Related Posts with Thumbnails

2010-03-10

ശത്രുനിഗ്രഹത്തിനും 'ഓണ്‍ലൈന്‍' മലയാള സിനിമ







തിരുവനന്തപുരം: ഓണ്‍ലൈന്‍ സന്നാഹങ്ങള്‍ മലയാള സിനിമാവ്യവസായത്തിന് ഭീഷണിയാകുന്നുവെന്ന മുറവിളികള്‍ ഒരു ഭാഗത്ത് ഉയരുന്നു. പോലീസിന്റെ ആന്റിപൈറസി വിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്ന്, പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന രണ്ടു വെബ്‌സൈറ്റുകള്‍ തടഞ്ഞു. എന്നാല്‍ നിരവധി സൈറ്റുകള്‍ സൗജന്യഡൗണ്‍ലോഡ് സൗകര്യമൊരുക്കി ഇപ്പോഴും സജീവമാണ്. ഫാന്‍സ് അസോസിയേഷനുകള്‍ 'ശത്രു' താരത്തിന്റെ സിനിമയെ തകര്‍ക്കാന്‍ അദ്ദേഹം അഭിനയിച്ച പുത്തന്‍ പടങ്ങള്‍ ഇന്റര്‍നെറ്റിലിടുന്ന പതിവും വ്യാപകമാവുകയാണ്.

വ്യാജ സി.ഡി, ഓണ്‍ലൈന്‍ സിനിമകള്‍ എന്നിവയ്‌ക്കെതിരെ സിനിമാനിര്‍മാതാക്കള്‍ ആഭ്യന്തരമന്ത്രിയ്ക്കുനല്‍കിയ പരാതിയെ തുടര്‍ന്ന് കേരള പോലീസിന്റെ ആന്റിപൈറസിസെല്‍ മേധാവിയും ക്രൈംബ്രാഞ്ച് ഐ.ജിയുമായ ആര്‍.ശ്രീലേഖയും സംഘവും വ്യാപക റെയ്ഡുകള്‍ നടത്തി. 18000 വ്യാജ സി.ഡി.കള്‍ കണ്ടെത്തി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ 'ഭ്രമര'ത്തിന്റെ സൗജന്യ ഡൗണ്‍ലോഡ് ലിങ്ക് നല്‍കിയ www.olangal.com എന്ന സൈറ്റിനെതിരെയും ഈ വര്‍ഷം പുറത്തിറങ്ങിയ 'ഹാപ്പി ഹസ്ബന്‍ഡ്‌സി'ന്റെ ലിങ്കുണ്ടായിരുന്ന www. mallu.com എന്ന സൈറ്റിനെതിരെയും നടപടികളെടുത്തു. ഈ രണ്ട് സൈറ്റുകളും ഇപ്പോള്‍ ഇന്ത്യയില്‍ തടയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുപതോളം സൈറ്റുകള്‍ ആന്റിപൈറസി സെല്ലിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും സൗജന്യ ഡൗണ്‍ലോഡുകള്‍ നല്‍കുന്നുണ്ട്.

രണ്ടുതരത്തിലാണ് ഇത്തരം സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. (ഒന്ന്) സിനിമകള്‍ അതേപടി സൈറ്റിലിടുന്നു. (രണ്ട്) മെഗാഅപ് ലോഡ് (www.megaupload.com) തുടങ്ങിയ വന്‍കിട സൗജന്യ സ്റ്റോറേജ് സൈറ്റുകളില്‍ ആര്‍ക്കുവേണമെങ്കിലും അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന സിനിമകളുടെ ലിങ്കുകള്‍ ക്രമീകരിച്ച് നല്‍കുന്നു. www.malayalampadam.com എന്ന സൈറ്റിന്റെ കാര്യംതന്നെയെടുക്കാം. മേല്‍പ്പറഞ്ഞതില്‍ രണ്ടാമത്തെ രീതിയിലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. പഴശ്ശിരാജാ, പാലേരിമാണിക്യം, ഡാഡി കൂള്‍, ഡ്യൂപ്ലിക്കേറ്റ്, പുതിയമുഖം, ഇവര്‍ വിവാഹിതരായാല്‍തുടങ്ങിയ പുതിയ സിനിമകളുടെ ലിങ്കുകള്‍ ഈ വെബ്‌സൈറ്റിലുണ്ട്. ഇവയില്‍ പാലേരിമാണിക്യം (ഇത് ക്യാമറാ പ്രിന്റാണത്രെ!) ഒഴികെയുള്ള സിനിമകള്‍ അതീവ വ്യക്തതയോടെ ഡൗണ്‍ലോഡ് ചെയ്ത് കാണാനാകും.

