Related Posts with Thumbnails

2010-02-25

ബ്രേക്ക് 'ഇല്ലാത്ത ജീവിതം




മലയാളത്തില്‍ ആദ്യമായി 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ തുടങ്ങുമ്പോള്‍ 'ഇന്ത്യാവിഷന്‍' നേരിട്ട ചോദ്യം, 'ഇത്രമാത്രം കാണിക്കാന്‍ ഇവിടെ എന്ത് വാര്‍ത്തയാണ് ഉള്ളത്?' എന്നായിരുന്നു. എന്നാല്‍ അതു കഴിഞ്ഞുള്ള 10 വര്‍ഷം കേരളത്തില്‍ മുഴങ്ങിക്കേട്ടത് വാര്‍ത്തചാനലുകളുടെ ഇരമ്പമാണ്. സാമൂഹിക ജീവിതത്തെ അത്രമാത്രം സ്വാധീനിക്കുന്നതായിരുന്നു ഇതിന്റെ വളര്‍ച്ച. വാര്‍ത്തകള്‍ ന്യൂസ് റൂമിലെ ചര്‍ച്ചകള്‍ക്കിടെ രൂപപ്പെടുന്ന ഒരു സാധനമാണെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ സീരിയലും റിയാലിറ്റിഷോകളും മറന്ന് ചാനല്‍ ചര്‍ച്ചകള്‍ക്ക് നേരെ റിമോര്‍ട്ട് അമര്‍ത്തി. വാര്‍ത്താവായനക്കാര്‍ എന്ന സങ്കല്പം പോലും ഇല്ലാതായി, വാര്‍ത്ത അവതാരകര്‍ വന്നു. അവര്‍ കര്‍ക്കശക്കാരായ രാഷ്ട്രീയക്കാരെ പച്ചയ്ക്ക് പൊരിക്കുന്നത് കണ്ടപ്പോള്‍ നമ്മളെല്ലാം അറിയാതെ കയ്യടിച്ചു. എന്തു പ്രശ്‌നത്തിലും രണ്ടു വിഭാഗങ്ങളെ ഉണ്ടാക്കി പോരടിപ്പിച്ച് വാര്‍ത്ത കൊഴുപ്പിക്കുകയാണ് ഇവരുടെ പണിയെന്ന് സ്വാഭാവികമായ വിമര്‍ശനവും വന്നു. എങ്കിലും സിനിമ - സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന സെലിബ്രിറ്റികളുടെ നക്ഷത്രക്കൂട്ടത്തിലേക്ക് ഇവരും കയറിവരുന്ന കാഴ്ചയായിരുന്നു പിന്നീട്.

ടെലിവിഷന്‍ വാര്‍ത്താവതരണ രംഗത്ത് തിളങ്ങിനില്‍ക്കുന്ന അഞ്ചു പേര്‍ - ദൂരദര്‍ശനിലെ ഹേമലത കണ്ണന്‍, അമൃതയിലെ മായ ശ്രീകുമാര്‍, ഏഷ്യാനെറ്റിലെ അളകനന്ദ, മനോരമ ന്യൂസിലെ പ്രമോദ് രാമന്‍, ഇന്ത്യാവിഷനിലെ ഭഗത് ചന്ദ്രശേഖര്‍ - അവരുടെ അനുഭവങ്ങളും സ്വപ്‌നങ്ങളും ഗൃഹലക്ഷ്മി വായനക്കാര്‍ക്കായി പങ്കുവെയ്ക്കാന്‍ ഒത്തുചേരുകയാണിവിടെ. തിരുവനന്തപുരം ക്ലബ്ബ് എഫ്എമ്മിന്റെ കോണ്‍ഫറന്‍സ് ഹാളാണ് വേദി.

ആദ്യമെത്തിയത് ഭഗത്. 'ഞാന്‍ വൈകിയില്ലല്ലോ', സ്വാഭാവിക ചോദ്യം. തൊട്ടുപിറകെ മായ, 'മുമ്പ് ഏഷ്യാനെറ്റില്‍ ഇന്റേണല്‍ഷിപ്പിന് വന്നപ്പോള്‍ കണ്ടതാണ് ഭഗത്തിനെ. അന്നത്തെ കുട്ടി ഭഗത് ഇപ്പോള്‍ വലിയൊരാള്‍.'

ഹേമലതയും അളകനന്ദയും പ്രമോദും പിന്നാലെയെത്തി. 'ഷാര്‍പ്പ് ടൈം', ഭഗത്ത് ക്ലോക്കിലേക്ക് വിരല്‍ ചൂണ്ടി. കൃത്യം 10 മണി. 'ടൈം മാനേജ്‌മെന്റില്‍ ഞങ്ങളെ തോല്പിക്കാനാവില്ല മക്കളേ', പ്രമോദിന്റെ കമന്റ്. ചാനല്‍ ചര്‍ച്ചകള്‍കൊണ്ട് ഈയൊരു ഗുണമെങ്കിലും നിനക്ക് കിട്ടിയല്ലോ എന്ന് മായ കളിപറയുന്നു. പിന്നെ എല്ലാവരും ഒരുമിച്ചിരുന്ന് മതിവരുവോളം സംസാരിക്കാന്‍ തുടങ്ങി.

