Related Posts with Thumbnails

2010-03-16

നട്ടെല്ലില്ലാത്തതിന്റെ ദുരന്തം



ഇറാന്റെ ആണവപദ്ധതിക്കെതിരെ ഐക്യരാഷ്ട്രസഭയെക്കൊണ്ട് നാലാംവട്ട ഉപരോധം നടപ്പാക്കുന്നതിന് ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായുള്ള നെട്ടോട്ടത്തിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും പ്രതിരോധസെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സും. ഗള്‍ഫ്,ലാറ്റിനമേരിക്കന്‍രാജ്യങ്ങളില്‍ ഹിലരി നടത്തിയ സന്ദര്‍ശനങ്ങള്‍ വേണ്ടത്ര ഫലിച്ചില്ല. സൌദിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഹിലരിക്കു പിന്നാലെ ഗേറ്റ്സും എത്തി. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന സിറിയയിലേക്ക് ഏറ്റവുമടുത്ത ദൂതന്‍ വില്യംസ് ബേണിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അയച്ചത്. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സിറിയയോട് ആവശ്യപ്പെടാനും അവര്‍ മടിച്ചില്ല. അമേരിക്കന്‍സംഘത്തെ സ്വീകരിച്ച് ചര്‍ച്ചകള്‍ നടത്തിയതിന്റെ മൂന്നാംനാള്‍ ഇറാന്‍പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദിനും ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന്‍ നസ്റുല്ലക്കും ആതിഥ്യമരുളി അമേരിക്കക്ക് ചുട്ട മറുപടി നല്‍കുകയാണ് സിറിയന്‍ പ്രസിഡന്റ് ബശãാറുല്‍ അസദ് ചെയ്തത്. മേഖലയെയും അതിന്റെ ചരിത്രത്തെയും കുറിച്ച് ആരും പഠിപ്പിക്കേണ്ടെന്നും ആരുമായി കൂട്ടുകൂടണമെന്ന് തീരുമാനിക്കാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ടെന്നുമാണ് ഹിലരിയുടെ ഉപദേശത്തോട് സിറിയന്‍നേതാവ് പ്രതികരിച്ചത്. സിറിയയിലെ യു.എസ് അംബാസഡറെ അഞ്ചുകൊല്ലം മുമ്പ് ബുഷ് പിന്‍വലിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് ഒരു ഉയര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ ദമസ്കസിലെത്തുന്നത്. അംബാസഡറായി റോബര്‍ട്ട് ഫോര്‍ഡിനെ അങ്ങോട്ടയക്കാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചിട്ടുമുണ്ട്. എന്നാല്‍, നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് ഉപാധികളൊന്നും കെട്ടിവെക്കേണ്ടെന്ന വ്യക്തമായ സന്ദേശമാണ് അസദ് നല്‍കിയത്. ആണവപ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചിരിക്കുകയാണ്. ഇറാനെ ആക്രമിക്കാന്‍ അമേരിക്കക്ക് വേദിയൊരുക്കില്ലെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍, കുവൈത്ത്ഒമാന്‍ എന്നീ രാജ്യങ്ങളുമായി ഇക്കഴിഞ്ഞയാഴ്ച സുരക്ഷാ കരാറുകള്‍ ഇറാന്‍ ഒപ്പുവെക്കുകയും ചെയ്തു.

