Related Posts with Thumbnails

2010-05-04

വനങ്ങളെ സംരക്ഷിക്കാം, ഭൂമിക്കും ഭാവിക്കും വേണ്ടി

ഓരോ ലോകവനദിനവും ഭൂമിയുടെ ചുട്ടുപൊള്ളുന്ന അവസ്ഥയുടെ കാഠിന്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വറ്റിവരളുന്ന തടാകങ്ങളും കരിഞ്ഞുണങ്ങുന്ന കൃഷിയിടങ്ങളും ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ന് സാധാരണ കാഴ്ചകളായി മാറുകയാണ്. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ തീക്കാറ്റില്‍ വെന്തമരുന്നിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ആഗോളതാപനത്തിന്റെ ദുരന്തമുഖങ്ങള്‍ അത്രയ്ക്കങ്ങ് അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത നമ്മുടെ നാട്ടിലും ഇപ്പോള്‍ സൂര്യതാപവും അതുമൂലമുള്ള കെടുതികളും ദുരിതം വിതച്ചുതുടങ്ങി. കൊടുംചൂടിന്റെ ആഘാതങ്ങള്‍ ഓരോ വര്‍ഷവും നമ്മെ പുതിയ ദുരിതാനുഭവങ്ങളിലെത്തിക്കുന്നു. ഭൂമിയുടെ പച്ചപ്പ് നഷ്ടപ്പെടുത്തുന്നതിന്റേയും വനങ്ങള്‍ നശിപ്പിക്കുന്നതിന്റേയും ദുരന്തഫലങ്ങളെ കുറിച്ച് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിട്ടും മനുഷ്യന്‍ ഈ ക്രൂരതകള്‍ തുടരുകയാണ്.                   
ലോകത്തിന്റെ പലഭാഗങ്ങളിലും വന്‍തോതിലുള്ള വനനശീകരണങ്ങളാണ് നടക്കുന്നത്. മുമ്പ് 60 ശതമാനത്തോളമുണ്ടായിരുന്ന വനങ്ങള്‍ ഇന്ന് ഏതാണ്ട് 30 ശതമാനത്തോളമായി കുറഞ്ഞത് ഭൂമിയുടെ താളക്രമം തന്നെ തെറ്റിക്കുന്ന തരത്തിലായിരിക്കുന്നു. ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ആധാരവും വിസ്മയകരമായ ലോകത്തെ ഒരുക്കിയെടുക്കുകയും ചെയ്യുന്ന വനങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്നു. മരങ്ങളും പുഴകളും ജീവജാലങ്ങളും പറവകളുമെല്ലാം നിറഞ്ഞലോകം വനങ്ങളുടെ പച്ചപ്പില്ലെങ്കില്‍ അസ്തമിക്കുകയേ ഉള്ളൂ. കാട്ടിലെ ജൈവസമ്പന്നതയും നിഗൂഢമായ ശാന്തതയുമൊക്കെയാണ് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജീവാമൃതമെന്ന് പലപ്പോഴും മനുഷ്യന്‍ മറന്നുപോകുന്നു.
താളംതെറ്റുന്ന കാലാവസ്ഥയുടെ കെടുതികളില്‍ ലോകത്ത് ഒരുവര്‍ഷം മൂന്നുലക്ഷത്തിലധികം പേര്‍ മരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനീവ ആസ്ഥാനമായ ഗ്ലോബല്‍ ഹുമാനിറ്റേറിയന്‍ ഫോറത്തിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പ്രകൃതിക്ഷോഭങ്ങളും പട്ടിണിമരണങ്ങളുമാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നാണ്. ഓരോ വര്‍ഷവും 32 കോടിയിലധികം ജനങ്ങളെ കാലാവസ്ഥാ മാറ്റംമൂലമുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നു. ആഗോളതാപനം മൂലമുള്ള പ്രതിവര്‍ഷ നഷ്ടം 12500 കോടി ഡോളറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള കെടുതികള്‍ മൂലമുള്ള മരണനിരക്കും ആഗോളതാപനത്താലുള്ള നാശനഷ്ടങ്ങളും അടുത്ത 20 വര്‍ഷംകൊണ്ട് ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന്  പറയപ്പെടുന്നു.
