Related Posts with Thumbnails

2010-04-30

ത്രീഡി സിനിമക്ക് ഇനി കണ്ണട വേണ്ട






കണ്ണട ധരിക്കേണ്ടിവരും എന്നത് കൊണ്ടുമാത്രം ത്രീഡി സിനിമകള്‍ ഒഴിവാക്കിയവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി ത്രീ ഡി സിനിമകള്‍ കണ്ണടയില്ലാതെ കാണാം. സംശയിക്കേണ്ട, കണ്ണട ധരിക്കുമ്പോള്‍ കിട്ടുന്ന അതേ ത്രീഡി ഇഫക്ടോടെ തന്നെ!

'അവതാര്‍', 'ക്ലാഷ് ഓഫ് ടൈറ്റന്‍സ്', 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്' തുടങ്ങിയ ത്രീ ഡി സിനിമകളുടെ തകര്‍പ്പന്‍ വിജയമാണ് ഇത്തരം ഒരു ചിന്തയിലേക്ക് ഗവേഷകരെ നയിച്ചത്. കണ്ണട ധരിക്കാതെ തന്നെ കാഴ്ചക്കാര്‍ക്ക് ത്രിമാന ദൃശ്യാനുഭവം നല്‍കാന്‍ കഴിയുന്ന ത്രീഡി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് ജപ്പാനിലെ ശാസ്ത്രജ്ഞരാണ്. ഹോളിവുഡ് സിനിമ നിര്‍മാണക്കമ്പനികള്‍ക്ക് ത്രീഡി സാങ്കേതിക വിദ്യയും സേവനങ്ങളും നല്‍കുന്ന ജാപ്പനീസ് കമ്പനിയാണ് പുതിയ സങ്കേതവുമായി രംഗത്തെത്തിയത്.
ത്രീഡി സിനിമയില്‍ സ്‌ക്രീനില്‍ നിന്ന് വരുന്നത് രണ്ട് വ്യത്യസ്ത ആങ്കിളുകളിലോ നിറത്തിലോ ഉള്ള ഒരേ ദൃശ്യത്തിന്റെ രണ്ട് ഇമേജുകളാണ്. കണ്ണട ധരിക്കുന്നത് മൂലം ഇവയില്‍ ഒന്ന് മാത്രമേ ഒരു കണ്ണിലെത്തൂ. ഇങ്ങനെ രണ്ട് കണ്ണിലും രണ്ട് വ്യത്യസ്ത ദൃശ്യങ്ങളെത്തുമ്പോഴാണ് നമുക്ക് ത്രിമാന ദൃശ്യാനുഭവം ലഭിക്കുന്നത്. കാഴ്ചക്കാരന്‍ ധരിക്കുന്ന കണ്ണടയിലെ വ്യത്യസ്തമായ രണ്ട് ഫില്‍ട്ടറുകളോ ലെന്‍സുകളോ ആണ് ഇമേജുകളിലൊന്നിനെ തടയുന്നതും മറ്റൊന്നിനെ കടത്തിവിടുന്നതും.

അതേസമയം കണ്ണട ധരിക്കാതിരിക്കുമ്പോള്‍ രണ്ട് ദൃശ്യങ്ങളും ഒരുപോലെ രണ്ടു കണ്ണുകളിലുമെത്തുന്നു.ഇതുമൂലം ത്രിമാന ദൃശ്യാനുഭവം ലഭിക്കുകയില്ല. അതുകൊണ്ടാണ് ത്രീഡി സിനിമ കാണാന്‍ കണ്ണട ധരിക്കണം എന്നുപറയുന്നത്.

എന്നാല്‍, പുതിയ സാങ്കേതത്തില്‍ ഓരോ കണ്ണിലേക്കും പ്രത്യേകം തയ്യാറാക്കിയ ഓരോ വ്യത്യസ്ത ദൃശ്യങ്ങളാണ് സ്‌ക്രീനില്‍ നിന്ന് വരിക. കണ്ണട ധരിച്ചില്ലെങ്കിലും രണ്ട് ദൃശ്യങ്ങളും ഒരേ കണ്ണില്‍ തന്നെ പതിക്കില്ല. കണ്ണടയുടെ സഹായമില്ലാതെ തന്നെ രണ്ടുകണ്ണിലും ദൃശ്യങ്ങള്‍ വേര്‍തിരിച്ച് ഇങ്ങനെ എത്തിക്കാനാവുന്നു എന്നതാണ് ഈ പുതിയ സാങ്കേതികവിദ്യയുടെ മികവ്.


ഇപ്പോള്‍ പക്ഷേ, ഈ സാങ്കേതികവിദ്യയ്ക്ക് വിലയല്പം കൂടും. 65 ഇഞ്ച് സെറ്റിന് 32,000 ഡോളറാണ് വില. അഞ്ച് വര്‍ഷത്തിനുള്ളില്‍ സാധാരണക്കാര്‍ക്ക് പോലും വാങ്ങാവുന്ന തരത്തിലേക്ക് വില കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ ഈ ത്രീഡി വിദ്യ കാഴ്ചക്കാരില്‍ നേരിയ തലവേദന ഉണ്ടാക്കുന്നുണ്ട് എന്ന പരാതിയെത്തുടര്‍ന്ന് അത് മറികടക്കാനുള്ള ഗവേഷണത്തിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. ഭാവിയിലെ ചലച്ചിത്രസാങ്കേതിക വിദ്യ പൂര്‍ണമായും ത്രീഡിയിലധിഷ്ഠിതമായിരിക്കുമെന്ന പ്രവചനങ്ങളാണ് പല കമ്പനികളെയും ഇത്തരം ഗവേഷണങ്ങളിലേക്ക് നയിക്കുന്നത്.


www.mathrubhumi.com

No comments:

Post a Comment