Related Posts with Thumbnails

2010-06-08

വയനാട്


മലനിരകളും വനപ്രദേശങ്ങളും കൊണ്ട്‌ മനോഹരമായ വയനാടന്‍ പ്രദേശം കേരളത്തിലെ ഊട്ടി എന്നാണ്‌ അറിയപ്പെടുന്നത്‌. തെക്ക്‌ കോഴിക്കോട്‌, മലപ്പുറം ജില്ലകളും കിഴക്കും വടക്കും തമിഴ്‌നാട്‌, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളുമാണ്‌ അതിര്‍ത്തികള്‍. ശിലായുഗ കാലത്തേതെന്നു കരുതുന്ന പല അവശിഷ്‌ടങ്ങളും ഇവിടെനിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പഴശിരാജാവായിരുന്നു വയനാട്ടിലെ ഏറ്റവും പ്രശസ്‌തനായ ഭരണാധികാരി. ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും വയനാട്ടില്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്‌. സുഗന്ധവ്യഞ്‌ജനങ്ങള്‍ക്ക്‌ പേരുകേട്ട ഈ പ്രദേശത്ത്‌ ധാരാളം ആദിവാസികളും പാര്‍ക്കുന്നു. പണിയര്‍, അടിയാന്‍, കുറിച്യര്‍, കുറുമര്‍, കാട്ടുനായ്‌ക്കര്‍, കാടന്‍, ഊരാളി തുടങ്ങിയവയാണ്‌ വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങള്‍. നിലവില്‍ വന്നത്‌ : 1980 നവംബര്‍ 1. ആസ്ഥാനം: കല്‍പ്പറ്റ. മുനിസിപ്പാലിറ്റി: കല്‍പ്പറ്റ. താലൂക്കുകള്‍: സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി. റവന്യു വില്ലേജുകള്‍: 49. ബ്ലോക്ക്‌ പഞ്ചായത്തുകള്‍: 3. ഗ്രാമപഞ്ചായത്തുകള്‍: 25. നിയമസഭാ മണ്‌ഡലങ്ങള്‍: മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി. പ്രധാന നദികള്‍: കബനി, പനമരം പുഴ, മാനന്തവാടി പുഴ. കാട്‌: 78787 ഹെക്‌ടര്‍. പ്രധാന കൃഷികള്‍: നെല്ല്‌, ഏലം, കുരുമുളക്‌, തേയില, കാപ്പി. പ്രധാന റോഡുകള്‍: എന്‍.എച്ച്‌.212


പേരിനു പിന്നില്‍
പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വിഭിന്ന അഭിപ്രായങ്ങള്‍ നിലവിലുണ്ട്.
മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തില്‍ ഇതിന്റെ പേര്‍ എന്ന് മദ്രാസ് മാനുവല്‍ ഓഫ് അഡ്മിനിസ്റ്റ്രേഷനില്‍ പറയുന്നു. അത് മലയാളത്തില്‍ മയനാടാവുകയും പിന്നീട് വാമൊഴിയില്‍ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലര്‍ കരുതുന്നത്.
വയല്‍ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്.


ചരിത്രം

വയനാട്ടിലെ എടക്കല്‍ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളില്‍ നിന്ന് ചെറുശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വെള്‍ലാരം കല്ലഉകൊണ്ട് നിര്‍മ്മിച്ച ആയുധനങ്ങള്‍ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുന്‍പ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ‍ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ ചുവര്‍ചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. എടക്കല്‍ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രന്‍ കരുതുന്നത്.
കോഴിക്കോട് സര്‍‌വ്വകലാശാലയിലെ ഡോ രാഘവ വാര്യര്‍ കുപ്പക്കൊല്ലിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ വിവിധരതം മണ്‍പാത്രങ്ങളും (കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍, ചാരനിറമുള്ള കോപ്പകള്‍  ലഭിച്ചിട്ടുണ്ട്.

ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളില്‍ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ . ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ മെഡീറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും അവര്‍ ക്രി.മു. 500 ലാണ്‌ ദക്ഷീണേണ്‍ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ക്രിസ്റ്റോഫ് വോണ്‍ ഫൂറെര്‍ഹൈമെന്‍ഡ്ഡോഫ് സിദ്ധന്തിക്കുന്നുണ്ട്. വയാനാട്ടില്‍ നിന്നും ലഭിച്ച മണ്‍ പാത്രങ്നങളുടെ നിര്‍മ്മാണരീതിക്ക് വടക്കു-പടിഞ്ഞാറന്‍ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പന്‍ സംസ്കാരത്തിനു മുന്നുള്ള മണ്‍പാത്രനിര്‍മ്മാണവുമായി അവക്ക് ബന്ധമുണ്ട്.

എടക്കല്‍ ശിലാ ലിഖിതങ്ങള്‍



സുല്‍ത്താന്‍ ബത്തേരിക്കടുത്ത
 അമ്പലവയലിലെ 
അമ്പുകുത്തിമലയില്‍ കേരളത്തില്‍ 
നിലനിന്നിരുന്ന ഏറ്റവും 
പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള 
സൂചന ന്‍ല്‍കുന്നു. വയനാട്ടില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകള്‍ക്കിടയിലേക്ക് ഒരു കൂറ്റന്‍ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നര്‍ത്ഥത്തില്‍ ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെഎടക്കല്‍ എന്നാണ്‌ അറിയപ്പെടുന്നത്. 189 ല്‍ ഗുഹയുടെ തറയില്‍ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോള്‍ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാര്‍ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആര്‍.സി. ടെമ്പിള്‍ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂള്‍റ്റ്ഷ്(1896) കോളിന്‍ മെക്കന്‍സി എന്നിവര്‍ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരില്‍പ്പെടുന്നു.

1890-ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ല്‍ ഫോസൈറ്റ്, എടക്കല്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്‍ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്‍. എടക്കല്‍ ഗുഹാ ചിതങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീല്‍ ഈ തെളിവുകളാണ്‌. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കല്‍ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങള്‍ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയില്‍ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങള്‍ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകള്‍ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടര്‍ച്ച വയനാട്ടില്‍ നിലനിന്നിരുന്നു എന്നാണ്‌.

ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ്‌ എടക്കല്‍ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളര്‍ അഭിപ്രായപ്പെടുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ലിപി നിരകള്‍ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടില്‍നറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയില്‍ എഴുതപ്പെട്ട "ശാക്യമുനേ ഒവരകോ ബഹുദാനം" എന്ന വരികള്‍ ബുദ്ധമതം വയനാട്ടില്‍ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അര്‍ത്ഥം ബുദ്ധന്റെ ഒവരകള്‍(ഗുഹകള്‍) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങള്‍ക്ക് പള്ളി എന്ന പേര്‍ ചേര്‍ന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്.
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക
എടക്കല്‍ ചിത്രങ്ങളുടെ രചനയെ തുടന്ന്‍ അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങള്‍ രചിക്കപ്പെട്ടത്. എടക്കലില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ്‌ തൊവരി മലകള്‍. എടക്കലില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂര്‍ത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന്‍ ഡോ. രാഘവ വാര്യര്‍ അവകാശപ്പെടുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ 



