Related Posts with Thumbnails

2010-05-08

ചൂടു ചായ ?...വേണ്ടേ !


രാവിലെയും വൈകുന്നേരവും ഓരോ ചായ കുടിക്കാത്തവര്‍ വിരളമായിരിക്കും. ചായ എന്ന് പറഞ്ഞാല്‍ മിക്കവര്‍ക്കും ചുണ്ടില്‍ തൊട്ടാല്‍ പൊള്ളുന്ന രീതിയിലുള്ളതാവണമെന്ന് നിര്‍ബന്ധവുമാണ്.


ആവി പറക്കുന്ന ചായ കുടിക്കുന്ന ആ ആവേശം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അറിയുമ്പോള്‍ താനേ കെട്ടടങ്ങാനാണ് സാധ്യത. ചുടുചൂടന്‍ ചായ അര്‍ബുദത്തിനു കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ചൂട് ചായ കുടിക്കുന്നതിലൂടെ അന്നനാള അര്‍ബുദം ഉണ്ടാവാനുള്ള സാധ്യത എട്ട് മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം തലവനായ റെസാ മലേക്സാദെ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അന്നനാള അര്‍ബുദമുള്ള 300 പേരുടെയും അര്‍ബുദമില്ലാത്ത 571 പേരുടെയും ചായകുടി ശീലത്തെ ഗവേഷകര്‍ അടുത്ത് നിരീക്ഷിക്കുകയുണ്ടായി.

65 ഡിഗ്രിയില്‍ താഴെ മാത്രം ചൂടുള്ള ചായ കുടിക്കുന്നവരെക്കാള്‍ 65-69 ഡിഗ്രി വരെ ചൂടുള്ള ചായ കുടിക്കുന്നവരില്‍ അര്‍ബുദ സാധ്യത ഇരട്ടിയായിരിക്കും. ഇനിയും കൂടുതല്‍ ചൂടുള്ള ചായ അകത്താക്കിയാലോ, അര്‍ബുദ സാധ്യത എട്ട് മടങ്ങോളം അധികമാവുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ചൂടു ചായ പകര്‍ന്ന് വച്ച് രണ്ട് മിനിറ്റിനകം അകത്താക്കുന്നവര്‍ക്ക് നാലോ അധികമോ മിനിറ്റുകള്‍ക്ക് ശേഷം കുടിക്കുന്നവരെക്കാള്‍ അര്‍ബുദ സാധ്യത അഞ്ച് മടങ്ങ് കൂടുതലായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. കടുത്ത ചൂട് അന്ന നാ‍ളത്തില്‍ തകരാര്‍ വരുത്തുന്നതാണ് അര്‍ബുദ കാരണമായി പരിണമിക്കുന്നത്.
എന്നാല്‍, ചായ പകര്‍ന്ന് വച്ച് അഞ്ച് മുതല്‍ പത്ത് മിനിറ്റ് കഴിഞ്ഞ് കുടിക്കുന്നവര്‍ക്ക് അന്നനാളത്തില്‍ ചൂടുമൂലമുള്ള പ്രശ്നമൊന്നും ഉണ്ടാവുന്നില്ല എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അകത്താക്കുന്ന ചായയുടെ അളവും അര്‍ബുദവുമായി ബന്ധമൊന്നുമില്ല എന്നും ഇവര്‍ പറയുന്നു

No comments:

Post a Comment