വീറ്റോ ചെയ്യപ്പെട്ടില്ലെങ്കില്‍ പതിനഞ്ചംഗ രക്ഷാസമിതിയില്‍ ഇറാന്‍വിരുദ്ധ പ്രമേയം പാസാവാന്‍ ഒമ്പത് രാജ്യങ്ങളുടെയെങ്കിലും പിന്തുണ വേണം. അമേരിക്കന്‍നിലപാടിനോട് ചൈനക്ക് ഇപ്പോഴും വിയോജിപ്പാണ്. എന്നാല്‍, ചൈന വീറ്റോ ചെയ്യില്ലെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. അങ്ങനെ വരുമ്പോള്‍ മറ്റു രാജ്യങ്ങളുടെ വോട്ടുകള്‍ ഉറപ്പാക്കണം. രക്ഷാസമിതി അംഗങ്ങളായ ബ്രസീലും തുര്‍ക്കിയും ലബനാനും അമേരിക്കന്‍നീക്കങ്ങളോട് യോജിക്കുന്നില്ല. ഹിലരിയെ സ്വീകരിച്ചതോടൊപ്പംഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകില്ലെന്ന് തുറന്നുപറയാന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂലാ ഡ സില്‍വ മടി കാണിച്ചിട്ടില്ല. തന്റെ രാജ്യത്തിനും ആണവോര്‍ജപദ്ധതി ഉണ്ടെന്നും അത്തരമൊന്ന് ആര്‍ജിക്കാനുള്ള അവകാശം ഇറാനും ഉണ്ടെന്നാണ് ലൂലായുടെ നിലപാട്. എന്നാല്‍, ഇറാന്‍ അണുവായുധം നിര്‍മിച്ചാല്‍ എതിര്‍ക്കും. മേയില്‍ തെഹ്റാന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം നേരില്‍ പറയുമെന്നും ബ്രസീല്‍പ്രസിഡന്റ് വ്യക്തമാക്കുന്നു. ഹിലരിയെ വെറുംകൈയോടെ അയച്ചതിനുപിന്നാലെ,സാമ്രാജ്യത്വതാല്‍പര്യങ്ങള്‍ക്കു മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കക്കെതിരെ വ്യാപാര ഉപരോധവും ബ്രസീല്‍ പ്രഖ്യാപിച്ചു. തദ്ദേശീയരായ പരുത്തി കര്‍ഷകര്‍ക്ക് നിയമവിരുദ്ധമായി സബ്സിഡി നല്‍കിവരുന്ന അമേരിക്കന്‍നടപടിക്കെതിരെ 2002 മുതല്‍ നിയമയുദ്ധത്തിലാണ് ബ്രസീല്‍. അമേരിക്കയുടേത് വിവേചനമാണെന്ന് ലോക വ്യാപാരസംഘടന 2008ല്‍ വിധിച്ചെങ്കിലും വാഷിങ്ടണ്‍ ഗൌനിച്ചില്ല. 1999 മുതല്‍ 2003 വരെ മാത്രം 12.5 ബില്യന്‍ ഡോളറാണ് ആഭ്യന്തര കര്‍ഷകര്‍ക്ക് അമേരിക്ക സബ്സിഡി നല്‍കിയത്. ഇതുകാരണം ബ്രസീലിലെയും പടിഞ്ഞാറന്‍ ആഫ്രിക്കയിലെയും കര്‍ഷകരാണ് വന്‍ദുരിതത്തിലായത്.