ഭൂമിദേവി മനസ്സറിഞ്ഞ്‌ അനുഗ്രഹം ചൊരിഞ്ഞ പ്രദേശമാണ്‌ വയനാട്‌. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന വയനാടന്‍ മലനിരകളും ശാദ്വലമായ താഴ്‌വരകളും ഒളിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങള്‍ കണ്ടെടുക്കാനായി ഒരു യാത്ര പോകാം.
നോക്കെത്താ ദൂരത്തോളം നെല്‍പാടങ്ങള്‍ ഉണ്ടായിരുന്ന `വയല്‍നാടാ`ണ്‌ പിന്നീട്‌ വയനാടായി മാറിയത്‌. സുഗന്ധദ്രവ്യങ്ങളുടെ സ്വന്തം നാടാണ്‌ വയനാട്‌, ചുരം കയറിത്തുടങ്ങുമ്പോള്‍ തന്നെ ഏലവും കുരുമുളകും വിളഞ്ഞ്‌ നില്‍ക്കുന്ന തോട്ടങ്ങളാണ്‌ വഴിക്കിരുവശവും. ഹരിതവര്‍ണ്ണമാര്‍ന്ന പരവതാനിപോലെ കണ്ണിന്‌ കുളിര്‍മ്മയേകാന്‍ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും.
ഗ്രോത്രവര്‍ഗക്കാര്‍ ഒരുപാടുള്ള ജില്ലയാണിത്‌. ജൈനമതത്തില്‍പെട്ട ഗൗണ്ടര്‍ വിഭാഗക്കാരും കര്‍ണാടകയില്‍ നിന്ന്‌ ഇവിടേക്ക്‌ കുടിയേറിപ്പാര്‍ത്തവരാണ്‌. അവര്‍ നിര്‍മ്മിച്ച മനോഹരമായ ക്ഷേത്രങ്ങളും ഇവിടെയുണ്ട്‌.
വയനാട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍ ഇവയാണ്‌:

ലക്കിടി ചുരം



പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ താമരശ്ശേരി ചുരം കഴിഞ്ഞാലാണ്‌ ലക്കിടി ചുരം. ഹെയര്‍പിന്‍ വളവുകളിലൂടെ വേണം യാത്രചെയ്യാന്‍, ഒരുവശത്ത്‌ അഗാധമായ താഴ്‌വരകളും മറുവശത്ത്‌ കൊടുംവനവുമാണ്‌.
വയനാടിന്റെ കവാടം എന്നാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്‌. കോഴിക്കോടുനിന്ന്‌ വയനാട്ടിലേക്കുള്ള പാതയില്‍ വയനാട്‌ ചുരം തീരുന്നത്‌ ഇവിടെയാണ്‌. മലമടക്കുകള്‍ക്കിടയിലൂടെ ഈ വഴി കാണിച്ചുകൊടുത്ത കരിന്തണ്ടന്‍ എന്ന ആദിവാസിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു മരം ഇവിടെയുണ്ട്‌. ചുരമുണ്ടാക്കിയ സായിപ്പ്‌ കരിന്തണ്ടനെ കൊന്നു എന്നാണ്‌ കഥ. ചുരത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങിയപ്പോള്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടായി എന്നും പരിഹാരമായി വഴികാട്ടിയായ ആദിവാസിയെ മരത്തില്‍ പ്രതിഷ്‌ഠിച്ചു എന്നും ഒരു കഥയുണ്ട്‌. ചങ്ങലയിട്ട ഈ മരം കാണാനായി ഈ വഴിയിലൂടെ പോകുന്ന സഞ്ചാരികള്‍ ഇവിടെ ഇറങ്ങാറുണ്ട്‌. കോഴിക്കോട്‌ നിന്ന്‌ 55 കിലോമീറ്റര്‍ യാത്രയുണ്ടിവിടേക്ക്‌, വൈത്തിരിയില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്ററും

പൂക്കോട്‌തടാകം



മലകള്‍ക്കു നടുവിലുള്ള മനോഹരമായ ഈ തടാകത്തില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്‌. തടാകത്തിനു ചുറ്റുമുള്ള പാതയിലൂടെ നടക്കുന്നതും സഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ട വിനോദമാണ്‌. ശുദ്ധജല മത്സ്യങ്ങളെ സംരക്ഷിക്കുന്ന അക്വേറിയവും പ്രവര്‍ത്തിക്കുന്നു. വൈത്തിരിയില്‍നിന്ന്‌ മൂന്നു കിലോമീറ്ററാണ്‌ ദൂരം

ബേഗൂര്‍ വന്യജീവിസങ്കേതം




ആന, കാട്ടുപോത്ത്‌, മാന്‍, വിവിധതരം കുരങ്ങുകള്‍ എന്നിവ ധാരാളമുള്ള ഈ വനപ്രദേശം ബാവലിപ്പുഴയുടെ തീരത്താണ്‌. കര്‍ണാടകത്തിന്റെ അതിര്‍ത്തിക്കടുത്ത്‌ തോല്‍പ്പെട്ടിയില്‍ വന്യജീവിസങ്കേതത്തിനു നടുവിലൂടെ 24 കിലോമീറ്ററോളം നീളുന്ന ഒരു കാട്ടുപാതയുണ്ട്‌. ഈ വഴിയിലൂടെ ചെറിയ വാഹനങ്ങളില്‍ സഞ്ചരിച്ചാല്‍ മൃഗങ്ങളെ വളരെ അടുത്തു കാണാന്‍ കഴിയും. വന്യജീവി സങ്കേതത്തില്‍ കടക്കുന്നതിന്‌ വനംവകുപ്പിന്റെ അനുമതി വേണം. മാനന്തവാടിയില്‍ നിന്ന്‌ 20 കിലോമീറ്റര്‍ അകലെയാണിത്‌

കുറുവ ദ്വീപ്‌




തേന്‍കബനി നദിക്കരയില്‍ 950 ഏക്കറില്‍ പരന്ന്‌ കിടക്കുന്ന നിത്യഹരിത വനങ്ങളാണിത്‌. മാനന്തവാടിയില്‍ നിന്ന്‌ 17 കിലോമീറ്റര്‍ കിഴക്ക്‌ മാറിയാണിത്‌. അപൂര്‍വ്വയിനം പക്ഷികള്‍, മൃഗങ്ങള്‍, ഓര്‍ക്കിഡുകള്‍, ഔഷധസസ്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണിവിടം

പഴശി കുടീരം




ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി മരിച്ച വീര കേരളവര്‍മ്മ പഴശി രാജാവിന്റെ ശവകുടീരം മാനന്തവാടിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇതിനടുത്തായി പഴശിരാജാവ്‌ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റു വസ്‌തുക്കളും പ്രദര്‍ശിപ്പിക്കുന്ന ഒരു ഗ്യാലറിയും പ്രവര്‍ത്തിക്കുന്നുണ്ട്‌. കല്‍പ്പറ്റയില്‍ നിന്ന്‌ 32 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാനന്തവാടിയിലെത്താം

