Related Posts with Thumbnails

2010-02-14

മാനാഞ്ചിറ സ്‍‍ക്വയര്‍


Fun & Info @ Keralites.net



ചതുരമില്ലായ്മയെ ചതുരമെന്നു വിളിക്കുന്നതു കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കോഴിക്കോടേക്ക് വണ്ടി കേറിക്കോളൂ. ഞങ്ങളുടെ സ്വന്തം ‘മാനാഞ്ചിറ’! തിരുവനന്തപുരത്തിനിത് കനകക്കുന്ന് കൊട്ടാരമെന്നും തൃശ്ശൂരിലിത് സ്വരാജ് റൗണ്ടെന്നും ചൈനയിലിതിനെ ടിയാനന്‍‍‍മെന്‍സ്ക്വയര്‍ എന്നും പറയുമെന്ന് കേട്ടിട്ടുണ്ട്. എന്നാലും, ഞങ്ങളുടെ കോഴിക്കോടേ, കായവറുത്തതിന്‍റേയും ഹല്‍വയുടേയും പാരഗണ്‍ ഹോട്ടലിന്‍റെ മുമ്പില്‍ ബിരിയാണിക്ക് ക്യൂ നില്‍ക്കുന്നവരുടേയും സ്വന്തം നാടേ…
വിരുന്നുവരുന്നവരെയെല്ലാം വിസ്തരിച്ചു സ്വീകരിക്കുന്ന ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് മാനാഞ്ചിറ. ഈ ‘മാനവേദന്‍ ചിറ’ കോഴിക്കോട്ടേക്ക് വിരുന്നുവന്ന് കോഴിക്കോടുകാരനായ ഞങ്ങളുടെ സാമൂതിരി രാജാവിന്‍റെ വകയാ… പിന്നീട് ചുരുങ്ങിയത് മാനാഞ്ചിറയായി, ചില KL-10 കാരതിനെ മാനാഞ്ചിറക്കുളവുമാക്കി. എന്‍റെയീ കാല്‍ നൂറ്റാണ്ടുകാലത്തെ കോഴിക്കോടന്‍ ജീവിതത്തിനിടക്ക് ഒരു പതിനായിരം പ്രാവശ്യമെങ്കിലും ഇതിനെ ചുറ്റി കടന്നുപോയതിന്‍റെ അനുഭവം വച്ചുപറയട്ടെ, സംഗതിയിതുവരെ വറ്റീട്ടില്ല. ‘കരിനീല കാട’ മുതല്‍ ദേശാടനപക്ഷികള്‍ വരെ മുങ്ങി നിവരുന്നതു കണ്ടിട്ടുമുണ്ട്.
Fun & Info @ Keralites.netമോഡല്‍സ്ക്കൂളിന്‍റെ വശത്തായൊരു കിണറുവട്ടം കാണാം, അതീന്നു തടിയന്‍ ഓസുവഴി വെളളം വടക്കുവശത്തു നിരനിരയായിട്ടിരിക്കുന്ന കൂറ്റന്‍ വീപ്പകള്‍ വെച്ചുകെട്ടിയ ട്രോളികളില്‍ പമ്പുചെയ്തു നിറയ്ക്കും. അതും വലിച്ചു നീങ്ങുന്ന തൊഴിലാളികള്‍ സ്ഥിരം കാഴ്ച്ചയായിരുന്നു സ്ക്കൂള്‍ക്കുട്ടിയായിരുന്നപ്പൊ. ഇന്നും ബാക്ക്ഗ്രൗണ്ടൊക്കെ അതുതന്നെ ട്രോളിക്കു പകരം വലിയ പളളയുളള മഞ്ഞച്ചായമടിച്ച കോര്‍പ്പറേഷന്‍ വെളളവണ്ടികള്‍ നിരന്നു നില്‍ക്കുന്നു കോഴിക്കോടിന്‍റെ ദാഹം തീര്‍ക്കാന്‍…
ന്യൂ കൊച്ചിന്‍ ബേക്കറിയുടെ കേക്കു പെട്ടിക്കുപുറത്തും കമലിന്‍റെ മനോഹരമായ ‘മേഘമല്‍ഹാര്‍ ‍’ ഫ്രെയിമുകളിലും കാണുന്ന ഇന്നത്തെ മാനാഞ്ചിറക്ക് ഏതാനും വര്‍ഷങ്ങളുടെ ചരിത്രമേ അവകാശപ്പെടാനുളളൂ. അമിതാഭ് കാന്ത് എന്ന കളക്ടര്‍ക്കു ശേഷം- മുമ്പ് എന്നിങ്ങനെ രണ്ടായി മാനാഞ്ചിറയുടെ ചരിത്രം പകുക്കാം… മുമ്പ് ചിറ, മൈതാനം, കൃഷ്ണമേനോന്‍ പ്രതിമയുളള തുറന്ന പാര്‍ക്ക് എന്നിങ്ങനെ മൂന്നായിരുന്നു നഗരചത്വരം. അന്ന് മാനാഞ്ചിറ മൈതാനത്ത് ഇന്നത്തെ പോലെ പുല്‍ത്തകിടിയൊന്നുമില്ല.
