ തുക അയച്ചുകൊടുത്താല്‍ വരാന്‍ നൂറുവട്ടം സമ്മതമാണെന്നും അറിയിപ്പു വന്നു. പിന്നീടങ്ങോട്ട് കാമുകിയെ എങ്ങനെ നാട്ടിലെത്തിക്കുമെന്നും ഭാര്യയെ എങ്ങനെ ഒഴിവാക്കുമെന്നുമായി അയാളുടെ ചിന്ത മുഴുവന്‍. രണ്ടിനും അയാള്‍ തന്നെ വഴി കണ്ടെത്തി. ഒരു സുപ്രഭാതത്തില്‍ ഭാര്യയോട് അയാള്‍ നിര്‍വികാരനായി പറഞ്ഞു-നമുക്ക് പിരിയാം, നിന്റെ കൂടെ ജീവിക്കാന്‍ എനിക്കാവില്ല. ഞെട്ടലില്‍ നിന്ന് മുക്തയായി കാര്യങ്ങള്‍ ചികഞ്ഞപ്പോഴാണ് റഷ്യന്‍ സുന്ദരി ഭര്‍ത്താവിനെ കീഴടക്കിയ വിവരം കൂടെ കഴിഞ്ഞവള്‍ അറിയുന്നത്. ആദ്യം പ്രതിഷേധിക്കുകയും പിന്നെ കരഞ്ഞപേക്ഷിക്കുകയും ചെയ്‌തെങ്കിലും പ്രണയാതുരനായ ഭര്‍ത്താവിന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വീട്ടിലേക്ക് മാറി. ഭാര്യ ഒഴിഞ്ഞതോടെ പണം കണ്ടെത്താന്‍ വീടു വില്‍ക്കാന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത ജോലിയുള്ളതുകൊണ്ട് തല്‍ക്കാലം വാടകവീട്ടില്‍ കഴിയാമെന്നും പതിയെ വീട് വാങ്ങാമെന്നും കരുതി. വീടു വിറ്റു കിട്ടിയ പണം കാമുകിക്ക് അയച്ചു കൊടുത്ത് പ്രതീക്ഷയോടെ, അയാള്‍ കാത്തിരുന്നു. ദിവസങ്ങള്‍ കൊഴിയെ കാമുകി ചാറ്റില്‍ വരാതായി. പിന്നെ പിന്നെ അയാളറിഞ്ഞു താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം.
* * * *
എം.എസ്.സി വിദ്യാര്‍ഥിനി ചാറ്റിങ്ങിലൂടെയാണ് അവനെ കണ്ടെത്തിയത്. ഫോട്ടോയും വിവരങ്ങളും കൈമാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും വസ്ത്രങ്ങളും കൈയിലെടുത്ത് ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകനുമായി ഒന്നിച്ച് ജീവിക്കുന്ന സുന്ദര മുഹൂര്‍ത്തവും സ്വപ്‌നം കണ്ട് അവള്‍ അന്യസംസ്ഥാനത്തേക്ക് വണ്ടി കയറി. ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാമുകന്‍ അവളെ കാത്തുനില്‍പുണ്ടായിരുന്നു. പ്രിയപ്പെട്ടവനെ കണ്‍കുളിര്‍ക്കെ കണ്ട അവളുടെ ഹൃദയം തുടികൊട്ടി. സ്‌റ്റേഷന്റെ പടിയിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ കാമുകന്‍ കയറിയപ്പോഴും അവള്‍ അമ്പരന്നില്ല. ഓട്ടോ ഡ്രൈവറെയാണ് താന്‍ പ്രണയിച്ചിരുന്നതെന്ന് അവള്‍ ആ യാത്രയില്‍തന്നെ തിരിച്ചറിഞ്ഞു. പ്രണയാതുരതയ്ക്ക് അതും തടസ്സമായി തോന്നിയില്ല. എല്ലാ വൃത്തികേടുകളുടെയും കൂട്ടുകാരനായ യുവാവിനെയായിരുന്നു അവള്‍ എല്ലാം മറന്ന് പ്രണയിച്ചത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട, അന്യനാട്ടുകാരനായ കാമുകന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തിനിരയായി വലിച്ചെറിയപ്പെട്ട ഒരു കാമുകിയുടെ മാനസികാവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടത്?
