Related Posts with Thumbnails

2010-05-02

കേരളാ ശാസ്‌ത്ര - സാങ്കേതികരംഗം





പൗരാണികമായ ശാസ്‌ത്ര-സാങ്കേതിക പാരമ്പര്യമുണ്ട്‌ കേരളത്തിന്‌. ഗണിതം, ജ്യോതിശ്ശാസ്‌ത്രം, ജ്യോതിഷം, ആയുര്‍വേദം, വാസ്‌തുവിദ്യ, ലോഹശാസ്‌ത്രം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളീയര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ആധുനിക ഇന്ത്യന്‍ ശാസ്‌ത്രരംഗത്തും കേരളത്തിന്റെ സാന്നിധ്യം ശക്തമാണ്‌. ശാസ്‌ത്ര, സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളിലും കേരളം മുന്നിട്ടു നില്‍ക്കുന്നു. ഒട്ടേറെ കേരളീയ ശാസ്‌ത്രജ്ഞര്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ശാസ്‌ത്രങ്ങള്‍ എന്ന നിലയിലാണ്‌ പൗരാണിക കേരളത്തില്‍ ജ്യോതിഷം, മന്ത്രവാദം, തന്ത്രശാസ്‌ത്രം എന്നിവയും വികസിച്ചത്‌. ശക്തമായ ശാസ്‌ത്രസാഹിത്യവും മലയാളത്തിലുണ്ട്‌.

ഇന്ത്യയില്‍ മറ്റെല്ലായിടത്തുമെന്ന പോലെ പ്രാചീന കേരളത്തിലും ഗണിതം, ജ്യോതിശ്ശാസ്‌ത്രം, ജ്യോതിഷം എന്നിവ പരസ്‌പരബന്ധിതമായാണു വികസിച്ചത്‌. പ്രാചീന കേരളീയ ഗണിതത്തിന്റെ സംഭാവനകള്‍ ഇന്ന്‌ ലോകശ്രദ്ധ നേടിയിട്ടുണ്ട്‌. 'കേരള സ്‌കൂള്‍ ഓഫ്‌ മാത്തമാറ്റിക്‌സ്‌' എന്ന സംജ്ഞതന്നെ സമകാലിക ഗണിതചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നു. കേരളീയനെന്ന്‌ ചിലരെങ്കിലും വാദിക്കുന്ന ആര്യഭടന്റെ 'ആര്യഭടീയ'ത്തെ ആസ്‌പദമാക്കിയാണ്‌ കേരളീയ ഗണിതവും ജ്യോതിശ്ശാസ്‌ത്രവും വളര്‍ന്നത്‌. എ. ഡി. ഏഴാം നൂറ്റാണ്ടില്‍ ഹരിദത്തന്‍ ആവിഷ്‌കരിച്ച 'പരഹിതം', 15-ാം നൂറ്റാണ്ടില്‍ വടശ്ശേരി പരമേശ്വരന്‍ ആവിഷ്‌കരിച്ച 'ദൃഗ്ഗണിതം' എന്നീ ഗണിതപദ്ധതികള്‍ കേരളീയ ഗണിത, ജ്യോതിശ്ശാസ്‌ത്രങ്ങളെയും ജ്യോതിഷത്തെയും വലിയ വികാസത്തിനു സഹായിച്ചു.

  • ഗണിതം, ജ്യോതിശ്ശാസ്‌ത്രം
പ്രാചീന കേരളീയ ഗണിതശാസ്‌ത്രജ്ഞരുടെ പട്ടിക വളരെ വിപുലമാണ്‌. താളിയോലകളിലാണ്‌ അവരില്‍ മിക്കവരുടെയും കൃതികള്‍ ഇന്നും ലഭ്യമാവുന്നത്‌. വരരുചി ഒന്നാമന്‍, വരരുചി രണ്ടാമന്‍, ഹരിദത്തന്‍, ഗോവിന്ദസ്വാമി, ശങ്കരനാരായണന്‍, വിദ്യാമാധവന്‍, തലക്കുളം ഗോവിന്ദ ഭട്ടതിരി, സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍, നീലകണ്‌ഠ സോമയാജി, ശങ്കരവാരിയര്‍, ജ്യേഷ്‌ഠ ദേവന്‍, മാത്തൂര്‍ നമ്പൂതിരിമാര്‍, മഹിഷമംഗലം ശങ്കരന്‍, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി, പുതുമന ചോമാതിരി (പുതുമന സോമയാജി), കൊച്ചു കൃഷ്‌ണനാശാന്‍, മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരി, തുടങ്ങിയ ഒട്ടേറെ പേരുകള്‍ അതില്‍ തിളങ്ങി നില്‍ക്കുന്നു. ഐസക്‌ ന്യൂട്ടന്റെയും ലൈബ്‌നിറ്റ്‌സിന്റെയും പേരില്‍ അറിയപ്പെടുന്ന കലനം (calculus) കേരളീയ ഗണിതശാസ്‌ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പു കണ്ടെത്തിയതാണെന്ന്‌ ആധുനിക ഗണിത (ചരിത്രങ്ങള്‍) ഇന്ന്‌ അംഗീകരിക്കുന്നുണ്ട്‌.
ആയുര്‍വേദം
രണ്ടു സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ഭാരതീയ വൈദ്യശാസ്‌ത്ര പദ്ധതിയാണ്‌ ആയുര്‍വേദം. രോഗചികിത്സയും ആരോഗ്യസംരക്ഷണവും ഉള്‍പ്പെടെയുള്ള ഒട്ടേറെ ജീവിതമണ്ഡലങ്ങളെ സ്‌പര്‍ശിച്ചു നില്‍ക്കുന്ന ആയുര്‍വേദം ഒരു ജീവിതദര്‍ശനവും ജീവിതശൈലിയുമാണ്‌. ആയുസ്സിനെ സംബന്ധിച്ച എല്ലാ അറിവുകളെയും അത്‌ ഉള്‍ക്കൊള്ളുന്നു. അനുസ്യൂതവും സമ്പന്നവുമായ ആയുര്‍വേദ പാരമ്പര്യമാണ്‌ കേരളത്തിന്റേത്‌. ആയുര്‍വേദ ചികിത്സയുടെ കാര്യത്തില്‍ ഇന്ത്യയും ലോകവും കേരളത്തിലേക്ക്‌ ഉറ്റുനോക്കുന്നതും മറ്റൊന്നും കൊണ്ടല്ല. രോഗം - ചികിത്സ എന്ന കേവല സമവാക്യത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ആയുര്‍വേദത്തിന്റെ ജീവിതദര്‍ശനം. 

