Related Posts with Thumbnails

2010-02-17

ന്റെ പേരു ശശി !!!!


മൈ നെയിം ഈസ് ഖാന്‍ എന്ന ബോളിവുഡ് ചിത്രം ഒരു വന്‍വിജയമായി മാറുന്ന സാഹചര്യത്തില്‍ ആ സിനിമയുണ്ടാക്കിയ തരംഗവും അതുമൂലം സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാനുണ്ടായിരിക്കുന്ന മൈലേജും കണക്കിലെടുത്ത് സില്‍മ മലയാളത്തില്‍ റീമേക്ക് ചെയ്യാനുള്ള ഒരു ആലോചന ഇവിടെ ആരംഭിക്കുകയാണ്. മലയാള സിനിമയുടെയും രാഷ്ട്രീയ പശ്ചാത്തലങ്ങളുടെയും സാഹചര്യത്തില്‍ ചെറിയ മാറ്റങ്ങളോടെയാവും സിനിമ അവതരിപ്പിക്കുക. സിനിമയുടെ പേര്- ന്റെ പേര് ശശി.
നായകന്‍ ശശിയായി ശ്രീമാന്‍ ദിലീപും നായികയായി കുമാരി കാവ്യ മാധവനും അഭിനയിക്കുന്നതിനോടാണ് എനിക്കു താല്‍പര്യം. ഷാറൂഖും കജോളുമെന്ന പോലെ മലയാളിയുടെ പ്രിയപ്പെട്ട ജോഡിയായിരുന്ന ദിലീപും കാവ്യയുമാകുമ്പോള്‍ പടം ഹിറ്റാകുമെന്നുറപ്പാണല്ലോ. മലയാളത്തിന്റെ കരണ്‍ ജോഹറായ ജോണി ആന്റണിയെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. ബ്ളോഗെഴുതുന്നതു പോലെ സിനിമ എഴുതാനാവില്ലാത്തതിനാല്‍ മലയാള സിനിമയെ താങ്ങിനിര്‍ത്തുന്ന തിരക്കഥാ ഇരട്ടകളായ ഉദയകൃഷ്ണ-സിബി കെ.തോമസ് ടീംസിനോട് തിരക്കഥയെഴുതിത്തരാവോ എന്നു ചോദിക്കാന്‍ നാളെ ഞാന്‍ എറണാകുളത്തേക്കു പോകുന്നുണ്ട്. പറ്റിയാല്‍ വിഷുവിനു പടമിറക്കണം.
സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ മുതല്‍ തന്നെ വിവാദങ്ങളും തുടങ്ങാനാണ് എന്റെ പദ്ധതി. അങ്ങനെ ആദ്യന്തം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നെങ്കില്‍ മാത്രമേ ന്റെ പേരു ശശി സൂപ്പര്‍ ഹിറ്റാവുകയുള്ളൂ. തിലകനെ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കുക എന്നതാണ് അതിനു വേണ്ടി പ്രാഥമികമായി ചെയ്യാനുദ്ദേശിക്കുന്നത്. പകരം നായികയുടെ അച്ഛന്റെ വേഷത്തില്‍ നെടുമുടി വേണുവിനെ അഭിനയിപ്പിക്കും. പിന്നെ, ഡെയ്ലി ബേസിസില്‍ വിവാദം സിനിമയെ പിന്‍തുടര്‍ന്നുകൊള്ളും.
ഇതൊരു ബിഗ്ബജറ്റ് സിനിമയായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോള്‍ തന്നെ സംഗതി ചലച്ചിത്രവിരുദ്ധമായി. അക്കാരണത്താല്‍ തന്നെ മലയാളം സിനിമാ നിര്‍മാതാക്കളുടെ സംഘടന ന്റെ പേരു ശശിക്കു വിലക്കേര്‍പ്പെടുത്തും. അതിന്റെ സംവിധായകനെയും താരങ്ങളെയുമൊക്കെ വിലക്കും. അപ്പോള്‍ പിന്നേം വിവാദം ഉണ്ടാകും. തികച്ചും സംഘടനാവിരുദ്ധമായി ഇതിന്റെ ഷൂട്ടിങ്ങിനു വേണ്ടി പതിനായിരക്കണക്കിന് അടി ഫിലിം ഞാന്‍ കൂടുതലുപയോഗിക്കും. നടിമാരുടെ കുപ്പായം അലക്കി ഉണങ്ങാനിടാന്‍ വരെ പുതുപുത്തന്‍ ഫിലിം റോളുകള്‍ ചുരുള്‍ നിവര്‍ത്തും. സിനിമ ഇറങ്ങുന്നതിനു മുമ്പേ എല്ലാ പത്രത്തിലും ഫുള്‍പേജ് പരസ്യം കൊടുക്കും. അങ്ങനെ 10 സെന്റീമീറ്ററില്‍ കുടുതല്‍ വലിപ്പത്തില്‍ സിനിമയുടെ പരസ്യം കൊടുക്കാന്‍ പാടില്ല എന്ന നിയമവും ഞാന്‍ ലംഘിക്കും.