അളകനന്ദ: വാര്‍ത്ത വായനയില്‍ 25 വര്‍ഷത്തെ അനുഭവങ്ങള്‍. സത്യത്തില്‍ മലയാള ടെലിവിഷന്‍ ചരിത്രം ഹേമയുടെ കൂടി കഥയാണ്.
ഹേമലത: ഞാന്‍ വാര്‍ത്ത വായിക്കാന്‍ തുടങ്ങിയത് ടെലിപ്രിന്റര്‍ പോലുമില്ലാത്ത കാലത്താണ്. കടലാസില്‍ വാര്‍ത്തയെഴുതി, അത് കട്ടിയുള്ള കടലാസില്‍ ഒട്ടിച്ച് നോക്കി വായിക്കുകയായിരുന്നു അന്നൊക്കെ. കണ്ണാടിയില്‍ നോക്കി പത്രം വായിച്ച് പ്രാക്ടീസ് ചെയ്താണ് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നത്.

മായ: ഹേമ വന്ന് ആറു മാസം കഴിഞ്ഞാണ് ഞാന്‍ ദൂരദര്‍ശനില്‍ ചേരുന്നത്. ഇടയ്ക്ക് ചില സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിക്കുന്നുണ്ടായിരുന്നു. ഞാന്‍ വാര്‍ത്ത വായിക്കുന്നതാണ് പ്രേക്ഷകര്‍ക്കിഷ്ടം എന്ന് മനസ്സിലായപ്പോള്‍ വാര്‍ത്താവായന കരിയറാക്കി. 1995ല്‍ ഏഷ്യാനെറ്റിലേക്ക് മാറി. അവിടെവെച്ചാണ് പ്രമോദിനെ പരിചയപ്പെടുന്നത്.

പ്രമോദ്: ഏഷ്യാനെറ്റിന്റെ വാര്‍ത്ത സംപ്രേഷണം ഫിലിപ്പീന്‍സില്‍ നിന്ന് സിംഗപ്പൂരിലേക്ക് മാറ്റിയശേഷമാണ് മായ ഞങ്ങളോടൊപ്പം ചേരുന്നത്. അതിനും ആറുമാസം മുമ്പ് ഞങ്ങള്‍ ജോലി തുടങ്ങിയിരുന്നു. ഫിലിപ്പീന്‍സിലെ സുബിക്‌ബേയില്‍ നിന്നായിരുന്നു അന്ന് സംപ്രേഷണം.

മായ: സുബിക്‌ബേയിലെ ജോലി കഷ്ടപ്പാട് നിറഞ്ഞതായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

പ്രമോദ്: ഒരു സ്വകാര്യ ചാനല്‍ ആദ്യമായി മലയാളം വാര്‍ത്ത തുടങ്ങുകയാണ്. പരിമിതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു അപ്‌ലിങ്ക് സ്റ്റേഷന്‍ വാടകയ്‌ക്കെടുത്തായിരുന്നു സംപ്രേഷണം. എഡിറ്റിങ്ങും പ്രൊഡക്ഷനും റിപ്പോര്‍ട്ടിങ്ങും ന്യൂസ് റീഡിങ്ങുമൊക്കെ ചെയ്യാന്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞാനും എന്‍.കെ. രവീന്ദ്രനും. എനിക്കാണെങ്കില്‍ ഒരു ന്യൂസ് റീഡര്‍ക്ക് പറ്റിയ ശരീരഭാഷയേ അല്ലായിരുന്നു. വളരെ മെലിഞ്ഞിട്ടായിരുന്നു. പക്ഷേ, കൂടുതല്‍ പേരെ ഫിലിപ്പീന്‍സിലയയ്ക്കാന്‍ ചാനലിന് സാമ്പത്തിക സ്ഥിതിയില്ലാത്തതുകൊണ്ട് സബ് എഡിറ്ററായ ഞാന്‍ തന്നെ ന്യൂസ് റീഡറായി.

ഭഗത്: സിംഗപ്പൂരില്‍ വെച്ച് ഒരിക്കല്‍ വാര്‍ത്താവായനക്കിടെ തൊണ്ടയ്ക്ക് അസുഖം വന്ന് ശബ്ദം മുട്ടിയ മായയെ പ്രമോദ് രക്ഷിച്ചുവെന്ന കഥയുണ്ടല്ലോ?

