Related Posts with Thumbnails

2010-05-19

പാസ്‌വേഡുകളുടെ രഹസ്യങ്ങളിലേക്ക്‌


ആരോടും പറയാതെ നമ്മളോരോരുത്തരും കാത്തുസൂക്ഷിക്കുന്ന പരമരഹസ്യമെന്താകും? പാസ്‌വേഡുകള്‍ എന്നതുതന്നെ ഉത്തരം. ലോകം ഇ-ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് ഓരോ വ്യക്തിയുടെയും മനസ്സില്‍ ഇ-മെയില്‍ ഐ.ഡി.കളുടേതുള്‍പ്പെടെ ഒന്നിലധികം പാസ്‌വേഡുകളുണ്ടാകുമെന്നുറപ്പ്. ഒരുമ്പെട്ടിറങ്ങിയ ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ക്ക് ആ പാസ്‌വേഡ് കണ്ടെത്തി നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാന്‍ നിമിഷങ്ങള്‍ മാത്രം മതി.

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന പത്തു പാസ്‌വേഡുകള്‍ പുറത്തുവിട്ടുകൊണ്ട് ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ ഇംപെര്‍വ ഇതുസംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തെണ്ണമുള്ള പാസ്‌വേഡ് പട്ടികയിലെ ഏതെങ്കിലുമൊന്നാകും മിക്കവരും ഉപയോഗിക്കുകയെന്ന് കമ്പനി ഉറപ്പിച്ചു പറയുന്നു. 32 ദശലക്ഷം പാസ്‌വേഡുകള്‍ പരിശോധിച്ചശേഷമാണ് ഇംപെര്‍വ ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഇംപെര്‍വയുടെ നിഗമനപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് 123456 എന്ന സംഖ്യയാണ്. രണ്ടാം സ്ഥാനത്ത് 12345 എന്ന സംഖ്യയൂം. 123456789 എന്ന സംഖ്യയാണ് പാസ്‌വേഡ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. password എന്ന ഇംഗ്ലീഷ് വാക്കു തന്നെ പാസ്‌വേഡായി ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഈ വാക്ക് പട്ടികയിലെ നാലാം സ്ഥാനത്ത് ഇടംപിടിക്കുന്നു. iloveyou, princess, rockyou എന്നീ വാക്കുകളാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. എട്ടാം സ്ഥാനത്ത് വീണ്ടും ചില അക്കങ്ങളാണ്, 1234567. ഒന്‍പതാം സ്ഥാനത്തും 12345678 എന്ന സംഖ്യ. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതമായ abc123 എന്നതാണ് പാസ്‌വേഡ് പട്ടികയിലെ പത്താം സ്ഥാനക്കാരന്‍.

''ഏത് ഹാക്കര്‍ക്കും എളുപ്പത്തില്‍ ഊഹിക്കാവുന്നവയാണ് ഈ പാസ്‌വേഡുകള്‍. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇതു മാറ്റുന്നതാണ് ബുദ്ധി''- ഇംപെര്‍വ ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിച്ചയ് ഷുല്‍മാന്‍ മുന്നറിയിപ്പു നല്‍കുന്നു. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതമാണ് സുരക്ഷിതമായ പാസ്‌വേഡെന്ന് അദ്ദേഹം പറയുന്നു. അതില്‍ കാപ്പിറ്റല്‍ അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാം. എട്ടക്ഷരങ്ങളില്‍ കൂടുതലുള്ളവയാണ് ചെറിയ പാസ്‌വേഡുകളേക്കാള്‍ നല്ലതെന്നും ഷുല്‍മാന്‍ അഭിപ്രായപ്പെടുന്നുണ്ട്.

പാസ്‌വേഡുകളെക്കുറിച്ച് ഇത്ര ആധികാരികമായി പറയാന്‍ ഇംപെര്‍വയ്ക്ക് എവിടെനിന്നു വിവരം കിട്ടിയെന്നറിയുമ്പോഴേ ഹാക്കിങ്ങിന്റെ ഭീകരത വ്യക്തമാകൂ. അമേരിക്കയിലെ ജനപ്രിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റായ 'റോക്ക്‌യു'വില്‍ ഈയിടെ സൈബര്‍ ആക്രമണം നടന്നിരുന്നു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 32 ദശലക്ഷം ആളുകളുടെയും പാസ്‌വേഡുകള്‍ കണ്ടെത്തിക്കൊണ്ടാണ് ഹാക്കര്‍മാര്‍ നാശം വിതച്ചത്. അങ്ങനെ വെളിവാക്കപ്പെട്ട പാസ്‌വേഡുകള്‍ വിശകലനം ചെയ്താണ് ഇംപെര്‍വ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പത്തു പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ടത്

No comments:

Post a Comment