Related Posts with Thumbnails

2010-02-13

തമിഴ്ജനതയെ പേടിയുണ്ടോ ?


 
ഇവിടെ ആരാണ് തീവ്രവാദികള്‍ എന്നത് ഒന്നുകൂടി പുനരാലോചിക്കേണ്ടിയിരിക്കുന്നു. ഒരാളെയും ഉപദ്രവിക്കാതെ, ഒരാളെയും ആക്ഷേപിക്കാതെ വല്ല ചെറിയ തമാശകളും പറഞ്ഞ് ജീവിച്ചുപോകാനാഗ്രഹിക്കുന്ന പാവപ്പെട്ട താരമാണ് ജയറാം. അങ്ങനെയുള്ള ജയറാം ഇന്നു വേലക്കാരിയെ എന്തോ ചെയ്ത കൊടുംപാതകിയായി മാറിയിരിക്കുന്നു. ആളുകള്‍ ജയറാമിന്റെ കോലം കത്തിക്കുന്നു, പ്രിയതാരത്തിന്റെ ഭാര്യയും മക്കളുമുള്ള വീടിനു ബോംബെറിയുന്നു, വീട് തല്ലിത്തകര്‍ക്കുന്നു ഇതൊന്നും പോരാഞ്ഞ് പാണ്ടിരാജ്യത്തെ വക്കീലന്‍മാരെല്ലാം കൂടി ജയറാമിനെതിരെ കേസും കൊടുത്തിരിക്കുന്നു. പണ്ടെന്തോ പറഞ്ഞുപോയതിന് പാവപ്പെട്ട കുശ്ബുവിനെതിരെ പത്തായിരം കേസുകള്‍ കൊടുത്ത നാടാണ്. കുശ്ബുവിനെ സുപ്രീം കോടതിയും കൈവിട്ടു. ജയറാമിന്റെ കാര്യവും കട്ടപ്പൊകയാകാനാണ് വഴി.തന്റെ വീട്ടിലെ വേലക്കാരിയെക്കുറിച്ച് ‘പ്രത്യേക പരാമര്‍ശം’ നടത്തി ജയറാം തമിഴ്സ്ത്രീകളെ മുഴുവന്‍ ആക്ഷേപിച്ചു എന്നാണ് ജയരാമിനെ കാല്‍വെട്ടും എന്നു ഭീഷണിപ്പെടുത്തി നടക്കുന്ന തീവ്രവാദികള്‍ പറയുന്നത്. എന്താണ് ഈ പരാമര്‍ശം എന്നു ചോദിച്ചപ്പോള്‍ ഈ പറയുന്ന ഒരുത്തനും അറിയില്ല ജയറാം എന്താണ് പറഞ്ഞതെന്ന്. ജയറാം ആളൊരു പരമശുദ്ധനായതുകൊണ്ട് ചെയ്യാത്ത തെറ്റിന് തമിഴ്ജനതയുടെ കാലുപിടിച്ച് മാപ്പു ചോദിച്ചിട്ടുണ്ട്.
ഇനി ഒന്വേഷണം. എന്താണ് ജയറാം ചെയ്ത തെറ്റ് ? തമിഴ് ജനതയെ ആക്ഷേപിച്ചു. എങ്ങനെ ആക്ഷേപിച്ചു ? ജയറാമിന്റെ വീട്ടിലുള്ള തമിഴ്നാട്ടുകാരിയായ വേലക്കാരിയെ അപമാനിക്കുക വഴി തമിഴ് ജനതയെ ആക്ഷേപിച്ചു. എങ്ങനെയാണ് ജയറാം തന്റെ വീട്ടിലുള്ള തമിഴ്നാട്ടുകാരിയായ വേലക്കാരിയെ അപമാനിച്ചത് ? അത് പിന്നെ ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു മലയാളം ചാനലില്‍ ഈ വേലക്കാരിയെപ്പറ്റി പരാമര്‍ശം നടത്തിയാണ് അപമാനിച്ചത് ? എന്തായിരുന്നു ആ വിവാദപരാമര്‍ശം, അതാണല്ലോ ഈ പ്രശ്നത്തിന്റെ ആണിക്കല്ലും മൂലക്കല്ലും. വിശദമാക്കാം: ചാനലിലെ തലയും വാലുമില്ലാത്ത അവതാരകന്‍ ജയാറാമിനോട് ചോദിക്കുന്നു- സിനിമയില്‍ ഭാര്യ വീട്ടിലില്ലാത്ത സമയത്ത് വേലക്കാരിയെ കയറിപ്പിടിക്കുന്ന ഒരു സീനുണ്ടല്ലോ, ജീവിതത്തിലും ഇങ്ങനെ തന്നെയാണോ ? (എന്തൊരു സെന്‍സും സെന്‍ലസിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമുള്ള ചോദ്യം, ഇത്തരം നാലഞ്ച് അവതാരകരെക്കൂടി എടുക്കാന്‍ ചാനലിനോട് അപേക്ഷിക്കുന്നു) ജയറാം ചിരിക്കുന്നു ഇങ്ങനെ മറുപടി പറയുന്നു- അതിന് അശ്വതി (ഭാര്യ പാര്‍വതി) എപ്പോഴും വീട്ടില്‍ തന്നെയുണ്ടല്ലോ.. ഹിഹിഹി. ശേഷം സിനിമയിലെ ഒരു ഡയലോഗും ആശാന്‍ കാച്ചി, കഴിഞ്ഞു-ജയറാമിന്റെ വീട്ടിലെ പാവപ്പെട്ട തമിഴ് വേലക്കാരിയുടെയും അതുവഴി തമിഴ് ജനതയുടെയും അഭിമാനം തകര്‍ന്നു തരിപ്പണമായി.