മായ: ഇന്ത്യോനേഷ്യന്‍ കാട് കത്തിയ കാലത്താണ് ആ സംഭവം. പുക ശ്വസിച്ച് എനിക്ക് തൊണ്ടയില്‍ അണുബാധ വന്നു. ഒരു ദിവസം വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെ ശബ്ദം നേര്‍ത്തു വന്നു. അവസാനം ഒന്നും പറയാന്‍ പറ്റാതായി. പ്രമോദ് ഓടിവന്ന് ക്യാമറയ്ക്ക് മുന്നിലിരുന്ന് വാര്‍ത്ത തുടര്‍ന്നു. ''മായയ്ക്ക് സുഖമില്ലാത്തതിനാല്‍ ബാക്കി ഞാന്‍ വായിക്കുന്നു', എന്ന് പറഞ്ഞ്. സംഭവം അധികം നാണക്കേടാകാതെ രക്ഷപ്പെട്ടെങ്കിലും നാട്ടില്‍ വാര്‍ത്ത കണ്ടിരുന്ന വീട്ടുകാര്‍ ആകെ ഭയന്നു. എനിക്കെന്തു പറ്റിയെന്ന ആശങ്കയായിരുന്നു അവര്‍ക്ക്. ഒന്നര മാസത്തെ ചികിത്സയ്ക്കുശേഷമാണ് ശബ്ദം ശരിയായത്.

ഹേമലത: ദൂരദര്‍ശനില്‍ മുമ്പൊക്കെ സ്ഥിരമായി ഒരു ബൈസ്റ്റാന്റര്‍ ഉണ്ടാകുമായിരുന്നു. ഇതുപോലുള്ള പ്രശ്‌നം വരുമ്പോള്‍ അയാള്‍ കയറിയിരുന്ന് ബാക്കി വായിക്കും.

പ്രമോദ്: ശബ്ദമാണ് നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ശബ്ദം മുട്ടിയാല്‍ എല്ലാം പോയില്ലേ. അളകനന്ദയുടെ കരിയറിന്റെ തുടക്കം അനൗണ്‍സര്‍ ആയിട്ടായിരുന്നില്ലേ?

അളകനന്ദ: 1992-ല്‍ ബിഎഡ് കഴിഞ്ഞ് കൊല്ലത്ത് അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ദൂരദര്‍ശനില്‍ അനൗണ്‍സറാകുന്നത്. ഒരു ദിവസം യാദൃച്ഛികമായി വാര്‍ത്ത വായിക്കാനുള്ള ചാന്‍സ് കിട്ടി. വായിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ, എനിക്ക് ആത്മവിശ്വാസക്കുറവ് തോന്നിയിരുന്നു. കൊടപ്പനക്കുന്ന് കയറ്റം കയറിവന്ന് ട്രാന്‍സ്മിഷന്‍ ടവര്‍ കാണുമ്പോഴേ തുടങ്ങും വിറയല്‍. ഒരിക്കല്‍ ടെന്‍ഷനടിച്ച് ഏതോ മന്ത്രിയുടെ വകുപ്പ് മാറി വായിച്ചു. ന്യൂസ് റൂമിന് പുറത്തുകടന്ന എന്നെ എല്ലാവരും കാത്തുനില്‍ക്കുകയായിരുന്നു, ശാസിക്കാന്‍. ഇതോടെ ടെന്‍ഷന്‍ കൂടി. ടെന്‍ഷനടിച്ച് ജീവിതം കളയാന്‍ വയ്യെന്ന് തോന്നിയപ്പോള്‍ ചെന്നൈയില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയി. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് സൂര്യയില്‍ ന്യൂസ് റീഡറായി മടങ്ങിവന്നു.

ഭഗത്: ദൂരദര്‍ശനില്‍ വാര്‍ത്തവായിക്കുമ്പോള്‍ ഓരോ തെറ്റുവരുത്തുമ്പോഴും പ്രതിഫലത്തില്‍ നിശ്ചിതസംഖ്യ കുറയ്ക്കുമെന്ന് കേട്ടിട്ടുണ്ട്.
ഹേമലത: പ്രതിഫലത്തുക കുറയ്ക്കുന്ന ഏര്‍പ്പാടൊന്നും ദൂരദര്‍ശനിലില്ല. ഇതൊക്കെ സ്വകാര്യ ചാനലുകാര്‍ പ്രചരിപ്പിക്കുന്ന തമാശകളാണ്. തെറ്റുവരുത്തുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിത്തരാറുണ്ട്. പേഴ്‌സണലായി അത് ഗുണമേ ചെയ്തിട്ടുള്ളൂ.

പ്രമോദ്: മലയാളത്തില്‍ ഇപ്പോഴും വ്യക്തമായും ഉച്ചാരണശുദ്ധിയോടെയും ഭാഷ ഉച്ചരിക്കുന്നതില്‍ കര്‍ശനമായി ശ്രദ്ധിക്കുന്നത് ദൂരദര്‍ശന്‍ തന്നെയാണ്.

മായ: തീര്‍ച്ചയായും. ദൂരദര്‍ശന്‍ പ്രൊഡക്ടുകള്‍ എന്ന നിലയ്ക്ക് ഞങ്ങളുടെ ഫൗണ്ടേഷന്‍ നല്ല സ്‌ട്രോങ്ങാണ്.

അളകനന്ദ: ദൂരദര്‍ശനില്‍ ആദ്യ ന്യൂസ് വായനയ്ക്ക് എത്രയായിരുന്നു പ്രതിഫലം?

ഹേമലത: ഒരു ബുള്ളറ്റിന് 75 രൂപ. ഇപ്പോള്‍ 1000 രൂപയാണ്.

