Related Posts with Thumbnails

2010-02-28

പ്രിയ സുഹൃത്തുക്കളെ,


ഈ ഗ്രൂപ്പിലുള്ള ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ ഒരു വൃദ്ധയുടെ നരക ജീവിതം ഇവിടെ പകര്‍ത്തട്ടെ.
8 മക്കളുള്ള (6-ആണും 2 പെണ്ണും) പ്രായമായ ഒരു അമ്മ. ഇപ്പോള്‍ അവര്‍ക്ക്‌ 85-90 വയസ്‌ ഉണ്ട്‌. ഭര്‍ത്താവ്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയി. 
മക്കളില്‍ 3 പേരെ പഠിപ്പിച്ച്‌ ഉദ്യോഗസ്ഥരാക്കി. എല്ലാവരേയും നല്ല രീതിയില്‍ വിവിഹവും കഴിപ്പിച്ചു. മൂത്ത മകന്‍ അയാള്‍ക്ക്‌ ഇഷ്ടപ്പെട്ട അന്യ മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ റജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇളയ മകന്‍ വിവാഹം കഴിച്ച്‌ ഭാര്യവീട്ടിലാണ്‌ താമസം.

ഉള്ള വസ്‌തു വകകള്‍ എല്ലാവര്‍ക്കും തുല്ല്യമായി വീതം വെപ്പും കഴിഞ്ഞു. ബാക്കി 15 സെന്റ്‌ വസ്‌തു അവര്‍ക്കു സ്വന്തമായിരുന്നു. ഈ അമ്മ കഠുത്ത പ്രമേഹ രോഗിയുമാണ്‌. ഇപ്പോള്‍ മൂത്ത മകന്റെ കൂടെയാണ്‌ താമസം. 6 മാസത്തിനു മുന്‍പ്‌ ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നു പറഞ്ഞ്‌ കൊണ്ടുപോയി ഉള്ള 15 സെന്റ്‌ വസ്‌തു മൂത്ത മകന്‍ സ്വന്തം പേരില്‍ എഴുതി വാങ്ങി. ഇതറിഞ്ഞ മറ്റു മക്കള്‍ ഇപ്പോള്‍ ഈ അമ്മയെ കാണാന്‍ വരുകയോ സഹായിക്കുകയോ ഇല്ല. ഇളയ മകള്‍ വല്ലപ്പോഴു വന്ന്‌ എന്തെങ്കിലും കെടുക്കും. എന്നാല്‍ അവര്‍ പോയിക്കഴിയുമ്പോള്‍ അവരു കൊണ്ടുവന്ന സാധനങ്ങളും പൈസയും മരുമകള്‍ കയ്‌ക്കലാക്കും. എന്നിട്ടുചോദിക്കും മരിക്കാന്‍ കിടക്കുന്ന നിങ്ങള്‍ക്കെന്തിനാ ഇതൊക്കെ എന്ന്‌.

വസ്‌തു എഴുതിക്കൊടുക്കുന്നതു വരെ സ്വന്തമായി അവരുടെ എല്ലാ കാര്യങ്ങളും ചെയ്യുമാരുന്ന അവര്‍ ഇപ്പോള്‍ അവശ ആയിരിക്കുന്നു. അവര്‍ പണി കഴിപ്പിച്ച വീട്ടില്‍ അവര്‍ അനാഥയായി കഴിയുന്നു. വീടിന്റെ പുറകുവശത്തുള്ള ഒരു ഇരുട്ടുമുറിയിലേക്ക്‌ അവരെ മാറ്റി. അവിടെ അവര്‍ മരണവും കാത്തു കഴിയുകയാണ്‌. നടു ഭാഗം പൊട്ടിപ്പൊളിഞ്ഞ കട്ടിലില്‍ മലമൂത്രത്തിന്റെ ഇടയിലാണ്‌ കിടക്കുന്നത്‌. ഭക്ഷണമോ വെള്ളമോ സമയാ സമയം കൊടുക്കുകയില്ല. മരുന്നു കൊടുക്കുന്നത്‌ നിര്‍ത്തി. പ്രമേഹം ഇപ്പോള്‍ വളരെ കൂടുതലാണ്‌. ദുര്‍ഗ്ഗന്ധം കാരണം ആ ഇരുട്ടുമുറിയിലേക്ക്‌ ആരും തിരഞ്ഞുനോക്കാറില്ല. ഇവര്‍ മരിച്ചു കഴിഞ്ഞാലെ എഴുതി വാങ്ങിയ വസ്‌തു മകന്‌ വില്‍ക്കാന്‍ പറ്റുകയുള്ളു. അതുകാരണമാണ്‌ ഭക്ഷണമോ മരുന്നോ നല്‍കാത്തത്‌.

പ്രായമായ ഈ അമ്മയെ എങ്ങനെ സഹായിക്കാന്‍ പറ്റും? മകന്‍ എഴുതിവാങ്ങിയ വസ്‌തു എങ്ങനെ തിരികെ വാങ്ങാന്‍ പറ്റും? ഇത്‌ തിരികെ വാങ്ങി വിറ്റിട്ട്‌ ഏതെങ്കിലും അനാഥാലയത്തിലോ വൃദ്ധ സദനത്തിലോ ഈ അമ്മയെ സംരക്ഷിക്കാന്‍ പറ്റുമോ?

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ എവിടെയാണ്‌ പരാതി കൊടുക്കേണ്ടത്‌?
ഇതിന്‌ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

No comments:

Post a Comment