Related Posts with Thumbnails

2010-02-15

ഇനി പാല് കുടിക്കാനും പേടിക്കണം

മനോരമ പത്രത്തില്‍ വന്ന പരമ്പരയില്‍ നിന്ന്

പാല്‍ എവിടെ നിന്നു ശേഖരിക്കുന്നുവെന്നു പോലും അറിയാത്ത തെങ്കാശിയിലെ ഒരു ഡെയറിയുടെ ഉള്ളറകളിലേക്കു ഞങ്ങള്‍ അന്വേഷിച്ചു ചെന്നു.

കേരളത്തില്‍ സുപ്രഭാതം വിരിയിക്കാന്‍ ദിവസംതോറും ആറായിരം ലീറ്റര്‍ പാലാണ് ഇവിടെ നിന്നു വരുന്നത്. വിതരണം മുഴുവന്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളില്‍ വിതരണത്തിനായി പാല്‍ പായ്ക്ക് ചെയ്തു നല്‍കണമെന്ന ആവശ്യവുമായിട്ടാണു ഞങ്ങള്‍ ഈ ഡെയറി സംഘത്തെ സന്ദര്‍ശിച്ചത്. നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെ
ട്ടു ഡെയറി ഡവലപ്മെന്റ് ഡിപാര്‍ട്മെന്റിന്റെ നോട്ടിസ് ഇവര്‍ക്കു പലതവണ ലഭിച്ചതാണ്. പക്ഷേ, ഒന്നും മെച്ചപ്പെട്ടിട്ടില്ലെന്നു ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.

'വീ ജെ ഫാംസ് - ടേസ്റ്റ് ഓഫ് ക്യാപിറ്റല്‍ എന്ന പേരില്‍ പുതിയൊരു ബ്രാന്‍ഡ് പാല്‍ തിരുവനന്തപുരത്തെ വിപണിയിലെത്തിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാശു വീഴുമെന്നുറപ്പായപ്പോള്‍ ആദ്യത്തെ മടി മാറി, ഡെയറിയുടെ വാതിലുകള്‍ തുറന്നു.

കണ്ടാലറയ്ക്കുന്ന ചുറ്റുപാടായിരുന്നു അവിടെ. ആഴ്ചകളോളം പഴകിയ പാലിന്റെ പുളിച്ച മണം തികട്ടിവരുന്ന അന്തരീക്ഷം. മൂത്രപ്പുരയോടു ചേര്‍ന്നുള്ള പാല്‍ സംഭരണം. നിലവാര പരിശോധന പോലുമില്ലാതെ പാല്‍ ശേഖരണം. നാല് ഡിഗ്രി തണുപ്പില്‍ സൂക്ഷിക്കേണ്ട പാല്‍ കവറുകള്‍ വെറും തണുത്ത വെള്ളത്തില്‍ ഇട്ടുവച്ചിരിക്കുന്നു. അമോണിയം വാതകം ചോരുന്ന ഐസ് പ്ളാന്റ്. വിറകു കത്തിച്ചു പാല്‍ തിളപ്പിച്ചു തൈരുണ്ടാക്കുന്ന എളുപ്പ വിദ്യ. നാറിപ്പുളിച്ച വസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കുന്ന തൊഴിലാളികള്‍. അതിലും മുഷിഞ്ഞ വസ്ത്രവുമായി മുതലാളി - ഇതെല്ലാം തെങ്കാശിക്കാഴ്ചകള്‍.