പ്രമോദ്: 25 വര്‍ഷം ജോലി ചെയ്തിട്ടും സ്ഥിരനിയമനം കിട്ടിയില്ല. എന്നിട്ടും ഹേമ മറ്റു ചാനലുകളിലേക്ക് മാറിയില്ലല്ലോ?

ഹേമലത: ഏഷ്യാനെറ്റ് ഒരിക്കല്‍ എന്നെ വിളിച്ചതാണ്. പക്ഷേ, വാര്‍ത്ത വായിക്കാന്‍ ഫിലിപ്പീന്‍സില്‍ പോകണമായിരുന്നു. അതുകൊണ്ട് ഓഫര്‍ വേണ്ടെന്നുവെച്ചു. എങ്കിലും മനസ്സിനിണങ്ങിയ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്ന സംതൃപ്തി ദൂരദര്‍ശന്‍ തരുന്നുണ്ട്.

മായ: ഞാന്‍ ഇതുവരെ മൂന്നു ചാനലുകളില്‍ ന്യൂസ് റീഡറായി. ദൂരദര്‍ശനില്‍ നിന്ന് ഏഷ്യാനെറ്റിലേക്കും പിന്നെ അമൃതയിലേക്കും. ഓരോ ചാനല്‍ മാറുമ്പോഴും എന്റെ കരിയര്‍ഗ്രാഫില്‍ ഉയര്‍ച്ചയേ ഉണ്ടായിട്ടുള്ളൂ. അതാണ് എന്റെ സംതൃപ്തി. പക്ഷേ, ദൂരദര്‍ശന്‍ നല്കിയ പൊട്ടന്‍ഷ്യല്‍ ഞാനൊരിക്കലും മറക്കില്ല.

പ്രമോദ്: ജേര്‍ണലിസ്റ്റുകള്‍ സ്ഥാപനം മാറിമാറി ജോലിചെയ്യുന്ന രീതി എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളകാര്യമാണ്. വ്യക്തിപരമായ നേട്ടങ്ങളും സംതൃപ്തിയും തന്നെയാണ് അതിനുപിന്നില്‍. അല്ലാതെ വൈരാഗ്യമോ പകയോ ഒന്നുമല്ല. 14 വര്‍ഷത്തെ കരിയറിനിടെ മൂന്നു തവണ ഞാന്‍ ചാനല്‍ മാറി. ഏഷ്യാനെറ്റില്‍ നിന്ന് ഇന്ത്യാവിഷനിലേക്ക്, അവിടെ നിന്ന് മനോരമ ന്യൂസിലേക്ക്.

അളകനന്ദ: ഭഗത് ചാനല്‍ മാറ്റത്തില്‍ താല്പര്യമുള്ള ആളല്ലേ?

ഭഗത്: ഇന്ത്യാവിഷന്‍ എനിക്ക് മാക്‌സിമം എക്‌സ്‌പോഷര്‍ നല്‍കുന്നുണ്ട്. ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കവിടെയുണ്ട്. ഒരു ഇടവേളയില്‍ ഞങ്ങളുടെ ചാനലില്‍ സാമ്പത്തികമായ പ്രതിസന്ധി ഉണ്ടായി. ആ ഒരവസ്ഥയില്‍ വേണമെങ്കില്‍ എനിക്ക് മറ്റൊരു ചാനലിലേക്ക് മാറാമായിരുന്നു. എന്തോ എനിക്ക് മനസ്സുവന്നില്ല.

ഹേമലത: നമ്മള്‍ക്കിപ്പോള്‍ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടിത്തുടങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഗൃഹലക്ഷ്മി നമ്മളെ വിളിക്കേണ്ട കാര്യമില്ലല്ലോ.

പ്രമോദ്: വാര്‍ത്ത വായിക്കുക എന്നതില്‍ നിന്ന് അവതരിപ്പിക്കുക എന്ന നിലയിലേക്ക് വളര്‍ന്നപ്പോള്‍ നമ്മളെല്ലാം പ്രേക്ഷകനോട് കൂടുതല്‍ അടുത്തു. മാത്രമല്ല, ടി.വി. സ്‌ക്രീനിലൂടെ നമ്മളെപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലല്ലേ.

ഭഗത്: ഇക്കാലത്ത് ഒരു വാര്‍ത്താ അവതാരകന് സമൂഹം നല്കുന്ന ഒരു സമ്മതിയുണ്ട്. യഥാര്‍ഥത്തില്‍ അതിന്റെ പിന്‍ബലത്തിലാണ് ആത്മവിശ്വാസത്തോടെ ചര്‍ച്ചകള്‍ നയിക്കാന്‍ നമുക്ക് പറ്റുന്നത്. ജനം ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളല്ലേ നമ്മള്‍ ചോദിക്കുന്നത്.

പ്രമോദ്: സ്‌ക്രീനില്‍ കാണുമ്പോള്‍ നമ്മള്‍ എത്ര ഗൗവരക്കാരാണ്. ക്യാമറയുടെ മുന്നില്‍ നിന്ന് മാറുമ്പോള്‍ വെറും സാധാരണക്കാര്‍. പക്ഷേ, നമ്മുടെ ഈ ഗൗരവമുഖമല്ലേ പ്രേക്ഷകര്‍ക്കറിയൂ.