പബ്ലിക്ക് സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ പത്താം ക്ലാസ് ബ്ലോക്കില്‍ നിന്ന് ഏന്തിവലിഞ്ഞ് നോക്കിയാല്‍ കാക്കകള്‍ വിശ്രമിക്കുന്ന ‘കൃഷ്ണമേനോന്‍തല’ കാണാമായിരുന്നു. മന്ത്രിസഭക്കുളളിലെ തൊഴുത്തില്‍കുത്തുകള്‍ക്കിടയിലും തലയുയര്‍ത്തിനിന്ന അതേ വികെ കൃഷ്ണമേനോന്‍ തന്നെ.
കൗമാരത്തിന്‍റെ പരീക്ഷണഘട്ടത്തില്‍ സിനിമപിടിക്കാനിറങ്ങിയ ഒരു ഭ്രാന്തന്‍ ഗ്രൂപ്പുണ്ടായിരുന്നു ഞങ്ങളുടെ ക്യാമ്പസില്‍‍ ‍. ആ ചര്‍ച്ചകളുടെ പിറവിയില്‍ സജീവമായി പങ്കെടുത്തെങ്കിലും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‍റെ വിളിവന്ന് വേരറുത്ത് പോവേണ്ടി വന്നപ്പൊ മാനാഞ്ചിറയും ഒരു നോവായിമാറി. ഇവരുടെ കൂട്ടായ്മ ചലച്ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതും അത് വളരുന്നതും പിളരുന്നതും പിണങ്ങുന്നതും കൂടുതല്‍ തെളിച്ചത്തോടെ വലുതാകുന്നതും മലബാറിലെ ആദ്യ ക്യാമ്പസ് ചലച്ചിത്രമാകുന്നതുമൊക്കെ മാനാഞ്ചിറ ചുറ്റുന്ന പച്ച ബസ്സുകളിലിരുന്ന് കൊതിയോടെ- നിറകണ്ണുകളോടെ നോക്കിയിരുന്നത് ഒരു കാലം. ഇന്ന് ഇതൊക്കെ തമാശയോടെ ഓര്‍‍ത്തെടുക്കാമെങ്കിലും അന്നത്തെ സങ്കടത്തിന് ‘മാനാഞ്ചിറയുടെ മധ്യത്തോളം’ ആഴമുണ്ടായിരുന്നു.
