Related Posts with Thumbnails

2010-01-22

നിയമത്തെ ദുരുപയോഗം ചെയ്യുന്നവര്‍




ശൈഖ് മുഹമ്മദ് കാരകുന്ന്

ഏതെങ്കിലും വ്യക്തികളെ പേരെടുത്ത് പരാമര്‍ശിക്കുകയോ വ്യക്തമായ സൂചനവ്യാജമെഴുതുകയോ ചെയ്താല്‍ മാനനഷ്ടത്തിന് കേസുകൊടുക്കാം. ബന്ധപ്പെട്ട വ്യക്തിയോ അടുത്ത ബന്ധുക്കളോ നിയമനടപടിക്ക് ശ്രമിച്ചാല്‍ മാത്രമേ അപ്പോഴും അത് സാധ്യമാവുകയുള്ളൂ. വ്യക്തികള്‍ക്കേ അഭിമാനമുള്ളൂ, അവരുള്‍ക്കൊള്ളുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമില്ല! അതുകൊണ്ടുതന്നെ സംഘടനകളെ ആക്ഷേപിക്കുകയോ അപഹസിക്കുകയോ ചെയ്താല്‍ അനുയായികള്‍ക്ക് കടുത്ത മനഃപ്രയാസവും മാനനഷ്ടവുമുണ്ടാവുമെങ്കിലും നിലവിലുള്ള ചട്ടപ്രകാരം നിയമനടപടിക്ക് സാധ്യമല്ല. കേരളത്തിലെ പല പ്രസംഗകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും നിയമത്തിലെ ഈ പഴുത് തങ്ങള്‍ക്കിഷ്ടമില്ലാത്ത സംഘടനകളെയും സമുദായങ്ങളെയും തേജോവധം ചെയ്യാന്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് സമൂഹമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എതിരാളി മാന്യനും സാമാന്യ മര്യാദയുള്ളവനുമല്ലാത്ത ഏതു വിഭാഗവും എന്ത് ആക്ഷേപവും സഹിക്കാന്‍ സന്നദ്ധമാവണം. നിയമത്തിലെ ഈ ആനുകൂല്യമുപയോഗിച്ച് ചില മലയാളമാധ്യമങ്ങള്‍ നടത്തിവരുന്ന ഹീനമായ പ്രചാരണങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. ആടിനെ പട്ടിയെന്ന് അനേകതവണ വിളിച്ച് അങ്ങനെയൊരു പൊതുബോധം വളര്‍ത്തി തല്ലിക്കൊല്ലാനുള്ള ശ്രമമാണ് അവ നടത്തിക്കൊണ്ടിരിക്കുന്നത്.

ലൌ ജിഹാദിന്റെ പേരില്‍ നടന്ന പ്രചാരണങ്ങള്‍ തെറ്റായിരുന്നുവെന്ന് കേരള ഹൈകോടതിയും  കര്‍ണാടകകോടതിയും വ്യക്തമാക്കി. എന്നാല്‍, അതു സംബന്ധമായി മലയാളപത്രങ്ങള്‍ പ്രചരിപ്പിച്ചത് പരിശോധിച്ചാല്‍ എത്ര ഗുരുതരമായ ഹീനകൃത്യമാണതെന്ന് വ്യക്തമാകും.
'കേരളത്തിലെ എല്ലാ ജില്ലകളിലും ലൌ ജിഹാദിന് ഓഫിസുണ്ട്. ജനറല്‍ കമാന്‍ഡര്‍മാരുണ്ട്. സ്മാര്‍ട്ട് ഫ്രന്‍ഡ് എന്ന ഒരു സംഘടന ലൌ ജിഹാദിനായി പ്രവര്‍ത്തിക്കുന്നു. ജനറല്‍ കമാന്‍ഡര്‍ക്ക് ബൈക്കും മൊബൈല്‍ഫോണും സൌജന്യമായി നല്‍കുന്നു, ദിനംപ്രതി ഇരുന്നൂറ് രൂപയും. ലൌ ജിഹാദിന്റെ ചതിക്കുഴിയില്‍ 2866 പെണ്‍കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട്. ഇങ്ങനെ മതംമാറ്റിയ ചില പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ചിലരെ പാകിസ്താനിലേക്കയച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം മാത്രം 500 പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട്. ലൌ ജിഹാദിലൂടെ മതംമാറിയ പെണ്‍കുട്ടികളെ മയക്കുമരുന്ന് കടത്തിനും വേശ്യാവൃത്തിക്കും ഉപയോഗിക്കുന്നു. മലപ്പുറം ജില്ലയില്‍ മാത്രം ഇരുപത് മുസ്ലിം മതംമാറ്റ കേന്ദ്രങ്ങളുണ്ട്'^മലയാള മനോരമ, കേരള കൌമുദി, കലാകൌമുദി തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങള്‍ എഴുതിയതിങ്ങനെയാണ്.