അളകനന്ദ: വേണു ന്യൂസ് റൂമിലെ മേശയ്ക്ക് മുന്നിലിരുന്ന് താളമടിച്ച് നാടകഗാനം പാടുന്ന യൂ ട്യൂബ് വീഡിയോ ഇത്രവലിയ പ്രചാരം നേടിയതും അതുകൊണ്ടാണല്ലോ. പ്രേക്ഷകന്റെ മനസ്സിലെ വേണു ഒരിക്കലും വീഡിയോയില്‍ കാണുന്നതുപോലെയുള്ള സാധാരണക്കാരന്‍ അല്ലല്ലോ. നികേഷിന്റെ മാനറിസങ്ങള്‍ മിമിക്രി വേദികളില്‍ കൈയടി വാങ്ങുന്നതും മറ്റൊന്നുംകൊണ്ടല്ല.

ഹേമലത: വാര്‍ത്ത വായിക്കാനുള്ളതല്ല, അവതരിപ്പിക്കപ്പെടേണ്ടതാണ് എന്ന് ആദ്യമായി ചിന്തിച്ചത് ആരായിരിക്കും?

പ്രമോദ്: പ്രണയ് റോയ്, രാജ്ദീപ് സര്‍ദേശായി, ബര്‍ക്കാദത്ത് ഇവരൊക്കെയാണ് ഇത്തരമൊരു പ്രസന്റേഷന്‍ രീതിയുടെ ഇന്ത്യയിലെ വക്താക്കള്‍ എന്നുപറയാം. മലയാളത്തില്‍ ഏഷ്യാനെറ്റിലെ ശശികുമാര്‍ സാറാണ് ഇങ്ങനെയൊരു സാധ്യത ആദ്യമായി മുന്നില്‍ കണ്ടത്. പിന്നെ നികേഷിനെപോലെയുള്ള ആളുകളാണ് അത് കുറച്ചുകൂടി വിജയകരമായി പരീക്ഷിക്കുന്നത്.

ഹേമലത: ചാനല്‍ ചര്‍ച്ചകളെക്കുറിച്ച് പക്ഷേ, ആരോപണങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. അവസാനം അവതാരകന്‍ ജയിക്കുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നത് എന്നുപോലും.

പ്രമോദ്:

അഗ്രസീവ് ജേര്‍ണലിസത്തില്‍ വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ ഉണ്ടാകുമല്ലോ. എങ്കിലും അവതാരകന്‍ പറഞ്ഞതാണ് ശരി എന്നമട്ടില്‍ ചര്‍ച്ച അവസാനിപ്പിക്കുന്ന രീതി ഒരു ചാനലും പ്രോത്സാഹിപ്പിക്കാറില്ല.

ഹേമലത: പക്ഷേ, പലപ്പോഴും നിങ്ങള്‍ക്ക് ചര്‍ച്ചക്കെത്തുന്നവരുമായി കയര്‍ക്കേണ്ടിവരുന്നു.

ഭഗത്: സി.പി.എം. നേതാവ് എം.വി. ജയരാജനെപ്പോലെ പെട്ടെന്ന് അരഗന്റ് ആവുകയും ''വിചാരണക്കല്ല ഞാനിങ്ങോട്ട് പോന്നത്' എന്ന് കയര്‍ക്കുകയും ചെയ്യുന്നവരുണ്ടാകാം. പക്ഷേ, അവരൊന്നും പിണങ്ങിയല്ല സ്റ്റുഡിയോ വിടുന്നത്. ഞങ്ങള്‍ വീണ്ടും വിളിക്കുമ്പോള്‍ അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാറുമുണ്ട്.

അളകനന്ദ: ദൂരദര്‍ശന്‍ എന്തുകൊണ്ട് അഗ്രസീവ് ജേര്‍ണലിസത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു?

ഹേമലത: വാര്‍ത്തക്കിടയ്ക്കുള്ള ഡിസ്‌കഷന്‍ ഇപ്പോള്‍ ദൂരദര്‍ശനിലുണ്ട്. പക്ഷേ, ചര്‍ച്ചയില്‍ സ്വന്തമായി ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതിയില്ല. അതെല്ലാം ചാനലിന്റെ പോളിസി അനുസരിച്ച് തയ്യാറാക്കി നല്‍കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ മുഖ്യമന്ത്രി നായനാര്‍ എന്നോട് ചോദിച്ചു, 'കൊച്ചേ, എഴുതിതരുന്നതല്ലാതെ മറ്റെന്തെങ്കിലും ചോദിക്കാന്‍ പറ്റ്വോ.''ഞാന്‍ പറഞ്ഞു, 'സോറി സാര്‍, ഇത് ദൂരദര്‍ശനാണ്.

ഭഗത്: സ്വകാര്യചാനലുകളുടെ വാര്‍ത്താവതരണ രീതി ദൂരദര്‍ശനില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ലേ?

