Related Posts with Thumbnails

2010-05-08

രാത്രിഭക്ഷണം വൈകിയാല്‍?

See full size image
നിങ്ങള്‍ അര്‍ധരാത്രിയും പുലര്‍ച്ചെയുമെല്ലാം എന്തെങ്കിലും ഭക്ഷണം കഴിക്കുന്ന ശീലമുള്ളയാളാണോ? എങ്കില്‍ അമിതഭാരത്തിനും പൊണ്ണത്തടിക്കും വേറെ കാരണം അന്വേഷിക്കേണ്ടെന്ന് ഒരു സംഘം അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരിലെ പൊണ്ണത്തടിയെക്കുറിച്ചുള്ള പഠനത്തിനിടെയാണ് ഇല്ലിനോയ്‌സിലെ 'നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി'യിലെ ഗവേഷകര്‍ ഭക്ഷണസമയവും വില്ലനാകാം എന്ന നിരീക്ഷണത്തില്‍ എത്തിയത്. ഇതുസംബന്ധിച്ച കണ്ടെത്തലുകള്‍ 'ജേര്‍ണല്‍ ഒബീസിറ്റി'യിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ശരീരം ഏതൊക്കെ സമയത്ത് ഭക്ഷണത്തില്‍നിന്ന് ഊര്‍ജം സ്വീകരിക്കണം എന്ന നമ്മുടെ ശരീരത്തിലെ ആഭ്യന്തര സമയസൂചികയുടെ (Circadian Rythms) കണക്ക് തെറ്റിച്ചുള്ള ഭക്ഷണം പൊണ്ണത്തടിക്ക് കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു. ഗവേഷകസംഘം നടത്തിയ പരീക്ഷണത്തില്‍ പതിവ് സമയത്തല്ലാതെ ഭക്ഷണം കഴിച്ച എലികള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഇരട്ടി ശരീരഭാരം ഉള്ളതായി നിരീക്ഷിച്ചിരുന്നു. ഇതു മനുഷ്യരിലും ബാധകമാണെന്ന് ഗവേഷകര്‍ പറയുന്നു.

''എങ്ങനെയാണ് ഒരു വ്യക്തിയുടെ ശരീരഭാരം വര്‍ധിക്കുന്നത് എന്നത് സങ്കീര്‍ണമായ കാര്യമാണ്. എന്നാല്‍ അത് കേവലം ഭക്ഷണത്തിലെ കലോറിയെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് 'അനുയോജ്യമല്ലാത്ത സമയവും' ഉണ്ട് എന്നാണ് തങ്ങളുടെ പഠനം തെളിയിക്കുന്നത്''-ഗവേഷകസംഘത്തിലെ ഡോ. ഫ്രെഡ് ടറേക്ക് അഭിപ്രായപ്പെടുന്നു.

ഒരേ കലോറിയുള്ള ഭക്ഷണം ഒരേ അളവില്‍ കഴിച്ചാലും തുല്യമായ കായികാധ്വാനത്തില്‍ ഏര്‍പ്പെട്ടാലും രണ്ടു വ്യക്തികളുടെ ശരീരഭാരം ഒരുപോലെയാകണമെന്നില്ല. ഉറക്കം, ഹോര്‍മോണുകള്‍, ശരീരത്തിന്റെ താപനില എന്നിവയെല്ലാം ശരീരഭാരത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. പക്ഷേ, അസമയത്തെ ഭക്ഷണം ഒഴിവാക്കുന്നത് പൊണ്ണത്തടിയും അമിതഭാരവും ഒഴിവാക്കുകതന്നെ ചെയ്യുമെന്ന് ഡോ. ഫ്രെഡ് പറയുന്നു
 
Source : Mathrubhumi.com  

No comments:

Post a Comment