മകളുടെ പേര് അനറ്റ്. അമ്മയ്ക്ക് ബോധം തെളിഞ്ഞിട്ടില്ലാത്തതിനാല്‍, പേരു വെളിപ്പെടുത്തിയിട്ടില്ല. അമ്മയുടെ പേര് പറഞ്ഞുതരാന്‍ മകള്‍ക്ക് ഇപ്പോള്‍ സമയവും ഇല്ല. കാരണം അനറ്റ് പഴയൊരു മെത്ത അനേ്വഷിക്കുകയാണ്. വിലയേറിയ മെത്തയുടെ കഥ ഇങ്ങനെ. അനറ്റിന്‍റെ ടെല്‍ അവീവിലെ വീട്ടില്‍ പഴയൊരു മെത്തയുണ്ടായിരുന്നു. അനറ്റിന്‍റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടത്. ഒരിക്കല്‍ അനറ്റ് വിചാരിച്ചു, അമ്മയ്ക്ക് നല്ല ഭംഗിയുള്ള മെത്ത വാങ്ങിക്കൊടുക്കണം. അതിനുമുന്‍പ് അനറ്റ് പഴയ മെത്ത പുറത്തേക്ക് എറിഞ്ഞുകളയുകയും ചെയ്തു.
പുതുപുത്തന്‍ മെത്തയുമായി അമ്മയുടെ മുന്നിലെത്തി, തന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ് കൈമാറി. പഴയത് എവിടെയെന്നായി അമ്മയുടെ ചോദ്യം. അത് കളഞ്ഞെന്നും, ഇനി മുതല്‍ പുതിയത് ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു അനറ്റിന്‍റെ മറുപടി. അമ്മ തലകറങ്ങി വീണു, ബോധം നഷ്ടപ്പെട്ടു. ഇടയ്ക്കെപ്പഴോ ബോധം തിരികെ കിട്ടിയപ്പോള്‍ മാത്രമാണ്, വലിച്ചറിഞ്ഞ മെത്തയുടെ വില മകള്‍ക്കും നാട്ടുകാര്‍ക്കും മനസിലായത്.
അനറ്റിന്‍റെ അമ്മയുടെ ജീവിതകാലത്തെ സമ്പാദ്യമെല്ലാം അതിനുള്ളിലായിരുന്നു. ഏകദേശം നാലു കോടി എഴുപത്തിനാലു ലക്ഷം രൂപയുണ്ടായിരുന്നു മെത്തയ്ക്കുള്ളില്‍, നിരവധി കറന്‍സി നോട്ടുകള്‍. ആരുമറിയാതെ അമ്മ സൂക്ഷിച്ച പണം. ഇപ്പോള്‍ ടെല്‍ അവീവില്‍ വേസ്റ്റുകള്‍ കൂട്ടിയിടുന്ന സ്ഥലത്ത് ശക്തമായ പരിശോധന നടക്കുകയാണ്. വിവരമറിഞ്ഞപ്പോള്‍ ആ സ്ഥലത്തിനു ചുറ്റും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം ഇരുപത്തയ്യായിരം ടണ്‍ മാലിന്യങ്ങള്‍ വന്നടിയുന്ന സ്ഥലത്തു നിന്നു മെത്ത കണ്ടെത്തുന്നത് ശ്രമകരമായ ജോലിയാണ്. എങ്കിലും പരിശോധന നടക്കുന്നു, കൂട്ടത്തില്‍ അനറ്റുമുണ്ട്.
എന്തായാലും ടെല്‍ അവീവില്‍ ഇപ്പോള്‍ ഒരു ഗുണപാഠം പ്രചരിക്കുന്നുണ്ട്, ഓരോന്നിനും പറഞ്ഞിട്ടുള്ള ജോലിയേ ഏല്‍പ്പിക്കാവൂ, അതായത്, ബാങ്കിന്‍റെ ജോലി ബാങ്കും, മെത്തയുടെ ജോലി മെത്തയും ചെയ്യണം, ഇല്ലെങ്കില്‍ ശിഷ്ടജീവിതം മാലിന്യങ്ങള്‍ക്കിടയിലാകാനുള്ള സാധ്യത കൂടുതലാണ്
No comments:
Post a Comment