ദാഹമകറ്റാന്‍ അവികസിത രാജ്യങ്ങളിലെ കുട്ടികളും മുതിര്‍ന്നവരും അഴുക്കുചാലുകളില്‍ നിന്നും കുളത്തില്‍ നിന്നും മലിനജലമെടുക്കുന്നതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും നമ്മെ അത്ഭുതപ്പെടുത്തിയെങ്കില്‍ ഇന്ന് നമ്മുടെ നാടിന്റെ ചുറ്റുപാടുകളിലും ഇത് കണ്ടുവരുന്നുവെന്നതാണ് യാഥാര്‍ഥ്യം. കെടുതികളുടെ കാഠിന്യം ഓരോ വര്‍ഷവും പ്രതീക്ഷിക്കാത്തതരത്തില്‍ രൂക്ഷമായിരിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. കേരളത്തെ സമൃദ്ധിയിലാക്കിയിരുന്ന 44 നദികളും ആയിരത്തോളം കൈവഴികളും വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. ഒരുകാലത്ത് നിറഞ്ഞുകവിഞ്ഞിരുന്ന നിള ഇന്ന് ഒരു വിലാപകാവ്യംപോലെ കേഴുന്നു. മാഞ്ഞുപോകുന്ന പച്ചപ്പുകളെ പുനര്‍ജീവിപ്പിച്ചാല്‍ മാത്രമേ ആസന്നമൃതമാവുന്ന ഭൂമിയുടെ ഹൃദയതാളം നേരെയാവുകയുള്ളു.
വൈവിധ്യമാര്‍ന്ന വനം-വന്യജീവിസമ്പത്തുകൊണ്ട് അനുഗ്രഹീതമാണ് കേരളം. നിശബ്ദതയുടെ സംഗീതം പൊഴിയുന്ന സൈലന്റ്‌വാലി ഉള്‍പ്പെടെയുള്ള നിബിഡമായ കാടുകള്‍ നമ്മുടെ കാത്തുസൂക്ഷിപ്പുകളാണ്. മറ്റ് പലയിടങ്ങളിലും വനനശീകരണം വ്യാപകമാവുമ്പോള്‍ സംരക്ഷിതകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വനമേഖലകള്‍ പരിപാലിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും ദിശാബോധമുള്ള നടപടികളാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ദേശീയോദ്യാനങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സൈലന്റ്‌വാലിയുടെ സംരക്ഷണം ലോകത്തെങ്ങുമുള്ള പ്രകൃതി സ്‌നേഹികളുടെ ആദരവുനേടിത്തരുകയുണ്ടായി. ഈ ദേശീയോദ്യാനത്തിനു ചുറ്റുമുള്ള 148 ചതരുശ്ര കിലോമീറ്റര്‍ വനമേഖലയെ ബഫര്‍സോണായി പ്രഖ്യാപിച്ചത് കാല്‍നൂറ്റാണ്ടായി പ്രകൃതി സ്‌നേഹികള്‍ കേള്‍ക്കാന്‍ കാത്തിരുന്നതായിരുന്നു. കന്യാവനത്തിന്റെ കമനീയതയും ദീപ്തമായ നിശബ്ദതയും പേറുന്ന സൈലന്റ്‌വാലിയുടെ കാത്തുസൂക്ഷിപ്പ് വരുംതലമുറയോടുള്ള കടപ്പാടിന്റെ അടയാളം കൂടിയാണ്. സൈലന്റ്‌വാലി ദേശീയോദ്യാന പ്രഖ്യാപനത്തിന്റെ 25-ാം വാര്‍ഷികം 2009 ല്‍ സംസ്ഥാന വനംവകുപ്പ് ആഘോഷിച്ച് വരും തലമുറകളിലേയ്ക്ക് പ്രകൃതിയുടെ ഈ കരുതല്‍ കൈമാറുന്നതിന്റെ പുതിയമാനങ്ങള്‍ സൃഷ്ടിച്ചു.        
