Related Posts with Thumbnails

2010-02-16

മൂന്നാര്‍-നമ്മുടെ കാശ്മീര്‍

മലയാളിക്ക് ഒരു കശ്മീരുണ്ട്. കാഴ്ചയുടെ കുളിരുകോരുന്ന മലമടക്കും ഊട്ടിയും കൊടൈക്കനാലും ഒത്തുചേരുന്ന സൗന്ദര്യവും ഒക്കെയായി മൂന്നാര്‍. 


കുളിരില്‍ മൂന്നാറിനെ നുണയാം, തണുപ്പ് ഒട്ടും കളയാതെ. കുറഞ്ഞത് രണ്ടുദിവസമെങ്കിലും വേണം മൂന്നാറിനെ ആകമാനം ആസ്വദിക്കാന്‍. മൂന്നാര്‍ നിങ്ങളോട് ഒരു രാത്രിയെങ്കിലും ആവശ്യപ്പെടുമെന്ന് പറയും.

കോതമംഗലം വഴി പോകുകയാണെങ്കില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ യാത്ര അനുഭവമാക്കാം. കൊടുംകാട്ടിന് നടുവിലൂടെ, തേയിലത്തോട്ടത്തിനും ഏലക്കാടുകള്‍ക്കും നടുവിലൂടെ, കാട്ടരുവികള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ഇടയിലൂടെ , ഹൈറേഞ്ചിന്റെ വളവും പുളവും ചരിവും ഒക്കെയറിഞ്ഞ് അടിമാലിയില്‍ നിന്ന് 30 കിലോമീറ്റര്‍ കഴിഞ്ഞാല്‍ മൂന്നാര്‍ ടൗണിലെത്താം. രാവിലെയായാല്‍ പശ്ചിമഘട്ടത്തിന്റെ കാഴ്ച ഉള്ളില്‍ കുടിയേറും. അപൂര്‍വയിനം സസ്യജാലങ്ങളും ജീവജാലങ്ങളുമൊക്കെ മൂന്നാറിന് സ്വന്തമാണെന്ന് ഓര്‍ത്തുവേണം മൂന്നാര്‍ യാത്ര.

മലമടക്കുകളെ തഴുകിയൊഴുകിയെത്തുന്ന മധുരപ്പുഴയും നല്ലത്താണിയും കുണ്ടലയും ഒന്നാവുന്നിടമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍നിന്ന് 6000 അടി മുകളില്‍. ആദ്യദിനം മാട്ടുപ്പെട്ടി ഡാമും എക്കോ പോയിന്റും ഇന്‍ഡോ സ്വിസ് പ്രോജക്ടായ കന്നുകാലി വളര്‍ത്തല്‍കേന്ദ്രവും ടോപ്‌സ്റ്റേഷനും കണ്ടുതീര്‍ക്കാം. ടൗണില്‍നിന്ന് 10 കിലോമീറ്ററുണ്ട് മാട്ടുപ്പെട്ടി ഡാമിലേക്ക്. ബോട്ടിങ്ങും കുതിരസവാരിയുമൊക്കെയുണ്ട്.

അഞ്ചുകിലോമീറ്റര്‍ കൂടി പോയാല്‍ എക്കോ പോയിന്റ്. തടാകത്തിനിക്കരെനിന്ന് ഉറച്ചുള്ള വിളികള്‍ പ്രതിധ്വനിപ്പിക്കുന്ന മലമടക്ക്. അവിടെനിന്ന് 17 കിലോമീറ്റര്‍ ഉയരെ ടോപ്പ്‌സ്റ്റേഷന്‍. തമിഴ്‌നാട് അതിര്‍ത്തിവനം. തമിഴ്താഴ്‌വാരവും (തേനി) മലമുകളില്‍ നിന്നുള്ള പ്രകൃതിയുടെ വിരുന്നും ആസ്വദിക്കാം. കുറിഞ്ഞിപൂക്കും മലകള്‍ ഏറെയും ഈ യാത്രയിലാണ്. 24 ഇഞ്ച്‌ഗേജ് ട്രെയിന്‍വഴി തേയില കടത്തിയിരുന്നതും ഇവിടെനിന്ന്. റോപ് വേ സൗകര്യവും ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ ട്രക്കിങ്ങിന് സൗകര്യമുണ്ട്. അവിടെനിന്ന് കൊടൈക്കനാലിലേക്ക് കടക്കാമെങ്കിലും ഇപ്പോള്‍ നിരോധിച്ചിരിക്കുന്നു.

രണ്ടാംദിനം രാജമല (ഇരവികുളം ദേശീയോദ്യാനം), ചിന്നാര്‍ വന്യജീവിസങ്കേതം എന്നിവയാകാം. പുലര്‍ച്ചെയോ വൈകുന്നേരമോ ചിന്നാറിലെത്തിയാലേ വന്യജീവികളെ കാണാനാകൂ. ആന, കാട്ടുപോത്ത്, മാന്‍, ഹനുമാന്‍കുരങ്ങ്, മയില്‍ എന്നിവയൊക്കെ വഴിയരികിലെ കാഴ്ചകളാവാം (ഭാഗ്യംപോലെ). ചിന്നാറിലെ മലയണ്ണാന്‍ സംരക്ഷിതവിഭാഗത്തില്‍പ്പെട്ടതാണ്.

ചിന്നാര്‍ യാത്രയ്ക്കിടെയാണ് ശര്‍ക്കരയ്ക്കും ചന്ദനത്തിനും പേരുകേട്ടതും ശിലായുഗസംസ്‌കാരം പേറുന്നതുമായ മറയൂര്‍. അവിടെനിന്ന് ആപ്പിള്‍ വിളയുന്ന കാന്തല്ലൂരും പോകാം.

ചിന്നാറില്‍നിന്ന് ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക് വഴി മധുരയ്ക്കും പളനിക്കും കടക്കാതെ ഇരവികുളത്തേക്ക് മടങ്ങാം. പകലിന്റെ പകുതിയെങ്കിലും വേണം ഇരവികുളത്ത്; വരയാടുകളുടെ ആവാസകേന്ദ്രം. മൂന്നാറെന്നാല്‍ സംരക്ഷിതവിഭാഗത്തില്‍പ്പെട്ട വരയാടുകളെ കാണുകയെന്നത് കൂടിയാവണം. 97 കിലോമീറ്റര്‍ ചുറ്റളവ് വരുന്ന ഈ മലമടക്കുകളും കുറിഞ്ഞി പൂത്തിറങ്ങുന്നവയാണ് (ഈ വിരുന്നിനായി ഇനി 2018 വരെ കാത്തിരിക്കണം) ഉയരത്തിന് കേഴ്‌വികേട്ട ആനമുടി (2695 മീ) ഈ ഉദ്യാനത്തിലാണ്. വനംവകുപ്പിന്റെ അനുമതിയോടെ ആനമുടി ട്രക്കിങ്ങിന് സൗകര്യമുണ്ട്.

No comments:

Post a Comment