Related Posts with Thumbnails

2010-05-23

ഗൂഗിളിന്റെ സ്മാര്‍ട്ട് ടിവി സര്‍വീസ്


ടെലിവിഷനെയും വെബ്ബിനെയും സമ്മേളിപ്പിക്കുന്ന സര്‍വീസ് ഗൂഗിള്‍ ആരംഭിച്ചു. ഏതാനും മാസങ്ങളായി ഗൂഗിള്‍ ടിവി സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം തേടിയിരുന്നു. ടിവിയില്‍ വിവിധ ചാനലുകള്‍ക്കൊപ്പം യുടൂബ് പോലുള്ള വെബ്ബ് ചാനലുകളും സെര്‍ച്ച് ചെയ്യാന്‍, 'സ്മാര്‍ട്ട് ടിവി' സര്‍വീസിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

സ്‌പെഷ്യല്‍ ടിവി സെറ്റുകള്‍ വഴിയോ, സാധാരണ ടിവികളെ ഒരു ഗൂഗിള്‍ ബോക്‌സുമായി ഘടിപ്പിച്ചോ ഗൂഗിളിന്റെ സര്‍വീസ് സ്വീകരിക്കാം. വെബ്ബ് കൂടി ലഭ്യമാകുന്ന സ്‌പെഷ്യല്‍ ടിവി ആദ്യം നിര്‍മിക്കുന്നത് സോണി കമ്പനിയാണ്. ഈ വര്‍ഷം തന്നെ അത്തരം ടിവി സെറ്റുകള്‍ വിപണിയിലെത്തും.

പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ മൊബൈലിലോ കാണുംപോലെയല്ല, ടിവിയിലെ വലിപ്പമേറിയ പ്രകാശതീവ്രതയേറിയ സ്‌ക്രീനില്‍ വെബ്ബ് വീഡികള്‍ ആസ്വദിക്കാന്‍ പുതിയ സര്‍വീസ് അവസരമൊരുക്കുമെന്ന്, ഗൂഗിളിലെ റിഷി ചന്ദ്ര അറിയിച്ചു. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലും ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'വലിയൊരു പ്രേക്ഷകസമൂഹത്തിലേക്ക് എത്താന്‍ ടിവിയെക്കാള്‍ പറ്റിയ ഒരു മാധ്യമമില്ല' റിഷി ചന്ദ്ര അറിയിച്ചു.

നിലവില്‍ ലോകത്താകമാനം 400 കോടി ടിവി ഉപഭോക്താക്കളുണ്ട്. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം ടിവി പരസ്യമേഖലയില്‍ ചെലവാക്കപ്പെടുന്ന തുക ഏതാണ്ട് 7000 കോടി ഡോളര്‍ ആണ്. ആ നിലയ്ക്ക് ടിവി രംഗം കൂടി ഗൂഗിള്‍ കണ്ണുവെച്ചതില്‍ അത്ഭുതമില്ല.

ഓണ്‍ലൈന്‍ പരസ്യമേഖലയിലെ രാജാവ് ഗൂഗിളാണ്. ആ വരുമാനം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ടിവിയിലേക്കുള്ള കടന്നുകയറ്റം. മാത്രമല്ല, നവമാധ്യമങ്ങളും പരമ്പരാഗതമാധ്യമമായ ടിവിയും തമ്മിലുള്ള വ്യത്യാസം ഒരു പരിധിവരെ ഇല്ലാതാക്കാനും ഇത്തരമൊരു നീക്കം സഹായിക്കും.

മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ തളരുമ്പോഴും ടിവി രംഗം വളരുകയാണെന്ന് അടുത്തയിടെ 'എക്കണോമിസ്റ്റ്' വാരിക പ്രസിദ്ധീകരിച്ച സര്‍വ്വെ ചൂണ്ടിക്കാട്ടിയുന്നു. ഈ പ്രവണ കൂടി ഗൂഗിള്‍ കണക്കിലെടുത്തിട്ടുണ്ടാകണം.

ടിവിയെയും വെബ്ബിനെയും കൂട്ടിയിണക്കാന്‍ മുമ്പും ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും കാര്യമായി വിജയിച്ചിട്ടില്ല. ഈ വസ്തുത മനസില്‍ വെച്ചുകൊണ്ടു തന്നെയാണ് ഗൂഗിള്‍ രംഗത്തെത്തിയത്. ഇന്റല്‍, സോണി, ലോഗിടെക് എന്നീ കമ്പനികളുടെ സഹകരണം ഇക്കാര്യത്തില്‍ ഗൂഗിള്‍ തേടി.

ടിവിയില്‍ വെബ്ബ് ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന സെറ്റപ്പ് ബോക്‌സില്‍ ഇന്റലിന്റെ പ്രോസസറാണ് ഉപയോഗിക്കുന്നത്. സെറ്റപ്പ് ബോക്‌സും അതിന്റെ വയര്‍ലെസ് കീബോഡും മറ്റും ലോഗിടെക് നിര്‍മിക്കും. വെബ്ബ് ബ്രൗസ് ചെയ്യാവുന്ന ടിവി സോണിയും. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡാണ് ടിവി സെറ്റപ്പ് ബോക്‌സില്‍ ഉപയോഗിക്കുക.




No comments:

Post a Comment