വ്യാഴവട്ടത്തിലൊരിക്കല്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന നീലക്കുറിഞ്ഞിക്കായി ഒരു സാങ്ച്വറി 
ഒരുക്കുന്നത് ഒരു പക്ഷേ ഒരു പൂവിനുവേണ്ടിയുള്ള ലോകത്തിലെതന്നെ അപൂര്‍വ അനുഭവമാവാം. ദേവികുളം താലൂക്കിലെ കൊട്ടക്കാമ്പൂര്‍, വട്ടവട വില്ലേജുകളിലെ 8000 ഏക്കര്‍ റവന്യൂ ഭൂമി നീലക്കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിച്ചതിലൂടെ നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തോടൊപ്പം ജൈവവൈവിധ്യ കലവറയായ ഈ പ്രദേശത്തെ കഞ്ചാവ് കൃഷിക്കാരുടേയും കൈയ്യേറ്റ ലോബികളുടേയും പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിനും കാരണമായി. ജൈവവൈവിധ്യങ്ങളാലും സാംസ്‌കാരിക പൈതൃകങ്ങളാലും സമ്പന്നമായ കടലുണ്ടി-വള്ളിക്കുന്ന് പ്രദേശത്തെ ഉള്‍പ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ് പ്രഖ്യാപിക്കാനായത് വനസംരക്ഷണത്തിന്റെ ജനകീയമുഖമാണ്. ദേശാടനപക്ഷികള്‍ വിരുന്നിനെത്തുന്ന ഇവിടം ഇനി വിനോദസഞ്ചാരികള്‍ക്ക് സാംസ്‌കാരിക പൈതൃകങ്ങളുടെ വിരുന്നൊരുക്കും. 150 ഹെക്ടര്‍ സ്ഥലമാണ് കമ്മ്യൂണിറ്റി റിസര്‍വില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നത്.  
സ്വന്തം ആവാസ സ്ഥലങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടും കൂട്ടംതെറ്റിയും നാട്ടിന്‍പുറങ്ങളില്‍പ്പെട്ടു പോകുന്ന  
വന്യജീവികളെ പരിപാലിക്കുന്നതിനായി മലയാറ്റൂര്‍ വനം ഡിവിഷനിലെ കപ്രിക്കാട്ട് ഒരുക്കിയ 'അഭയാരണ്യം' വനസംരക്ഷണത്തോടൊപ്പം വന്യജീവി പരിപാലനത്തിലെ പുതിയ അധ്യായമാണ്. ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും  പൊതുജനങ്ങള്‍ക്കും വന്യജീവി വിഷയത്തില്‍ ശാസ്ത്രീയാവബോധം നല്‍കുന്നതിനും ഈ പുനരധിവാസ കേന്ദ്രം ഉപകരിക്കും. വനസംരക്ഷണത്തിന്റെ ഭാഗമായി കൊച്ചിനഗരത്തിന്റെ ഹൃദയഭാഗത്തുള്ള മംഗളവനം പക്ഷിസങ്കേതം നവീകരിക്കുകയും ഇവിടെ പ്രകൃതി പഠനകേന്ദ്രം തുടങ്ങുകയും ചെയ്തു. കണ്ടല്‍ക്കാടുകളുടെ ആവാസ വ്യവസ്ഥയേയും ദേശാടനപക്ഷികളേയും കുറിച്ച് പഠിക്കാന്‍ പ്രകൃതിസ്‌നേഹികള്‍ക്ക് ഈ കേന്ദ്രം അറിവിന്റെ പുതിയ വേദിയാവും. ഗ്രാമങ്ങളുടെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്ന കാവുകളുടെ സംരക്ഷണത്തിനും നടപടികള്‍ എടുത്തിട്ടുണ്ട്. വനത്തിനുപുറത്തുള്ള ഈ ആവാസവ്യവസ്ഥയുടെ സംരക്ഷണം കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ കാര്യക്ഷമമായി നടപ്പാക്കും. പറമ്പിക്കുളത്തെ രണ്ടാമത്തെ കടുവാസങ്കേതവും ദേശീയ പക്ഷിയായ മയിലുകളുടെ സംരക്ഷണാര്‍ഥം പാലക്കാട് ചൂലന്നൂരിലെ മയില്‍ സങ്കേതവും ദേശീയ മാതൃകകളാണ്.
