Related Posts with Thumbnails

2011-02-22

നാളത്തേക്ക്‌ ഇന്നേ കരുതിവയ്‌ക്കാം

Fun & Info @ Keralites.net 

 

 










സമ്പാദ്യം എല്ലാവര്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്‌. പ്രത്രേ്യകിച്ച്‌ സ്‌ത്രീകള്‍ക്ക്‌.എല്ലാ കാര്യങ്ങളും ഭര്‍ത്താവും മാതാപിതാക്കളും നോക്കിക്കൊള്ളുമെന്ന്‌ ചിന്തിക്കുന്ന കാലം കഴിഞ്ഞു.കുട്ടികളുടെ വിദ്യാഭ്യാസം ,അസുഖങ്ങള്‍, വിവാഹം,അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍, എന്നിങ്ങനെ അതിന്റെ പട്ടിക നീളുകയാണ്‌.അത്‌ ആജീവനാന്തം തുടരുകയും ചെയ്യും. എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ മാത്രം പണത്തെക്കുറിച്ച്‌ ചിന്തിക്കാതെ വരും കാലത്തേക്കുള്ളത്‌ ഇപ്പോള്‍തന്നെ കരുതിവയ്‌ക്കുന്നതല്ലേ നല്ലത്‌? പ്രത്രേ്യകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പണമായാലും സ്വര്‍ണമായാലും നിക്ഷേപങ്ങള്‍ ഉള്ളത്‌ ഏറെ ഗുണപ്രദമാണ്‌.കുട്ടികളെ വളര്‍ത്താനും കുടുംബം നോക്കാനും നിങ്ങളുടേതായ ഒരു പങ്ക്‌ നല്‍കാന്‍ കഴിയുന്നത്‌ അഭിമാനകരം തന്നെ. ഒപ്പം പെട്ടെന്നൊരു ആവശ്യം വന്നാല്‍ ആരുടെ മുന്നിലും കൈ നീട്ടാതെ കഴിയാനും സമ്പാദ്യം സഹായിക്കും. അതുപോലെതന്നെ പ്രോയമായവര്‍ക്ക്‌ ജീവിത സന്ധ്യയില്‍ ഒറ്റക്കാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഒക്കെയും പണം ആവശ്യമാണ്‌.അതിനായി മുന്‍കൂട്ടി സ്വരൂപിച്ച്‌ തുടങ്ങാം. ചെറുതായാലും വലുതായാലും ആ സമ്പാദ്യം തീര്‍ച്ചയായും ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്ക്‌ ഉപകാരപ്രദമാകും.
ദേശീയ സമ്പാദ്യ പദ്ധതി
പരിപൂര്‍ണ്ണ സുരക്ഷിതവും ആദായകരമായതും എല്ലാവിഭാഗക്കാര്‍ക്കും അനുയോജ്യമായതുമായ നിരവധി നിക്ഷേപ പദ്ധതികള്‍ ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. സമീപത്തുള്ള ഏതെങ്കിലും പോസ്‌റ്റോഫീസില്‍ തുക നിക്ഷേപിക്കാവുന്നതുമാണ്‌.
സേവിങ്ങ്‌സ് ബാങ്ക്‌ അക്കൗണ്ട്‌
ദിവസേനെയുണ്ടാകുന്ന ആവശ്യങ്ങള്‍ക്ക്‌ ഉതകുമാറ്‌ പണം എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുവാനും തിരിച്ചെടുക്കുവാനും സൗകര്യമുള്ള പദ്ധതിയാണ്‌ പോസ്‌റ്റോഫീസ്‌ സേവിങ്ങ്‌സ് അക്കൗണ്ട്‌.
* അക്കൗണ്ട്‌ തുടങ്ങാന്‍ 50 രൂപ മതി
* ഈ നിക്ഷേപത്തിന്‌ 3.5 ശതമാനം പലിശ നല്‍കുന്നു
* ഒരു വ്യക്‌തിയുടെ പേരില്‍ ഒന്നോ അതിലധികമോ അക്കൗണ്ട്‌ തുടങ്ങാം,പക്ഷേ നിക്ഷേപം ഒരുലക്ഷം രൂപയില്‍ കവിയരുത്‌.
* ആദായ നികുതി നിയമം അനുസരിച്ച്‌ പലിശ പൂര്‍ണമായും നികുതി വിമുക്‌തമാണ്‌.
