Related Posts with Thumbnails

2011-01-17

പിഞ്ചുകുഞ്ഞിന് അമ്മ കരള്‍ പകുത്തുനല്കി




ചെന്നൈ: ഒരുവയസ്സുള്ള പെണ്‍കുഞ്ഞിന് അമ്മ കരള്‍ പകുത്തുനല്കി. ശ്രീലങ്കയിലെ നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പിറവിയിലെ മഞ്ഞപ്പിത്തബാധയുള്ള കുഞ്ഞിനെ സ്വന്തം കരള്‍ മാറ്റിവെച്ച് രക്ഷിച്ചത്. സങ്കീര്‍ണമായ ശസ്ത്രക്രിയ ചെന്നൈയിലെ ഗ്ലോബല്‍ ഹോസ്​പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് സിറ്റിയില്‍ പ്രൊഫ. മുഹമ്മദ് റെലയുടെ നേതൃത്വത്തിലാണ് നടന്നത്.

ശ്രീലങ്കയിലെ നാവികഉദ്യോഗസ്ഥന്‍ അശോകന്റെയും നിരാഷയുടെയും മകള്‍ പൂജാനി അമേഷിക പിറവിയിലെ മഞ്ഞപ്പിത്തബാധ എന്ന 'ബിലൈരി അട്രേസ്യ' രോഗത്തോടെയാണ് ജനിച്ചത്.

ജനിച്ചതുമുതല്‍ പൂജാനിയില്‍ മഞ്ഞപ്പിത്തനില ഉയര്‍ന്നുകൊണ്ടിരുന്നു. തുടക്കത്തില്‍ മഞ്ഞപ്പിത്ത അളവ് കുറച്ചുനിര്‍ത്താന്‍ ശ്രീലങ്കയിലെ ആസ്​പത്രിഅധികൃതര്‍ക്ക് കഴിഞ്ഞു. രോഗം നിലനില്‍ക്കുന്നതിനാല്‍ കുഞ്ഞ് ഇഴഞ്ഞുനടക്കുകയോ ഇരിക്കുകയോ ചെയ്തില്ല. കരള്‍ മാറ്റിവെക്കുകമാത്രമാണ് കുഞ്ഞിനെ രക്ഷിക്കാനുള്ള മാര്‍ഗമെങ്കിലും ശ്രീലങ്കയില്‍ ഇതിന് സൗകര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ശ്രീലങ്കന്‍ ആസ്​പത്രിഅധികൃതര്‍ കുഞ്ഞിന്റെ ശസ്ത്രക്രിയ ഗ്ലോബല്‍ ആസ്​പത്രിയിലെ പ്രൊഫ. മുഹമ്മദ് റെലയെക്കൊണ്ട് നിര്‍വഹിക്കാന്‍ ശുപാര്‍ശചെയ്തു. ശസ്ത്രക്രിയാചെലവ് ശ്രീലങ്കന്‍ നാവിക അധികൃതര്‍ വഹിച്ചു.

ശസ്ത്രക്രിയ നിശ്ചയിക്കുമ്പോള്‍ കുഞ്ഞിന് 5.4 കിലോഗ്രാംമാത്രമാണ് തൂക്കം. ശിശുക്കളില്‍ കരള്‍ മാറ്റിവെക്കുന്നത് സങ്കീര്‍ണമാണ്. കുട്ടിക്ക് ഏറ്റവും അനുയോജ്യമായത് അമ്മയുടെ കരളാണെന്ന് കണ്ടെത്തി. ഇരുപത്തിനാല് വയസ്സുള്ള അമ്മയുടെ കരളിന്റെ 250 ഗ്രാം നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എടുത്ത് പൂജാനിയില്‍ ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി മാറ്റിവെച്ചു. കുഞ്ഞും അമ്മയും ഇപ്പോള്‍ സുഖമായിരിക്കുന്നു. പുനര്‍ജന്മംപോലെ പൂജാനി അമ്മയുടെ ത്യാഗത്തിന്റെ പുണ്യം നുണയുന്നു.

''കുഞ്ഞ് ഒരു വയസ്സുമാത്രമുള്ള കുട്ടിയായതിനാലും അമ്മയുടെതന്നെ കരള്‍ മാറ്റിവെച്ചതിനാലും സ്വീകരിച്ച കരള്‍ ശരീരം തിരസ്‌കരിക്കാനുള്ള സാധ്യത വളരെവളരെ കുറവാണെന്ന് പ്രൊഫ. മുഹമ്മദ് റെല പറഞ്ഞു. ഡോ. റെല കഴിഞ്ഞ ചില മാസങ്ങളില്‍മാത്രം 15 ശിശുക്കളില്‍ കരള്‍ മാറ്റിവെച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 400 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. പൂജാനിയുടെ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ ചെലവായി.

ഡോ. രാജശേഖര്‍ പെരുമള്ള, ഡോ. വേണുഗോപാല്‍ കോട്ട, ഡോ. ഗോമതി നരസിംഹന്‍, ഡോ. എസ്. വിവേകാനനന്ദന്‍, ഡോ. ശിവരാജ്, ഡോ. ജോയ് വര്‍ഗീസ്, ഡോ. അരുണ്‍ കൃഷ്ണമൂര്‍ത്തി, ഡോ. വിശ്വരൂപ് പോള്‍ എന്നിവരടങ്ങുന്ന സംഘം ശസ്ത്രക്രിയയില്‍ സഹായികളായി എന്ന് ഗ്ലോബല്‍ ആസ്​പത്രി അധ്യക്ഷന്‍ ഡോ. കെ. രവീന്ദ്രനാഥ് പറഞ്ഞു.

www.keralites.net        

No comments:

Post a Comment