Related Posts with Thumbnails

2010-02-13

അഴകളവുകളില്‍ രാജനായി കുട്ടന്‍കുളങ്ങര രാമദാസ്‌


 
കോലം കയറ്റിയെഴുന്നള്ളിക്കുമ്പോള്‍ സ്വതഃസിദ്ധമായ നിലവാണ് കുട്ടന്‍കുളങ്ങര രാമദാസിനെ വ്യത്യസ്തനാക്കുന്നത്. എടുത്തകൊമ്പും കനത്ത തുമ്പിക്കൈയും വിശാലമായ നെറ്റിയുമെല്ലാം ഉള്‍പ്പെടുന്ന അഴകളവുകളുടെ കൃത്യതയുള്ള ചേര്‍ച്ചയാണ് ഈ നാല്പത്തെട്ടുകാരന്റെ പ്രത്യേകത.

1990 ല്‍ വനംവകുപ്പിന്റെ പറമ്പിക്കുളം ഡിവിഷനില്‍ നിന്നുമാണ് കുട്ടന്‍കുളങ്ങര ദേവസ്വം രാമദാസിനെ വാങ്ങുന്നത്. അതേവര്‍ഷം ആഗസ്ത് 28 ന് രാമദാസിനെ മഹാവിഷ്ണുവിന്റെ നടയ്ക്കിരുത്തി. ദേവസ്വത്തിലെത്തുമ്പോള്‍ 267 സെന്റീമീറ്ററുണ്ടായിരുന്ന രാമദാസിന് നിലവില്‍ 292 സെ.മീ. ഉയരമുണ്ട്. ഇടനീളം കൂടുതലുള്ളതും രാമദാസിന്റെ പ്രത്യേകത തന്നെ. ആദ്യകാലത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ മാനത്രമുള്ള സവിശേഷതകളൊന്നും എടുത്തുപറയാനില്ലെന്ന മട്ടില്‍ കഴിഞ്ഞ രാമദാസന്‍ ഉത്സവപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായത് വളരെ പെട്ടെന്നാണ്. 2000 ജനവരിയില്‍ 120 ആനകള്‍ അണിനിരന്ന തൊടുപുഴ ഗജമേളയിലെ ഗജരാജപട്ടം, അതേവര്‍ഷം ഒറ്റപ്പാലത്ത് നടന്ന ഗജമേളയില്‍ ഗ്യാലപ്പ്‌പോളിലൂടെ നേടിയ സമ്മാനം, 2003 ഡിസംബറില്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഗജമേളയിലെ ഗജരാജപട്ടം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ രാമദാസ് ഇതിനകം കൈയടക്കിക്കഴിഞ്ഞു.

ഉത്രാളിക്കാവ്പൂരം, തൃപ്രയാര്‍ ഉത്സവം എന്നിവയ്‌ക്കൊപ്പം തൂപ്പൂണിത്തുറ ഉത്സവത്തിന് സ്വര്‍ണക്കോലവും സ്വര്‍ണതലേക്കെട്ടുമണിഞ്ഞുള്ള രാമദാസിന്റെ എഴുന്നള്ളത്തും ഏറെപ്പേരെ ആകര്‍ഷിക്കുന്നുണ്ട്. മറ്റ് ആനകളില്‍ നിന്ന് വ്യത്യസ്തമായി ഒരുകോല്‍ ആറുവിരല്‍ അളവുള്ള നെറ്റിപ്പട്ടംതന്നെ രാമദാസിന് വേണം. സ്വതേ ശാന്തശീലനാണ് ആനയെന്ന് ദേവസ്വം കമ്മിറ്റിയംഗം സി. മുകുന്ദന്‍ പറഞ്ഞു. മദപ്പാടുസമയത്ത് രാമദാസ് മറ്റ് ആനകളോട് വൈമുഖ്യം കാണിക്കാറുണ്ട്. കുംഭം അവസാനം രാമദാസിനെ മദപ്പാടിന്റെ ലക്ഷണം കാണിച്ച് കെട്ടുന്നതിനാല്‍ സ്വന്തം മേഖലയായ തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനാവില്ലെന്ന ഖേദം രാമദാസിന്റെ ആരാധകര്‍ക്കുണ്ട്. ഒരല്പം ശുദ്ധവും വൃത്തിയും കൂടുതലുള്ള സ്വഭാവമാണ്. വെള്ളം കുടിക്കുംമുമ്പേ തുമ്പിയും കൈകാലുമൊക്കെ വെള്ളം നനയ്ക്കുന്നതുപോലുള്ള ശീലങ്ങളും കൂട്ടിനുണ്ട്. നാട്ടാനകള്‍ക്ക് പൊതുവായ അച്ചടക്കവും രാമദാസിനുണ്ട്

No comments:

Post a Comment