സൂചിപ്പാറ വെള്ളച്ചാട്ടം


ഇരുനൂറു മീറ്ററിലധികം താഴ്‌ചയിലേക്ക്‌ മൂന്നു തട്ടുകളിലായി പതിക്കുന്ന ഈ വെള്ളച്ചാട്ടം കല്‍പ്പറ്റയില്‍നിന്ന്‌ 22 കിലോമീറ്റര്‍ അകലെയാണ്‌. വീതി വളരെ കുറഞ്ഞ മനോഹരമായ വെള്ളച്ചാട്ടം കാണാനായി ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്‌. സാഹസിക സഞ്ചാരികള്‍ക്ക്‌ മലകയറ്റത്തിന്‌ പറ്റിയ സ്ഥലവുമാണിവിടം
മേപ്പാടിയിലെ പച്ചപ്പട്ടു പുതച്ച തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നൂല്‍ പിടിച്ചപോലെ പാതകള്‍. കുന്നുകളെ വലംവെച്ചു മനസ്സിന് കുളിരുപകര്‍ന്നുള്ള യാത്രാനുഭവം. ആഴങ്ങളിലെ ഭീകരതകളിലേക്ക് കാലൂന്നി സാഹസികമായൊരു മലയിറക്കം.
ഒടുവില്‍ പാറകളുടെ അടിത്തട്ടില്‍ വേനലിലും മഴ പാറുന്ന വെള്ളച്ചാട്ടത്തിനു സമീപം ആര്‍ത്തലയ്ക്കുന്ന ശബ്ദങ്ങള്‍ക്കിടയില്‍ ഒത്തിരി നേരം. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് സ്വാഭാവിക പ്രകൃതിയുടെ തനതുമുഖം കാണാന്‍ ഇവിടെയെത്തുന്നത്.
സൂചിപോലുള്ള പാറകള്‍ മാനത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഭൂമിയുടെ തുരങ്കമാണ് ഈ വിനോദകേന്ദ്രം. പാറയിടുക്കുകളില്‍ വളരെ കരുതലോടെ വേണം ഇറങ്ങിയെത്താന്‍. പടവുകളും കമ്പിവേലികളും സ്ഥാപിച്ചിട്ടുണ്ട്. ഈ വഴിയിലൂടെ മാത്രമാണ് സൂചിപ്പാറയിലേക്കുള്ള എളുപ്പവഴികള്‍. പാറക്കെട്ടുകളില്‍ വേരുപടര്‍ത്തിയ കുള്ളന്‍ മരങ്ങളും ജൈവവൈവിധ്യവും വെള്ളച്ചാട്ടം പോലെ തന്നെ ഏവരേയും ആകര്‍ഷിക്കും.

സൂചിപ്പാറയിലേക്കുള്ള വഴികള്‍ 



 കല്പറ്റയില്‍ നിന്ന് മേപ്പാടി വഴി 23 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ചൂരല്‍ മലയിലെ തേയിലത്തോട്ടത്തിലൂടെ മാത്രം 13 കി.മീറ്റര്‍ ദൂരം സഞ്ചരിക്കണം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 43 കി.മീറ്ററും മാനന്തവാടിയില്‍നിന്ന് 58 കിലോമീറ്ററുമാണ് ദൂരം. സെന്റിനല്‍ റോക്ക് വാട്ടര്‍ ഫാള്‍സ് എന്ന പേരിലും സൂചിപ്പാറ വെള്ളച്ചാട്ടം അറിയപ്പെടുന്നുണ്ട്. വഴികാട്ടിയായി സൂചനാബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുണ്ട്.
വാഹനപാര്‍ക്കിങ് സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ കാല്‍നടയാത്ര വേണം. ഡി.ടി.പി.സി.യും വനസംരക്ഷണസമിതിയും 




കൈകോര്‍ത്താണ് വിനോദകേന്ദ്രം സംരക്ഷിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ്. കാറുകള്‍ക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങള്‍ക്ക് 20 രൂപയും പാര്‍ക്കിങ് ഫീസ് നല്‍കണം. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രമാണ് പ്രവേശനം.

ബാണാസുര തടാകം




ഇന്ത്യയിലെ ഏറ്റവും വലിയ മണല്‍ അണക്കെട്ടാണിത്‌. മലനിരകള്‍ കൊണ്ട്‌ മനോഹരമായ ഈ പ്രദേശം വിനോദസഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ ഈ വിനോദകേന്ദ്രത്തിലെ ആരവങ്ങള്‍ അടങ്ങുന്നില്ല. മലനിരകള്‍ക്ക് അഭിമുഖമായുള്ള അണക്കെട്ടിന്റെ തീരത്ത് സഞ്ചാരികളുടെ നീണ്ട നിരകള്‍ പതിവായിരിക്കുകയാണ്.
ഓളപ്പരപ്പുകളും ചെറുദ്വീപുകളും കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിനില്ക്കുന്ന കുന്നുകളും തേക്കടിക്ക് സമാനമായ വയനാടന്‍ ചിത്രങ്ങളാണ് വരയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാമിനു മുകളില്‍നിന്നുള്ള വിദൂരക്കാഴ്ചകള്‍ ആരുടെയും മനം കുളിര്‍പ്പിക്കും. ഹൈഡല്‍ ടൂറിസം നടപ്പാക്കിയതു മുതലാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. വൈദ്യുതിബോര്‍ഡാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
കുന്നുകളെ ചുറ്റി കണ്ണെത്താദൂരത്തേക്ക് കണ്ണാടിപോലെ ജലം കാറ്റിലുലയുമ്പോള്‍ ബാണാസുരസാഗറിനു കാന്തികൂടുന്നു. ചോലവനങ്ങളും കാട്ടരുവികളും ഏറെയുള്ള പശ്ചിമഘട്ടത്തിന്റെ കാല്‍ക്കലാണ് ഈ വിനോദകേന്ദ്രം. ജലവിനോദകേന്ദ്രമെന്ന നിലയില്‍ ആഭ്യന്തര സഞ്ചാരികള്‍ക്കും മറുനാട്ടുകാര്‍ക്കും ഒരുപോലെ ബാണാസുരസാഗര്‍ പ്രിയപ്പെട്ടതാകുന്നു. മഴക്കാലത്തും വേനലിലും ഒരുപോലെ ഇവിടെ സഞ്ചാരികള്‍ എത്തുന്നു. വന്യജീവികള്‍ സൈ്വരവിഹാരം നടത്തുന്ന താഴ്‌വാരങ്ങളായി പരിണമിക്കുകയാണ് ഈ വിനോദകേന്ദ്രം.
കഴുത്തിനൊപ്പം മുങ്ങിനില്ക്കുന്ന കുന്നിനു മുകളില്‍ ഹെറിറ്റേജ് ഹട്ടുകള്‍ നിര്‍മിക്കാനും തുരുത്തുകളിലേക്ക് റോപ് വേ സൗകര്യം ഏര്‍പ്പെടുത്താനും ഹൈഡല്‍ ടൂറിസം തയ്യാറായിട്ടുണ്ട്. 122 കോടി രൂപയുടെ വികസന പദ്ധതികള്‍ താമസിയാതെ ഇവിടെയെത്തും.
സാഹസിക സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ബാണാസുര മലനിരകള്‍. അണക്കെട്ടിനോടു ചേര്‍ന്നുള്ള ചെങ്കുത്തായ മലകള്‍ സാഹസികരെ വെല്ലുവിളിക്കും. പാറക്കെട്ടുകള്‍ താണ്ടി മലയുടെ നെറുകയിലെത്താന്‍ നിരവധി സംഘങ്ങള്‍ ഇവിടെയെത്താറുണ്ട്. ഉയരത്തിലെത്തുന്നതോടെ വയനാടിന്റെയും താഴെ നാടുകളുടെയും വിദൂരക്കാഴ്ചകള്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും.
പരിസ്ഥിതിപഠനത്തിനെത്തുന്നവര്‍ക്ക് ഈ മലനിരകള്‍ നിധിയാണ്. നീലഗിരി ബയോസ്ഫിയറില്‍ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറ കൂടിയാണിത്. കര്‍ണാടകയില്‍നിന്നും
മറ്റും ഒട്ടേറെപ്പേര്‍ ഇതിനായി മാത്രം ഇവിടെയത്തുന്നു.