* 10 വയസ്‌ പൂര്‍ത്തിയായ കുട്ടിക്ക്‌ സ്വന്തം പേരില്‍ അക്കൗണ്ട്‌ തുടങ്ങാം.
* ഹെഡ്‌ പോസ്‌റ്റോഫീസിലും എല്ലാ സബ്‌ പോസ്‌റ്റോഫീസിലും 500 രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളവര്‍ക്ക്‌ ചെക്ക്‌ബുക്ക്‌ ലഭിക്കും
റെക്കറിങ്ങ്‌ ഡെപ്പോസിറ്റ്‌
ചെറുകിട വരുമാനക്കാര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്‌.പത്ത്‌ രൂപയും അതിന്‍മേല്‍ അഞ്ച്‌ രൂപയുടെ ഗുണിതങ്ങളായ തുകയും പ്രതിമാസം നിക്ഷേപമായി കുറഞ്ഞത്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ നിക്ഷേപിക്കാം.
* ഒരു വ്യക്‌തിക്ക്‌ തനിച്ചോ രക്ഷിതാവിന്‌ മൈനറുടെ പേരിലും അക്കൗണ്ട്‌ തുടങ്ങാം
* ആറ്‌ മാസത്തേയും 12 മാസത്തേയും മുന്‍കൂര്‍ നിക്ഷേപത്തിന്‌ റിബേറ്റ്‌ ലഭിക്കുന്നതാണ്‌.
* നിക്ഷേപത്തിന്‌ 7.5 ശതമാനം നിരക്കില്‍ കൂട്ടുപലിശ (ത്രൈമാസ പലിശ മുതലിനോട്‌ ചേര്‍ത്തത്‌) ലഭിക്കുന്നതാണ്‌.
* കാലാവധി കഴിഞ്ഞും അഞ്ച്‌ വര്‍ഷത്തേക്ക്‌ തുക പിന്‍വലിക്കാതിരിക്കുകയോ ,നിക്ഷേപത്തോടെ അക്കൗണ്ട്‌ തുടരുകയോ ചെയ്യാം. ഈ അക്കൗണ്ടിന്‌ തുടങ്ങിയ സമയത്തെ കൂട്ടുപലിശ ലഭിക്കും.
* നിബന്ധനകള്‍ക്ക്‌ വിധേയമായി ഇന്‍ഷുറന്‍സ്‌ ആനുകൂല്യം ലഭ്യമാണ്‌.
സീനിയര്‍ സിറ്റിസണ്‍ സ്‌കീം
മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ഈ പദ്ധതിയില്‍ 60 വയസ്‌ തികഞ്ഞവര്‍ക്കും 55 വയസു കഴിഞ്ഞ്‌ സ്വയം വിരമിച്ചവര്‍ക്കും അംഗമാകാം. വ്യക്‌തിക്ക്‌ ഒറ്റയ്‌ക്കോ ഭാര്യക്കും ഭര്‍ത്താവിനും ചേര്‍ന്നോ അക്കൗണ്ട്‌ ആരംഭിക്കാം. എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും പരമാവധി തുക ലംഘിക്കാതെ നിക്ഷേപിക്കാം.
* മൂന്ന്‌ മാസത്തിലൊരിക്കല്‍ ഒന്‍പത്‌ ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്നു.
* അഞ്ച്‌ വര്‍ഷം നിക്ഷേപ കാലാവധിക്ക്‌ ശേഷവും മൂന്ന്‌ വര്‍ഷം കൂടി തുടരാം.
* ഒരു വര്‍ഷത്തിന്‌ ശേഷം 15 ശതമാനം കിഴിവോടെയും രണ്ട്‌ വര്‍ഷം കഴിഞ്ഞാല്‍ ഒരു ശതമാനം കിഴിവോടെയും തുക പിന്‍വലിക്കാം
* കുറഞ്ഞത്‌ ആയിരം രൂപയും പരമാവധി പതിനഞ്ച്‌ രൂപയും ആയിരം രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
ടൈം ഡെപ്പോസിറ്റ്‌
വ്യക്‌തിക്ക്‌ സ്വന്തം പേരിലും മൈനറുടെ പേരിലും രണ്ട്‌ വ്യക്‌തികള്‍ ചേര്‍ന്നും അക്കൗണ്ട്‌ തുടങ്ങാം.