* * * *
പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതുവരെ അവള്‍ കാത്തിരുന്നു. കാമുകനെ നേരില്‍ കാണാന്‍, അവനെ വിവാഹം കഴിച്ച് കൂടെ പൊറുക്കാന്‍. പിറന്നാള്‍ പിറ്റേന്ന് അവള്‍ ഗുജറാത്തിലെ ബറോഡയിലേക്ക് വണ്ടി കയറി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍. എല്ലാം മറന്ന് ഒന്നാകാന്‍. ചാറ്റിങ്ങിലൂടെ ലഭിച്ച സുഹൃത്തുക്കളില്‍ നിന്ന് തെരഞ്ഞെടുത്ത സങ്കല്‍പങ്ങളിലെ കാമുകനുമായി ചെറുതും വലുതുമായ വിശേഷങ്ങള്‍ പങ്കിട്ടായിരുന്നു തുടക്കം. വിവാഹത്തിന് പതിനെട്ടു വയസ്സാവണമെന്ന നിയമം അറിയാവുന്നതുകൊണ്ടാണ് പ്രായം തികയുന്ന ദിവസം വരെ ഇരുവരും കാത്തിരുന്നത്. ബറോഡയില്‍ തന്നെ കാത്തു നിന്ന 68 കാരനെ കണ്ടപ്പോള്‍ അവള്‍ ആദ്യം അമ്പരന്നു. കാമുകന്റെ പിതാവായിരിക്കുമെന്ന് മനസ്സിനെ ആശ്വസിപ്പിച്ചു. എന്നാല്‍ 68 കാരനായ വൃദ്ധന്‍ തന്നെയാണ് ഇത്രനാളും താന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച കാമുകന്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ താളംതെറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മകളുടെ ദുരന്തം വീട്ടുകാര്‍ അറിയുന്നത്. പിഴച്ച താളം നന്നാക്കിയെടുക്കാന്‍ പെടാ പാടു പെടുന്ന ഒരു കുടുംബത്തിന്റെ ചിത്രം വരികളില്‍ നിന്ന് വായിച്ചെടുക്കുക...
ഓര്‍ക്കൂട്ട്, സോര്‍പ്പിയ, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളില്‍ സുന്ദരമായ ഫോട്ടോകളോടൊപ്പം നല്‍കിയ വിവരങ്ങളില്‍ വിശ്വസിച്ച് ചതിയില്‍ പെടുന്നവരുടെ എണ്ണം നമ്മള്‍ സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ്. പുറത്തു പറയാന്‍ മടിക്കുന്നതുകൊണ്ട് അവയില്‍ പലതും രഹസ്യമായി ഒടുങ്ങുന്നു. സുന്ദരികളുടെ ഫോട്ടോ കണ്ട് ഇത്തരം സൈറ്റുകളില്‍ കയറി സൗഹൃദം സ്ഥാപിക്കുന്നവര്‍ക്ക് വന്‍തുക സ്വന്തമായുണ്ടെന്നും അത് നാട്ടിലെത്തിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയാറാണെന്നും അറിയിച്ചുകൊണ്ടുള്ള കാമുകിമാരുടെ മെയിലുകളാണ് ലഭിക്കുക. ആ പണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ബാങ്ക് അക്കൗണ്ട് നല്‍കണമെന്നുമൊക്കെ ആവശ്യങ്ങള്‍ പിറകെ വരും. അതല്ലെങ്കില്‍ കൂടെ ജീവിക്കാനാവശ്യമായ ടിക്കറ്റും വിസക്കുള്ള കാശും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. കാമുകിയെ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ കാശ് അയച്ചുകൊടുത്തവര്‍ നിരവധിയാണ്. വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ ചെറിയു തുക പ്രോസസിംങ് ചാര്‍ജായി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെയിലെങ്കിലും ലഭിക്കാത്ത ആരുമുണ്ടാവില്ല. രാജ്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാവുമെന്നല്ലാതെ തട്ടിപ്പിന്റെ സ്വഭാവം ഏതാണ്ട് ഒന്നു തന്നെയാണ്.