പിന്നെന്തു സംഭവിച്ചു എന്നു ചോദിച്ചാല്‍ വാര്‍ത്ത ഇങ്ങനെ: ടിവി അഭിമുഖത്തില്‍ വീട്ടു ജോലിkക്കാരിയായ തമിഴ് സ്ത്രീയെ ആക്ഷേപിച്ചുവെന്ന് ആരോപിച്ചു നടന്‍ ജയറാമിന്റെ വല്‍സരവാക്കത്തെ വസതി ഒരു സംഘമാളുകള്‍ ആക്രമിച്ചു. സംഘര്‍ഷം ഭയന്നു നാലു പൊലീസ് ഉദ്യോഗസ്ഥരെ കാവലിനു നിയോഗിച്ചിരുന്നുവെങ്കിലും അക്രമം തടയാന്‍ കഴിഞ്ഞില്ല. (സംഘര്‍ഷമെന്നു കേട്ടാല്‍ ജയറാമിനുള്ളതിനെക്കാള്‍ പേടിയാണ് പോലീസ് മാമന്‍മാര്‍ക്ക്) സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അഡ്വക്കേറ്റ്സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ജയറാമിനെതിരെ എഗ്മോര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. (അതു വേണം, ഇനി പെണ്ണുങ്ങളെല്ലാം കൂടി ജയാറാമിന്റെ മേല്‍ ചാണകം തളിക്കകയും പാര്‍വതിയെയും പിള്ളാരെയും ഒരു ലോറിയില്‍ കയറ്റി കേരളത്തിലേക്കു വിടകയും വേണം)
ഇന്നലെ വൈകിട്ട് ആറരയോടെ വല്‍സരവാക്കം ജാനകി സ്ട്രീറ്റിലെ ജയറാമിന്റെ വസതിയിലേക്ക് ഇരച്ചു കയറിയ നാലംഗ അക്രമി സംഘം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പോര്‍ച്ചിലുണ്ടായിരുന്നു കാറും തല്ലിത്തകര്‍ത്തു. മുറിയ്ക്കുള്ളിലേക്കു തീപ്പന്തങ്ങള്‍ വലിച്ചെറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രധാന മുറിയില്‍ സൂക്ഷിച്ചിരുന്ന ട്രോഫികളും ബഹുമതികളും കത്തിനശിച്ചു. സംഭവസമയത്തു ഭാര്യ പാര്‍വതിയും ജോലിക്കാരിയും മാത്രമാണു വസതിയിലുണ്ടായിരുന്നത് (ഏത് ? ഈ ജോലിക്കാരികളെ ആക്ഷേപിച്ചു എന്നു പറഞ്ഞാണ് തമിഴ് തീവ്രവാദികള്‍ ബോംബെറിഞ്ഞത്. വല്ല അപകടവും സംഭവിച്ചിരുന്നെങ്കില്‍ ഈ വേലക്കാരികളടക്കം കത്തി ചാമ്പലായേനെ. അപ്പോള്‍ അവര്‍ ആരായി ? തമിഴ് ജനതയുടെ മാനം രക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരവനിതകള്‍)
തീ പടര്‍ന്നപ്പോള്‍ പാര്‍വതി ഫയര്‍ഫോഴ്സിനെ വിളിച്ചുവെങ്കിലും എത്തിയില്ല (ഫയര്‍ഫോഴ്സുകാര്‍ക്കും തമിഴ് വികാരങ്ങളില്ലേ ?) കോഴിക്കോട്ട് ഷൂട്ടിങിലായിരുന്ന ജയറാം വിവരം അറിഞ്ഞു ചെന്നൈയിലേക്കു തിരിച്ചു (ഡേറ്റ് വാങ്ങിയ സത്യന്‍ അന്തിക്കാടിനു പോയി) കഴിഞ്ഞ ദിവസം മലയാളം ചാനലില്‍ ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന മലയാള ചലച്ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ജയറാം നടത്തിയ പരാമര്‍ശമാണു