ഹേമലത: നിങ്ങളുടെയെല്ലാം അവതരണരീതി അപ്രിഷിയേറ്റ് ചെയ്യപ്പെടാറുണ്ട്. പക്ഷേ, വാര്‍ത്തയില്‍ സെന്‍സേഷണലിസം പരിധിവിടുന്നു എന്നൊരു പരാതി സ്വാഭാവികമായും ഉണ്ടാവുന്നുണ്ട്.

പ്രമോദ്: ഹേമ പറയുന്നതിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ല. ആര്‍ക്കും താല്പര്യമില്ലാത്ത ചില കാര്യങ്ങളിലേക്ക് ചര്‍ച്ച കൊണ്ടുപോയി അത് മാത്രം സെന്‍സേഷണല്‍ ചെയ്ത് കാണിക്കുന്ന രീതി ചില ദേശീയ ചാനലുകള്‍ ചെയ്യുന്നുണ്ടാകാം. അതേസമയം, ഇതേ രീതിയില്‍ ദേശീയ ചാനലുകള്‍ ഏറ്റെടുത്ത് ഇംപാക്ട് ഉണ്ടാക്കിയ വാര്‍ത്തകള്‍ ഉണ്ട്. അത് കാണാതിരിക്കരുത്.

ഹേമലത: എക്‌സ്‌ക്ലൂസീവിനായുള്ള പരക്കംപാച്ചിലിനിടയില്‍ എന്തെല്ലാം അബദ്ധങ്ങള്‍ നിങ്ങള്‍ കാണിക്കുന്നു. കാണിക്കുന്ന ഫ്ലഷുകളില്‍ മിക്കവയും ഫോളോഅപ് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്.

പ്രമോദ്: ദേശീയ പ്രാധാന്യമുള്ള ആളുകള്‍ മരിക്കാന്‍ കിടക്കുമ്പോള്‍, മരണവാര്‍ത്ത ആദ്യം ഞങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യും എന്ന വാശി എല്ലാ ചാനലുകളും കാണിക്കാറുണ്ട്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പേ മരിച്ചുവെന്ന് കേരളത്തിലെ എല്ലാ ചാനലുകളും ഫ്ലഷ് ന്യൂസ് നല്‍കി. ചിലര്‍ അനുശോചന സന്ദേശങ്ങള്‍വരെ സംപ്രേഷണം ചെയ്തു. ഇങ്ങനെയുള്ള അബദ്ധങ്ങള്‍ വരാന്‍ പാടില്ലാത്തതാണ്.
ഹേമലത: ന്യൂസ് ചാനലുകള്‍ മുംബൈ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത രീതിയെക്കുറിച്ചും വിമര്‍ശങ്ങള്‍ ഉണ്ടായി.

പ്രമോദ്: മുംബൈ ഭീകരാക്രമണത്തിന്റെ റിപ്പോര്‍ട്ട് ലൈവായി നല്‍കിയത് അത്ര വലിയ അപരാധമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ''തത്കാലം മറ്റു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാം, മുംബൈ ഭീകരാക്രമണം തീരുമ്പോള്‍ തീരട്ടെ' എന്ന് പറഞ്ഞ് മിണ്ടാതിരിക്കാന്‍ ഇക്കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ പറ്റില്ല. മത്സരമാണ് നമ്മളെയൊക്കെ ഫീല്‍ഡില്‍ ലൈവായി നിര്‍ത്തുന്നത്. അല്ലേ ഭഗത്?

ഭഗത്: (മായയുടെ അടുത്ത് എന്തോ സംസാരിക്കുന്നതിനിടെ മുഖം തിരിച്ചുകൊണ്ട്) ഞാന്‍ പറയുകയായിരുന്നു, സത്യത്തില്‍ ചാനലുകള്‍ കാണിക്കുന്ന ആത്മനിയന്ത്രണം പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഒരു വര്‍ഗീയകലാപം ഉണ്ടാകുമ്പോള്‍ അതില്‍ പങ്കാളികളായവര്‍ ഇന്ന മതക്കാരാണ് എന്ന് ഒരു ചാനലും പറയാറില്ല. ഇരുവിഭാഗക്കാര്‍ എന്നേ പറയൂ. എത്തിക്‌സിന്റെ ഭാഗമാണിത്.
(ഇനി ചാനല്‍കാര്യം വിട്ടുകള എന്ന് മായ സംസാരം വഴിമാറ്റുന്നു. ഹേമലത ഉടുത്ത സാരി നോക്കി 'നല്ല സെലക്ഷന്‍' എന്ന കോംപ്ലിമെന്റും.)

മായ: നല്ലൊരു സാരിയൊക്കെ ഉടുത്ത് ഒരു കല്യാണത്തിനോ പാര്‍ട്ടിക്കോ പങ്കെടുത്ത കാലം മറന്നു. സത്യത്തില്‍ കീ കൊടുത്ത കളിപ്പാട്ടം പോലെയാണ് നമ്മുടെ ജീവിതം.