വിദേശത്ത് ജോലിയുളള അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന ഒട്ടകുഞ്ഞുങ്ങളിലൊന്നിനെ വൈകീട്ട് മാനാഞ്ചിറയില്‍ വന്നാല്‍ തരാമെന്ന് പറഞ്ഞ് പറ്റിച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്
ഒരുപാട് വൈകുന്നേരങ്ങള്‍ മൈതാനത്തെ പുല്ലുപറിച്ച് പുല്ലുതിന്ന് മണ്ണുവരെ മാന്തി ഞങ്ങള്‍ കടന്നുപോയിരിക്കുന്നു. വിദേശത്ത് ജോലിയുളള അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന ഒട്ടകകുഞ്ഞുങ്ങളിലൊന്നിനെ വൈകീട്ട് മാനാഞ്ചിറയില്‍ വന്നാല്‍ തരാമെന്ന് പറഞ്ഞ് പറ്റിച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. ഇത് കേള്‍‍ക്കേണ്ട താമസം ഒട്ടകകുഞ്ഞിനെ കൊണ്ടുവരാനുളള സഞ്ചിയും ചുരുട്ടി പച്ചബസ്സ് കയറാന്‍ ഓടി. മുറ്റത്ത് കളിക്കാന്‍ വിട്ടപ്പോള്‍ ഒട്ടകക്കുഞ്ഞ് കയറും പൊട്ടിച്ച് ഓടിപ്പോയെന്ന് പറഞ്ഞ് ആ വൈകുന്നേരം അവനെന്നെ മാനാഞ്ചിറയിലിരുത്തി. ഒട്ടകകുഞ്ഞിനെ കാണാഞ്ഞ് ചിണുങ്ങി തുടങ്ങിയ എനിയ്ക്ക് മാനാഞ്ചിറയ്ക്ക് പുറത്ത് കെടിഡിസിയുടെ മലബാര്‍ മാന്‍സണില്‍ നിന്ന് പെറ്റിബൂര്‍ഷ്വാസി ചായയും പഴമ്പൊരിയും വാങ്ങിതന്ന് സമാധാനിപ്പിച്ചു. ആ കൂറ്റന്‍ ചുവപ്പ് കെട്ടിടത്തിന് താഴത്തെ നിലയില്‍ ബാറാണ്. ഉളളിലെ അരണ്ടവെളിച്ചത്തില്‍ ഗുഡ് കുട്ടികളായിരുന്ന് പാനീയം മോന്തി വേച്ചു നടന്ന് പുറത്ത് നിരനിരയായിട്ടിരിക്കുന്ന ബൈക്കുകളില്‍ കയറി ‘പാഞ്ഞുപോയി’ കുടിയന്‍മാരൊക്കെയും.
ചിലവുചുരുക്കി ഒരു ട്രീറ്റ് നടത്തണമെങ്കില്‍ CEE-PEE കൂള്‍ ആണ് രക്ഷ. നഗരത്തിലെ ഒട്ടുമിക്ക കോളേജുകളില്‍ നിന്നുളള ഗ്രൂപ്പുകളും മിഠായിത്തെരുവില്‍ സാധനം വാങ്ങാന്‍ വന്നവരുമെല്ലാം ഇരുമ്പേണി കയറി കൂളാവാനെത്തും. ഒരുമതിലിനപ്പുറം പബ്ലിക് ലൈബ്രറി കെട്ടിടമാണ്. ലൈബ്രറിയ്ക്ക് പുറകില്‍ കോഴിക്കോട് ഡിസി. കോഴിക്കോട്ടെ പുസ്തകപ്രേമികളെല്ലാം ഇവിടെ ഒത്തുകൂടും. ഒരു ഓവുചാലിനപ്പുറം ഖാദിയുടെ എംപോറിയവും വിലകൂടിയ ചൂരല്‍കസരകളും മുള ഉല്‍പന്നങ്ങളുമെല്ലാം ഉപഭോക്താക്കളെ കാത്തുകിടന്നു.