തന്റെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്ന് സുഹൃത്ത് അറിയിച്ചപ്പോള്‍ അയാള്‍ വിശ്വസിച്ചില്ല. മോര്‍ഫിങ്ങിലൂടെ പടങ്ങള്‍ കൂട്ടിയോജിപ്പിച്ച് ആരോ നെറ്റില്‍ കൊടുത്തതായിരിക്കുമെന്നാണ് വിവരമറിയിച്ച സുഹൃത്തുപോലും കരുതിയത്. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ദിവസങ്ങളോളം അയാളുടെ ഉള്ളില്‍ കിടന്നു പഴുത്തു. ഒടുവില്‍ ഇന്റര്‍നെറ്റില്‍ നോക്കാന്‍ തയാറായി. സ്‌ക്രീനില്‍ തെളിഞ്ഞ അരണ്ട വെളിച്ചത്തിലെ ദൃശ്യങ്ങള്‍ ഒരായിരം കടന്നലുകള്‍ കുത്തുന്നതിന് തുല്യമായിരുന്നു. അയാളുടെ രക്തം മരവിച്ചു പോയി. സ്വന്തം കിടപ്പറ രംഗങ്ങള്‍ റെക്കോഡു ചെയ്യുന്ന ദമ്പതികളുള്ള ആസുര കാലത്ത് താനത് ചെയ്തിട്ടില്ലെന്ന് അയാള്‍ക്കും ഭാര്യക്കും നൂറു ശതമാനവും ഉറപ്പാണ്. പിന്നെ ആരാണീ കൊടും ചതി ചെയ്തത്? തളര്‍ന്നിരുന്ന ആ മനുഷ്യന്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സൈബര്‍ സെല്ലിനെ സമീപിച്ചു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും വീട്ടില്‍ നിന്നു തന്നെയുള്ളതാണെന്നും സ്ഥിരീകരിച്ചു. അന്യ സംസ്ഥാനത്തു നിന്നാണ് വീഡിയോ നെറ്റിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണം ഇഴഞ്ഞു. അയല്‍പക്കത്തെ സാധാരണക്കാരനായ യുവാവ് ബൈക്കു വാങ്ങുകയും ഇഷ്ടം പോലെ കാശുള്ളതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ വെറുതേ തോന്നിയ സംശയമാണ് ആരെയും ഞെട്ടിക്കുന്ന കഥയുടെ ചുരുളഴിച്ചത്. അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എന്നും കാണുന്ന അയല്‍ക്കാരന്റെ കിടപ്പുമുറിയില്‍ രഹസ്യകാമറ സ്ഥാപിച്ചതാണെന്ന വിവരം പുറത്തായത്. കാമറ യുവാവിന് നല്‍കിയയാള്‍ തന്നെ അതു തിരിച്ചു കൊണ്ടുപോയി. അതിനു കിട്ടിയ പ്രതിഫലമായിരുന്നു ബൈക്കും മറ്റും.
------------
പതിവുപോലെ കോളജിലേക്ക് തിരിച്ച അവളെ കാത്ത് കൂട്ടുകാരുടെ പട തന്നെയുണ്ടായിരുന്നു. കാമ്പസിലെ പതിവു കളിവട്ടങ്ങളിലെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് കരുതി കൂട്ടുകാരികളെ സമീപിച്ചപ്പോള്‍ കൂട്ടത്തോടെയുള്ള കളിയാക്കലും മുനവെച്ച വാക്കുകളുമായിരുന്നു അവളെ എതിരേറ്റത്. കാര്യം പിടികിട്ടാതെ ചമ്മി നിന്ന അവളെ മാറ്റി നിര്‍ത്തി കൂട്ടുകാരിലൊരാള്‍ ചെവിയില്‍ അടക്കം പറഞ്ഞു. തന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നും അതു കൂട്ടുകാരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണെന്നുമുള്ള വെളിപ്പെടുത്തല്‍ ഒരു വെള്ളിടിയായാണ് അവള്‍ കേട്ടത്. നടുക്കവുമായി അവള്‍ തിരിച്ചു പാഞ്ഞു. വീട്ടിലെത്തി കാര്യങ്ങള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആരാണിത് ചെയ്തതെന്ന അന്വേഷണം സഹോദരനിലേക്കും വീട്ടിലേക്ക് ഇടക്കിടെ വരാറുള്ള കൂട്ടുകാരിലേക്കും നീണ്ടു. ഞെട്ടലോടെ ആ കുടുംബം തിരിച്ചറിഞ്ഞു, ചെകുത്താന്‍ മകന്റെ കൂട്ടുകാരിലൊരാളായി അവതരിക്കുകയായിരുന്നു. കൂട്ടുകാരന്റെ അമ്മയുടെയും സഹോദരിയുടെയും മുറികളിലും മറ്റും രഹസ്യ കാമറ വെച്ച് എടുത്ത ദൃശ്യങ്ങളാണ് ലോകം മുഴുവന്‍ കണ്ടു രസിച്ചത്.
------------
സ്വന്തം വീട്ടിലെ കിടപ്പുമുറികളില്‍ രഹസ്യ കാമറകള്‍ സ്ഥാപിച്ച പയ്യന്‍ ഒരു രസത്തിനാണ് ദൃശ്യങ്ങള്‍ കണ്ടത്. ഏതാനും ദിവസം കാമറ വെച്ചശേഷം അതെടുത്തു നല്‍കാന്‍ അജ്ഞാതനായ ചേട്ടന്‍ ആവശ്യപ്പെടുന്നു. അയാളുടെ ലാപ്‌ടോപ്പില്‍ തന്റെ വീട്ടിലെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവനുതന്നെ നാണമായി. എല്ലാ ദൃശ്യങ്ങളും മായ്ച്ചു കളയാമെന്ന, ഏതാനും ദിവസങ്ങളുടെ മാത്രം പരിചയമുള്ള ചേട്ടന്റെ ഉറപ്പിലാണ് കാമറ തിരിച്ചേല്‍പ്പിച്ചത്. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് കൃത്യമായി എത്തിയിരുന്ന ചേട്ടന്‍ നല്‍കിയ കാമറയിലെ ദൃശ്യങ്ങള്‍ ലോകമറിയാന്‍ മിനിറ്റുകളുടെ മാത്രം സമയമേ ആവശ്യമായുള്ളൂ. ദൃശ്യങ്ങള്‍ പകര്‍ന്നു നല്‍കിയതിനുള്ള പണം കൈയോടെ ലഭിച്ചതോടെ സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്ന അയാളെ പിന്നീട് കാണാതായി.