അതിപ്രാചീനമാണ്‌ കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം. ഇന്നും അത്‌ അതിശക്തമായി ലോകശ്രദ്ധയാകര്‍ഷിച്ചു കൊണ്ടു നില്‌ക്കുന്നു. ആയുര്‍വേദത്തെ കേന്ദ്രമാക്കിയുള്ള ഹെല്‍ത്ത്‌ ടൂറിസം കേരളത്തിന്റെ സവിശേഷതകളിലൊന്നാണ്‌. പഞ്ചകര്‍മം പോലുള്ള പുനര്‍യൗവനപ്രാപ്‌തി ചികിത്സകള്‍ക്കായി നൂറുകണക്കിനു വിദേശീയരാണ്‌ ഇപ്പോള്‍ കേരളത്തിലെത്തുന്നത്‌. നാട്ടുവൈദ്യന്മാരും പരമ്പരാഗത വൈദ്യന്മാരും മുതല്‍ ആയുര്‍വേദ കോളേജുകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ഭിഷഗ്വരന്മാരും അടങ്ങിയതാണ്‌ കേരളത്തിലെ ആയുര്‍വേദ വൈദ്യസമൂഹം. അഷ്ടവൈദ്യന്മാര്‍ എന്ന പരമ്പരാഗത വൈദ്യ കുടുംബങ്ങള്‍ പ്രസിദ്ധമാണ്‌.

നൂറ്റാണ്ടുകളായി നിര്‍വിഘ്‌നം തുടര്‍ന്നു വരുന്നതാണ്‌ കേരളത്തിലെ ആയുര്‍വേദ ചികിത്സാപാരമ്പര്യം. വാഗ്‌ഭടന്റെ 'അഷ്ടാംഗഹൃദയം', 'അഷ്ടാംഗ സംഗ്രഹം' എന്നിവയാണ്‌ കേരളീയ ആയുര്‍വേദത്തിന്റെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥങ്ങള്‍. കേരളീയ വൈദ്യന്മാരും ഒട്ടേറെ ആയുര്‍വേദഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.


ആധുനിക ശാസ്‌ത്രം
ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ നവീന ശാസ്‌ത്രശാഖകളിലെയും കേരളീയര്‍ വൈദഗ്‌ധ്യം നേടി. വിവിധ ശാഖകളില്‍ പ്രശസ്‌തരായ ഒട്ടേറെ ശാസ്‌ത്രജ്ഞരെ ചൂണ്ടിക്കാട്ടാനുണ്ട്‌. വളരെ വിപുലമാണ്‌ ആധുനിക കേരളീയ ശാസ്‌ത്രജ്ഞരുടെ പട്ടിക. കെ. ആര്‍. രാമനാഥന്‍, സി. ആര്‍. പിഷാരടി, ആര്‍. എസ്‌. കൃഷ്‌ണന്‍, ജി. എന്‍. രാമചന്ദ്രന്‍, ഗോപിനാഥ്‌ കര്‍ത്താ, യു. എസ്‌. നായര്‍, കെ. ആര്‍. നായര്‍, ഇ. സി. ജി. സുദര്‍ശന്‍, എം. എം. മത്തായി, കെ. ഐ. വര്‍ഗീസ്‌, എം. എസ്‌. സ്വാമിനാഥന്‍, താണു പദ്‌മനാഭന്‍, പി. കെ. അയ്യങ്കാര്‍, എം. ജി. കെ. മേനോന്‍, കെ. എസ്‌. എസ്‌. നമ്പൂതിരിപ്പാട്‌, എം. ജി. രാമദാസ മേനോന്‍, കെ. കെ. നായര്‍, എന്‍. കെ. പണിക്കര്‍, എന്‍. ബാലകൃഷ്‌ണന്‍ നായര്‍, കെ. കെ. നായര്‍, കെ. ജി. അടിയോടി, ജി. മാധവന്‍ നായര്‍ തുടങ്ങിയ ഒട്ടേറെപ്പേരിലൂടെ ആ നിര നീളുന്നു.

സര്‍വകലാശാലകളും ശാസ്‌ത്രസാങ്കേതിക വിദ്യാലയങ്ങളും ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളുമാണ്‌ ആധുനിക ശാസ്‌ത്ര വികാസത്തില്‍ പങ്കു വഹിക്കുന്നത്‌. കേരള ശാസ്‌ത്രസാഹിത്യപരിഷത്തിനെപ്പോലുള്ള ജനകീയ ശാസ്‌ത്ര പ്രസ്ഥാനങ്ങളും ശാസ്‌ത്രാവബോധം വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്‌.




No comments:

Post a Comment