Fun & Info @ Keralites.netഓണക്കാലത്ത് ‘ഈ മാനാഞ്ചിറയ്ക്കു ചുറ്റും’ (മരുഭൂമിയിലെ പഥികനോട് കടപ്പാട്) വഴിവാണിഭക്കാര്‍ കയ്യടക്കും. മാലയും വളയും കണ്‍മഷിയും വര്‍ണ്ണയുടുപ്പുകളും ഇലക‍്‍‍‍ട്രോണിക് സാധനങ്ങളും എന്നുവേണ്ട അടിയുടുപ്പുവരെ മരക്കട്ടിലുകളില്‍ കലാത്മകമായി നിരത്തിവച്ച് അവര്‍ കോഴിക്കോട്ടുകാരെ മാന്യ ഉപഭോക്താക്കളായി മാറ്റിക്കളയും. എന്തുകണ്ടാലും കൂടിനില്‍ക്കുന്ന കോഴിക്കോടന്‍ പ്രത്യേകതയാണോ ഇവര്‍ ചൂഷണം ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതാണ്ട് ഇക്കാലത്തുതന്നെയാണ് മോഡല്‍സ്കൂളില്‍ ഐആര്‍ഡിപി വിപണനമേള വരുന്നത്. പച്ചമഞ്ഞളും കൂവപ്പൊടിയും ചക്കരയും ഉരലും ഉലക്കയും പലതരം കത്തികളുമൊക്കെയായി ആ പഴയ ഇംഗ്ലീഷ് കെട്ടിടത്തിനുള്‍ഭാഗം അക്ഷാരാര്‍ത്ഥത്തില്‍ പൂരപറമ്പാകും.
ആ പച്ചപ്പുല്‍ മൈതാനത്തിരുന്നാണ് കോഴിക്കോട്ടുകാരില്‍ പലരും അവരുടെ ജീവിതത്തിലെ പല പ്രധാനകാര്യങ്ങളും ചര്‍ച്ചയ്‍ക്കെടുക്കുന്നതും തീരുമാനിക്കുന്നതുമെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. നഗരമധ്യത്ത് പീരങ്കികള്‍ കാവല്‍നില്‍ക്കുന്ന കവാടവും കടന്ന് ആ തുറസ്സിന്‍റെ സ്വാതന്ത്ര്യത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു ഹൈഡ്രജന്‍ ബലൂണും വാങ്ങിക്കൊടുത്ത് ആവോളം കളിച്ചുനടക്കാന്‍ വിട്ട് യൗവ്വനം പിന്നിട്ടുതുടങ്ങിയ ദമ്പതികള്‍‍പോലും ഇണക്കുരുവികളാകുന്നത് കണ്ടിട്ടുണ്ട്.
Fun & Info @ Keralites.netപിന്നെ ഇസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വരുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ ‍, ടൗണ്‍ഹാളിനപ്പുറത്തെ ലളിതകലാ അക്കാദമിയില്‍ ശില്‍പചിത്ര പ്രദര്‍ശനം കാണാന്‍ വന്നവര്‍, ക്രൗണ്‍ തീയറ്ററില്‍ ഇംഗ്ലീഷ് പടം കാണാന്‍ വന്ന് ടിക്കറ്റ് കിട്ടാത്തവര്‍ , ടൗണ്‍ഹാളിലോ നളന്ദയിലോ ഏതെങ്കിലും സമ്മേളനത്തിനെത്തിയവര്‍ , അളകാപുരിയില്‍ ചക്കരയട തിന്നാന്‍ വന്നവര്‍ , ‘തോട്ട’ത്തില്‍ തുണിയെടുക്കാന്‍ വന്നവര്‍ ‍, ഹനുമാന്‍ കോവിലില്‍ അര്‍ച്ചനകഴിക്കാന്‍, എല്‍ഐസിയില്‍ പ്രീമിയം അടയ്ക്കാന്‍, ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ലോണെടുക്കാന്‍, ടെലിഫോണ്‍ ഭവനില്‍ പുതിയ സിം കാര്‍ഡ് വാങ്ങാന്‍, പട്ടാളപളളിയില്‍ നിസ്കരിക്കാന്‍, ടിബിഎസില്‍ പുസ്തകമന്വേഷിക്കാന്‍, പാളയത്ത് ചരക്കെടുക്കാന്‍, കോഴിക്കോടെ ഊതും ഊതിന്‍റെ അത്തറും മണപ്പിച്ച് സാഗറില്‍ നിന്നൊരു ബിരിയാണി തിന്നാന്‍, മിഠായിത്തെരുവില്‍ വെറുതെ തിരക്കുണ്ടാക്കാന്‍, മൈതാനത്ത് വോളിബോള്‍ പരിശീലിക്കുന്ന ഇത്തിരി പാവാടക്കരികളെ കാണാന്‍, ബീച്ചിലേക്ക് പോകുംവഴി മാനാ‍ഞ്ചിറ കാണാന്‍, വമ്പന്‍ ദിനോസറുകള്‍ക്ക് പിന്നിലിരുന്ന് പുന്നാരം പറഞ്ഞ് ചിരിയ്ക്കാന്‍, മലബാര്‍ മഹോത്സവത്തിന് നാടന്‍ കലാമേള നടക്കുന്ന ഓപ്പണ്‍ സ്റ്റേജ് കാണാന്‍…
ഇതിനൊക്കെയിടയില്‍ എന്തൊക്കെയോ നേടി എന്തൊക്കെയോ നഷ്ടപ്പെട്ട് ഈ നഗരത്തിലലഞ്ഞവര്‍ , അലിഞ്ഞവര്‍ അങ്ങനെ ആരൊക്കെ ഇവിടെ വന്നുപോയിരിക്കുന്നു, ഇതിന്‍റെ ഭാഗമായ് മാറിയിരിക്കുന്നു. ഇവിടെ മരിച്ചിരിക്കുന്നു. എല്ലാം കാണാന്‍ എസ്‍‍ കെയുടെ പ്രതിമ മിഠായിത്തെരുവിനെ തന്‍റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ വീണ്ടും കണ്ട് പുഞ്ചിരിച്ചു നില്‍ക്കുന്നു. ആ വശത്തെ കവാടത്തിലേക്ക് നേരെ നടന്നോളൂ, സ്‍‍പോര്‍ട്സ് കൗണ്‍സിലിന്‍റെ ചുവപ്പന്‍ കെട്ടിടവും പിന്നിട്ട് കോംട്രസ്റ്റു കെട്ടിടത്തിന്‍റെ വശത്തുകൂടി, അവിടെയാണ് കോഴിക്കോടിന്‍റെ മറ്റൊരു മഹാരുചി. എന്തും ഉപ്പിലിടുന്നതും അച്ചാറിടുന്നതുംഞങ്ങളുടെ മറ്റൊരു കൊതിയൂറും ശീലം. ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, കോവയ്ക്ക, പൈനാപ്പിള്‍ , പേരയ്ക്ക, അമ്പഴങ്ങ അല്ലെങ്കില്‍ അച്ചാറു തേച്ച കക്കരിയോ മാങ്ങയോ അതുമല്ലെങ്കില്‍ ഒരു കോണ്‍ കടലയും വാങ്ങി തെക്കുഭാഗത്തെ ആര്‍ച്ചുഗേറ്റിലൂടെ ശുദ്ധജലസംഭരണിയുടെ സന്ധ്യാദൃശ്യം ആസ്വദിച്ചോളൂ…
Fun & Info @ Keralites.netസൂര്യന്‍ പതുക്കെ താഴ്ന്നു തുടങ്ങുകയാണ്. നഗരം തിരക്കില്‍ വീര്‍പ്പുമുട്ടി തുടങ്ങി മാനാഞ്ചിറക്കു ചുറ്റും വഴിവിളക്കുകള്‍ കണ്ണു തുറക്കുന്നു. ചില കണ്ണുകള്‍ തുറക്കാറില്ല, അപൂര്‍വ്വമായി മലബാര്‍ മഹോത്സവ സമയത്ത് ചുറ്റുമുളള മുഴുവന്‍ കെട്ടിടങ്ങളും ചുവപ്പന്‍ കെട്ടിടങ്ങളും സ്വകാര്യകെട്ടിടങ്ങളുമൊക്കെ ദീപാലങ്കാരത്തില്‍ കുളിക്കും. ആ രാത്രിക്കാഴ്ച്ച ഒന്നു കാണേണ്ടതുതന്നെയാണ്.