ലീറ്ററിനു 19.50 രൂപയ്ക്കു 'വീ ജെ ഫാംസ് ബ്രാന്‍ഡിലുള്ള പാല്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ എത്തിച്ചുതരാമെന്നു മുതലാളി സമ്മതിച്ചു. പിന്നീടു ഡെയറിയുടെ പ്രവര്‍ത്തനം വിവരിച്ചു. റഫ്രിജറേഷന്‍ സംവിധാനങ്ങളുള്ള വാഹനത്തില്‍ മാത്രമേ പാല്‍ കൊണ്ടുപോകാവൂ എന്നാണു ചട്ടം. എന്നാല്‍ തെങ്കാശി ഡെയറിയില്‍ അത്തരം വാഹനമില്ല. പിന്നെ എങ്ങനെ പാല്‍ കേടാകാതെ കേരളത്തിലെത്തിക്കും എന്ന ചോദ്യത്തിനു മുതലാളിയുടെ ഉത്തരം ഇങ്ങനെ: ''അതൊന്നും കുഴപ്പമില്ല. കേരളത്തിലേക്കു നാലു മണിക്കൂര്‍ യാത്രയല്ലേ ഉള്ളൂ. നാല് ഡിഗ്രി തണുപ്പിച്ച പാല്‍ രാത്രി ഏഴു മണിക്കാണു വാഹനത്തില്‍ കയറ്റുക. പതിനൊന്നു മണിയോടെ അതു കൊല്ലത്തെത്തും. ആറു ഡിഗ്രി തണുപ്പ് അപ്പോഴും ഉണ്ടാകും. പിന്നെ എന്തിനാണു ശീതീകരണ സംവിധാനമുള്ള വാഹനങ്ങള്‍! നാലു മണിക്കൂര്‍ കൊണ്ടു രണ്ടു ഡിഗ്രി മാത്രം തണുപ്പു നഷ്ടപ്പെടുന്ന മായാജാലം തെങ്കാശിക്കാര്‍ക്കു മാത്രം സ്വന്തം.

പ്ളാന്റ് കാണിക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും മുതലാളി ഞങ്ങളുടെ വഴിയേ വന്നു. കണ്ടാലറയ്ക്കുന്ന കാഴ്ചകളായിരുന്നു അവിടെ. പാല്‍ തളംകെട്ടിക്കിടന്നു നാറുന്ന സിമന്റ് തറ. കാല്‍ കുത്താന്‍ തോന്നില്ല. നാറ്റം കുറയ്ക്കാന്‍ പലേടത്തും ക്ളോറിന്‍ വിതറിയിട്ടുണ്ട്. അമോണിയം പ്ളാന്റില്‍ നിന്നു ചോരുന്ന വാതകത്തിന്റെ ഗന്ധം കൂടിയാവുമ്പോള്‍ അകത്തേക്കു കയറാന്‍ മടിക്കും.

സംഘങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും എത്തിക്കുന്ന പാല്‍ അളന്നു ശേഖരിക്കുന്നതിനു സമീപത്തു തന്നെയാണു മൂത്രപ്പുര. പാല്‍ ശേഖരിക്കുന്ന 5000 ലീറ്ററിന്റെ സ്റ്റോറേജ് ടാങ്ക് ചോര്‍ന്നൊലിക്കുന്നു. 'അതൊന്നും പ്രശ്നമല്ല, ചെറിയ ചോര്‍ച്ചയേ ഉള്ളൂ മുതലാളിയുടെ വിശദീകരണം. കഴുകാത്ത അലുമിനിയം പാത്രങ്ങളില്‍ നിറച്ചുവച്ചിരിക്കുന്ന പാലും തൈരും. കരിപുരണ്ട മറ്റൊരു പാത്രത്തില്‍ തൈരിനു വേണ്ടി പാല്‍ തിളപ്പിക്കുന്നു. വിറകു മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നു മുതലാളി. 'നമ്മ ചിന്ന കമ്പനി താനേ... വിറകായാല്‍ അറുപതു രൂപ കൊണ്ടു കാര്യം കഴിക്കാം. ഗ്യാസും വൈദ്യുതിയുമാണെങ്കില്‍ 150 രൂപയാകും ചെലവ്. നമ്മളെക്കൊണ്ടു പറ്റില്ല.

