Related Posts with Thumbnails

2010-01-20

ധന്യം ഈ നടനജീവിതം




നൃത്തം ജയന് ഉപജീവനമാര്‍ഗം മാത്രമല്ല. നൃത്തത്തെ ജീവിതോപാസനയായി കണ്ടുവെന്നതാണ് ജയന്‍റെ വിജയം. പിന്നീടത് ജീവനമാര്‍ഗം കൂടിയായിത്തീരുകയായിരുന്നു.

ജൂലൈയില്‍ തിരുവനന്തപുരത്ത് അരങ്ങേറിയ നമ്പ്യാര്‍ നൃത്തശില്‍പമൊന്നു മാത്രം മതി നൃത്തകലയ്ക്കുള്ള ജയന്‍റെ അര്‍പണബുദ്ധിയും പാടവവും തിരിച്ചറിയാന്‍. 
കേരള നടനം മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയ ക്ളാസിക്കല്‍ നൃത്തരീതികള്‍ മുതല്‍ വേലകളി വരെയുള്ള പരമ്പരാഗത നൃത്തരീതി വരെ സമഞ്ജസമായി സമ്മേളിപ്പിച്ചായിരുന്നു ജയന്‍ അന്ന് നടനവിസ്മയമായത്. 
നാട്യകലകളുടെ പഠനത്തിനും ഗവേഷണത്തിനും ഒരു കേന്ദ്രം. അതിന്‍റെ നടത്തിപ്പിലൂടെ നൃത്തരംഗത്തിന് സ്വയം ഉഴിഞ്ഞുവച്ച ജീവിതം. കണ്ണമ്മൂല മുളവന ജങ്ഷനില്‍ 1995ല്‍ ആരംഭിച്ച ഭരതക്ഷേത്ര എന്ന ഗവേഷണ നൃത്ത സംഗീത പരിശീലനകേന്ദ്രവും അതിന്‍റെ സ്ഥാപകന്‍ ജയനും ഇപ്പോള്‍ പ്രശസ്തിയുടെ പടവുകളിലാണ്. 
ആദ്യഗുരു കൊഞ്ചിറവിള ശശി. പ്രസിദ്ധ നര്‍ത്തകരുടെ കീഴില്‍ പഠിച്ചാണ് ജയന്‍ നൃത്തരംഗത്ത് പ്രശസ്തനായത്. ബി.എ. പാസായശേഷമായിരുന്നു നൃത്ത പഠനം .ഗുരുഗോപിനാഥ് ,കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാക്ഷേത്രവിലാസിനി, കലാക്ഷേത്ര വിജയന്‍, ചന്ദ്രികാകുറുപ്പ്, തുടങ്ങിയവരുടെ കീഴില്‍ നൃത്തം അഭ്യസിച്ചു.
ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി, ഒഡീസി, കഥകളി, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, പറയന്‍ തുള്ളല്‍ എന്നിവ മാത്രമല്ല സംഗീതവും ഈ യുവാവിന് സ്വന്തം. 
ദരിദ്രരായ കുട്ടികള്‍ക്ക് നൃത്തസംഗീത കലകളില്‍ അറിവ് നല്‍കുക. അവരെ അതിന് പരിശീലിപ്പയ്ക്കുക. കലാധ്യാപകര്‍ക്ക് നാട്യകലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. എന്നിവയാണ് ഭരതക്ഷേത്രയുടെ ലക്ഷ്യം. ആറ് വര്‍ഷത്തിനുള്ളില്‍ നിരവധി പ്രതിഭകളെ കലാക്ഷേത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നു ള്ള 180ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഒഡീസി, കഥകളി, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, ശാസ്ത്രീയസംഗീതം എന്നിവയ്ക്ക് ഇവിടെ ക്ളാസുണ്ട്. പത്തുവയസിന് മുകളിലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. കുട്ടികള്‍ക്ക് താമസിച്ച് പഠിയ്ക്കാന്‍ ഹോസ്റ്റല്‍ സൗകര്യമുണ്ട്. പഠിപ്പിയ്ക്കാന്‍ 18-ഓളം അധ്യാപകര്‍. നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ക്ക് ഫീസിളവുമുണ്ട്. 
പാരമ്പര്യകലകളായ കമ്പടവ്കളി, കുത്തിയോട്ട കളി, വേലകളി എന്നിവ ഫീസ് ഈടാക്കാതെയാണ് പഠിപ്പിയ്ക്കുന്നത്. എല്ലാവിധ സംഗീതോപകരണങ്ങളും കലാക്ഷേത്രയിലുണ്ട്. 
രാമായണത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച നാലുമണിക്കൂര്‍ പരിപാടി തിരുവനന്തപുരത്ത് കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ ജയനും സംഘവും അവതരിപ്പിച്ചത് വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. 
ടി.വി. സീരിയലുകള്‍ക്കും നാടകങ്ങള്‍ക്കും ജയന്‍ നൃത്തസംവിധാനം ചെയ്യാറുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാജാരവിവര്‍മ്മ എന്ന നാടകത്തിലും ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ എ.കെ.ജി. നാടകത്തിലും ജയനായിരുന്നു നൃത്തസംവിധാനം. 
ഭരതക്ഷേത്ര മുളവന ജങ്ഷന്‍ തിരുവനന്തപുരം എന്നതാണ് ജയന്‍റെ വിലാസം. റിട്ട. അധ്യാപകനായ ശങ്കരന്‍ നായരുടെ തങ്കമ്മയുടെയും മകനായ ജയന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങായി ഭാര്യ രേണുകയുണ്ട്.

No comments:

Post a Comment