Related Posts with Thumbnails

2010-05-03

വയനാട്ടിലെ ചെമ്പ്രമലയില്‍ പോകാം



സാഹസിക യാത്ര ഇഷടപ്പെടുന്ന ആര്‍ക്കും ഒരു വിനോദയാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് വയനാട്ടിലെ ചെമ്പ്ര മല. വയനാട്ടിലെ മേപ്പാടി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലയാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്റര്‍ ഉയരത്തിലുള്ള ഇതിന്റെ മുകളില്‍ കയറി നിന്നാല്‍ വയനാട് ജില്ല മുഴുവനും വീക്ഷിക്കാം.

പ്രകൃതിസ്നേഹികള്‍ക്ക് എന്നും ഒരു അത്ഭുമായി നില്‍ക്കുന്നത് ഈ മലയുടെ മുകളിലായി കാണുന്ന തടാകമാണ്. ഇത് ഹൃദയസരസ്സെന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പേരിലറിയപ്പെടാന്‍ കാരണം തടാകത്തിന്റെ ആകൃതി ഹൃദയത്തിന്റേതു പോലെയായതു കൊണ്ടായിരിക്കാമെന്ന് പ്രദേശവാസികളും സഞ്ചാരികളും വിശ്വസിക്കുന്നു. ഇത്രയും ഉയരത്തിലുള്ള ഈ തടാകത്തിലെ ജലം എത്ര കടുത്ത വേനലിലും വറ്റുകയില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

തണുപ്പ് മെല്ലെ തഴുകുന്ന രാത്രിയില്‍ ഈ മല മുകളില്‍ തീക്കനല്‍ കൂട്ടിയിട്ട് വട്ടമിരുന്ന് പാടുകയും ആടുകയും ചെയ്യുന്ന നിമിഷങ്ങള്‍ ആരും ഒരിക്കലും മറക്കുകയില്ല എന്നത് തീര്‍ച്ചയാണ്. അത് ഏവര്‍ക്കും യൌവ്വനം തിരികെ ലഭിച്ചതു പോലെ ഒരു തോന്നലും ഉളവാകുമെന്നത് യാഥാര്‍ഥ്യമാണ്.

ഈ മലനിരയ്ക്കു ചുറ്റുമുള്ള പ്രദേശം വൃക്ഷലതാദികളാലും ജന്തുജാലങ്ങളാലും സമൃദ്ധമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു കൊടുങ്കാടു തന്നെയാണ്. എന്നാല്‍ പ്രകൃതിയെ സ്നേഹിക്കുന്ന ആരും ചെമ്പ്ര മലയില്‍ എത്തിപ്പെട്ടാല്‍, ഒന്നോ രണ്ടോ ദിവസം തങ്ങാന്‍ കൊതിക്കും. താല്‍ക്കാലിക ടെന്റുകള്‍ നാട്ടി തങ്ങുന്ന സാഹസിക സഞ്ചാരികളെ നമുക്കിവിടെ കാണാന്‍ കഴിയും. മലയുടെ ഉയരങ്ങളിലേയ്ക്ക് ചെല്ലുംതോറും തണുപ്പേറി വരുന്നതായി അനുഭവപ്പെടും.

ഈ മലനിര കയറണമെങ്കില്‍ മേപ്പാടി ഫോറസ്റ്റ് അധികൃതരില്‍ നിന്നും അനുമതി വാങ്ങണം. മല കയറുന്നതിന് വഴി കാണിക്കാനായി ഗൈഡുകളുടെ സഹായവും ലഭിക്കും. ഇതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുമായി ബന്ധപ്പെട്ടാല്‍ മതിയാകും. മലയുടെ മുകളില്‍ തങ്ങുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് സ്ലീപ്പിങ് ബാഗുകളും ക്യാന്‍വാസ് ടെന്റുകളും ടുറിസം പ്രൊമോഷണല്‍ കൌണ്‍സില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഇവയ്ക്ക് ചെറിയ വാടക നല്‍കേണ്ടതുണ്ട്.

ഊട്ടിയിലേയ്ക്ക് പോകുന്ന വഴിയില്‍, കല്പറ്റയില്‍ നിന്ന് ഏതാണ്ട് 14 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ ഈ മലനിര പ്രദേശത്ത് എത്തിച്ചേരാം.

വഴി

മൈസൂര്‍-കോഴിക്കോട് ഹൈവേയില്‍ ചുണ്ടലില്‍ നിന്നും 11 കിലോ മീറ്റര്‍ ദൂരമെയുള്ളൂ മേപ്പാടിഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്രയിലേക്ക്. ചുണ്ടലില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞാല്‍ മേപ്പാടിയിലേയ്ക്കു പോകാം. ബാംഗ്ലൂര്‍ - കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ യത്ര ചെയ്താല്‍ ചെമ്പ്രയില്‍ എത്താം

No comments:

Post a Comment