ബാണാസുര സാഗറിലേക്കുള്ള വഴികള്‍ : കല്പറ്റയില്‍നിന്നു കാവുംമന്ദം, പടിഞ്ഞാറത്തറ വഴി 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവര്‍ക്ക് വൈത്തിരിയില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് 16 കിലോമീറ്റര്‍ മുന്നോട്ടുവന്നാല്‍ അണക്കെട്ടിലെത്താന്‍ കഴിയും. മാനന്തവാടി-ബാണാസുരസാഗര്‍ ദൂരം 34 കിലോമീറ്ററാണ്. കുറ്റിയാടി ചുരം പിന്നിടുന്നവര്‍ക്ക് തരുവണ, പുതുശ്ശേരിക്കടവ് വഴിയും വെള്ളമുണ്ട എട്ടേനാല്, മൊതക്കര, വാരാമ്പറ്റ വഴിയും ബാണാസുരസാഗറില്‍ എളുപ്പമെത്താം.

ബത്തേരിയില്‍നിന്നു 41 കിലോമീറ്റര്‍ യാത്രചെയ്യണം. മാനന്തവാടി-കല്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറയെ ബന്ധിപ്പിച്ച് ഓരോ പതിനഞ്ചു മിനിറ്റിലും ബസ് സര്‍വീസുണ്ട്. പടിഞ്ഞാറത്തറയില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലത്തിലാണ് ഈ ജലാശയം. കുറ്റിയാടി വൈദ്യുതി പദ്ധതിക്ക് ഊര്‍ജം പകരുകയാണ് പ്രവര്‍ത്തനലക്ഷ്യം.
സ്പീഡ് ബോട്ടുകളും പെഡല്‍ ബോട്ടുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അഞ്ചുപേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടിന് ആളൊന്നിന് 50 രൂപ നല്കണം. 15 മിനിറ്റ് സമയം ഏഴുകിലോമീറ്ററോളം ഇവ ഓളപ്പരപ്പുകളില്‍ തെന്നിപ്പായും. 10 രൂപയാണ് പ്രവേശന ഫീസ്.


ചെമ്പ്ര മലകള്‍



ചെമ്പ്രമലയ്ക്കു മുകളിലായി ഒരു ഹൃദയതടാകമുണ്ട്. 'ലൗലേക്ക്' എന്ന് ഇംഗ്ലീഷുകാര്‍ വിശേഷിപ്പിച്ച സ്‌നേഹത്തിന്റെ തടാകം. ഈ തടാകക്കരയില്‍ ഉല്ലാസവേളകള്‍ ചെലവഴിക്കാന്‍ വിരുന്നെത്തിയവര്‍ ധാരാളം. വിദൂരക്കാഴ്ചകളിലേക്ക് കണ്ണുപായിച്ച് മേഘങ്ങളെ കൈക്കുമ്പിളില്‍ ഒതുക്കി വിനോദസഞ്ചാരികള്‍ ഇവിടെ തമ്പടിക്കുന്നു.ചെമ്പ്രമലയുടെ മുകളില്‍നിന്നും വയലുകളും വലിയ കുന്നുകളും ഏറെയുള്ള വയനാടിനെ മുഴുവന്‍ കാണാം. പച്ചപ്പരവതാനിപോലെ നിരന്നുകിടക്കുന്ന സമതലത്തില്‍ കാഴ്ചമുടക്കി കോടമഞ്ഞും ഇവിടെ ഓടിയെത്തും.
പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യത്തില്‍ വിസ്മയകരമായ അനുഭൂതി കൂടിയാണ് ചെമ്പ്രമലയിലേക്കുള്ള യാത്ര. സാഹസികസഞ്ചാരികളെ വെല്ലുവിളിച്ച് അനേകം പാറക്കെട്ടുകളും ചെരിവുകളും ഇവിടെയുണ്ട്. ഇതിനെയെല്ലാം കീഴടക്കാന്‍ കിതപ്പടങ്ങുന്നതുവരെ ഇടത്താവളങ്ങളില്‍ വിശ്രമവും അത്യാവശ്യമാണ്. പാറയിടുക്കിലോ മരക്കൂട്ടത്തിനിടയിലോ കുളിര്‍കാറ്റുകൊണ്ട് ക്ഷീണമകറ്റാം.നഗരത്തിരക്കിലെ വിരസമായ അന്തരീക്ഷത്തില്‍നിന്നും തണുപ്പില്‍ എല്ലാം മറക്കാന്‍ ഇവിടെ എത്തുന്നവരാണ് അധികപേരും. കര്‍ണാടകയില്‍നിന്നും ഉത്തരേന്ത്യയില്‍ നിന്നുമെല്ലാം ഒട്ടേറെ സഞ്ചാരികള്‍ ചെമ്പ്രമലയിലെത്തുന്നു. പാറയിടുക്കില്‍ വേരുകളാഴ്ത്തി കാലത്തിനോടു പ്രായംചോദിക്കുന്ന മുത്തച്ഛന്‍മരങ്ങളും ഇവിടെ ഏറെയുണ്ട്. 



ചെമ്പ്രയിലേക്കുള്ള വഴികള്‍ 



 ചായത്തോട്ടങ്ങള്‍ പച്ചപ്പട്ടു പുതച്ച മേപ്പാടിയില്‍നിന്നും ഏഴുകിലോമീറ്റര്‍ പിന്നിട്ടാല്‍ ചെമ്പ്രയുടെ താഴ്‌വാരമായി. മൂന്നര മണിക്കൂര്‍ നടന്നുവേണം ഹൃദയതടാകക്കരയിലൂടെ ഗിരിപര്‍വതത്തെ കീഴടക്കാന്‍. കല്പറ്റയില്‍നിന്നും പടിഞ്ഞാറോട്ട് 18 കിലോമീറ്റര്‍ യാത്രയുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും 42 കിലോമീറ്ററും മാനന്തവാടിയില്‍നിന്ന് 52 കിലോമീറ്ററും ദൂരമുണ്ട്. മേപ്പാടിയില്‍നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡിലേക്ക് തിരിച്ചുവേണം വാഹനങ്ങള്‍ പോകാന്‍. വനംവകുപ്പിന്റെ അനുവാദത്തോടുകൂടി മാത്രമാണ് ഇവിടേക്ക് പ്രവേശനം. ചെമ്പ്രയിലെ വനസംരക്ഷണ സമിതി ഓഫീസില്‍നിന്ന് പാസും വഴികാട്ടിയെയും ലഭിക്കും. 
സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവ് വരെ മാത്രമേ വാഹനത്തിന് പോകാന്‍ കഴിയൂ. ഇതിനായി പ്രവേശനകവാടത്തില്‍ പേരും വിലാസവും നല്കണം. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തിന് 500 രൂപയാണ് ചാര്‍ജ്. ക്യാമറ കൈയിലുണ്ടെങ്കില്‍ 25 രൂപ. വീഡിയോ കവറേജിന് 200 രൂപയും പ്രത്യേക ഫീസ് നല്കണം.