വനംകയ്യേറ്റം തടയാനും അന്യാധീനപ്പെട്ട വനഭൂമി തിരിച്ചുപിടിക്കാനും സ്വീകരിച്ച നടപടികള്‍ വനസംരക്ഷണത്തില്‍ നല്ല പങ്ക് വഹിച്ചു. വാഗമണിലെ 440 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി ഏറ്റെടുക്കുകയും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 22.45 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. പാട്ടക്കാലാവധികഴിഞ്ഞ 350 ഏക്കര്‍ തൂത്തമ്പാറ എസ്റ്റേറ്റ് ഏറ്റെടുക്കുകയും മാങ്കുളത്തെ 22253.37 ഏക്കര്‍ പ്രദേശം റിസര്‍വ് വനമാക്കുകയും ചെയ്തു. പാട്ടവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് മുപ്ലിവാലി എസ്റ്റേറ്റിലെ 4896 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനും തോട്ടമായി നിലനിര്‍ത്താനും നടപടികള്‍ ആരംഭിച്ചു.
വനംമാഫിയകള്‍ക്കും കഞ്ചാവ് കൃഷിക്കാര്‍ക്കും വ്യാജവാറ്റുകാര്‍ക്കുമെതിരെ സ്വീകരിച്ച നടപടികള്‍ വനസംരക്ഷണത്തില്‍ എടുത്തുപറയേണ്ടതാണ്. മുമ്പ് ദിനംപ്രതി 8.42 ചന്ദനമരങ്ങള്‍ മോഷ്ടിക്കപ്പെട്ട സ്ഥാനത്ത് ഇപ്പോള്‍ ഇത് വെറും 0.02 എന്ന നിലയിലേയ്ക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. സുസജ്ജമായ ദ്രുതകര്‍മ്മസേനയെ മറയൂരില്‍ വിന്യസിക്കുകയും നിരന്തരമായ റെയ്ഡുകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. വ്യാപകമായ റെയ്ഡുകളെതുടര്‍ന്ന് കേരളത്തിലെ കാടുകളില്‍ നടമാടിയിരുന്ന സംഘടിത കഞ്ചാവ്കൃഷി ഏതാണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
നിലവിലുള്ള വനങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം വനത്തിന് പുറത്തുള്ള ഹരിതവല്‍ക്കരണത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തിയ സാമൂഹ്യവനവല്‍ക്കരണ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഏകദേശം ഒന്നരക്കോടിയിലധികം വൃക്ഷത്തൈകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഈ പദ്ധതികള്‍വഴി നട്ടുപിടിപ്പിക്കാന്‍ കഴിഞ്ഞു. 'ആഗോളതാപനം-മരമാണ് മറുപടി' എന്ന മുദ്രാവാക്യവുമായി വനംവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പിലാക്കിയ 'എന്റെ മരം', 'നമ്മുടെ മരം', ചുമട്ടുതൊഴിലാളികളുടെ സഹകരണത്തോടെ നടപ്പാക്കിയ 'വഴിയോരത്തണല്‍', തീരദേശവാസികളുടെ പങ്കാളിത്തത്തില്‍ മത്സ്യബന്ധനവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കിയ 'ഹരിതതീരം', തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിവരുന്ന 'ഹരിതകേരളം' എന്നീ പദ്ധതികളാണ് ഇതില്‍ പ്രധാനം. 'എന്റെ മരം' പദ്ധതിയുടെ വിജയം കേന്ദ്രസര്‍ക്കാരിന്റെ 2007 ലെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌ക്കാരം കേരള വനം-വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നേടിത്തന്നപ്പോള്‍ ഏറ്റവും മികവാര്‍ന്ന വൃക്ഷാവരണത്തിന് 2008 ലെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌ക്കാരവും കേരള വനംവകുപ്പ് നേടിയെടുത്തു. നമ്മുടെ ലക്ഷ്യബോധമുള്ള പദ്ധതികള്‍മൂലം നിലവിലുള്ള വനങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, റിസര്‍വ് വനവിസ്തൃതിയില്‍ വര്‍ധനവ് നേടാന്‍ കഴിഞ്ഞ സംസ്ഥാനമെന്ന അപൂര്‍വ ബഹുമതിയും കേരളത്തിന് സ്വന്തമാക്കാനായി.