പ്രമോദ്: ഗ്ലാമറില്‍ വരുന്ന നമ്മളെ മാത്രമേ ആളുകള്‍ക്കറിയൂ. എന്നാല്‍ എത്ര കഠിനമായ ജോലിയാണ് നമ്മുടേത്. സമയവുമായാണ് നമുക്ക് മത്സരം. കുടുംബത്തോടൊപ്പം അല്പനേരം, ഭാര്യയ്ക്കും മോനുമൊപ്പം ഒരു കറക്കം. ഇതിന്റെ സുഖമൊന്നും അനുഭവിക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. പിന്നെ ചെയ്യാവുന്ന കാര്യം ജോലിയില്‍ സന്തോഷം കണ്ടെത്തുക എന്നതു മാത്രമാണ്.

ഭഗത്: ഞാനിപ്പോള്‍ 12-14 മണിക്കൂര്‍ ജോലി ചെയ്യുന്നു. എന്തെങ്കിലും പ്രധാന സംഭവം നടന്നാല്‍ ജോലി സമയം ഇതിലും കൂടും. ആദ്യമൊക്കെ അച്ഛനും അമ്മയും പറയുമായിരുന്നു, ഈ പണി വേണ്ടെന്ന്. പക്ഷേ, എന്റെ ഇഷ്ടമിതാണെന്ന് ബോധ്യമായപ്പോള്‍ അവര്‍ ജോലിയെ അംഗീകരിച്ചു. എന്റെ ഭാര്യ നിഷയും ജീവന്‍ ടിവിയില്‍ വാര്‍ത്താവതാരകയാണ്. സാഹചര്യങ്ങള്‍ മനസ്സിലാക്കി ജീവിക്കുന്നതുകൊണ്ടാകാം ഞങ്ങളിതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു.

അളകനന്ദ: ആളുകളുടെ സങ്കല്പത്തില്‍ ടി.വിയിയില്‍ കാണുന്ന നമ്മളൊക്കെ ഭയങ്കര ഭാഗ്യമുള്ളവരാണ്.

മായ: നമ്മുടെ കരിയര്‍ എക്‌സ്‌പോഷര്‍ മാത്രമേ അവര്‍ കാണുന്നുള്ളൂ. നമ്മുടെ മനസ്സ് അവര്‍ എന്തിനറിയണം?

ഹേമലത: ദൂരദര്‍ശനില്‍ കര്‍ശന നിയമമുണ്ട്. സങ്കടം വരുന്ന വാര്‍ത്തയാണെങ്കിലും സന്തോഷം വരുന്ന വാര്‍ത്തയാണെങ്കിലും വായിക്കുന്നയാള്‍ അതിനനുസരിച്ച് വികാരംകൊള്ളാന്‍ പാടില്ല. പക്ഷേ, ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അറിയാതെ കരഞ്ഞുപോകും. എത്രനേരം നമ്മുടെ സ്വത്വത്തെ മറച്ചുപിടിക്കാന്‍ കഴിയും? തട്ടേക്കാട് ബോട്ട് ദുരന്തം വായിക്കുമ്പോള്‍ മനസ്സ് പതറി, കണ്ണുനിറഞ്ഞുപോയി.

അളകനന്ദ: ചെറിയ കാര്യത്തിനുപോലും എന്റെ മനസ്സ് വിഷമിക്കാറുണ്ട്. പക്ഷേ, ന്യൂസ് റൂമില്‍ ഞാന്‍ മറ്റൊരാളാകും. സാഹചര്യങ്ങളല്ലേ ഒരാളുടെ സ്വഭാവം നിശ്ചയിക്കുന്നത്.

മായ: ഞാനും നന്ദ പറഞ്ഞ ടൈപ്പിലുള്ള ആളാണ്. പക്ഷേ, ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എത്ര ശ്രമിച്ചാലും മനസ് നിയന്ത്രിക്കാന്‍ കഴിയില്ല. രാജീവ് ഗാന്ധിയുടെ മരണവാര്‍ത്ത വായിച്ചപ്പോള്‍ ഏറെ വേദന തോന്നി.

പ്രമോദ്: മികച്ച വാര്‍ത്താ വായനക്കാരിക്കുള്ള അവാര്‍ഡ് പലതവണ വാങ്ങിയ ന്യൂസ് റീഡറാണ് ഈ പറയുന്നത്! (എല്ലാവരും ചിരിക്കുന്നു.)

'ഉച്ചയ്ക്ക് സ്റ്റുഡിയോയിലെത്തണം. വാര്‍ത്ത വായിക്കാനുണ്ട്', മായ വാച്ച് നോക്കുന്നു.

ഭഗത്: കണ്ടില്ലേ, ഇതാണ് നമ്മുടെ ലൈഫ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ല. രാവിലെ ഞാന്‍ ജോലിക്ക് പോകുമ്പോള്‍ മോള്‍ ഉറങ്ങുകയായിരിക്കും. വൈകീട്ട് വരുമ്പോഴേക്കും അവളുറങ്ങും. ഇതൊന്നും ഒരു സാധാരണ മലയാളി യുവാവ് ആഗ്രഹിക്കുന്ന ജീവിതമല്ലല്ലോ.