തല്‍പരകക്ഷികള്‍ കെട്ടിച്ചമച്ച ഈ കള്ളങ്ങള്‍ സമൂഹത്തില്‍ എത്ര ഗുരുതരമായ തെറ്റിദ്ധാരണകളാണ് വളര്‍ത്തുകയെന്നും സമുദായങ്ങള്‍ക്കിടയില്‍ അപകടകരമായ അകല്‍ച്ചയും അവിശ്വാസവുമാണ് സൃഷ്ടിക്കുകയെന്നും ഊഹിക്കാവുന്നതേയുള്ളൂ. വ്യക്തികളെ പരാമര്‍ശിക്കാത്ത പൊതുപ്രസ്താവങ്ങളായതിനാല്‍ നിയമനടപടികളെ നേരിടേണ്ടിവരില്ലെന്ന ആശ്വാസമായിരിക്കാം ഇത്ര ഭീകരവും സാമൂഹികദ്രോഹപരവും രാജ്യദ്രോഹപരവുമായ കള്ളം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്.

തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതാണെന്ന വ്യാജേന വരുന്ന പല പ്രസ്താവനകളും വാര്‍ത്തകളും ഇതുപോലുള്ളവയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പൊലീസിന്റെ പിടിയിലായതിനാല്‍ ഒന്നും നിഷേധിക്കാന്‍ വരില്ലെന്ന ധൈര്യവും പ്രശ്നം ദേശീയതയുമായി ബന്ധപ്പെട്ടതായതിനാല്‍ ആരും ചോദ്യംചെയ്യില്ലെന്ന ചിന്തയുമായിരിക്കാം എന്തും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക്  പ്രചോദനമേകുന്നത്.'പെരുന്നാള്‍ദിവസം  നോമ്പു തുറക്കുന്നവരുടെ മേല്‍ ബോംബ് വെക്കാന്‍ തടിയന്റവിട നസീര്‍ പദ്ധതിയിട്ടിരുന്നു'വെന്ന് മഹത്തായ പാരമ്പര്യമവകാശപ്പെട്ട 'മാതൃഭൂമി' (2009 ഡിസംബര്‍ 11)യെപ്പോലുള്ള ഒരു ദേശീയപത്രം എഴുതാന്‍ ഒരുമ്പെട്ടത് ഒട്ടും നിസ്സാരമായി കാണാവുന്ന കാര്യമല്ല.

ബോംബ് സ്ഫോടനങ്ങളെയും ഭീകരാക്രമണങ്ങളെയും സംബന്ധിച്ചാണെങ്കില്‍ പറയുന്നവക്ക് സത്യവുമായി എന്തെങ്കിലും ബന്ധമുണ്ടാവണമെന്ന ഒരു നിര്‍ബന്ധവും പലര്‍ക്കുമില്ല. 2006 സെപ്റ്റംബര്‍ എട്ടിന് വെള്ളിയാഴ്ച മാലേഗാവില്‍നടന്ന മൂന്ന് സ്ഫോടനങ്ങളിലായി 22 കുട്ടികളുള്‍പ്പെടെ 40 പേര്‍ മരിച്ചു. ഇരുന്നൂറ്റമ്പതോളം പേര്‍ക്ക് പരിക്കുപറ്റി. പ്രസ്തുത സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രജ്ഞസിങ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് ദയാനന്ദ് പാണ്ഡെ, പൂര്‍ണചേതാ നന്ദകി തുടങ്ങിയ 'അഭിനവ് ഭാരത്' എന്ന തീവ്രഹിന്ദു സംഘടനയുടെ നേതാക്കളായിരുന്നുവെന്ന് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിയിച്ചതാണല്ലോ. എന്നാല്‍, പ്രസ്തുത സ്ഫോടനങ്ങളെ സംബന്ധിച്ച് പ്രവീണ്‍ സ്വാമി 'ചിതറിയ സത്യങ്ങള്‍' (Fractured Truths) എന്ന തലക്കെട്ടിലെഴുതി: 'ലക്ശര്‍ മാത്രമല്ല, ജയ്ശെ  മുഹമ്മദും ഹര്‍കതുല്‍ അന്‍സാറും അതില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്വാമി സുബൈര്‍, സുഹൈല്‍, റാശിദ് എന്നീ പേരുകളും പ്രതികളുടേതായി ചേര്‍ത്തു.