ഐസ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അമോണിയം പ്ളാന്റില്‍ നിന്നു ചോരുന്ന വാതകം കെട്ടിടത്തിലാകെ പരന്നിട്ടുണ്ട്. 'ചെറിയ ചോര്‍ച്ചയുണ്ട് സാര്‍... അതൊന്നും പ്രശ്നമല്ല. പ്ളാന്റ് 12 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കൂ. വെള്ളം തണുപ്പിച്ചു കഴിഞ്ഞാല്‍ പ്ളാന്റ് നിര്‍ത്തിയിടും. പിന്നെ അടുത്ത ദിവസമേ പ്രവര്‍ത്തിക്കൂ. തൊഴിലാളികള്‍ക്ക് ഇതേവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല- മുതലാളി പറഞ്ഞു.

ഈ വെള്ളം എവിടെ നിന്നെടുക്കുന്നു എന്നു ചോദിച്ചപ്പോഴാണു ഞങ്ങള്‍ ഞെട്ടിയത്. 'വാട്ടര്‍ കണക്ഷന്‍ ഉണ്ട്. പക്ഷേ, അതില്‍ കിട്ടുന്ന വെള്ളം ഒന്നിനും തികയില്ല. പുറത്തെ തോട്ടില്‍ നിന്നെടുക്കും. കിണറും കുഴിച്ചിട്ടുണ്ട്. അതെല്ലാമായി ഒരുവിധം തട്ടിക്കൂട്ടുന്നു- മുതലാളി വിശദീകരിച്ചു. ചെളി നിറഞ്ഞ ആ വെള്ളം കണ്ടപ്പോള്‍ ഞങ്ങള്‍ ഒന്നുകൂടി ഞെട്ടി. ഒരേ വെള്ളം തന്നെയാണു വീണ്ടും വീണ്ടും തണുപ്പിച്ചു പാല്‍ കവറുകള്‍ നിറച്ചുവയ്ക്കുന്നത്. ഇവിടെ നിന്നു നേരെ വാഹനത്തില്‍ കയറ്റി, കേരളത്തിലേക്കു പറപ്പിക്കുകയും ചെയ്യും.

പാല്‍ എവിടെ നിന്നാണു ശേഖരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ മുതലാളി നയം വ്യക്തമാക്കി. 'ആട്... മാട്... ഇതും ഞാനും തമ്മില്‍ ഒരു സംബന്ധവും ഇല്ല. സംഘങ്ങള്‍ ശേഖരിച്ചു കൊണ്ടുവരുന്നു. ഞങ്ങള്‍ പായ്ക്ക് ചെയ്ത് അയയ്ക്കുന്നു. അത്രമാത്രം.

ഇത് ഒരു ഡെയറിയുടെ അവസ്ഥ. തിരുനല്‍വേലി, തെങ്കാശി എന്നിവിടങ്ങളില്‍ മാത്രം പത്തോളം ഡെയറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ പ്രധാന വിപണി കേരളം തന്നെയാണ്. ഓരോരുത്തരും അയ്യായിരം മുതല്‍ പതിനായിരം ലീറ്റര്‍ വരെ പാല്‍ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു. പന്ത്രണ്ടു കോടിയോളം മുതല്‍ മുടക്കി, നല്ല രീതിയില്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ഡയറികളും തിരുനല്‍വേലിയില്‍ ഉണ്ട്. മലയാളികള്‍ക്കു മുഴുവന്‍ പാല്‍ നല്‍കാന്‍ 'മില്‍മയ്ക്കു സാധിക്കാതെ വരുമ്പോള്‍ ആശ്രയിക്കുന്നത് ഈ തമിഴ് കമ്പനികളെ തന്നെയാവണം. പക്ഷേ, അവരുടെ പാല്‍ നിര്‍മാണത്തിന്റെ നിലവാരം കൂടി പരിശോധിച്ച് ഉറപ്പാക്കാന്‍ ഡെയറി ഡവലപ്മന്റ് ഡിപാര്‍ട്മെന്റ് തയാറാകേണ്ടതുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ കമ്പനികള്‍ ചെയ്യുന്നത്