ചെത്താലയം വെള്ളച്ചാട്ടം



ട്രക്കിംഗ്‌ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ചെത്താലയത്ത്‌ നിന്ന്‌ 4 കിലോമീറ്റര്‍ താണ്ടിയാല്‍ കുതിച്ചൊഴുകുന്ന ഈ വെള്ളച്ചാട്ടത്തിനരുകിലെത്താം. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന്‌ 12 കിലോമീറ്റര്‍ മാറിയാണിത്‌.

കാന്തന്‍പാറ വെള്ളച്ചാട്ടം




മുപ്പതു മീറ്ററിലധികം താഴ്‌ചയിലേക്കു പതിക്കുന്ന മനോഹരമായ ഈ വെള്ളച്ചാട്ടം മേപ്പാടിയില്‍നിന്ന്‌ എട്ടു കിലോമീറ്റര്‍ അകലെയാണ്‌

മീന്‍മുട്ടി വെള്ളച്ചാട്ടം




മേപ്പാടിയില്‍നിന്ന്‌ 12 കിലോമീറ്റര്‍ അകലെ കാടിനോട്‌ ചേര്‍ന്നാണ്‌ ഈ വെള്ളച്ചാട്ടം. കുത്തനെയുള്ള മലഞ്ചരിവുകള്‍ ഇറങ്ങിവേണം ഇവിടെയെത്താന്‍. സാഹസിക സഞ്ചാരികള്‍ മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്താറുണ്ട്‌. മൂന്നു തട്ടുകളിലായി 500 മീറ്ററിലധികം താഴ്‌ചയിലേക്ക്‌ വെള്ളം കുതിച്ചുചാടുന്ന കാഴ്‌ച മനോഹരമാണ്‌

അമ്പലവയല്‍ ഹെറിറ്റേജ്‌ മ്യൂസിയം




അമ്പലവയലില്‍ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയത്തില്‍ ശിലായുധങ്ങള്‍, പ്രതിമകള്‍ തുടങ്ങി അതിപ്രാചീനകാലത്തെ വസ്‌തുക്കളാണ്‌ സൂക്ഷിക്കുന്നത്‌. ആദിവാസികള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആഭരണങ്ങളും മറ്റും ഇവിടെയുണ്ട്‌. രണ്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ചില ചരിത്രാവശിഷ്‌ടങ്ങളാണ്‌ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം.സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന്‌ 12 കിലോമീറ്റര്‍ ദൂരം.

വെള്ളരിമല




മനോഹരമായ ഈ മലനിരകള്‍ കല്‍പ്പറ്റയില്‍നിന്ന്‌ 20 കിലോമീറ്റര്‍ അകലെയാണ്‌. അപൂര്‍വമായ പലതരം സസ്യങ്ങള്‍ ഇവിടെ വളരുന്നു. വസന്തകാലത്ത്‌ ഈ മലകള്‍ വിവിധതരം പൂക്കള്‍കൊണ്ട്‌ നിറയാറുണ്ട്‌. പ്രകൃതി സ്‌നേഹികളെക്കൂടാതെ സസ്യശാസ്‌ത്രഗവേഷകരുടെയും പ്രിയപ്പെട്ട സ്ഥലമാണിവിടം.

