Related Posts with Thumbnails

2010-02-14

ബോഡിഗാര്‍ഡ്


bgnew

റിപ്പോര്‍ട്ട്‌ :അനുരാഗ്
സിദ്ദിഖും ദിലീപും ഒത്തുചേരു​മ്പോള്‍ നര്‍മ്മത്തിന്‍റെ ആഘോഷം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സിദ്ദിഖിന്‍റെ രസതന്ത്രം ഫലിക്കാതെ പോയ ചിത്രം എന്നു തന്നെ ബോഡിഗാര്‍ഡിനെ വിശേഷിപ്പിക്കേണ്ടി വരും . ഏറെക്കാലത്തിന് ശേഷം ഇറങ്ങുന്ന സിദ്ദിഖ് ചിത്രം, ഒപ്പം മലയാളത്തിന്‍റെ പ്രിയ നായകന്‍ ദിലീപ്, കൂടാതെ നയന്‍താരയും. പ്രതീക്ഷകള്‍ ഏറെയായിരുന്നു ബോഡിഗാര്‍ഡിനെ കുറിച്ച് .
രണ്ടര മണിക്കൂര്‍ മനസ്സറിഞ്ഞ് ചിരിക്കുക, ബോഡിഗാര്‍ഡിന് എത്തുന്പോള്‍ അതുതന്നെയാണ് പ്രേക്ഷകരുടെ മനസ്സില്‍. പക്ഷെ, എന്തുക്കൊണ്ടോ മലയാളിക്ക് രസിക്കുന്ന രീതിയിലല്ല ചിത്രത്തിന്‍റെ പോക്ക്. കരുത്തനായ ബോഡിഗാര്‍ഡ് ആവുക എന്ന ലക്ഷ്യം മാത്രം നെഞ്ചിലേറ്റുന്ന ജയകൃഷ്ണന്‍(ദിലീപ്) എന്ന ചെറുപ്പക്കാരന്‍. അശോകന്‍ (ത്യാഗരാജന്‍) എന്ന എക്സ് ചട്ടമ്പിയുടെ ബോഡിഗാര്‍ഡ് ആവാന്‍ എത്തുകയാണ് അയാള്‍ .‌ പക്ഷെ സാഹചര്യങ്ങള്‍ ജയകൃഷ്ണനെ അശോകന്‍‌റെ മകള്‍ അമ്മുവിന്‍റെ(നയന്‍താര) ബോഡിഗാര്‍ഡാക്കുന്നു.
അതുമൂലമുണ്ടാവുന്ന സംഭവങ്ങളാണ് പിന്നീട് ചിത്രത്തില്‍ നിറയുന്നത് . പ്രണയവും സംഘര്‍ഷവും ഒത്തുചേരുന്നു. പക്ഷെ ആ പ്രണയം പ്രേക്ഷക മനസ്സിനെ കീഴടക്കുന്നതില്‍ വിജയിക്കുന്നില്ല. ഒപ്പം ആത്മാവില്ലാത്ത സംഭാഷണങ്ങളും. ഫോണിലൂടെ അറിയുന്ന കാമുകിയോട് ‘നന്മ’നിറഞ്ഞ അമ്മുവിനെ കുറിച്ച് വാചാലനാകുന്ന ജയകൃഷ്ണന്‍ . അമ്മുവിന് അത്രയധികം നന്മയുണ്ടോ എന്ന് പ്രേക്ഷകന്‍ സംശയിച്ചു പോകും .
കോളേജില്‍ ബോഡിഗാര്‍ഡായി എത്തുന്ന ജയകൃഷ്ണന്‍റെ മാനറിസങ്ങളും അല്‍പം അരോചകമാണ് . ചക്കരമുത്തിലെ നായക കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നു ഇത്. വില്ലത്തരങ്ങളില്‍ മുന്നില്‍ നില്‍ക്കുമ്പോഴും റാങ്ക് അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥിയും ക്ലീഷേ തന്നെ. പതിവ് മടുപ്പിക്കില്‍ പ്രകടനവുമായി ഹരിശ്രീ അശോകന്‍. അഭിനയത്തില്‍ പ്രത്യേകതയൊന്നും അവകാശപ്പെടാനില്ലാതെ നയന്‍താരയും.
body-guard1
പ്രതീക്ഷകള്‍ കാത്തില്ലെങ്കിലും നല്ല രംഗങ്ങളും ചിത്രത്തില്‍ ഇല്ലാതില്ല. നായകന്‍റെ പ്രണയത്തെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രത്തിന്‍റെ അവസാനരംഗങ്ങള്‍ ഹൃദ്യമാണ് . ഗാനങ്ങളെ ശരാശരി എന്നേ പറയാനാവു. ഛായാഗ്രഹണത്തിലും ചിത്രം പുതുമകള്‍ ഒന്നും സമ്മാനിക്കുന്നില്ല .
അടുത്തകാലത്തായി ഹിറ്റുകളൊന്നും നല്‍കാനാവത്ത ദിലീപിന് ബോഡിഗാര്‍ഡും പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ല. ദിലീപിന്‍റേയും സിദ്ദിഖിന്‍റേയും ജനപ്രതീ തീയേറ്ററുകളിലേക്ക് കുറച്ച് ആളുകളെ എത്തിച്ചേക്കാമെങ്കിലും ചിത്രം വിജയിപ്പിക്കാന്‍ അതിനും കഴിഞ്ഞേക്കില്ല.
എടുത്തു പറയേണ്ട മറ്റൊരുകാര്യമാണ് ബോഡിഗാര്‍ഡിന്‍റെ തമിഴ് റീമേക്ക്. വിജയിനെ നായകനാക്കി ചിത്രം തമിഴില്‍ എടുക്കുമെന്ന് സിദ്ദിഖ് അറിയിച്ചു കഴിഞ്ഞു. തീരുമാനം നല്ലതു തന്നെ. തമിഴ് രീതികള്‍ക്ക് ശരിക്കും യോജിക്കുന്നതാണ് ബോഡിഗാര്‍ഡിന്‍റെ പ്രമേയം.
കുഴഞ്ഞുമറിയുന്ന പ്രണയവും, സംഘടനങ്ങളും പാട്ടുകളും, ഇളയദളപതി വിജയുടെ പ്രകടനവും കൂടിയാകുമ്പോള്‍ ചിത്രം തമിഴില്‍ ഹിറ്റാവാന്‍ സാദ്ധ്യതയേറെയാണ് . മലയാളത്തിന്‍റെ നഷ്ടം തമിഴിന്‍റെ നേട്ടമായേക്കാം.

No comments:

Post a Comment