പ്രതിഷേധത്തിന് ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു (പിന്നെ, എല്ലാ അഭിമുഖങ്ങളും കൃത്യമായി കാണുന്ന ഒരു പോലീസ്) വീട്ടു ജോലിക്കാരിയായ തമിഴ് സ്ത്രീയെ ജയറാം അഭിമുഖത്തില്‍ കളിയാക്കിയതായി തമിഴ് സംവിധായകന്‍ തങ്കര്‍ ബച്ചന്‍ (തങ്കച്ചന്റെ ചരിത്രമൊക്കെ ഇവിടെ എല്ലാവര്‍ക്കും അറിയാം), പാട്ടാളി മക്കള്‍ കക്ഷിയുടെ അഭിഭാഷക സംഘടനയായ അഡ്വക്കേറ്റ്സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ആരോപിച്ചു
നെഞ്ചത്തടിച്ചു നിലവിളിച്ചെന്ന പോലെ ചെയ്യാത്ത തെറ്റുകള്‍ ഏറ്റു പറഞ്ഞ് ജയറാം മാപ്പു ചോദിക്കുകയാണ്: ഹാപ്പി ഹസ്ബെന്‍ഡ്സ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണു ചാനല്‍ അഭിമുഖത്തില്‍ പങ്കെടുത്തത്. പരിപാടിയ്ക്കിടെ, ചിത്രത്തിലെ ഒരു സംഭാഷണം ആവര്‍ത്തിക്കുക മാത്രമാണു താന്‍ ചെയ്തത്. തന്റെ വീട്ടു ജോലിക്കാരിയായ തമിഴ് സ്ത്രീയെപ്പറ്റി ഒന്നും സംസാരിച്ചിട്ടില്ല. അഭിമുഖത്തില്‍, മോശമായ ചോദ്യമൊ ഉത്തരമൊ ഉണ്ടായിട്ടില്ല. എങ്ങനെയാണു തെറ്റിദ്ധാരണാജനകമായ രീതിയില്‍ വാര്‍ത്ത പ്രചരിച്ചതെന്നും അറിയില്ല. എങ്കിലും, ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ മാപ്പു ചോദിക്കുന്നു- ജയറാം പറഞ്ഞു.
“എന്റെ അമ്മ തമിഴ്നാട്ടുകാരിയാണ്. അച്ഛന്‍ തമിഴ് സംസാരിക്കുന്നയാളായിരുന്നു. ഞാന്‍ സിനിമയില്‍ വന്നിട്ട് 23 വര്‍ഷമായി. പതിനെട്ടു വര്‍ഷമായി തമിഴ്നാട്ടിലാണു താമസിക്കുന്നത്. കുട്ടികള്‍ സ്കൂളില്‍ തമിഴ് പഠിക്കുന്നു. തമിഴ്നാടിനോടും ഭാഷയോടും എനിക്ക് സ്നേഹവും ബഹുമാനവുമേയുള്ളൂ. ഒരു കാരണവശാലും തമിഴ് ജനതയെ വേദനിപ്പിക്കാന്‍ ആഗ്രഹമില്ല” – പാവം അല്ലേ ?
ഊ നാട്ടില്‍ ജീവിക്കണമെങ്കില്‍ ഇത്തരം സാമൂഹികതീവ്രവാദം കൂടി നേരിടേണ്ടി വരുമെന്നത് ഏറെക്കുറെ എല്ലാവരും സെലബ്രിറ്റികളായി മാറുന്ന ഒരു കാലത്ത് വലിയ ഗതികേടായി മാറുകയാണ്. തമിഴ് ജനതയില്‍ നിന്നു നമ്മളിത്രയുമൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ- ഇഷ്ടപ്പെട്ടാല്‍ അമ്പലം പണിതു ദൈവമാക്കിക്കളയും, പിണങ്ങിയാല്‍ തല്ലിക്കൊന്നു ഡാമിലെറിയും. എങ്കിലും എന്റെ തമിഴ് ജനതേ, നല്ല ചൊക ചൊകാന്നിരിക്കുന്ന നയന്‍താര മുതല്‍ മുല്ലപ്പെരിയാറിലെ വെള്ളം വരെ ചുമ്മാ ഓസില്‍ കൊണ്ടുപോയി ഉപഭോഗിച്ചിട്ട് നിങ്ങള്‍ അപ്പിയിട്ടു വളര്‍ത്തിവലുതാക്കുന്ന പച്ചക്കറികള്‍ തിന്നു ജീവിക്കുന്ന ഞങ്ങളിലൊരുത്തനോട് ഇതു വേണ്ടായിരുന്നു. കല്ലുകൊത്താനുണ്ടോ കത്തി കാച്ചാനുണ്ടോ എന്നൊക്കെ ചോദിച്ച് ഇനീം ഇതുവഴി വരുമല്ലോ, നമുക്കു കാണാം

No comments:

Post a Comment