വൃത്തിയുടെ കാര്യത്തില്‍ പൂര്‍ണമായ ശ്രദ്ധ നല്‍കിയാണു മില്‍മ വിപണനം ചെയ്യുന്നതെന്നു ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. കൂടുതല്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത പ്ളാന്റ് വൃത്തിയാക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ വാഹനങ്ങളും പ്ളാന്റും ഉള്‍പ്പെടെ തുടര്‍ച്ചയായി വൃത്തിയാക്കലും അണുവിമുക്തമാക്കലും ചെയ്യുന്ന ക്ളീന്‍സ് ഇന്‍ പ്ളേസ് ടെക്നോളജിയാണു മില്‍മ ഉപയോഗിക്കുന്നത്. ഓരോ ഘട്ടത്തിലെയും പരിശോധനയ്ക്കു പുറമേ കൃത്യമായ ഇടവേളയിട്ടു പാല്‍ പായ്ക്കറ്റുകള്‍ സാംപിളെടുത്തു പരിശോധിക്കുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്നു. കര്‍ഷകന്‍ പാല്‍ അളന്നു സംഘത്തില്‍ നല്‍കുന്നതു മുതല്‍ തന്നെ ക്വാളിറ്റി പരിശോധന ആരംഭിക്കും. പാസ്ച്യുറൈസേഷനു ശേഷം പായ്ക്കറ്റിലാക്കിയതിനു ശേഷവും സാംപിളെടുത്തു പരിശോധന നടത്തും. പ്രശ്നമുണ്ടെന്നുന തോന്നുന്നവ പിന്‍വലിക്കും.

പ്രമുഖ ബ്രാന്‍ഡുകളിലുള്ള പാല്‍ കമ്പനികളിലെല്ലാം പാലിന്റെ മാലിന്യം മണത്തറിയാന്‍ കഴിവുള്ള ലാബ് ടെക്നീഷ്യന്‍മാരുണ്ട്. പ്ളാന്റിലേക്കു വരുന്ന ഓരോ പാത്രം പാലും ഇളക്കിനോക്കിയ ശേഷം മണത്തു നോക്കും. ഇവര്‍ മണം പിടിച്ചു മാറ്റിവയ്ക്കുന്ന പാലുകള്‍ ലാബില്‍ ടെസ്റ്റ് ചെയ്താല്‍ ഫലം 'അച്ചട്ടായിരിക്കും

ചൈനീസ് ചോക്ളേറ്റിലൂടെ വൃക്കരോഗം
കുട്ടികളുടെ പിടിവാശിക്കു വഴങ്ങി ചൂണ്ടിക്കാട്ടുന്നതെല്ലാം വാങ്ങിനല്‍കുന്ന മാതാപിതാക്കള്‍ അറിയുക; ചൈനീസ് ചോക്ളേറ്റുകള്‍ നിങ്ങളുടെ മക്കളുടെ വൃക്കയെ തന്നെ പുകച്ചുകളഞ്ഞേക്കാം. രാസവളങ്ങളിലും പ്ളാസ്റ്റിക്കിലും കാണുന്ന മെലാമിന്‍ എന്ന രാസവസ്തു പാലിലും പാല്‍ ഉല്‍പന്നങ്ങളിലും ചേര്‍ക്കാറുണ്ട്. പാലില്‍ പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു വേണ്ടിയാണിത്. കഴിഞ്ഞ ഏപ്രിലില്‍ 6000 ട്രങ്ക് മില്‍ക്ക് ചോക്ളേറ്റുകളാണു ചൈനയില്‍ നിന്ന് ഒരു പ്രമുഖ കമ്പനി ഇന്ത്യയിലേക്കു കയറ്റി അയച്ചത്. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആറു മാസത്തേക്കു ചൈനീസ് ചോക്ളേറ്റ് ഇന്ത്യയില്‍ നിരോധിച്ചു. കഴിഞ്ഞ ജൂണില്‍ നിരോധനം പിന്‍വലിച്ചു.