എടയ്‌ക്കല്‍ ഗുഹ




ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ ചരിത്രാവശിഷ്‌ടങ്ങളാണ്‌ അമ്പുകുത്തിമലയിലെ എടയ്‌ക്കല്‍ ഗുഹയിലുള്ളത്‌. ശിലായുഗകാലത്തേതെന്നു കരുതുന്ന ഏതാനും ചിത്രങ്ങള്‍ ഇവിടെയുണ്ട്‌. തലയിലും ശരീരത്തിലും അലങ്കാരങ്ങള്‍ ഉള്ള നാലു മനുഷ്യരൂപങ്ങളാണ്‌ ഇതില്‍ പ്രധാനം. സൂര്യാരാധനയെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ ഗുഹയിലുള്ളതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. അമ്പലവയലിനടുത്തുള്ള ഈ ഗുഹ
സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍ ചരിത്രത്തോട് 
കഥപറയുന്ന കല്‍ഗുഹ കാണാന്‍ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. സാഹസികമായി പാറക്കെട്ടുകള്‍ താണ്ടി കിതപ്പോടെ ഗുഹയിലെത്തുമ്പോള്‍ കുളിരുപകര്‍ന്ന് തണുത്തകാറ്റുണ്ടാകും കൂട്ടിന്. പാറയിലെ വലിയ വിടവിലേക്ക് മുകളില്‍ നിന്ന് മറ്റൊരു പാറവന്നുവീണ നിലയിലാണ് എടയ്ക്കല്‍ ഗുഹ.
വയനാട്ടിലെത്തുന്ന വിദേശികള്‍ പോലും കഠിന പ്രയത്‌നംചെയ്ത് ഈ മലകയറി ഗുഹാലിഖിതങ്ങളുടെ ചരിത്രം അന്വേഷിക്കുന്നു. ഏകദേശം മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ വന്‍ഭൂമി കുലുക്കത്തിലാണ് ഈ ഗുഹ രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. നൂറ്റാണ്ടുകള്‍ കാടുമൂടിക്കിടന്ന ഗുഹ ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നവീനശിലായുഗത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വീടാക്കി മാറ്റിയതായും ചരിത്രരേഖകള്‍ പറയുന്നു. ഇക്കാലത്താണ് ഇവിടെ ചിത്രങ്ങള്‍ ലേഖനം ചെയ്യപ്പെട്ടതെന്നും അനുമാനമുണ്ട്.
മലബാര്‍ ജില്ലാപോലീസ് സൂപ്രണ്ടായിരുന്ന എഫ്.ഫോസ്റ്ററാണ് 1894 ല്‍ ഈ ഗുഹാചിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. കിരീടമണിഞ്ഞ് കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രങ്ങള്‍ ഇവിടെ തെളിഞ്ഞുനില്‍ക്കുന്നു. സൂര്യനെ സൂചിപ്പിക്കുന്ന ബിംബങ്ങളും വൃത്തങ്ങളും മാന്ത്രികചിഹ്നങ്ങളും ഭീമന്‍ പാറയുടെ താഴെ ഭാഗത്തായി കൊത്തിവെച്ചിരിക്കുന്നു. മുനയുള്ള കല്ലുകള്‍ കൊണ്ടാണ് ചിത്രങ്ങളൊക്കെ കോറിവരച്ചിരിക്കുന്നത്.
പുരാതന ഗോത്ര ജീവിതത്തിന്റെ അടയാളങ്ങളാണ് ഇവിടെ ചുരുളഴിയുന്നത്. ഗോത്രത്തലവനും ആനയും ചെന്നായയും പോലുള്ള മൃഗങ്ങളും ഉന്തുവണ്ടിയില്‍ കയറിയിരിക്കുന്ന സ്ത്രീയുമൊക്കെ ചിത്രങ്ങളില്‍ തെളിയുന്നു. ദുഷ്ടമൃഗങ്ങളെ കൊന്നൊടുക്കുന്നതിനുള്ള ചില അനുഷ്ഠാന കഥകളാണ് ചിത്രം പറയുന്നത്. ഗ്രാമീണ ഗോത്രങ്ങളില്‍ നിലനിന്നിരുന്ന നരിക്കുത്ത് എന്ന ചടങ്ങിനെയും ഇത് അനുസ്മരിക്കുന്നു.
ഈ ലിഖിതങ്ങളെല്ലാം ഒരേകാലത്ത് എഴുതപ്പെട്ടവയല്ല എന്ന അഭിപ്രായവും ചരിത്രകാരന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. കന്നഡ, തമിഴ്, പാലി, സംസ്‌കൃതം എന്നീ ഭാഷകളുടെ സ്വാധീനം ഇവിടത്തെ ലിപികളിലുണ്ട്. നവീന ശിലായുഗത്തിലേക്ക് തന്നെയാണ് ഇതിന്റെ പഴക്കം വിരല്‍ചൂണ്ടുന്നത്. ഈ ഗുഹാചിത്രങ്ങളോട് സാമ്യമുള്ള ലിഖിതങ്ങള്‍ അമ്പുകുത്തിമലയിലെ തൊവരിയിലും കാണുന്നുണ്ട്. ഫ്രാന്‍സിലെ ക്രോമാഗ്‌നന്‍ മലനിരയില്‍ മാത്രമാണ് ഇവയോട് സാദൃശ്യമുള്ള കല്ലെഴുത്തുകള്‍ വേറെ കണ്ടെത്താനായത്.
ഡോ.ഹൂള്‍ടപ്പ്, പ്രൊഫ. ബ്യൂളര്‍, ഡോ. എം.ആര്‍.രാഘവവാര്യര്‍, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ എടയ്ക്കല്‍ ഗുഹാചിത്രങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബി.സി. 4000 ത്തിനും 1500 നും ഇടയിലാണ് ഈ ഗുഹാചിത്രങ്ങളുടെ പഴക്കമെന്നാണ് പഠനങ്ങളിലെ കണ്ടെത്തല്‍.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം സന്ദര്‍ശകര്‍ ഈ ഗുഹ സന്ദര്‍ശിച്ചു. 1984 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പാണ് ഗുഹാസംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
ഗുഹയിലേക്കുള്ള വഴികള്‍ : ബത്തേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെ അമ്പലവയലിന് സമീപത്താണ് ഗുഹ. ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍ നിന്ന് മീനങ്ങാടി വഴി 28 കിലോമീറ്റര്‍ സഞ്ചരിക്കണം.
മാനന്തവാടിയില്‍ നിന്ന് 54 കിലോമിറ്റര്‍ പനമരം മീനങ്ങാടി -അമ്പലവയല്‍ വഴി യാത്രചെയ്താല്‍ ഇവിടെയെത്താം. കോഴിക്കോട് വഴിയുള്ള യാത്രക്കാര്‍ കല്പറ്റ, മീനങ്ങാടി, അമ്പലവയല്‍ റൂട്ട് തിരഞ്ഞെടുക്കണം. താഴ്‌വാരത്തില്‍ വാഹനം പാര്‍ക്ക്‌ചെയ്ത് സാഹസികമായി കാല്‍നടയാത്ര ചെയ്തുവേണം ഇവിടെയെത്താന്‍. വൃദ്ധജനങ്ങളും ഹൃദ്രോഗികളും വളരെ സൂക്ഷ്മതയോടെ മാത്രമേ എടയ്ക്കലില്‍ കയറാന്‍ തുനിയാവൂ. രണ്ട് ഘട്ടത്തിലായി നൂണ്ടിറങ്ങിവേണം ലിഖിതങ്ങള്‍ കാണാനുള്ള ഗുഹയില്‍ പ്രവേശിക്കാന്‍.
പ്രവേശനം : രാവിലെ ഒമ്പതുമണിമുതല്‍ വൈകിട്ട് 4.30 വരെ മാത്രം. കുട്ടികള്‍ക്ക് അഞ്ചു രൂപയാണ് പ്രവേശന ഫീസ്, മുതിര്‍ന്നവര്‍ പത്തുരൂപയും. ക്യാമറയ്ക്ക് 25 രൂപയും വീഡിയോ കവറേജിന് 100 രൂപയും നിര്‍ബന്ധമാണ്.

ബത്തേരി ജൈനക്ഷേത്രം



കിടങ്ങനാട്‌ ബസ്‌തി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സുല്‍ത്താന്‍ ബത്തേരിയിലാണ്‌. ഈ ക്ഷേത്രത്തിനു ചുറ്റുമായി തകര്‍ന്നുപോയ ചില ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങളും കാണാം. കരിങ്കല്‍ പാളികളുപയോഗിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം വിജയനഗരശൈലിയിലാണെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. ഇപ്പോള്‍ പുരാവസ്‌തു വകുപ്പിന്റെ സംരക്ഷണയിലാണ്‌ ഈ സ്ഥലം. ടിപ്പുസുല്‍ത്താന്‍ ഇവിടം ആയുധപ്പുരയായി ഉപയോഗിച്ചിരുന്നു. അങ്ങനെ സുല്‍ത്താന്‍സ്‌ ബാറ്ററി എന്ന്‌ ബ്രിട്ടീഷുകാര്‍ വിളിച്ച പേരാണ്‌ സുല്‍ത്താന്‍ ബത്തേരി എന്നായി മാറിയത്‌.