സ്വകാര്യത ഒപ്പിയെടുക്കാനാവശ്യമായ രഹസ്യകാമറകള്‍ നല്‍കുന്ന റാക്കറ്റു തന്നെയുണ്ട്. ആ കാഴ്ചകള്‍ വിലകൊടുത്ത് വാങ്ങാനാളുണ്ട്. രഹസ്യമായി ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ കൈമാറി അതിന്റെ വിലകൊണ്ട് ജീവിതം അടിച്ചു പൊളിക്കുന്നത് ഒരു പക്ഷേ, അയല്‍ക്കാരനാവാം. നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലോകമറിയുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും മറ്റും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന നൂതനമായ സ്‌പൈ കാമറകളാണ് അതിനീചമായി വീട്ടിലെ കിടപ്പു മുറിയിലും ഹോട്ടല്‍മുറിയിലും പൊതു ബാത്ത് റൂമുകളിലുമൊക്കെ സ്ഥാനം പിടിച്ചത്.
സംസ്ഥാനത്ത് പൊതുവെ നിയന്ത്രണങ്ങളുള്ള ഇത്തരം കാമറകള്‍ ദുബൈയില്‍ നിന്ന് ആര്‍ക്കും കൈവശപ്പെടുത്താം. അവിടെ നിന്നാണ് പ്രധാനമായും ഇത് കേരളത്തിലേക്ക് ഒഴുകുന്നത്. അതു സ്ഥാപിക്കുന്നതിന് കരിയര്‍മാരെ കണ്ടെത്താന്‍ ബ്ലൂ ഫിലിം മാഫിയ തന്നെയുണ്ട്. അവരുടെ വലയില്‍ വീഴുന്നവരില്‍ നല്ലൊരു ശതമാനവും പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ഥികളാണ്. കൃത്രിമത്വമില്ലാത്ത ഹോം വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അതിന് നീല വീഡിയോ വിപണിയില്‍ വന്‍ വില ലഭിക്കുമെന്നും ഇക്കൂട്ടര്‍ക്ക് നന്നായറിയാം. ലഭിച്ച ദൃശ്യത്തിന്റെ 'മാറ്റ'നുസരിച്ചാണ് പ്രതിഫലം. അന്യന്റെ രഹസ്യം വിറ്റ് കാശാക്കുകയെന്ന നീചമായ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. കിടപ്പുമുറിയിലും മറ്റും പഠനാവശ്യത്തിനെന്ന പേരില്‍ സ്ഥാനം പിടിക്കുന്ന ഇന്റര്‍നെറ്റില്‍ വലിയ അവഗാഹമില്ലാത്ത രക്ഷിതാക്കള്‍ അറിയുന്നില്ല മക്കള്‍ എവിടെയൊക്കെയാണ് ചുറ്റി തിരിയുന്നതെന്ന്. പഠിക്കാനെന്നും അസൈന്‍മെന്റ് എന്നുമൊക്കെ പറഞ്ഞ് പുലര്‍ച്ച വരെ നീളുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഇത്തരം സൈറ്റുകളിലേക്കാണ് നീളുന്നതെന്ന് കണ്ടെത്താന്‍ മക്കള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വെറുതേയൊന്ന് പരതി നോക്കിയാല്‍ മതി.
നമ്മള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന കെണികള്‍ ഇവിടെ തീരുന്നില്ല. ചാറ്റിങ്ങും ഇ-മെയിലും വഴിയൊക്കെ പുതുതലമുറയെ കുഴിയില്‍ ചാടിക്കുന്നതിന് അന്താരാഷ്ട്ര റാക്കറ്റുകള്‍ തന്നെയുണ്ട്. സൗഹൃദ സൈറ്റുകളില്‍ അജ്ഞാതരായിരുന്ന് അവര്‍ ഇരകളെ കണ്ടെത്തുന്നു. ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഒരടയാളവും ബാക്കിയാക്കാതെ അടുത്ത ഇരയെ തേടി പോകുന്നു