1979ലെ ഇസ്ലാമികവിപ്ലവാനന്തരം ആരംഭിച്ചതാണ് ഇറാനെതിരായ അമേരിക്കയുടെ ഉപരോധക്കളി. 31 കൊല്ലം നിരന്തരം ശ്രമിച്ചിട്ടും ഫലം കാണാത്ത ഉണ്ടയില്ലാ വെടിയായി മാറിയിരിക്കുന്നു ഉപരോധങ്ങള്‍. ഇത്തവണ അതിശക്തമായ ഉപരോധത്തിനാണ് യു.എസ് തയാറെടുക്കുന്നത്. ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ലൂലായെപ്പോലുള്ള നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകപൊലീസിന്റെ വേഷം അഴിച്ചുവെക്കാന്‍ ഒബാമയും തയാറല്ല. സ്വന്തം നിലയില്‍ നടത്തുന്നതും പോരാഞ്ഞാണ് യു.എന്നിനെക്കൊണ്ട് നാലാംവട്ട ഉപരോധത്തിനുള്ള പടപ്പുറപ്പാട്. അമേരിക്കന്‍ലോബിയുടെ ഭാഗമായ യൂറോപ്യന്‍യൂനിയനിലെ അംഗരാജ്യങ്ങള്‍ക്കിടയിലും ഉപരോധ നീക്കത്തില്‍ അഭിപ്രായഭിന്നതയുണ്ട്. സ്വീഡനും ലക്സംബര്‍ഗും പോലുള്ളവ ഉപരോധത്തിന് എതിരാണ്. ഇറാനില്‍ നിക്ഷേപം നടത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കാറുള്ള അമേരിക്കന്‍ ഭരണകൂടം നികുതിദായകരെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നുവെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്'കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഇറാനുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ട 74 കമ്പനികളുമായി കഴിഞ്ഞ എട്ടു വര്‍ഷമായി 107 ബില്യന്‍ ഡോളറിന്റെ ഇടപാടുകളാണ് അമേരിക്ക നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക പാസാക്കിയ ഇറാന്‍ ഉപരോധ ആക്ടിനെ വെല്ലുവിളിച്ച് തെഹ്റാനുമായി സജീവമായി ഇടപാടുകള്‍ നടത്തിയ റോയല്‍ ഡച്ച് ഷെല്‍, ഊര്‍ജ മേഖലയിലെ ദക്ഷിണ കൊറിയന്‍ ഭീമന്‍ ദെയിലിം ഇന്‍ഡസ്ട്രിയല്‍ തുടങ്ങിയ ഏഴ് വന്‍കിട കമ്പനികളും ഇതില്‍പെടും. 2004ല്‍ അന്നത്തെ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ കമ്പനിയായിരുന്ന ഹാലിബര്‍ട്ടന്റെ സബ്സിഡിയറി ഇറാനുമായി കരാറുണ്ടാക്കിയത് വിവാദമായിരുന്നു. തെഹ്റാന്റെ ആണവമിസൈല്‍ പദ്ധതികളുടെ നിയന്ത്രണവും ഊര്‍ജ മേഖലയില്‍നിന്നു ലഭിക്കുന്ന വരുമാനവും കൈയാളുന്നത് ശക്തരായ ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ്സ് കോര്‍പ്സാണെന്നാണ് അമേരിക്കയുടെ ആരോപണം. അതുകൊണ്ടുതന്നെ ഇറാന്റെ ഊര്‍ജമേഖലയില്‍ നിക്ഷേപം നടത്തുകയോ നിര്‍മാണകരാറുകള്‍ ഏറ്റെടുക്കുകയോ ചെയ്യുന്ന വിദേശകമ്പനികള്‍ അമേരിക്കക്ക് തീര്‍ത്തും അനഭിമതരാവേണ്ടതാണ്. എന്നാല്‍, ഊര്‍ജമേഖലയില്‍ ഇടപെടുന്ന കമ്പനികള്‍ക്കാണ് അമേരിക്കന്‍പണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും പോയതെന്നതാണ് ഏറെ കൌതുകകരം. റവലൂഷണറി ഗാര്‍ഡുമായി നേരിട്ടു ബന്ധമുള്ള വാഹനനിര്‍മാണവിതരണമേഖലയിലാണ് മറ്റു കമ്പനികള്‍ നിക്ഷേപം നടത്തിയത്. ഇറാന്റെ എണ്ണവാതകമേഖലയില്‍ 20 മില്യന്‍ ഡോളറിനുമേല്‍ വാര്‍ഷികനിക്ഷേപം നടത്തുന്ന കമ്പനികളെ ശിക്ഷിക്കുന്ന നിയമം (ഇറാന്‍ ഉപരോധ ആക്ട്) 14 കൊല്ലം മുമ്പ് പാസാക്കിയെങ്കിലും അത് നടപ്പാക്കാനുള്ള ധൈര്യം വാഷിങ്ടണ്‍ കാണിച്ചിട്ടില്ല. 'ന്യൂയോര്‍ക്ക് ടൈംസ്വെളിപ്പെടുത്തല്‍ അമേരിക്കയുടെ ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