ന്റെ പേരു ശശി ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് തന്നെ ദിലീപിനു ഞാന്‍ ഫുള്‍ സ്ക്രിപ്റ്റ് കൊടുക്കും. ഒരു കോപ്പി ഞാനും സൂക്ഷിക്കും. ദിലീപും കാവ്യയും അങ്ങേരെടെ ചേട്ടനും അളിയനും ഡ്രൈവറും അലക്കുകാരനും എല്ലാവരും കൂടിയിരുന്ന് ആ സ്ക്രിപ്റ്റ് തിരുത്തും. അതില്‍ നിറയെ ദിലീപ് കോമഡി എഴുതിച്ചേര്‍ക്കും. അതു കേട്ട് കാവ്യ തലകുത്തി മറിഞ്ഞു ചിരിക്കും. അതോടെ പടം ഹിറ്റായെന്നുറപ്പിച്ച് ദിലീപ് പൃഥ്വിരാജ് പടങ്ങള്‍ക്കു പണി കൊടുക്കാനുള്ള വിദ്യകളാലോചിക്കും. പക്ഷെ, ഞാനാരാ മോന്‍. ദിലീപ് എഴുതിയ സ്ക്രിപ്റ്റ് വച്ച് ഷൂട്ട് ചെയ്ത ശേഷം ഉദയകൃഷ്ണ- സിബി കെ.തോമസ് ടീംസിന്റെ സ്ക്രിപ്റ്റ് വച്ച് പടം ഡബ്ബ് ചെയ്യും.
സിനിമയുടെ ഏകദേശ കഥ എന്റെ മനസ്സിലുള്ളത് ഇതാണ്: ദിലീപ് ശശി (ശശി അയ്യഞ്ചിറ അല്ല) എന്ന ചെറുപ്പക്കാരനാണ്. ചെറുപ്പത്തില്‍ തീര്‍ത്തും മന്ദബുദ്ധിയായിരുന്ന ശശി സ്വപ്രയത്നം കൊണ്ട് ബുദ്ധിമാനായ ആളാണ്. ശശിയുടെ വീട് അങ്ങ് ഗ്രാമത്തിലാണ്. വീട്ടിലമ്മച്ചി മാത്രമേയുള്ളൂ. പെങ്ങള് ശശിയുടെ ചെറുപ്പം മുതലേ പുര നിറഞ്ഞു നില്‍ക്കുകയാണ്. മന്ദബുദ്ധിത്തരം ഒക്കെ മാറിയപ്പോള്‍ ശശി ജീവിതമാര്‍ഗം തേടി നേരേ കൊച്ചിയിലേക്കു പോയി. പിന്നെ കഥ കൊച്ചിയിലാണ്. കൊച്ചിയിലെത്തുന്ന ശശിക്ക് ആകെമൊത്തം പ്രതിസന്ധികളാണ്. മന്ദബുദ്ധിയായിരുന്ന കാലത്ത് വീട്ടിലിരുന്ന് ശശി പ്രൈവറ്റായി പഠിച്ച് എംബിഎ ഡിഗ്രി നേടിയിരുന്നു. ആ ഡിഗ്രി വച്ച് ശശി കൊച്ചിയിലെ ഒരു വല്യ കമ്പനിയില്‍ ചെറിയൊരു ജോലി സംഘടിപ്പിച്ചു. ഒരൂസം ജോലി കഴിഞ്ഞ് വീട്ടിലോട്ടു വരുമ്പോള്‍ ശശിയെ ഒരു കാറ് മുട്ടാന്‍ വന്നു. ശശി ഡോറു തുറന്ന് അതിന്റെ ഡ്രൈവറെ(ഹരിശ്രീ അശോകന്‍) അടിച്ചു. പിന്‍സീറ്റിലിരുന്ന സുന്ദരിയായ കുട്ടിയമ്മയെ (കാവ്യ മാധവന്‍) ചീത്തവിളിച്ചു. പിറ്റേന്ന് രാവിലെ ഓഫിസില്‍ ചെല്ലുമ്പോള്‍ എംഡിയുടെ ചെയറില്‍ ദേണ്ടേ ഇരിക്കുന്നു കാവ്യ. അബ്ടെയാണ് ഇന്റര്‍വെല്‍.
ചായേം കടീം കഴിഞ്ഞ് പ്രേക്ഷകര്‍ തിരിച്ചു തിയറ്ററിനുള്ളില്‍ കയറുമ്പോളേ ഒരു പാട്ടാണ്. ശശിയും കുട്ടിയമ്മയും മാഫിയ ശശിയുടെ നൃത്തസംവിധാനത്തില്‍ അലക്സ് പോളിന്റെ ഈണത്തില്‍ ഉദിത് നാരായണന്റെ ശബ്ദത്തില്‍ ഭയങ്കരന്‍ പാട്ട്. പാട്ടു കഴിയുമ്പോള്‍ കോടീശ്വരിയായ കുട്ടിയമ്മ തന്റെ ജീവിതകഥ ഇങ്ങനെ പറയും- വീട്ടില്‍ അപ്പച്ചന്‍ (നെടുമുടി വേണു) കാശുണ്ടാക്കാന്‍ നടക്കുവാരുന്നു, അന്നേരം അമ്മച്ചി അടുക്കളയിലെ പുകയില്‍ കട്ടപ്പൊകയായിപ്പോയി. സ്നേഹം വീട്ടിലെവിടുന്നും കിട്ടാതെ വന്ന കുട്ടിയമ്മ ശശിയിലൂടെയാണ് ആ സാധനം എന്നതാണെന്നു പോലും അറിയുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ വല്യ ബിസിനസുകാരനായ മരുമകന്‍ കുട്ടപ്പന്‍ കുട്ടിയമ്മയെ കെട്ടാന്‍ വരുന്നു. എന്നാല്‍ കുട്ടപ്പന് കുട്ടിയമ്മയെ കെട്ടി അപ്പച്ചനേം കൊന്ന് സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്നത് പ്രത്യേകം പറയേണ്ടല്ലോ.
ഇത്രേം ആയിക്കഴിയുമ്പോള്‍ ശശി തന്റെ ഹീറോയിസം പുറത്തെടുക്കുകയാണ്. നേരേ കുട്ടിയമ്മയുടെ അപ്പച്ചന്റെ അടുത്ത് ചെന്നു പറയും- ന്റെ പേരു ശശി ! അവിടെ മുതല്‍ ഭയങ്കര മ്യൂസിക്കും മുടിഞ്ഞ ക്ളാപ്പും ആയിരിക്കും. അടുത്ത സീനില്‍ വിമാനം. പിന്നത്തെ സീനില്‍ അമേരിക്കേന്നു വരുന്ന കുട്ടപ്പന്‍ (റിയാസ് ഖാന്‍). ശശിയും കുട്ടപ്പനുമായുള്ള ഇടി. കട്ടമസിലുള്ള കുട്ടപ്പനെ ശശി ഇടിച്ചു തൂറ്റിക്കുമ്പോള്‍ കൊല്ലാതെ വിട്ടേക്കണം കൊന്നിട്ടു ജയിലില്‍ പോയാല്‍ ക്ളൈമാക്സില്‍ കല്യാണം നടക്കുവേലന്നു കുട്ടിയമ്മ പറയും. അതു കേട്ടപാടേ സ്റ്റണ്ട് നടക്കുന്ന 80 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നു കാലുതെറ്റി താഴേക്കു വീണു ചത്തുപോകുന്ന കുട്ടപ്പന്‍. അടുത്ത സീനില്‍ കമ്പനിയുടെ എംഡിയായി ചാര്‍ജെടുക്കുന്ന ശശി. അടുത്തോട്ടു വരുന്ന കുട്ടിയമ്മയെ എടുത്തുപൊക്കുമ്പോള്‍ ഉദിത് നാരായണന്റെ ശബ്ദത്തിലുള്ള പാട്ട് പിന്നേം ഇടും. അന്നേരം ടൈറ്റിലെല്ലാം കൂടി കയറി വരും. തീര്‍ന്നു, ഇത്രേയുള്ളൂ.
ഇതിനെ നമ്മള്‍ പ്രിന്റ് ആന്‍ഡ് പബ്ളിസിറ്റി ആകുമ്പോഴേക്കും തീം മാറ്റി കൊച്ചിക്കാര്‍ ശശിയോടു ചെയ്തത് എന്ന മട്ടില്‍ മാറ്റും. കൊച്ചിക്കാരെല്ലാം കൂടി ശശിയെ കൊല്ലാന്‍ നോക്കി എന്ന സന്ദേശത്തോടൊപ്പം ശശി ശരിക്കും ദിലീപ് തന്നെയാണ് എന്നു കൂടി തിരുകുമ്പോള്‍ പടം ഹിറ്റാകുമെന്നുറപ്പാണ്. അതിനു വേണ്ടി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ദിലീപിനെ പ്രൈവറ്റ് ബസുകാരെക്കൊണ്ട് തല്ലിക്കുകേം നോര്‍ത്തില്‍ വച്ചു ട്രെയിന്‍ കയറ്റി കൊല്ലാന്‍ നോക്കുകേം ഒക്കെ ചെയ്തതായി പ്രചരിപ്പിക്കും. കേരളം മുഴുവന്‍ അങ്ങനെ സില്‍മേടെ വരവും നോക്കിയിരിക്കുമ്പോള്‍ വിഷുവിന് പടം റിലീസ് ചെയ്യും. നിങ്ങളും കാത്തിരിക്കുക- ന്റെ പേരു ശശി !!!!

No comments:

Post a Comment