* സ്‌ഥിര നിക്ഷേപം 200 രൂപയും അതിന്‍മേല്‍ അന്‍പതു രൂപയുടെ ഗുണിതങ്ങളും 1,2.3.5 വര്‍ഷം എന്നീ കാലയളവുകളിലേക്ക്‌ അക്കൗണ്ടില്‍ നിക്ഷേപിക്കാം
* പലിശ ത്രൈമാസമായി കണക്കാക്കി ആണ്ടുതോറും നല്‍കുന്നു. ഒരു വര്‍ഷം 6.5 ശതമാനവും, രണ്ട്‌ വര്‍ഷം 6.50 ശതമാനവും, മൂന്നാം വര്‍ഷം 7.25 ഉം, അഞ്ചാം വര്‍ഷം 7.50
മാസ വരുമാന പദ്ധതികള്‍
ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത നിക്ഷേപിക്കുന്ന തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നു എന്നതാണ്‌. ആറ്‌ വര്‍ഷമാണ്‌ നിക്ഷേപ കാലാവധി.
* 1500 രൂപയാണ്‌ കുറഞ്ഞ നിക്ഷേപം
* ഒരാള്‍ക്ക്‌ 4.5 ലക്ഷം രൂപയും രണ്ടുപേര്‍ക്ക്‌ കൂട്ടായി ഒന്‍പത്‌ ലക്ഷം രൂപയുമാണ്‌ പരമാവധി നിക്ഷേപിക്കാവുന്ന തുക.
* എട്ട്‌ ശതമാനം നിരക്കില്‍ പ്രതിമാസം പലിശ ലഭിക്കുന്നു.
* നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ രണ്ടു ശതമാനം കിഴിവോടെയും മൂന്ന്‌ വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും തുക പിന്‍വലിക്കാം.
 
എല്‍.ഐ.സിയുടെ നിക്ഷേപ പദ്ധതികള്‍
ഇക്കാലത്ത്‌ ഏറ്റവും ചെലവേറിയ കാര്യം ഏതാണെന്ന്‌ ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത്‌ കുട്ടികളുടെ വിദ്യാഭ്യാസം തന്നെ . പണമില്ലാത്തതിന്റെ പേരില്‍ നല്ല വിദ്യാഭ്യാസം കുട്ടികള്‍ക്ക്‌ നിഷേധിച്ചാല്‍ നാളെ ഒരുകാലത്ത്‌ കുട്ടി നിങ്ങളോട്‌ തിരിഞ്ഞു നിന്ന്‌ ചോദിച്ചാലോ? അതുകൊണ്ട്‌ അച്‌ഛനമ്മമാര്‍ ഇപ്പോഴേ സമ്പാദിച്ച്‌ തുടങ്ങിക്കോളൂ....ദിവസവും തുച്‌ഛമായ ഒരു തുക മാറ്റിവച്ചാല്‍ അംഗങ്ങളാകാവുന്ന പദ്ധതികള്‍ എല്‍്‌.ഐ.സിയിലുണ്ട്‌.
ചൈല്‍ഡ്‌ കരിയര്‍ പ്ലാനും ചൈല്‍ഡ്‌ ഫ്യൂച്ചര്‍ പ്ലാനും
കുട്ടികളുടെ വളര്‍ച്ചാ സമയത്ത്‌ ഭാവിയില്‍ പല ഇന്‍സ്‌റ്റാള്‍മെന്റുകളിലായി തുക തിരിച്ചു ലഭിക്കും.കൂടാതെ പോളിസി കാലാവധി കഴിഞ്ഞ്‌ ഏഴ്‌ വര്‍ഷം വരെ ഫ്രീ ഇന്‍ഷുറന്‍സ്‌ കവറേജും കുട്ടിക്ക്‌ ലഭിക്കുന്നു. ജനനം മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ അനുയോജ്യം. പോളിസിയുടെ കാലാവധി പോളിസി തീരുന്ന സമയത്തുള്ള കുട്ടിയുടെ വയസിനനുസരിച്ച്‌ തീരുമാനിക്കാം. കുട്ടിയുടെ 23 വയസ്‌ അല്ലെങ്കില്‍ 24, 25, 26, 27 എന്നീ വയസുകളില്‍ പോളിസി തീരുന്നതായി തെരഞ്ഞെടുക്കാം.
