Related Posts with Thumbnails

2010-02-14

നീണ്ടകര:


Fun & Info @ Keralites.net
നീണ്ടകര:നീണ്ടകര പാലത്തിനും പുലിമുട്ടിനും സമീപം വെള്ളത്തില്‍ അഭ്യാസം നടത്തുന്നത്‌ ഡോള്‍ഫിനുകളാണെന്ന്‌ സ്ഥിരീകരിച്ചു. ഹമ്പ്‌ ബാക്ക്‌ ഇനത്തില്‍പ്പെട്ട നാല്‌ ഡോള്‍ഫിനുകള്‍ ഏകദേശം എട്ടുവര്‍ഷം മുമ്പാണ്‌ ഇവിടെ എത്തിയത്‌. കിലോമീറ്ററുകളോളം മത്സ്യബന്ധന ബോട്ടുകളെ പിന്തുടരുന്ന ഇവ ജലോപരിതലത്തില്‍ ഉയര്‍ന്നുചാടി അഭ്യാസപ്രകടനം നടത്തും. മത്സ്യത്തൊഴിലാളികള്‍ എറിഞ്ഞുകൊടുക്കുന്ന ചെറുമത്സ്യങ്ങളെ വെട്ടിവിഴുങ്ങും. മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആദ്യമൊക്കെ ഇതൊരു കൗതുകക്കാഴ്‌ചയായിരുന്നു. എന്നാല്‍ കാലക്രമേണ ഇവ നീണ്ടകരക്കാര്‍ക്ക്‌ സ്വന്തമായി മാറി.

ഇന്‍ഡോ പസഫിക്‌ ഹമ്പ്‌ ബാക്ക്‌ ഇനത്തില്‍പ്പെട്ട ഇത്തരം ഡോള്‍ഫിനുകള്‍ മൂന്നുമുതല്‍ ഏഴുവരെ സംഘങ്ങളായാണ്‌ ജീവിക്കുന്നത്‌. 250 കിലോഗ്രാം തൂക്കമുള്ള ഇവയ്‌ക്ക്‌ 2.5 മുതല്‍ 3.2 മീറ്റര്‍വരെ നീളവും 29-38 പല്ലുകളുമുണ്ട്‌. ജലോപരിതലത്തിലൂടെ മണിക്കൂറില്‍ 4.8 കിലോമീറ്റര്‍ വേഗത്തിലാണ്‌ നീന്തുന്നതെന്ന്‌ ഡോള്‍ഫിനുകളെക്കുറിച്ച്‌ പഠനം നടത്തിയ കേന്ദ്ര മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ ഡോ. ഇ.വിവേകാനന്ദനും ഫിഷറീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. രാജശേഖരന്‍ നായരും പറഞ്ഞു.

ഉച്ചയ്‌ക്ക്‌ 12 മണിയോടെ നീണ്ടകര പാലത്തിന്‌ സമീപമെത്തുന്ന ഡോള്‍ഫിന്‍ സംഘം പാലത്തിന്‌ ചുറ്റും നീന്തുത്തുടിക്കുകയും കായലില്‍നിന്ന്‌ ഒഴുകിയെത്തുന്ന ചെറുമത്സ്യങ്ങളെ വേട്ടയാടിപ്പിടിക്കുകയും ചെയ്യും. പരുന്തുകളുടെ ആവാസകേന്ദ്രമായ നീണ്ടകരയില്‍ ഇവയും ഡോള്‍ഫിനുകളും മത്സ്യത്തെ വേട്ടയാടിപ്പിടിക്കുന്നത്‌ വേറിട്ട കാഴ്‌ചയാണ്‌.

ഹമ്പ്‌ ബാക്ക്‌ ഇനത്തില്‍പ്പെട്ട ഡോള്‍ഫിനുകളെ പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്‌. ഇവ വളരെക്കാലം ഒരുസ്ഥലം കേന്ദ്രീകരിച്ച്‌ ജീവിക്കുന്നതും തീരപ്രദേശത്ത്‌ എത്തുന്നതും അപൂര്‍വ്വസംഭവമാണെന്ന്‌ വിദഗ്‌ദ്ധ ര്‍ ചൂണ്ടിക്കാട്ടുന്നു.

നീണ്ടകരയിലെ ഡോള്‍ഫിനുകള്‍ മനുഷ്യരോട്‌ വളരെയധികം ഇണങ്ങിക്കഴിഞ്ഞു. അതിനാല്‍ ബോട്ടുകളുടെയും ചെറുവഞ്ചികളുടെയും സമീപത്തുകൂടി സ്വതന്ത്രമായാണ്‌ സഞ്ചരിക്കുന്നത്‌. ഇവയെ ആരും ഉപദ്രവിക്കാറില്ല. ഡോള്‍ഫിനുകളെ കാണാന്‍ സഞ്ചാരികളും നീണ്ടകരയില്‍ എത്തുന്നുണ്ട്‌.
കടപ്പാട്:
Fun & Info @ Keralites.net

No comments:

Post a Comment