അമേരിക്കയുടെ ഇറാന്‍നയത്തോട് അനുകൂലസമീപനമാണ് ഇന്ത്യ സ്വീകരിച്ചുപോന്നത്. അമേരിക്കയെ പേടിച്ച് വാതകപൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതിനു പിന്നാലെ സ്വകാര്യഗ്രൂപ്പായ റിലയന്‍സും ഇറാനിലേക്കുള്ള പെട്രോള്‍, ഡീസല്‍ കയറ്റുമതി നിറുത്തിവെച്ചു. ഇറാനുമായുള്ള ഇടപാടില്‍ ക്രെഡിറ്റ് ലെറ്റര്‍ നല്‍കുന്നതിന് ഫ്രഞ്ച്ബാങ്കുകളായ ബി.എന്‍.പി പാരിബാസും കാലിയോണും വിസമ്മതിച്ചതാണ് നടപടിക്ക് കാരണമായി റിലയന്‍സ് അറിയിച്ചത്. അമേരിക്കന്‍ ഭീഷണി ഭയന്നാണ് ബാങ്കുകള്‍ ഈ നിലപാട് കൈക്കൊണ്ടത്. റിലയന്‍സ് ഉള്‍പ്പെടെ ഒരു ഇന്ത്യന്‍ എണ്ണക്കമ്പനിയും ഇപ്പോള്‍ ഇറാനിലേക്ക് പെട്രോള്‍ കയറ്റുമതി ചെയ്യുന്നില്ലെന്ന് പെട്രോളിയംപ്രകൃതി വാതക സഹമന്ത്രി ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കി. പ്രതിദിനം 1.24 മില്യന്‍ ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാന്‍ കെല്‍പുള്ള രണ്ട് റിഫൈനറികള്‍ ഓപറേറ്റ് ചെയ്യുന്ന റിലയന്‍സിനുപുറമെ ഗവണ്‍മെന്റ് ഉടമയിലുള്ള ഇന്ത്യന്‍ ഓയില്‍കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, മാംഗലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ്സ്വകാര്യ ഉടമയിലുള്ള എസ്സാര്‍ ഓയില്‍ എന്നിവയും നേരത്തേ ഇറാനിലേക്ക് എണ്ണ കയറ്റിയയച്ചിരുന്നെങ്കിലും പിന്നീട് നിര്‍ത്തിയതായി മന്ത്രി സമ്മതിക്കുന്നു. ഇവരൊക്കെ ഒരു സുപ്രഭാതത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തുവെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല.
വികസ്വരരാജ്യങ്ങളില്‍ മുന്‍നിരയിലുള്ള ഇന്ത്യക്കും ബ്രസീലിനും പല കാര്യങ്ങളിലും സാദൃശ്യമുണ്ട്. സാമ്പത്തിക രംഗത്ത് വളര്‍ന്നുവരുന്ന ശക്തികള്‍ എന്ന നിലയില്‍ ബ്രസീല്‍, റഷ്യഇന്ത്യചൈന (ബ്രിക്) എന്ന പേരില്‍ ഗ്രൂപ് നിലവിലുണ്ട്. ഇന്ത്യ^ബ്രസീല്‍^സൌത്താഫ്രിക്ക ഡയലോഗ് ഫോറം(ഇബ്സ) ആണ് മറ്റൊന്ന്. ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങള്‍ക്ക് പരസ്പരം സഹകരിക്കാന്‍ ബ്രസീല്‍, ജര്‍മനിഇന്ത്യജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ജി^4 സഖ്യവുമുണ്ട്.

ബന്ധങ്ങളും സഹകരണവുമൊക്കെയാവാംപക്ഷേരാജ്യതാല്‍പര്യം വെടിഞ്ഞുള്ള ഒരു കൂട്ടുകെട്ടിനും തങ്ങളില്ല എന്ന സന്ദേശമാണ് ബ്രസീലും സിറിയയും നല്‍കുന്നത്. അമേരിക്കയെ പേടിച്ച് ഇറാനുമായുള്ള നല്ല ബന്ധങ്ങള്‍ ബലി കഴിക്കാന്‍ ഇരുരാജ്യങ്ങളും തയാറല്ല. എന്നാല്‍,അങ്കിള്‍സാം കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയാനാണ് നാം ശ്രമിക്കുന്നത്. വാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതും നാലു വര്‍ഷത്തിനിടെ മൂന്നു തവണ അന്താരാഷ്ട്ര ആണവോര്‍ജ സമിതിയില്‍ (ഐ.എ.ഇ.എ) ഇറാനെതിരെ വോട്ട്ചെയ്തും തെഹ്റാന്റെ സൈനിക വിവരങ്ങള്‍ ഒപ്പിയെടുക്കുന്നതിന് ഇസ്രായേല്‍ നിര്‍മിച്ച ചാര ഉപഗ്രഹമായ ടെക്സ്റ്റര്‍ വിക്ഷേപിച്ചുമൊക്കെ മേഖലയിലെ സുഹൃത്തിനെ അകറ്റാനാണ് ഇന്ത്യ ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം 35 അംഗ ഐ.എ.ഇ.എ ഗവേണിങ് ബോഡി യോഗത്തില്‍ ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്തപ്പോള്‍ ബ്രസീല്‍ വിട്ടുനിന്നു. ക്യൂബയും വെനിസ്വേലയും മലേഷ്യയും എതിര്‍ത്തു വോട്ടുചെയ്ത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരായ നിലപാട് പരസ്യമാക്കി. മറ്റു രാജ്യങ്ങളുമായുള്ള  ബന്ധങ്ങളും ഇടപാടുകളും തീരുമാനിക്കാന്‍ അമേരിക്ക വരേണ്ടെന്ന് ലൂലായും അസദും പറയുമ്പോള്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയാത്തത് യു.പി.എ സര്‍ക്കാറിന്റെ അമേരിക്കന്‍ ദാസ്യം കാരണമാണ്. ലോകം വെറുക്കുന്ന ബുഷിനെ ഇന്ത്യയിലെ ജനങ്ങള്‍ സ്നേഹിക്കുന്നുവെന്ന് പറയാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതും ഈ മനോഭാവമായിരുന്നല്ലോ.

പി.കെ. നിയാസ്

No comments:

Post a Comment