'മാലേഗാവ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ജിഹാദി സംഘടനകളാണെന്നും രണ്ടു ദിവസം മുമ്പ്് സെപ്റ്റംബര്‍ ആറിന് ഗണേശ്പൂജാ വേളയില്‍ സ്ഫോടനം നടത്താനായിരുന്നു അവ പരിപാടി ഇട്ടിരുന്നതെന്നും 'ടൈംസ് ഓഫ് ഇന്ത്യ' സെപ്റ്റംബര്‍ 11ന് എഴുതി. സ്ഫോടനം നടന്ന ശബേ ബറാത്ത് ആഘോഷം ബറേല്‍വികളുടേതാണെന്നും അഹ്ലെഹദീസും തബ്ലീഗ് ജമാഅത്തും ദയൂബന്തികളും അതിനെതിരാണെന്നും ലക്ശറെ ത്വയ്യിബ, അഹ്ലെ ഹദീസിന്റെ ചിന്താധാര ഉള്‍ക്കൊണ്ടവരാണെന്നും വരെ അത്തരം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും അങ്ങനെ മുസ്ലിംകള്‍ക്കിടയില്‍ ശത്രുതയും ശൈഥില്യവും വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ഇവിടത്തെ ചില എഴുത്തുകാരും വാരികകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളും ഇവ്വിധം തന്നെയാണ്. ഭീകരവാദവും ഇന്ത്യാ വിരുദ്ധ ആശയങ്ങളും പ്രചരിപ്പിക്കാനാണ് ജമാഅത്ത് 'സിമി' ഉണ്ടാക്കിയതെന്നും നിരോധിക്കപ്പെട്ട ശേഷവും അത് സജീവമാണെന്നും ജമാഅത്തെ ഇസ്ലാമിയാണ് അതിന് എല്ലാവിധ സഹായവും നല്‍കുന്നതെന്നും മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിമിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായി ഒത്തുപോകുന്നവയാണെന്നും ദേശീയ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട് എന്നെല്ലാമുള്ള വ്യാജപ്രചാരണങ്ങള്‍ ഇതിനുദാഹരണമാണ്.

'തന്റെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൌദൂദികളുടെ ചിന്തകളാണെന്ന് ബിന്‍ലാദിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്' എന്ന് എഴുതിയത് മൌദൂദിയോ കുടുംബമോ ബിന്‍ലാദിനോ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ വരില്ലെന്ന കാരണത്താലാവാനേ തരമുള്ളൂ. ഇപ്രകാരം തന്നെ നൂരിഷാ ത്വരീഖത്തുകാരനായ തടിയന്റവിട നസീര്‍ തന്നെ ഭീകരവാദത്തിലേക്ക് തിരിയാന്‍ സ്വാധീനിച്ചത് ഹസനുല്‍ ബന്ന, അബുല്‍ അഅ്ലാ മൌദൂദി, സയ്യിദ് ഖുത്വുബ് എന്നീ മൂന്ന് റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളാണെന്ന്' പറഞ്ഞതായി ഒരു ഇംഗ്ലീഷ് പത്രവും ഒരു വാരികയും എഴുതിയത് നസീര്‍ അത് നിഷേധിക്കാനോ, മരിച്ചുപോയ ബന്നയും മൌദൂദിയും ഖുത്വുബും ചോദ്യംചെയ്യാനോ വരില്ലെന്ന ഉറച്ച വിശ്വാസത്തിലാവാം. അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്ലാമിയെ ഇന്ദിരാഗാന്ധി നിരോധിച്ചപ്പോള്‍ ആദ്യം അതിനെ സ്വാഗതം ചെയ്തത് നൂരിഷാ ത്വരീഖത്തിന്റെ സമുന്നതനേതാവാണ്. അത്തരം ത്വരീഖത്തുകാര്‍ മൌദൂദിയുടെയും ബന്നയുടെയും ഖുതുബിന്റെയും ഗ്രന്ഥങ്ങള്‍ തൊടാന്‍ പോലും തയാറാവില്ലെന്ന് അവരെ സംബന്ധിച്ച സാമാന്യധാരണയുള്ളവര്‍ക്കെല്ലാമറിയാം. നിയമത്തിലെ പഴുതുകള്‍ മാന്യതയോ, മൂല്യബോധമോ ഇല്ലാത്ത എഴുത്തുകാരും മാധ്യമങ്ങളും എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുന്നുവെന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്                                                                            Thursday, January 21, 2010 മാധ്യമം

No comments:

Post a Comment