കാശു കിട്ടിയാല്‍ എന്തന്വേഷണം?
തിരുനല്‍വേലിയില്‍ ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡെയറിയുടെ മാനേജരുടെ വെളിപ്പെടുത്തലുകള്‍: ഏതു ബ്രാന്‍ഡില്‍ വേണമെങ്കിലും പാല്‍ എത്തിച്ചുതരാന്‍ കഴിയും. ലീറ്ററിനു 17.50 രൂപയാണ് ഈടാക്കുക. കേസുകള്‍ വന്നാല്‍ അതു തിരുനല്‍വേലി കോടതിയുടെ പരിധിയില്‍ മാത്രമായിരിക്കും. ഈ നിബന്ധനകള്‍ പാലിക്കാന്‍ തയാറാണെങ്കില്‍ പറയുന്ന ബ്രാന്‍ഡില്‍ പാല്‍ എത്തിച്ചുതരാന്‍ കമ്പനി ഒരുക്കം.

കേരളത്തിലെ പാല്‍ പരിശോധന എന്നതു പ്രഹസനമാണ്. അവിടെ നിന്നുള്ള ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ കമ്പനിയുമായി സ്ഥിരമായി ബന്ധപ്പെടാറുണ്ട്. പലപ്പോഴും ഭീഷണിയുടെ സ്വരമാണുള്ളത്. കമ്പനിയുടെ പാല്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ടെന്
നും കാണേണ്ടതു പോലെ കണ്ടാല്‍ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്നും പറയും. പണവും സ്കോച്ചുമാണു പലര്‍ക്കും വേണ്ടത്. ഞങ്ങളുടെ ഉല്‍പന്നത്തിന് ഒരു കുഴപ്പവുമുണ്ടാകില്ല എന്നുറുപ്പുള്ളതുകൊണ്ട് ഭീഷണിക്കു വഴങ്ങില്ല.

തിരുനല്‍വേലിയിലെ പല കമ്പനികളുടെയും ആതിഥ്യം കേരളത്തിലെ ഫുഡ് ഇന്‍സെപക്ടര്‍മാര്‍ സ്വീകരിക്കുന്നുണ്ട്. പരിശോധനയ്ക്കു പാല്‍ എടുക്കാതിരിക്കാന്‍ വേണ്ടിയാണിത്. അഥവാ എടുത്താലും ഫലം കമ്പനിക്കാര്‍ക്ക് അനുകൂലമായിരിക്കും.

പാലിലെ മായം കണ്ടെത്താം 

. തിളപ്പിക്കുമ്പോള്‍ പതിവില്ലാതെ നുരയും പതയും വരികയാണെങ്കില്‍ പാലില്‍ കാസ്റ്റിക് സോഡ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. നാവില്‍ വച്ചുനോക്കിയാല്‍ തരിപ്പുമുണ്ടാകും.
. രാസവസ്തുക്കള്‍ ചേര്‍ത്ത പാലുകൊണ്ടു നല്ല തൈരുണ്ടാവില്ല
. പാലിനു രൂക്ഷഗന്ധമുണ്ടെങ്കില്‍ ആന്റി ബയോട്ടിക്കുകള്‍ ചേര്‍ത്തതാണെന്നു മനസ്സിലാക്കാം.
. പ്രത്യേക തരത്തിലുള്ള മഞ്ഞനിറമുണ്ടെങ്കില്‍ പൊട്ടാസ്യം ഡൈക്രോമേറ്റ് ചേര്‍ത്തതായിരിക്കും.
. നല്ലവണ്ണം കാച്ചിയശേഷം പാല്‍ ഉപയോഗിക്കുന്നതാണു നല്ലത്. ജ്യൂസുകള്‍, ഷെയ്ക്കുകള്‍ എന്നിവയ്ക്കു കാച്ചാത്ത പാലാണു പല കടക്കാരും ഉപയോഗിക്കുന്നത്.