മുത്തങ്ങ വന്യജീവി സങ്കേതം


സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന്‌ 10 കിലോമീറ്റര്‍ അകലെയാണ്‌ ഈ വന്യജീവിസങ്കേതം. തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതം, കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം, നാഗര്‍ഹോള ദേശീയോദ്യാനം എന്നിവയോട്‌ ചേര്‍ന്നാണ്‌ മുത്തങ്ങയിലെ വനപ്രദേശം സ്ഥിതിചെയ്യുന്നത്‌. ആനകളേയും കടുവകളേയും ഇവിടെ കാണാന്‍ കഴിയും. മാനുകളും പലതരം കുരങ്ങുകളും വിവിധയിനം പക്ഷികളും ഈ വനപ്രദേശത്ത്‌ ധാരാളമുണ്ട്‌. വന്യജീവികളെ അടുത്തു കാണാനായി ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്‌. ഇടതൂര്‍ന്നു വളരുന്ന മരങ്ങള്‍ ഇല്ലാത്തതിനാല്‍ വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതിന്‌ പറ്റിയ സ്ഥലമാണിവിടം.
നിബിഡവനങ്ങള്‍ കുടചൂടുന്ന മുത്തങ്ങ. നിലയ്ക്കാത്ത കാടിന്റെ സംഗീതം... വനചാരുത തിടമ്പേറ്റുന്ന വയനാട്ടിലെ ആദ്യത്തെ വന്യജീവിസങ്കേതമാണിത്. ഇഴപിരിയുന്ന കാട്ടുവഴികളില്‍ ആനക്കൂട്ടങ്ങള്‍ പതിവുകാഴ്ചയാണ്. കാടും സഞ്ചാരികളും തമ്മിലുള്ള മുത്തങ്ങയിലെ രമ്യതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാഹനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍പോലും വഴിയില്‍നിന്നും അനങ്ങാതെ സഞ്ചാരികളുടെ തോഴന്മാരാവുകയാണ് ഇവിടെ വന്യജീവികള്‍.
തിങ്ങിവളരുന്ന മഴക്കാടുകളുടെ സങ്കേതത്തിലാണ് വിസ്മയങ്ങളുടെ ആവാസകേന്ദ്രം. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനപിടിത്ത കേന്ദ്രമെന്നായിരുന്നു ഖ്യാതി.
മൂന്നു സംസ്ഥാനങ്ങള്‍ അതിരിടുന്ന മുത്തങ്ങയില്‍ ആനകളുടെ പതിവു സഞ്ചാരപാതകളുണ്ട്. തീറ്റ തേടി കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും അതിര്‍ത്തികള്‍ മറികടക്കുന്നതാണ് ഇവരുടെ ശീലങ്ങള്‍. കടുവകളുടെയും പുലികളുടെയും മാനുകളുടെയും വിഹാരകേന്ദ്രമാണിത്. മൂന്നു കിലോമീറ്ററോളം ഭൂപരിധിയില്‍ വനരാജാക്കന്മാര്‍ കാടിനെ വീതിച്ചെടുക്കുന്നു. പുള്ളിപ്പുലികളും പുള്ളിമാനുകളും സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്നു.
 
യഥേഷ്ടം വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മനംനിറയെ കാഴ്ചകളാണ് മുത്തങ്ങ നല്കുന്നത്. മുത്തങ്ങയുടെ വിളി കേള്‍ക്കാത്തവര്‍ കുറവാണ്. വയനാട്ടിലേക്കാണ് യാത്രയെങ്കില്‍ മുത്തങ്ങയില്‍ കയറാതെ പോകുന്നത് പതിവില്ല. രാവിലെയും വൈകിട്ടുമുള്ള വൈല്‍ഡ് ലൈഫ് സഫാരിയില്‍ ഒരുകാലത്തും സഞ്ചാരികളുടെ കുറവില്ല.
മഞ്ഞുമാറുന്നതിനു മുമ്പ് കാട്ടിനുള്ളിലേക്ക് ഒരു യാത്ര. ഏതു നിമിഷവും മുന്നില്‍പ്പെടാവുന്ന കാട്ടാനകളെ കാണാനുള്ള കൗതുകയാത്രകള്‍. കാടിന്റെ കുളിരും ഇരുളും ഇടകലര്‍ന്ന യാത്രയില്‍ ഒരു ഉള്‍ക്കിടലവും കൂട്ടിനുണ്ടാകും. കാടിനെ അറിഞ്ഞുകൊണ്ടുള്ള സഫാരി അവസാനിക്കുമ്പോള്‍ കാഴ്ചകളുടെ നിറം കലര്‍ന്ന ഓര്‍മകള്‍ ബാക്കിയാകും. വയനാടന്‍ പ്രകൃതിഭംഗികളുടെ ആസ്വാദനമികവില്‍ ചുരമിറങ്ങുമ്പോള്‍ മുത്തങ്ങയെ മറക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്തെ പേരുകേട്ട എലിഫന്റ് പ്രോജക്ടില്‍നിന്നും ഇനിയും തീരാത്ത വിശേഷങ്ങള്‍ പറയാന്‍ കാലങ്ങളോളം ഈ ഓര്‍മകള്‍ ഏതൊരു സഞ്ചാരിയുടെയും കൂടെയുണ്ടാകും.
ദേശീയപാത 212ല്‍ ബത്തേരി കടന്നാല്‍ മുത്തങ്ങയായി. ഇരുവശത്തും മുളങ്കാടുകള്‍ അതിരുന്ന കാഴ്ചാനുഭവങ്ങള്‍. ഇടയ്ക്കിടെ വനഗ്രാമങ്ങള്‍ പഴമയുടെ ഓര്‍മകള്‍ മുന്നിലേക്ക് കൊണ്ടുവരും. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ചെക്ക് പോസ്റ്റില്‍ ഇടതുഭാഗത്തായി പ്രവേശന കവാടം. മുളകൊണ്ട് നിര്‍മിച്ച വിശ്രമസങ്കേതങ്ങള്‍ സഞ്ചാരികളെ സ്വീകരിക്കും. കല്പറ്റയില്‍നിന്ന് 41 കിലോമീറ്റര്‍ ദൂരം. ബത്തേരിയില്‍നിന്ന് 16. മാനന്തവാടിയില്‍നിന്ന് 58 കിലോമീറ്റര്‍. കോഴിക്കോട് ടൗണില്‍നിന്ന് 96 കിലോമീറ്റര്‍ കല്പറ്റ-ബത്തേരി-മൈസൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
നീലഗിരി ബയോസ്ഫിയറിനോട് ചേര്‍ന്നുള്ള സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരിക്കുന്നുണ്ട്. മൈസൂര്‍ വഴി 95 കിലോമീറ്റര്‍ വന്നാല്‍ കേരള അതിര്‍ത്തിയില്‍ എത്താം. ഊട്ടിയില്‍നിന്നും 160 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ ഏഴു മുതല്‍ പത്തുമണിവരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം. വൈകിട്ട് മൂന്നു മണി മുതല്‍ 5.30വരെയും വന്യജീവി സങ്കേതത്തിനുള്ളില്‍ പ്രവേശനം ലഭിക്കും.
മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് അഞ്ചു രൂപയുമാണ് ഫീസ്. സവാരി നടത്താന്‍ 50 രൂപ ഒരാള്‍ക്ക് വാഹനഫീസ്. ജീപ്പ് വാടക 300 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി ബന്ധപ്പെടാം. ഫോണ്‍: 04936-271010, 04936-270454

വള്ളിയൂര്‍ക്കാവ്‌



വയനാട്ടിലെ പ്രാചീന ക്ഷേത്രങ്ങളിലൊന്നായ ഇത്‌ മാനന്തവാടിപ്പുഴയുടെ തീരത്താണ്‌. മീനമാസത്തില്‍ നടക്കുന്ന പ്രസിദ്ധമായ ഉത്സവത്തില്‍ ധാരാളം ആദിവാസികള്‍ പങ്കെടുക്കാറുണ്ട്‌. ഉത്സവകാലത്തെ ചന്തയും പ്രസിദ്ധമാണ്‌

തിരുനെല്ലി ശിവക്ഷേത്രം



ബ്രഹ്മഗിരി മലയുടെ അരികിലായാണ്‌ പ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ മലയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന പാപനാശിനിയാണ്‌ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ മുങ്ങിനിവര്‍ന്നാല്‍ ജീവിതത്തിലെ സകല പാപങ്ങളും കഴുകിക്കളയാനാകുമെന്നാണ്‌ വിശ്വാസം. ഗംഗ, സരസ്വതി എന്നീ പുണ്യനദികളും പാപനാശിനിയും സംഗമിക്കുന്നു എന്നൊരു വിശ്വാസവുമുണ്ട്‌.