മൂവിഖോജ് (www.moviekhoj.com), വീഡിയോദുനിയ (www.videoduniya.com) തുടങ്ങിയ സൈറ്റുകളിലും നിരവധി മലയാള ചിത്രങ്ങള്‍ കാണാം. 'നിയമപരമായിത്തന്നെ സിനിമകള്‍ കാണാന്‍ അവസരം' എന്ന് ഇത്തരം സൈറ്റുകള്‍ പറയുന്നുണ്ട്. ഇവയിലെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ഓണ്‍ലൈന്‍ ആയിത്തന്നെ സിനിമ കാണണം. സ്‌ക്രീനിന്റെ വശങ്ങളിലുള്ള പരസ്യമാണ് ഇവയുടെ വരുമാനമാര്‍ഗം.

പക്ഷേ ഇവിടെയും അപകടമുണ്ട്. ഓണ്‍ലൈനായി മാത്രം കിട്ടുന്ന പാട്ടുകളോ സിനിമകളോ , അവ കാണുന്നതിനൊപ്പം, പകര്‍ത്താനുള്ള നൂറുകണക്കിന് സോഫ്റ്റ്‌വേറുകള്‍ (സ്ട്രീമിങ് സോഫ്റ്റ്‌വേറുകള്‍) ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ഇത്തരം സോഫ്റ്റ്‌വേറുകള്‍ കമ്പ്യൂട്ടറില്‍ സന്നിവേശിപ്പിച്ചാല്‍, ഓണ്‍ലൈനായി സിനിമ കാണുന്നതിനൊപ്പം അതിന്റെ പകര്‍പ്പ് ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരുതവണമാത്രം ഓണ്‍ലൈനായി സിനിമ കണ്ടാല്‍ അനായാസം പകര്‍പ്പെടുക്കാന്‍ ഇത്തരം സൈറ്റുകള്‍ പരോക്ഷമായി അവസരമൊരുക്കുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ 'ഇവിടം സ്വര്‍ഗമാണ്' എന്ന സിനിമപോലും ടോറന്റിലൂടെ ഇന്റര്‍നെറ്റില്‍ നിന്ന് ലഭ്യമാക്കാന്‍ കഴിയും. അമേരിക്കയിലെ വന്‍കിട സിനിമാനിര്‍മാണ കമ്പനികളുമായി സഹകരിച്ച് നിയമപരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിതെങ്കിലും (www.utorrent.com) മലയാള സിനിമയ്ക്ക് ഹാനികരമായത് ചെയ്യാന്‍ ടോറന്റിനും കഴിയുന്നു.

മെഗാഅപ്‌ലോഡ് തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറേജ് സൈറ്റുകളില്‍ ആര്‍ക്കുവേണമെങ്കിലും സിനിമകള്‍ കയറ്റിവിടാം. എന്നാല്‍ മലയാള സിനിമാ മേഖലയില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഫാന്‍സ് സംഘങ്ങള്‍, തങ്ങളുടെ എതിര്‍താരത്തിന്റെ സിനിമ പുറത്തിറങ്ങിയാല്‍ ഉടന്‍തന്നെ അവ വെബ്‌സൈറ്റിലിടും. ടിക്കറ്റെടുക്കാതെ വീട്ടിലിരുന്ന് സിനിമ കണ്ട് ജനം എതിര്‍താര സിനിമയെ വകവരുത്തുമെന്നാണ് പ്രതീക്ഷ. സൈറ്റുകളില്‍ സിനിമകള്‍ അപ് ലോഡ് ചെയ്തിട്ടുള്ള തീയതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പഴശ്ശിരാജ നെറ്റിലിടുന്നതിന്റെ പിറ്റേന്നാവും ' ഇവിടം സ്വര്‍ഗമാണ്' ലഭ്യമാകുക. 'സ്വ.ലേ'യ്ക്ക് തൊട്ടുപിന്നാലെ 'പുതിയമുഖ'വും നെറ്റിലെത്തും. അതാണ് ഫാന്‍സ് അസോസിയേഷനുകളുടെ കളി.
-പി.എസ്.ജയന്‍

No comments:

Post a Comment