Related Posts with Thumbnails

2010-02-15

ബച്ചന്‍ എന്നെ ചതിച്ചു- തിലകന്‍




പാവപ്പെട്ട തിലകനോടുള്ള അവഗണന തുടരുകയാണ്. ഉദയനാണ് താരം എന്ന ചിത്രത്തില്‍ സരോജ്കുമാര്‍ തന്നെയൊരു ജൂണിയര്‍ അര്‍ടിസ്റ്റ് അടിക്കുന്ന സീനില്‍ അഭിനയിക്കില്ലെന്നും തന്നെ അടിക്കണമെങ്കില്‍ ഹിന്ദിയില്‍ നിന്ന് അമരീഷ് പുരിയെ കൊണ്ടുവരണമെന്നും പറയുന്നുണ്ട്. അമരീഷ് പുരി കാലം ചെയ്തു പോയി. ഹിന്ദിയില്‍ നിന്നു വരുന്നത് സാക്ഷാല്‍ ബച്ചനാണ്, അമിതാഭ് ബച്ചന്‍. ആര്‍ക്കു പോയി ? ബച്ചന്‍റെ അച്ചനായി വരെ അഭിനയിക്കാമെന്ന ആത്മവിശ്വാസമുള്ള, അഭിനയിച്ചു കാണിച്ചിട്ടുള്ള നമ്മുടെ പ്രിയങ്കരനായ തിലകനു പോയി.
ഇന്നല്ലെങ്കില്‍ നാളെ, തനിക്കു വച്ചിരുന്ന വേഷമാണ് ബച്ചന് നല്‍കിയത് എന്നു പറഞ്ഞ് തിലകന്‍ ചേട്ടന്‍ അലമ്പുണ്ടാക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. എങ്ങിനെയാണ് പത്രത്തില്‍ പേരൊന്നു വരുത്തേണ്ടതെന്നു കരുതി തക്കം പാര്‍ത്തിരിക്കുന്ന കൊളോണിയലിസ്റ്റ് ചിന്താസരണികള്‍ തിലകന്‍ ചേട്ടനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തുമെന്നും പ്രത്യാശിക്കാം.തിലകന്‍ ചേട്ടന്‍റെ ലൈനില്‍ ചിന്തിച്ചാല്‍ അദ്ദേഹം എന്തൊക്കെ പറയുമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ. മമ്മൂട്ടി നേരിട്ടിടപെട്ട് തിലകനെ സംരക്ഷിക്കുന്നതില്‍ നിന്നും സിപിഎമ്മിനെയും തിലകനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നു കൈരളി ചാനലിനെയും വിലക്കി എന്നാണു പറയുന്നത്(പ്രകാശ് കാരാട്ട് പറഞ്ഞിട്ടു കേള്‍ക്കുന്നില്ല, പിന്നെയാണ് മമ്മൂട്ടി). ഇതിപ്പോള്‍ അതിനെക്കാള്‍ ഗുരുതരമാണ്. തിലകന്‍ ചേട്ടനെ ചിത്രത്തില്‍ നിന്നൊഴിവാക്കാന്‍ വേണ്ടി മറ്റേ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാല്‍ നേരിട്ടാണ് അമിതാഭ് ബച്ചനെ വിളിച്ചു വരുത്തുന്നത്. അല്ല ലാലേട്ടാ, നിങ്ങടെ ജാതിയേതാ ? (ജാതി ചോദിക്കരുത് എന്നു പറയാന്‍ ലാലേട്ടന്‍ യുഗപുരുഷനില്‍ അഭിനയിച്ചിട്ടില്ലല്ലോ).
മലയാള സിനിമയില്‍ ഓരോ ഷോട്ടും തീരുമാനിക്കുന്നതും ക്ലോസപ്പ് വയ്‍ക്കുന്നതുമൊക്കെ ജാതി നോക്കിയിട്ടാണ് എന്നാണ് തിലകന്‍ ചേട്ടന്‍ പറഞ്ഞിട്ടുള്ളത്. തിലകന്‍ ചേട്ടന്‍റെ ആശങ്കകള്‍ സത്യമായിരുന്നെങ്കില്‍ എം.എസ്.തൃപ്പൂണിത്തുറയും ജഗന്നാഥവര്‍മയുമൊക്കെ ഇവിടെ മെഗാ സ്റ്റാറുകളാവേണ്ടതായിരുന്നു. ഒന്നും സംഭവിച്ചില്ല, എന്നു കരുതി അണ്ടിയേതാ മാങ്ങയേതാ എന്നു തിരിച്ചറിയാനുള്ള വകതിരിവില്ലാത്ത പുങ്കന്‍മാര്‍ തിലകനെപ്പോലൊരു മഹാനടനെ ഒലത്തിക്കളയാമെന്നും വിചാരിക്കേണ്ട. ബൈ ദ ബൈ ഞാന്‍ വിഷയത്തില്‍ നിന്നും വിട്ടുപോയി.മെഗാ സ്റ്റാറുകളെ വെറും കൊച്ചുപ്രേമന്‍മാരാക്കിക്കൊണ്ട് സൂപ്പര്‍മെഗാട്രിഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ മലയാള സിനിമയിലേക്കു വരുന്നത് സത്യമാണ്. ബച്ചന്‍ നായകനും കാവ്യ മാധവനും ലക്ഷ്മി റായിയും നായികമാരും സായ്കുമാറും സിദ്ദിഖും വില്ലന്‍മാരുമായി ഒരു മലയാള ചിത്രമാണ് ഉദ്ദേശിക്കുന്നതെന്നു കരുതി പ്രേക്ഷകരാരും ആവേശം കൊള്ളരുത്. ഉദയകൃഷ്ണ- സിബി കെ. തോമസ് ടീമിന്‍റേതല്ല തിരക്കഥ. പിന്നെങ്ങനെ മലയാളത്തിലൊരു സിനിമ ഓടുമെന്ന് എനിക്കറിയില്ല.
മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന കാണ്ഡഹാറില്‍ അമിതാഭ് ബച്ചന്‍ പ്രധാനവേഷമാണ് അഭിനയിക്കുന്നത്. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കാണ്ഡഹാറിലിറക്കിയ സംഭവത്തെ അടിസ്ഥാനമാക്കി മേജര്‍ രവി ഒരുക്കുന്ന ചിത്രമാണ് കാണ്ഡഹാര്‍. തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനത്തിലെ ബന്ദികളിലൊരാളുടെ (സ്വാഭാവികമായും നായികയുടെ)അച്ഛനായാണ് ബച്ചന്‍ അഭിനയിക്കുന്നത്. എട്ടോ ഒന്‍പതോ ദിവസത്തെ ഷൂട്ട് ആണ് ബച്ചനുള്ളതെന്നും കേള്‍ക്കുന്നു. എന്തായാലും നന്നായി എന്നേ പറയാനുള്ളൂ.ഇതുകൊണ്ടൊന്നും തീരുന്നില്ല. സിനിമയുടെ ശബ്ദലേഖനം നിര്‍വഹിക്കുന്നത് സാക്ഷാല്‍ റസൂല്‍ പൂക്കുട്ടിയായിരിക്കും(ഒറിജിനല്‍ സൗണ്ടിന്‍റെ ആളാ, തീവ്രവാദി മൂത്രമൊഴിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഒറിജിനല്‍ തീവ്രവാദിയെ തന്നെ ചോദിക്കും, ഇല്ലെങ്കില്‍ നോക്കിക്കോ). മനോരമ ന്യൂസ് ചാനലിന്‍റെ ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം റസൂല്‍ പൂക്കുട്ടിക്കു സമ്മാനിക്കാനെത്തിയ അമിതാഭ് ബച്ചന്‍ മോഹന്‍ലാലുമായും മേജര്‍ രവിയുമായും നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനമുണ്ടായത്.2007ല്‍ രാംഗോപാല്‍ വര്‍മയുടെ ആഗില്‍ അമിതാഭിനോടൊപ്പം മോഹന്‍ലാലും അഭിനയിച്ചിരുന്നു. അല്ലെങ്കിലും ബച്ചന്‍റെ മരുമകള്‍ ഐശ്വര്യ റായ് ബച്ചനോടൊപ്പം ഇരുവറിലും അഭിനയിച്ചിരുന്നു.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന ഒരു നേട്ടമായിരിക്കും ഇത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്‍ക്കുമൊന്നും ഇത് ഇഷ്ടപ്പെടാനിടയില്ല.അങ്ങനെ ഇഷ്ടപ്പെടും ? ഇതൊക്കെ ഷൂട്ട് ചെയ്തു വരുമ്പോഴേക്കും 60,000 അടിയില്‍ കൂടുതല്‍ ഫിലിം ആവില്ലെന്നാരു കണ്ടു ? മൂന്നുകോടിക്കു മുകളില്‍ ബഡ്ജറ്റ് പോയാല്‍ ബച്ചനായാലും ശരി കൊച്ചനായാലും ശരി നിര്‍മാതാക്കള്‍ വിലക്കി ആപ്പീസു പൂട്ടിക്കളയും. ഫെഫ്കയിലെ ഉണ്ണികൃഷ്ണന്‍ വിചാരിച്ചാല്‍ അമിതാഭ് ബച്ചന് പോയിട്ട് ഡ്യൂപ്പിനെ പോലും ആരും ഒരു സിനിമയിലും വിളിക്കത്തില്ല. പിന്നെ വല്ല വിനയന്‍റെയോ കുനയന്‍റെയോ ഒക്കെ സിനിമയില്‍ അഭിനയിച്ചു ജീവിക്കേണ്ടി വരും ബച്ചന്.അതുകൊണ്ടു മലയാളത്തിലേക്കു വരുന്നതൊക്കെ കൊള്ളാം, ആദ്യം വന്ന് അമ്മയില്‍ അംഗത്വമെടുക്കണം. പിന്നെ ഫെഫ്കയില്‍ പോയി ചാപ്പകുത്തി മുതുകത്ത് നമ്പരടിക്കണം. പിന്നെ നിര്‍മാതാക്കളുടെ അസോയിയേഷനില്‍ പോയി നൊവേന ചൊല്ലി അനുഗ്രഹം വാങ്ങണം. പിന്നെ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കെല്ലാം 10 ലക്ഷം വീതം കൊടുക്കണം (ഭൂതബലി എന്നൊരു സംഗതി പണ്ടുമുതലേ കേരളത്തില്‍ നിലവിലുള്ള ആചാരമാണ്).പിന്നെ, ഷൂട്ട് കഴിഞ്ഞ് ഏതെങ്കിലും നായികയെയോ അമ്മ നടിയെയോ ബാലനടിയെയോ, ഇവരാരും ഫ്രീയല്ലെങ്കില്‍ ഏതെങ്കിലും ജൂണിയര്‍ അര്‍ടിസ്റ്റിനെയോ വളച്ചെടുത്ത് പുലരുവോളം സിനിമാ ചര്‍ച്ചകളില്‍ മുഴുകണം. ഇതൊക്കെ സമ്മതമാണെങ്കില്‍ മാത്രം ഇങ്ങു പോന്നേച്ചാല്‍ മതി.

കടപ്പാട്ബെര്‍ളിത്തരങ്ങള്‍ 

No comments:

Post a Comment