പ്രമോദ്: നമ്മുടെ ജീവിതത്തിലെ ത്രില്ലും അതാണല്ലോ.

അളകനന്ദ: എനിക്ക് സൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍പോലും സമയം കിട്ടാറില്ല. ഇപ്പോഴെന്നെ ആരും കല്യാണത്തിനും പാര്‍ട്ടിക്കുമൊന്നും വിളിക്കാറില്ല. കാരണം അവര്‍ക്കറിയാം ക്ഷണിച്ചാലും പോകാന്‍ നമുക്ക് കഴിയില്ലെന്ന്. തിരുവോണം പോലും നമ്മള്‍ ആഘോഷിക്കുന്നത് ന്യൂസ് റൂമിലാണല്ലോ?

ഭഗത്: ഈ ജോലിയില്‍ മടുപ്പ് വിഷയമല്ലേ?

ഹേമലത: ദിവസവും മാറ്റങ്ങളിലൂടെ കടന്നു പോവുകയല്ലേ നമ്മള്‍. ഇന്നലെ അവതരിപ്പിച്ച വാര്‍ത്തയല്ലല്ലോ നാളെ. കൂടാതെ ടെക്‌നോളജി മാറുന്നു, പുതിയ പ്രേക്ഷകര്‍ വരുന്നു. അതുകൊണ്ടൊക്കെയാവാം ഇപ്പോഴും ന്യൂസ്‌റൂമില്‍ ആദ്യവാര്‍ത്താവായനയുടെ ത്രില്ലുണ്ട് എനിക്ക്, ടെന്‍ഷനും.

മായ: ചര്‍ച്ചകളില്‍ എല്ലാ ചാനലുകളിലും കാണുന്നത് മിക്കവാറും ഒരേ മുഖങ്ങളാണ്.

പ്രമോദ്: നല്ലപോലെ സംസാരിക്കുന്നവരെയല്ലേ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ കഴിയൂ.

ഹേമലത: ചര്‍ച്ചയില്‍ പ്രമോദിനെ ആകര്‍ഷിച്ച ആള്‍ കാണുമല്ലോ?

പ്രമോദ്: ഉദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായും സ്​പഷ്ടമായും കുറഞ്ഞ സമയംകൊണ്ട് പറയുന്ന ഒരാളാണ് കെ. മുരളീധരന്‍ എന്നു തോന്നിയിട്ടുണ്ട്.

അകളനന്ദ: ഭഗത്തിനും ഇതേ അഭിപ്രായമാണോ?

ഭഗത്: മുരളീധരനും, എം.ഐ. ഷാനവാസും, ഡോ. സെബാസ്റ്റ്യന്‍ പോളുമൊക്കെ കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്നവരാണ്.

ഹേമലത: കഴിഞ്ഞ ദിവസം ടി.വിയില്‍ ഒരു കോമഡി ഷോ കണ്ടു. കോട്ടും ടൈയുമൊക്കെ വാടകക്ക് നല്‍കുന്ന ഒരു കട. അതിന് മുന്നില്‍ ഡ്രസ് വാടകക്കെടുക്കാന്‍ ക്യൂ നില്‍ക്കുന്ന ന്യൂസ് റീഡര്‍മാര്‍.

ഭഗത്: പക്വതയുടേയും അന്തസ്സിന്റേയും സിംബലായാണ് കോട്ടും ടൈയും ഡ്രസ് കോഡാക്കാന്‍ ഇന്ത്യാവിഷന്‍ തീരുമാനിച്ചത്. ഇപ്പോഴത് മറ്റു ചാനലുകളും അംഗീകരിച്ചു.

മായ: പ്രമോദ് ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. സിംഗപ്പൂരില്‍ ആയിരുന്ന കാലത്ത് ഡ്രസ് കോഡിനെക്കുറിച്ചൊന്നും നമ്മള്‍ ആലോചിച്ചിട്ട് പോലുമില്ല. ഉള്ള വസ്ത്രംപോലും പലപ്പോഴും വൃത്തിയായി ഇസ്തിരിയിടാന്‍ പോലും സാധിക്കാറില്ല.

പ്രമോദ്: കാലം മാറിയില്ലേ മായ. ഇപ്പോള്‍ മനോരമയില്‍ അപ്പിയറന്‍സിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചാനല്‍ തന്നെ ഓരോ ന്യൂസ് റീഡര്‍ക്കും വസ്ത്രങ്ങള്‍ സപ്ലൈ ചെയ്യുകയാണ്. ഓരോ ദിവസവും നമ്മള്‍ അണിയാനുദ്ദേശിക്കുന്ന ഡ്രസ് ഏതാണ്, കളര്‍ ഏതാണ് എന്നൊക്കെ നേരത്തെ തന്നെ എഴുതികൊടുക്കണം. ഒരാള്‍ക്ക് സപ്ലൈ ചെയ്ത വസ്ത്രം അയാള്‍ മാത്രമേ ധരിക്കുന്നുള്ളൂ എന്ന് നോക്കാന
...

No comments:

Post a Comment