സീതാദേവി ക്ഷേത്രം



കേരളത്തിലെ പ്രസിദ്ധമായ ഒരേയൊരു സീതാദേവി ക്ഷേത്രമാണിത്‌. സീതാദേവിയെ കൂടാതെ ലവകുശന്‍മാരുടെ പ്രതിഷ്‌ഠകളും ഇവിടെയുണ്ട്‌. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന്‌ 25 കിലോമീറ്റര്‍ അകലെ പുല്‍പ്പള്ളിയിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ക്ഷേത്രത്തിന്‌ മൂന്നു കിലോമീറ്റര്‍ കിഴക്കുമാറിയുള്ള വാല്‍മീകി ആശ്രമത്തിലും തീര്‍ത്ഥാടകര്‍ എത്താറുണ്ട്‌

തൃശിലേരി ക്ഷേത്രം



മാനന്തവാടിയില്‍നിന്ന്‌ ഏഴു കിലോമീറ്റര്‍ അകലെയാണിത്‌. ഉണ്ണിയച്ചീ ചരിതം എന്ന പ്രാചീനകൃതിയില്‍ പറയുന്ന തൃച്ചളരി ക്ഷേത്രമാണിതെന്ന്‌ കരുതപ്പെടുന്നു. ഒരിക്കലും വറ്റാത്ത തീര്‍ഥക്കുളം ഈ ക്ഷേത്രത്തിലുണ്ട്‌



പക്ഷിപാതാളം




പക്ഷികളുടെ താവളമായ ഈ സ്ഥലം തിരുനെല്ലിയില്‍നിന്ന്‌ ഏഴു കിലോമീറ്റര്‍ അകലെ കാടിനുള്ളിലാണ്‌. അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികളടക്കം ആയിരക്കണക്കിന്‌ പക്ഷികള്‍ ഇവിടെയുണ്ട്‌. അത്യപൂര്‍വമായ പല സസ്യങ്ങളും ഇവിടെ വളരുന്നു. സാഹസികസഞ്ചാരത്തിനു പറ്റിയ ഇവിടേക്ക്‌ പോകാന്‍ വഴികാട്ടികളായി ആദിവാസികളെ കൂട്ടാറുണ്ട്‌

വയനാട്‌ ചുരം



കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയിലൂടെ വരുന്ന സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി നില്‍ക്കുകയാണ് വയനാട് ചുരം. ചുരത്തിലെ കാഴ്ചകളില്‍ മതിമറക്കുന്ന സഞ്ചാരി ആ പ്രകൃതി ഭംഗി ആസ്വദിച്ച ശേഷമാവും ബാക്കിയാത്ര.
സമുദ്ര നിരപ്പില്‍ നിന്ന് 2,300 അടി ഉയരത്തില്‍ നിന്നുകൊണ്ട് താഴേക്ക് നോക്കുമ്പോള്‍ ലഭിക്കുന്ന വിശാലമായ കാഴ്ചകളാണ് ചുരത്തിലെത്തുന്ന സഞ്ചാരികളെ ആവേശം കൊള്ളിക്കുന്നത്. ഓരോ വളവും കയറുമ്പോഴും മലയുടെ ഉയരത്തിലേക്ക് പോകുകയാണെന്നറിഞ്ഞ് മനം തുള്ളും. ഭീമാകാരമായ കൊക്കകളും പിന്നിട്ട് സാവധാനമുള്ള ചുരം കയറല്‍ സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമാകും.
റോഡ് ഒടിച്ചു മടക്കുന്നതുപോലെയുള്ള ഒമ്പത് മുടിപ്പിന്‍ വളവുകളും അനേകം ചെറുവളവുകളും നിറഞ്ഞ പാതയാണ് വയനാട് ചുരത്തിലേത്. അടിവാരത്തുനിന്ന് കയറാന്‍ തുടങ്ങി അഞ്ചാം മുടിപ്പിന്‍ വളവിലെത്തിയാല്‍ പിന്നെ മുകളിലെത്തുവോളം റോഡിന്റെ ഇരു ഭാഗത്തും നിബിഡവനമാണ്. കാടിന്റെ കുളിര്‍മയും അതിലെ ജൈവ വൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചയും സഞ്ചാരികളെ ത്രസിപ്പിക്കും. കാട്ടുവള്ളികള്‍ തൂങ്ങി നില്‍ക്കുന്ന വന്‍മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാടിന്റെ സ്വാഭാവികമായ വശ്യഭംഗി ചുരത്തിലൂടെ വരുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കും. വേനലില്‍ നീരൊഴുക്കു നിലച്ചെങ്കിലും ചുരത്തിലെ കാട്ടു ചോലകള്‍ ആപ്രകൃതിദൃശ്യങ്ങള്‍ക്ക് ഭംഗി പകരുന്നതാണ്. അതിലെ നീരൊഴുക്കില്‍ കാടിന്റെ തണുപ്പ് തൊട്ടറിയാം.
കാഴ്ചകള്‍ കണ്ട് മുന്നേറി മുകളിലെ ഒമ്പതാം വളവും പിന്നിട്ട് മുമ്പോട്ടു വരുമ്പോള്‍ വ്യൂ പോയന്റ് കാണാം. താഴ്‌വാരക്കാഴ്ചകളിലേക്ക് മിഴി തുറക്കാന്‍ ഇവിടെയാണ് സൗകര്യം. അടിവാരത്തു നിന്നു വളഞ്ഞു പുളഞ്ഞു കയറിവരുന്ന റോഡും അതിലൂടെ ഉറുമ്പ് നടക്കുന്നതാണെന്നു തോന്നിക്കുമ്പോലെ വാഹനങ്ങള്‍ കയറി വരുന്നതും രസകരമായ കാഴ്ചയാണ്.
ദൂരെയുള്ള പട്ടണങ്ങളും കെട്ടിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം നിറഞ്ഞ് മനോഹരമായ കാഴ്ചയാണ് ഇവിടെ ലഭിക്കുക. വൈകുന്നേരമായാല്‍ അറബിക്കടലില്‍ സൂര്യന്‍ താഴുന്ന ഒരസ്തമന ദൃശ്യത്തിന്റെ ദൂരക്കാഴ്ചയും ചേതോഹരമാണ്.
കോഴിക്കോട്ടു നിന്ന് 44 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടിവാരത്തെത്താം. 12 കിലോമീറ്ററാണ് ചുരം റോഡിന്റെ ദൈര്‍ഘ്യം. വയനാട് ജില്ലയുടെ അതിര്‍ത്തിയായ ലക്കിടിയിലേക്കാണ് റോഡ് ചെന്നുചേരുന്നത്. ഇവിടെ നിന്നും വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാം. ചുരത്തില്‍ നിന്ന്അടിവാരത്തെത്തി ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിലെത്താം. ഇവിടെ നിന്ന് 12 കിലോമീറ്റര്‍ കൂടി പോയാല്‍ അരിപ്പാറവെള്ളച്ചാട്ടവും കണ്ട് മടങ്ങാം.

1 comment: