Related Posts with Thumbnails

2010-02-16

മൂന്നാര്‍ ഇടിക്കഥയിലെ വില്ലന്മാര്‍




പി.കെ. പ്രകാശ്

മൂന്നാര്‍ ഭൂപ്രശ്നം കേരളത്തില്‍ ഏറ്റവും ആദ്യം ഉന്നയിച്ച രാഷ്ട്രീയനേതാവ് വി.എസ് അച്യുതാനന്ദനാണ്. മൂന്നാറില്‍ ടാറ്റ 50,000 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറിയത് 2000 മുതല്‍ ഏഴുവര്‍ഷം അദ്ദേഹം കേരളം മുഴുവന്‍ വിളിച്ചുപറഞ്ഞു. അന്ന് അച്യുതാനന്ദന്‍ പറഞ്ഞത് വസ്തുതകളുടെയും രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ന് ഇടുക്കി ജില്ലാ കലക്ടര്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു. കൌതുകമെന്നുപറയട്ടെ, ആ കലക്ടര്‍ ഇന്ന് മുഖ്യമന്ത്രിയുടെ പ്രതിയോഗിസ്ഥാനത്താണ്. ഈ മാറ്റത്തിന്റെ കാരണങ്ങള്‍ പരതുമ്പോള്‍ മൂന്നാറുമായി ബന്ധപ്പെട്ട് നടക്കുന്ന വഞ്ചനയുടെയും രാഷ്ട്രീയ മലക്കംമറിച്ചിലുകളുടെയും കഥയാണ് തെളിയുക.

മൂന്നാര്‍ ഉള്‍പ്പെടുന്ന കണ്ണന്‍ദേവന്‍ വില്ലേജിലെ 1,27,000 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയില്‍ 57,000 ഏക്കര്‍ ടാറ്റയുടെ പാട്ടഭൂമിയും 70,000 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയും ഇടകലര്‍ന്നു കിടക്കുന്നു. ഇവിടെ ടാറ്റ മുഴുവന്‍ഭൂമിയും സ്വന്തമെന്ന രീതിയില്‍ അനുഭവിക്കുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് മുറിച്ച് വില്‍ക്കുന്നു. അതില്‍ വ്യാജപട്ടയമുണ്ടാക്കി റിസോര്‍ട്ടുകള്‍ ഉയരുന്നു. വനഭൂമി കൈയേറി ടാറ്റ തേയില കൃഷി ഇറക്കുന്നു. നിരവധി സര്‍ക്കാര്‍രേഖകളും റിപ്പോര്‍ട്ടുകളും ഈ വസ്തുത ആവര്‍ത്തിച്ച് പറഞ്ഞു. 'മാധ്യമം' 2000 ത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇത് പുറത്ത് കൊണ്ടുവന്നു. അന്ന് ഇടതുമുന്നണി കണ്‍വീനറായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ടാറ്റയുടെ കൈയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവായപ്പോള്‍ പല പ്രാവശ്യം മൂന്നാര്‍ സന്ദര്‍ശിച്ചു കൈയേറ്റത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചു. തന്നെ അധികാരത്തിലേറ്റിയാല്‍ ടാറ്റ കൈയേറിയ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് വാക്കുപറഞ്ഞു.
അധികാരത്തിലേറിയ ശേഷം പെണ്‍വാണിഭ സംഘങ്ങളെ കൈയാമം വെക്കുമെന്ന് പറഞ്ഞപോലെ ഒരു വി.എസ് തമാശയായി മൂന്നാര്‍നീക്കവും. ഭരണപരാജയവും നിലപാടുകളിലെ പിന്നാക്കംപോക്കും പ്രതിച്ഛായയെ ബാധിക്കുമെന്നു വരുമ്പോള്‍ മുഖ്യമന്ത്രിക്ക് എടുത്തുപയറ്റാനുള്ള മറുമരുന്നായി മൂന്നാര്‍.

മൂന്നാറിലെ ഭൂപ്രശ്നത്തിലേക്ക് സര്‍ക്കാറോ സാമൂഹികപ്രവര്‍ത്തകരോ പ്രവേശിക്കാതിരിക്കാനുള്ള വേലിയാണ് സി.പി.എം^സി.പി.ഐ ഓഫീസുകള്‍. ടാറ്റ മുറിച്ച് നല്‍കിയ ഭൂമിയിലെ ഈ പാര്‍ട്ടി ഓഫീസ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് റിസോര്‍ട്ടുകളാണ്. പാര്‍ട്ടി ഓഫീസുകള്‍ക്ക് സ്ഥലവും പിന്നീട് അതിന് രവീന്ദ്രന്‍ പട്ടയവും നല്‍കുമ്പോള്‍, മൂന്നാര്‍ ഭൂപ്രശ്നം പരിഹരിക്കാനുള്ള സമഗ്രനീക്കത്തെ പാര്‍ട്ടി ഓഫീസുകളുടെ കൈയേറ്റവുമായി കൂട്ടിമുട്ടിച്ച് തകര്‍ക്കുകയെന്ന ലക്ഷ്യമായിരുന്നു ടാറ്റക്കും കൈയേറ്റക്കാര്‍ക്കും. 70,000 ഏക്കറിന്റെ കൈയേറ്റം രണ്ടാം സ്ഥാനത്തേക്ക് തള്ളി ഏഴും പത്തും സെന്റ് കൈയേറിയ പാര്‍ട്ടി ഓഫീസുകള്‍ മുന്‍നിരയിലേക്ക് തള്ളുന്ന തന്ത്രം. കണ്ണന്‍ദേവന്‍ വില്ലേജില്‍ ഒരിക്കലും ഇല്ലാത്ത ഏലപ്പട്ടയത്തിന്റെ പേരില്‍ നടന്ന റിസോര്‍ട്ട് ഒഴിപ്പിക്കല്‍ ജില്ലയുടെ ഇതര ഭാഗങ്ങളിലെ കുടിയേറ്റ കര്‍ഷകരെ കൂടി റിസോര്‍ട്ടുകള്‍ക്കും ടാറ്റക്കും പിന്നില്‍ അണിനിരത്തിച്ച കുടില ബുദ്ധിയുടെ പ്രവര്‍ത്തനമാണ്. ഇത് ഇടതുമുന്നണിയിലും ഭരണത്തിലും പ്രതിസന്ധി സൃഷ്ടിച്ചപ്പോഴാണ് വി.എസ് ടാറ്റയുടെ 1200 ഏക്കര്‍ കൈയേറ്റം പിടിച്ചത്. പിന്നീട് ഭൂമി ഏറ്റെടുക്കലില്‍ നിന്ന് വി.എസ് പിന്മാറി. കുറേ മാസങ്ങള്‍ക്ക് ശേഷം വി.എസ് ഒരിക്കല്‍ കൂടി മൂന്നാറിലെത്തി. മന്ത്രിസഭാ ഉപസമിതിയുമായായിരുന്നു വരവ്. ടാറ്റ കൈയേറിയ സര്‍ക്കാര്‍ ഭൂമി മൂന്ന് മാസത്തിനകം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചു. ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും കൈമാറ്റ അവകാശം ഇല്ലാത്ത രീതിയില്‍ പ്രത്യേക നിയമം കൊണ്ടുവന്ന ശേഷം പട്ടയം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് പെട്ടെന്ന് മൂന്നാര്‍പ്രശ്നത്തില്‍ നിന്ന് വി.എസ് ഒഴിയുന്നതാണ് കേരളം കണ്ടത്.

കുണ്ടള ഡാമിന്റെ കരയില്‍ ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമിയിലും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയിലുമായി ഇതിനിടെ ഒരു റിസോര്‍ട്ട് ഉയര്‍ന്നു^നൂര്‍ഗിരി റിസോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി.ആര്‍. മേനോനും ഭരണത്തിലെ ഉന്നതന്റെ മകന്റെ ഭാര്യാപിതാവുമായിരുന്നു റിസോര്‍ട്ട് ഉടമകളും 'പുതിയ ഭൂവുടമസ്ഥരും'. തിരുവനന്തപുരത്തുനിന്ന് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് വിളി വന്നു. തദടിസ്ഥാനത്തില്‍ ടാറ്റയെയും മേനോനെയും ഹിയറിങിന് വിളിച്ചു. അതിന്‍െ മിനിട്സ് ഇപ്പോഴും സര്‍ക്കാര്‍രേഖയില്‍ തെളിഞ്ഞുകിടക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഞങ്ങളുടെ ഭൂമിയില്‍ റിസോര്‍ട്ട് വെച്ചതിന് വിരോധമില്ല. സര്‍ക്കാറിന് വിരോധമില്ലെന്ന് നിങ്ങള്‍ കൂടി തീരുമാനിച്ചാല്‍ ഭൂമി കൊടുക്കാമെന്ന് ടാറ്റ. എന്നാല്‍ സര്‍ക്കാര്‍ഭൂമിയിലെ കൈയേറ്റം പൊറുപ്പിക്കില്ലെന്ന് കലക്ടര്‍. ഇതിനു പിന്നാലെ ടാറ്റ മൂന്നാര്‍ ടൌണില്‍ കൈയേറിയ 300 ഏക്കര്‍ ഭൂമി പിടിക്കാന്‍ കലക്ടര്‍ നോട്ടീസ് നല്‍കി. ഭൂമി പിടിക്കാന്‍ പൊലീസിനെ അണിനിരത്താന്‍ നിര്‍ദേശവും. ഉടന്‍ തിരുവനന്തപുരത്ത് നിന്ന് വിളി. ഗവണ്‍മെന്റ് പ്ലീഡര്‍ പറയുന്നതിനനുസരിച്ച് മതി നടപടി. ഗവ. പ്ലീഡര്‍ കൂടി ശക്തമായി ഇടപെട്ടതോടെ സര്‍ക്കാറിന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അതോടെ കലക്ടര്‍ മുഖ്യമന്ത്രിയുടെ പ്രതിയോഗിയുമായി. ടാറ്റയുടെ ഭൂമി പിടിത്തവും ഭൂമാഫിയയെ കൈയാമം വെക്കലുമൊക്കെ കഴിഞ്ഞു. മൂന്നാര്‍ നാടകത്തിന്റെ രണ്ടാം ഭാഗവും പൂര്‍ണം.

ഇനി മൂന്നാംഭാഗം തുടങ്ങുകയാണ്. ടാറ്റയെ സംരക്ഷിച്ചെന്ന് പ്രതിപക്ഷത്തിരിക്കെ വി.എസ് ആരോപിച്ച ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം മൂന്നാറിലെത്തി. വി.എസ് മുഖ്യമന്ത്രിയായിരിക്കെ ടാറ്റ അനധികൃതമായി നിര്‍മിച്ച ഡാമിന് മുകളില്‍ കയറിനിന്ന് വി.എസിനെ കളിയാക്കി: അമ്പതിനായിരം ഏക്കര്‍ ടാറ്റ കൈയേറിയെന്ന് പറഞ്ഞത് ഞങ്ങളല്ല, അച്യുതാനന്ദനാണ്. അദ്ദേഹം ഭരണം തുടങ്ങിയിട്ട് നാല് വര്‍ഷമായി. ഇതുവരെ ഒരു തുണ്ട് ഭൂമി ഏറ്റെടുത്തില്ല. ഭരണം തീരാറായപ്പോള്‍ ഇനി എന്ത് ഏറ്റെടുക്കാനാണ്?

ഇനി വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ കഥ. ആള്‍ സത്യസന്ധന്‍. പക്ഷേ, അഴിമതിക്കാരുടെ വകുപ്പിലാണ് ഇരിപ്പ്. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് മന്ത്രി വിളിച്ചുപറയും. അങ്ങനെ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ? ടാറ്റ ബോര്‍ഡ് വെച്ച 1200 ഏക്കര്‍ വനഭൂമി വി.എസ് പിടിച്ചയുടനെ മുഖ്യമന്ത്രി പിടിച്ചത് വനംവകുപ്പിന്റെ ഭൂമിയാണെന്ന് ദാമു പറഞ്ഞു. ഇത് വനംമന്ത്രി ആവര്‍ത്തിച്ചു. ഇപ്പോള്‍ ബിനോയ് വിശ്വം പറയുന്നു: '17,000 ഏക്കര്‍ വനഭൂമി വകുപ്പിന് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നോട്ടിഫൈ ചെയ്തിട്ടില്ല'. അപ്പോള്‍ അന്നുപറഞ്ഞത് മന്ത്രി തിരുത്തുമോ? ടാറ്റ നദി കൈയേറി വനം നശിപ്പിച്ച് ഡാം കെട്ടിയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആദ്യം ടാറ്റ നിഷേധിച്ചു. അത് പിന്നീട് വനംവകുപ്പ് ആവര്‍ത്തിച്ചു. ടാറ്റ ഡാം കെട്ടിയത് വനഭൂമിയിലല്ലെന്ന് ശക്തമായി പറഞ്ഞു. നേരായ ഒരു വകുപ്പ് ബിനോയ് വിശ്വത്തിന്റേത് മാത്രമാണെന്ന് ടാറ്റയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം 5000 ഏക്കര്‍ വനഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത് കണ്ടു. നിക്ഷിപ്തമാക്കിയ 17,000 ഏക്കറില്‍ വരുന്നതാണ് ഇതെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. വനംവകുപ്പ് പറയുന്നത് അത് വനമല്ലെന്നാണ്. ഇനി ഏതാണ് വനമെന്ന് വകുപ്പ് പുതിയ നിര്‍വചനം ഇറക്കേണ്ട അവസ്ഥ. അപ്പോള്‍ കാര്യം വ്യക്തം. ടാറ്റയുടെ കൈയേറ്റത്തിനും ഭൂമി വില്‍പനക്കും ഇടക്ക് അളക്കാതെ 17,000 ഏക്കര്‍ വനമായി നോട്ടിഫൈ ചെയ്യുക. ടാറ്റ നടത്തിയ കൈയേറ്റവും ഭൂമി വില്‍പനയും മറച്ചുവെക്കാം. വനംവകുപ്പിന് ടാറ്റയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാം.

