Related Posts with Thumbnails

2010-02-25

‘എനര്‍ജി ഡ്രിങ്ക്’? വേണ്ടെന്ന് പറയൂ

കളിയിലും ജീവിതത്തിലും എന്ന് മാത്രമല്ല ചിന്തയില്‍ പോലും ഉണര്‍വ് വാരിവിതറുന്ന പാനീയമായിട്ടാണ് ‘എനര്‍ജി ഡ്രിങ്കു’കളെ പരസ്യങ്ങള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. യുവജനത തങ്ങളുടെ ഡ്രിങ്ക് ജീവിത ശൈലിയാക്കണമെന്ന് പോലും ചില പരസ്യങ്ങള്‍ ആവശ്യപ്പെടുന്നു. കുട്ടികളും കൌമാരക്കാരും യുവതീയുവാക്കളും അടങ്ങുന്ന വലിയൊരു സമൂഹം ഇന്ന് ഈ ഊര്‍ജ്ജ പാനീയങ്ങളുടെ സ്ഥിരം ഉപയോക്താക്കളുമാണ്.

എന്നാല്‍, എനര്‍ജി ഡ്രിങ്കുകള്‍ക്ക് പരസ്യങ്ങളില്‍ പറയുന്നത്ര ഗുണമുണ്ടോ? ഇല്ല എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അതായത്, ഒരൊറ്റ എനര്‍ജി ഡ്രിങ്ക് കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം തകിടം‌ മറിഞ്ഞേക്കാമെന്ന് ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

സാധാരണ എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം ഉയരുകയും രക്തപ്രവാഹം മന്ദഗതിയിലാവുകയും രക്ത ധമനികളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുമെന്നാണ് പഠനം നടത്തിയവര്‍ കണ്ടെത്തിയിരിക്കുന്നത്. അഡലൈഡ് സര്‍വകലാശാല, റോയല്‍ അഡലൈഡ് ആശുപത്രി, കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

ആരോഗ്യമുള്ളവരില്‍ പോലും എനര്‍ജി ഡ്രിങ്കുകള്‍ ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് പഠന സംഘത്തെ നയിച്ച ഡോ. സ്കോട്ട് വില്ലോബി മുന്നറിയിപ്പ് നല്‍കുന്നത്. പഠനം അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്തായാലും പഠനം പുറത്ത് വന്നത് ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ ജാഗരൂകരാക്കിയിരിക്കുകയാണ്. തുടര്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഫലം പുറത്ത് വരുന്നത് വരെ ദിവസം ഒരു എനര്‍ജി ഡ്രിങ്ക് എന്ന നിലയില്‍ ഇത്തരം പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്ന് ഓസ്ട്രേലിയ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

No comments:

Post a Comment