* ഈ പോളിസികളിലെ ഏറ്റവും കുറഞ്ഞ ഇന്‍ഷ്വറന്‍സ്‌ തുക 1,00,000 വും കൂടിയ തുക ഒരു കോടിയുമാണ്‌.
* പ്രീമിയം അടവ്‌ ആദ്യ 6 വര്‍ഷത്തേക്ക്‌ നിജപ്പെടുത്താം. ഇല്ലെങ്കില്‍ പോളിസി കാലാവധിക്ക്‌ 5 വര്‍ഷം മുന്‍പുവരെ അടച്ചുതീരുന്ന രീതിയിലും തെരഞ്ഞെടുക്കാം.
* രണ്ടുവര്‍ഷത്തെ പ്രീമിയം എങ്കിലും അടച്ചാല്‍ അടുത്തവര്‍ഷത്തേക്ക്‌ ഓട്ടോ കവര്‍ ഫെസിലിറ്റി ലഭിക്കുന്നു.
* പോളിസി കാലാവധിക്കുള്ളില്‍ രക്ഷകര്‍ത്താവായ പ്രപ്പോസറിന്‌ മരണം സംഭവിച്ചാല്‍ പിന്നീട്‌ മുന്നോട്ടുള്ള പ്രീമിയം അടവിന്‌ ഇളവ്‌ ലഭിക്കും. എങ്കിലും കുട്ടിയുടെ ഇന്‍ഷ്വറന്‍സ്‌ തുടരുകയും പോളിസിയില്‍നിന്ന്‌ കാലാകാലം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.
* രണ്ട്‌ പ്ലാനിലും ഇന്‍ഷ്വറന്‍സ്‌ തുകയും ബോണസും അഡീഷണല്‍ ബോണസും തിരികെ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍നിന്ന്‌ ലഭിക്കും.
ജീവന്‍ കിഷോര്‍
ഒരു ദിവസം വെറും 9 രൂപ സൂക്ഷിച്ചുവച്ചാല്‍ ഈ പദ്ധതിയില്‍ ഈസിയായി പങ്കെടുക്കാം.
* ഒറ്റത്തവണകൊണ്ട്‌ നിക്ഷേപത്തിന്റെ മുഴുവന്‍ ലാഭവും ലഭിക്കുന്നു.
* കുട്ടിക്ക്‌ 20 വയസാകുമ്പോള്‍ തുക തിരിച്ച്‌ നല്‍കും.
* 0 മുതല 12 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ ഇതില്‍ അംഗമാകാം.
* 2800 രൂപ ഒരുവര്‍ഷം നിക്ഷേപിച്ചാല്‍ 50000 രൂപയുടെ പോളിസിയില്‍ അംഗമാകാം.
* മിനിമം 50000 രൂപയാണ്‌ പ്രീമിയം തുക.
ജീവന്‍ ഭാരതി
വനിതകള്‍ക്കുവേണ്ടി എല്‍.ഐ.സി. നടപ്പിലാക്കിയ പദ്ധതിയാണ്‌ ജീവന്‍ഭാരതി. 18 മുതല്‍ 55 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഇതില്‍ അംഗങ്ങളാകാം.
* അന്‍പതിനായിരം രൂപ മുതല്‍ ഇരുപത്തിയഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന പോളിസിയാണിത്‌.
* അപകടം ഹാര്‍ട്ടറ്റാക്ക്‌, പക്ഷാഘാതം, സ്‌ട്രോക്ക്‌, അന്ധത തുടങ്ങിയ രോഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുന്നു.
* 60 വയസുവരെയുള്ള കാലത്താണ്‌ ഈ ആനുകൂല്യം ലഭിക്കുന്നത്‌.
* പോളിസി കാലയളവില്‍ അപകടമരണം സംഭവിച്ചാല്‍ പോളിസി ഉടമയുടെ മക്കള്‍ക്ക്‌ 50000 രൂപവരെ ലഭിക്കുന്നതാണ്‌്.
എസ്‌.ബി.ടി.യുടെ സമ്പാദ്യപദ്ധതികള്‍
പ്രതിഭാ സേവിങ്‌സ് ഡെപ്പോസിറ്റ്‌
18 വയസ്‌ പൂര്‍ത്തിയായ സ്‌ത്രീകള്‍ക്ക്‌ എസ്‌.ബി.ടിയുടെ പ്രതിഭാ സേവിങ്‌സ് ഡെപ്പോസിറ്റില്‍ അംഗമാകാം. ഒരാള്‍ക്ക്‌ തനിച്ചോ ജോയിന്റ്‌ അക്കൗണ്ടോ തുടങ്ങാം.