മായപ്പാലില്‍ കോഴിക്കോട് ഒന്നാമത്
നിലവാരമില്ലാത്ത പാല്‍ ഉപയോഗത്തില്‍ കോഴിക്കോട് ജില്ല മുന്നില്‍. ഡയറി ഡെവലപ്മെന്റ് ഡിപാര്‍ട്മെന്റ് കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തൊട്ടാകെയുള്ള പാല്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയ്ക്ക് ' ഒന്നാം സ്ഥാനം. 25 സാമ്പിളുകളില്‍ ഒന്നില്‍ പോലും വേണ്ടത്ര നിലവാരം ഉണ്ടായിരുന്നില്ല. കൊഴുപ്പ്, കൊഴുപ്പേതര ഖര പദാര്‍ഥങ്ങള്‍ എന്നിയിലാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍ പിന്നില്‍ നില്‍ക്കുന്നത്. ആകെ 328 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 152 എണ്ണവും നിശ്ചിത നിലവാരം പുലര്‍ത്തുന്നതായിരുന്നില്ല. 

1 comment:

  1. എന്താണു് പാല്‍? ഭക്ഷണം ദഹിയ്ക്കാത്ത പിഞ്ചു സസ്തനികള്‍ക്കു് പ്രകൃതി നല്‍കുന്ന വരദാനം. പ്രത്യേകം എടുത്തു പറഞ്ഞു കൊള്ളട്ടെ, ഓരോ വര്‍ഗ്ഗത്തിലും പെട്ട സസ്തനിയ്ക്കു് അതാതു സസ്തനിയുടെ അമ്മ നല്‍കുന്ന പാല്‍... മനുഷ്യനൊഴികെ ഒരു സസ്തനിയും മറ്റു സസ്തനികളെ അടിമയാക്കി അതിന്റെ പാല്‍ കുടിയ്ക്കാറില്ല. ഏതോ പ്രാചീന ഗോത്ര കാലത്തു് മനുഷ്യനു തോന്നിയ അവിവേകമാണു് പശുക്കളുടെയും ആടുകളുടെയും മറ്റും പാല്‍ കുടിയ്ക്കുക എന്നുള്ളതു്.
    നിങ്ങള്‍ക്കറിയാമോ? അന്യ മൃഗങ്ങളുടെ പാല്‍ - മനുഷ്യര്‍ക്കു് മാരക വിഷമാണു്. പാലില്‍ നൂറു കണക്കിനു പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടു്. ഇതില്‍ ഓരോന്നിനും അതിശക്തമായ ജൈവശാസ്ത്രപ്രക്രിയകളെ തുടങ്ങിവെയ്ക്കാനുള്ള കഴിവുകളുണ്ടു്.
    എന്താണു് പാലില്‍ ഉള്ളതു്? പ്രൊട്ടീനുകള്‍, ഹോര്‍മോണുകള്‍,കൊഴുപ്പു്,കൊളസ്ട്രോള്‍,കീടനാശിനികള്‍,വൈറസ്സുകള്‍,ബാക്റ്റീരിയ(bovine leukaemia, bovine tuberculosis, cow immunodeficiency virus മുതലായവ). ഇവയ്ക്കെല്ലാം കൂടിച്ചേര്‍ന്നു് മനുഷ്യരില്‍ പല പല മാരക രോഗങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടു്. ലോക ഗവണ്മെന്റുകളും ശാസ്ത്ര- വൈദ്യശാസ്ത്രസ്ഥാപനങ്ങളും മന:പൂര്‍വ്വം ഈ സത്യങ്ങള്‍, പാല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന ആപത്തുകള്‍ മറച്ചു വെച്ചു കൊണ്ടേയിരിയ്ക്കുന്നു.
    പാല്‍ ഉല്പന്നങ്ങള്‍ ഉപയോഗിയ്ക്കാത്തചില സമൂഹങ്ങളില്‍ (ഉദാഹരണം: ചൈന) ബ്രെസ്റ്റ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വളരെ വിരളമാണു്.

    ReplyDelete