മാനാഞ്ചിറ നവീകരിച്ച കാലത്ത് അന്‍സാരി പാര്‍ക്കിലൊരു സംഗീതജലധാര ഉണ്ടായിരുന്നു. കോഴിക്കോട്ടുകാരന്‍റെ സൗഹൃദക്കൂട്ടായ്മ സംഗീതജലനൃത്തം കാണാനായി തിരക്കുകൂട്ടി. പാര്‍ക്കിലെ നീളന്‍ ബഞ്ചുകളിലിരുന്ന് ഒന്നിച്ച് ടെലിവിഷന്‍ കണ്ടു. ആ മുക്കുകളിലും മൂലകളിലും കമിതാക്കളിരുന്ന് പ്രണയം കൊറിച്ചു. എല്ലാത്തിനും സാക്ഷിയായ് ശാന്തമായി ചിറ നിറഞ്ഞു തന്നെയിരുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയ്‍‍ക്കൊണ്ടിരുന്നു. എന്‍റെ ഹൈസ്ക്കൂള്‍കാലത്താണ് സകലപച്ച ബസുകളും നഗരത്തിലെത്തുന്ന ഇതരവാഹനങ്ങളും മാനാഞ്ചിറയെയാകെ ക്ലോക്കു സൂചിയെന്നപോലെ വട്ടത്തിലും ചതുരത്തിലും വലംവെച്ചു തുടങ്ങിയത്… പിന്നെ കോളേജ് കാലം… യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ പിജിക്കാലം ഒക്കെ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പ്രവാസം, പ്രവാസിയായിരിക്കുമ്പോഴാണ് ഒരുത്തനവന്‍റെ നാടിനെയറിയുന്നതെന്ന് പറയുന്നത് എത്രമേല്‍ ശരിയാണ്! രാവിലെ ആറേമുക്കാലിന്‍റെ പാസഞ്ചര്‍ തീവണ്ടിയില്‍ സര്‍ക്കസ്സു കളിച്ച് കയറിപ്പറ്റി വടക്കോട്ടു പാഞ്ഞുപോയ്, ആഴ്ച്ചയവസാനം തിരികെ എലത്തൂരിലെ കോരപ്പുഴ കടക്കുമ്പോഴാണ് കോഴിക്കോട് ഉളളിന്‍റെയുളളില്‍ പിടക്കുന്നത് ഇത്രമേല്‍ ആഴത്തിലാണെന്നറിഞ്ഞത്.
പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്‍റെ പിന്നാമ്പുറത്ത് സിഗ്നല്‍ കിട്ടാതെ ഔട്ടറില്‍ തീവണ്ടി കാത്തുകിടക്കുമ്പോഴോ, പാളത്തില്‍ നൂഴ്ന്നിറങ്ങി പച്ചബസ്സു പിടിക്കാനോടുമ്പോഴും നെഞ്ചോടു ചേര്‍ന്ന് കുറുകുന്നുണ്ടായിരുന്നു ഗസലിന്‍റേയും ഖവ്വാലിയുടേയും ഹല്‍വ്വയുടേയും ആതിഥ്യമര്യാദയുടേയും സ്വന്തം നാട്… വന്നുചേര്‍ന്നവരൊക്കെ വിരുന്നുകാരില്‍ നിന്ന് വീട്ടുകാരായ് വളര്‍ന്നപ്പോഴും ഒമ്പതുമണിക്കുശേഷം കുടുംബമായ് ഒറ്റക്കു പുറത്തിറങ്ങാന്‍ പറ്റാത്തവിധം ഈ നാട് വികസിച്ചപ്പോഴും മാനാഞ്ചിറയ്ക്കു ചുറ്റും വിളക്കുകാലുകള്‍ ഒടിഞ്ഞു വീണപ്പോഴും ഞാന്‍ എന്‍റെ ദേശത്തെ ഹൃദയത്തോട് ചേര്‍ത്തു സ്‍‍നേഹിക്കുന്നു… പ്രണയിക്കുന്നു… മാനാഞ്ചിറ സ്ക്വയറിനേയും !

No comments:

Post a Comment