* 250 രൂപയാണ്‌ മിനിമം ബാലന്‍സ്‌.
* പരമാവധി ബലന്‍സ്‌ എത്ര വേണമെങ്കിലുമാകാം.
* സൗജന്യമായി ലഭിക്കുന്ന എ.ടി.എം. കാര്‍ഡ്‌ ഇതിന്റെ മറ്റൊരു സവിശേഷതയാണ്‌.
* കൊടുക്കല്‍ വാങ്ങലുകള്‍ക്കുതകും വിധം ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ലഭിക്കുന്നു.
സുകന്യ
10 മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ അംഗമാകാന്‍ കഴിയുന്ന പദ്ധതിയാണ്‌ സുകന്യ.
* 100 രൂപയാണ്‌ കുറഞ്ഞ ബാലന്‍സ്‌
* കൂടിയ ബാലന്‍സ്‌ 5 ലക്ഷം രൂപയാണ്‌്
* അപകടം, മരണം, പൂര്‍ണ വികലാംഗത്വം എന്നിവയ്‌ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കും. ഇതിന്‌ 80 രൂപ പ്രീമിയം ഈടാക്കുന്നതാണ്‌.
* 18 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യ എ.ടി.എം. കാര്‍ഡും ലഭിക്കുന്നു.
* ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ലഭ്യമാണ്‌.
എസ്‌.ബി.ഐ. സ്‌ത്രീശക്‌തി
18 വയസ്‌ തികഞ്ഞ സ്‌ത്രീകള്‍ക്ക്‌ അംഗമാകാന്‍ കഴിയുന്ന എസ്‌.ബി.ഐ.യുടെ പദ്ധതിയാണ്‌ സ്‌ത്രീശക്‌തി. ചെറുകിട വ്യവസായം ചെയ്യുന്നവരെയും തൊഴില്‍ കണ്ടെത്താനും ആഗ്രഹിക്കുന്നവരെയും സഹായിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നു വനിതാ സംരംഭകര്‍ക്ക്‌ പലിശനിരക്കില്‍ ഇളവു ലഭിക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. 25,000 രൂപയും അതിന്‌ മുകളിലുള്ള തുകയ്‌ക്കും കൂടാതെ പത്തുലക്ഷം രൂപവരെയുള്ള പ്രോജക്‌ടിനും മാര്‍ജിന്‍ തുകയില്‍ അഞ്ചുശതമാനം ഇളവ്‌ ലഭിക്കുന്നു.
എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌
എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌ സ്‌ത്രീകള്‍ക്ക്‌ മാത്രമായി നല്‍കിയിട്ടുള്ള ഒന്നാണ്‌ വിമണ്‍സ്‌ ഡെബിറ്റ്‌ കാര്‍ഡ്‌. ഇന്നത്തെ ലൈഫ്‌ സ്‌റ്റൈലിന്‌ പകരമാകുന്നതോടൊപ്പം എ.ടി.എം. കാര്‍ഡിന്‌ പകരമായി നില്‍ക്കുകയും ചെയ്യുന്നു.
* ഈ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഓരോ 200 രൂപയുടെ പര്‍ച്ചേസിനും ഒരു രൂപ ബാങ്ക്‌ തിരിച്ച്‌ നല്‍കുന്നു.
* കാര്‍ഡുപയോഗിച്ച്‌ മെഡിക്കല്‍ ചെക്കപ്പ്‌ പാക്കേജും, നഴ്‌സിങ്‌ കെയര്‍ അറേഞ്ച്‌മെന്റിനും അവസരം ലഭിക്കുന്നു.
* കാര്‍ഡുപയോഗിച്ച്‌ ബാങ്കില്‍നിന്ന്‌ സ്വര്‍ണം (ഗോള്‍ഡ്‌ബാര്‍) വാങ്ങുമ്പോള്‍ അതാത്‌ സമയങ്ങളില്‍ അനുവദിക്കുന്ന ഡിസ്‌കൗണ്ട്‌ ലഭിക്കും.
* ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ മാത്രമേ ഈ ഡെബിറ്റ്‌ കാര്‍ഡ്‌ അനുവദിക്കുകയുള്ളൂ.