ഇനി പരിസ്ഥിതി പ്രവര്‍ത്തകരിലേക്ക് വരാം. സി.പി.എം^സി.പി.ഐ പാര്‍ട്ടികള്‍ ഏഴ് സെന്റും പത്ത് സെന്റും കൈയേറി, വിടരുത് അവരെ. അപ്പോള്‍ ടാറ്റ ആയിരം ഏക്കര്‍ നശിപ്പിച്ച് ഡാം കെട്ടിയതോ? അത് ദാമു പറഞ്ഞതുപോലെ ആനക്ക് വെള്ളം കുടിക്കാന്‍! പരിസ്ഥിതി സംരക്ഷണത്തിന്!! അതിന് കൂട്ടുനില്‍ക്കുന്ന ഇവര്‍ക്ക് തമിഴ്നാട്ടിലോ ഉത്തരേന്ത്യയിലോ ആരെങ്കിലും നദി കൈയേറിയാല്‍ പ്രസ്താവനയിറക്കാം. ആലുവ പുഴ വില്‍ക്കാന്‍ പോകുന്നുവെന്ന് അലറി വിളിക്കാം. ടാറ്റ ഒരു നദി അങ്ങനെതന്നെ കൈയേറി സ്വന്തമാക്കിയാല്‍ കണ്ണടച്ച് ഇരുട്ടാക്കാം. 5000 ഏക്കര്‍ വനഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത് കണ്ടില്ലെന്ന് നടിക്കണം. പാര്‍ട്ടി ഓഫീസുകള്‍ റിസോര്‍ട്ടുകള്‍ ആക്കിയതിനെക്കുറിച്ച് ടാറ്റ ഭൂമി വിറ്റുതീരും വരെ ചര്‍ച്ച നടത്തണം. പരിസ്ഥിതി വിജയിക്കട്ടെ.
മാധ്യമങ്ങളും മൂന്നാറും ജേണലിസം വിദ്യാര്‍ഥികള്‍ക്ക് പഠന വിഷയമാക്കാം. ടാറ്റയുടെ ഭൂമി വില്‍പനയും ഡാം നിര്‍മിക്കലും വനം കൈയേറ്റവും റിപ്പോര്‍ട്ട് ചെയ്യരുത്. രത്തന്‍ ടാറ്റ വന്നാല്‍ ടാറ്റ ഭൂമി വിറ്റ സ്ഥലത്ത് നിര്‍മിച്ച കോപ്പര്‍ കാസിലില്‍ ടാറ്റ നല്‍കിയ താമസസൌകര്യം ഉപയോഗിച്ച് കവറേജ് ഉഗ്രനാക്കണം. കണ്ണന്‍ദേവന്‍ ക്ലബില്‍ താമസിച്ച് ടാറ്റയുടെ വാഹനം ഉപയോഗിച്ച് ഇക്കാ കോളനിയിലെ രണ്ട് സെന്റുകാരന്റെ വീടുകള്‍ ഷൂട്ട് ചെയ്യണം. നിയമസഭാകമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കാണരുത്. മൂന്നാറിലെ വില്ലേജ് അതിര്‍ത്തി മാറ്റി ടാറ്റ റിസോര്‍ട്ടുകള്‍ക്ക് ഭൂമി വിറ്റ കാര്യം കലക്ടര്‍ വെളിപ്പെടുത്തിയാല്‍ വെളുക്കെ ചിരിച്ച് കലക്ടറോട് പറയുക: 'ഞങ്ങള്‍ കോര്‍പറേറ്റ് സ്ഥാപനമാണ്, അവരും. അത് കൊടുക്കാന്‍ കഴിയില്ല'. നമുക്ക് മൂന്നാറിലെ പാര്‍ട്ടി ഓഫീസുകളിലും ഇക്കാ കോളനിയിലെ പാവപ്പെട്ടവരുടെ കുടിലുകളിലും ഇടിച്ചുകളിച്ച് രസിക്കാം. വായനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും സുഖം. മാധ്യമങ്ങള്‍ക്കും സുഖം. ടാറ്റക്ക് പരമ സുഖം.

No comments:

Post a Comment