ഓസോണ്‍പാളിശോഷണവും   കേരളത്തിന്റെ ഹരിതദര്‍ശനവും പദ്ധതികളും മറ്റുള്ളവര്‍ക്ക് മാതൃകയാണെങ്കിലും കാലംതെറ്റിയെത്തുന്ന കാലാവസ്ഥയും കെടുതികളും നമ്മുടെ ഉത്തരവാദിത്തവും ബാധ്യതയും വര്‍ധിപ്പിക്കുന്നു. വിണ്ടുകീറിയ കൃഷിയിടങ്ങള്‍ കര്‍ഷകന്റെ ഹൃദയം പിളര്‍ക്കുക മാത്രമല്ല വരുംതലമുറയുടെ ദാഹജലം ഇല്ലാതാക്കുക കൂടിയാണ്. നമുക്കുചുറ്റുമുള്ള പച്ചപ്പുകളും വിഭവങ്ങളും ഇന്നുള്ളവര്‍ക്ക് ഇഷ്ടംപോലെ അനുഭവിച്ചുതീര്‍ക്കാനുള്ളതല്ല. വരുംതലമുറകള്‍ക്ക് അവകാശപ്പെട്ടതാണത്. നാം അതിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരുപിടി പദ്ധതികളും പരിപാടികളുമാണ് നമ്മള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വനങ്ങളും വനസമ്പത്തും എക്കാലവും നിലനില്‍ക്കണമെന്ന കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന വനനയം കേരളസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പരിണാമ ശൃംഖലയിലെ അസംഖ്യം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് വനങ്ങള്‍. വനങ്ങള്‍ക്കും നദികള്‍ക്കും മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. ഹരിതഗൃഹ വാതകങ്ങളും അതുവഴിയുളവാകുന്ന കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിയുടെ നിലനില്‍പ്പിനെതന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ ഒരു മരം കൂടി നടുകയാണ് നമ്മുടെ മുന്നിലുള്ള മാര്‍ഗം. ഭൂമിക്കും ഭാവിക്കും വേണ്ടി 'ആഗോളതാപനം - മരമാണ് മറുപടി' എന്ന മുദ്രാവാക്യം എക്കാലവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കാവുകളും കണ്ടല്‍ക്കാടുകളുമെല്ലാം ഉള്‍ക്കൊള്ളുന്ന വനങ്ങള്‍ നമുക്ക് കാത്തുസൂക്ഷിക്കാം. കേരളത്തെ ഹരിതാഭമാക്കാനുള്ള വൃക്ഷവല്‍ക്കരണ പദ്ധതികള്‍ വന്‍ വിജയമാക്കുന്നതിന് കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി എല്ലാവിഭാഗം ജനങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം.

No comments:

Post a Comment