* കാര്‍ഡുപയോഗിച്ച്‌ ഒരു ദിവസം 25,000 രൂപ മാത്രമേ എ.ടി.എം.ല്‍ നിന്ന്‌ പിന്‍വലിക്കാനാകൂ.
അത്യാവശ്യ സമയത്ത്‌ ഉതകുംവിധം എങ്ങനെ പണം സ്വരൂപിക്കാം
പലതരം അത്യാവശ്യങ്ങള്‍ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. അപകടം വിവാഹം, രോഗങ്ങള്‍ അങ്ങനെ നിനച്ചിരിക്കാത്ത പല സമയങ്ങളിലും... അപ്പോഴൊക്കെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കേണ്ടിവന്ന സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ? ആ സമയങ്ങളില്‍ പകച്ചുനില്‍ക്കുകയും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത്‌ നിങ്ങള്‍ തന്നെ മുന്‍കൂട്ടി അതിന്‌ പരിഹാരം കണ്ടുവയ്‌ക്കുന്നതല്ലേ.
മറ്റ്‌ നിക്ഷേപപദ്ധതികള്‍ ഉണ്ടെങ്കിലും അത്യാവശ്യ സമയത്തേക്ക്‌ വേണ്ടി മാത്രമുള്ള ഫണ്ട്‌ കരുതിവയ്‌ക്കേണ്ടതാണ്‌. ഇത്തരത്തില്‍ മാറ്റിവച്ചിരിക്കുന്ന പണം നിസാരകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എങ്ങനെ തയാറാക്കാം
ചെറിയ ചെറിയ തുകകള്‍ പലപ്പോഴായി സൂക്ഷിച്ചുവയ്‌ക്കാം. ശമ്പളത്തില്‍നിന്നോ അധികവരുമാനമായി ലഭിക്കുന്നതില്‍നിന്നോ ചെറിയൊരു തുക മാറ്റിവച്ചാല്‍ മതിയാകും. സ്‌ത്രീകള്‍ സൗന്ദര്യവര്‍ധകവസ്‌തുക്കളും ചുരിദാറുകളും സാരികളും മറ്റും വാങ്ങാന്‍ എത്ര തുക വേണമെങ്കിലും പൊട്ടിക്കാന്‍ മടിയില്ലാത്തവരാണ്‌. അടിക്കടി ഇത്തരത്തില്‍ വസ്‌ത്രങ്ങളും മറ്റും വാങ്ങുന്ന ശീലം ഉപേക്ഷിച്ചാല്‍ ആ വിഭാഗത്തില്‍ തന്നെ നല്ലൊരു തുക അത്യാവശ്യ നിക്ഷേപങ്ങളിലേക്ക്‌ മാറ്റിവയ്‌ക്കാം. ഈ പണം വീട്ടില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ അഭികാമ്യം ബാങ്കുകളിലും മറ്റും നിക്ഷേപിക്കുന്നതാണ്‌. അതിനായി എമര്‍ജന്‍സി ഫണ്ടിന്‌ മാത്രമായി ഒരു സേവിങ്‌സ് അക്കൗണ്ട്‌ തുടങ്ങാം. ഇതുകൂടാതെ ക്രഡിറ്റ്‌ കാര്‍ഡ്‌, സ്വര്‍ണനാണയങ്ങള്‍ എന്നിവയായും ഒരുപരിധിവരെ നിക്ഷേപങ്ങള്‍ ക്രമപ്പെടുത്താം.
വരുമാനം, ജീവിതരീതി, മറ്റ്‌ സാധ്യതകള്‍ എന്നിവ അടിസ്‌ഥാനപ്പെടുത്തിയാണ്‌ പെട്ടെന്നുള്ള അത്യാവശ്യത്തിനുള്ള തുക മാറ്റിവയ്‌ക്കേണ്ടത്‌് ഓരോരുത്തരും അവരവര്‍ക്ക്‌ കഴിയാവുന്നവിധത്തില്‍ ഈ സമ്പാദ്യശീലം വളര്‍ത്താന്‍ ശ്രദ്ധിക്കുക. നിക്ഷേപങ്ങള്‍, പണം, ഇന്‍ഷ്വറന്‍സുകള്‍ എന്നിങ്ങനെ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്‌ പണം സ്വരൂപിക്കാം

No comments:

Post a Comment