Related Posts with Thumbnails

2010-03-17

അമ്മയുടെ ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യം




''നിങ്ങള്‍ കഴിക്കുന്നതെന്തോ അതാണ് നിങ്ങള്‍'' എന്ന പഴമൊഴിക്ക് പാഠഭേദം വരുത്തുകയാണ് പുതിയ ഗവേഷണഫലങ്ങള്‍. ''നിങ്ങള്‍ ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ അമ്മ എന്തു കഴിച്ചുവോ അതാണ് നിങ്ങള്‍'' എന്നാണ് ലണ്ടനിലെ റോയല്‍ വെറ്ററിനറി കോളേജിലെ ഡോ. സ്റ്റെഫാനി ബയോള്‍ അഭിപ്രായപ്പെടുന്നത്. ഒരുപറ്റം എലികളില്‍ നടത്തിയ ഗവേഷണങ്ങളാണ് അദ്ദേഹത്തെ ഇത്തരം ഒരു അഭിപ്രായത്തില്‍ എത്തിച്ചത്.


ഗര്‍ഭാവസ്ഥയിലും മുലയൂട്ടുമ്പോഴും അമ്മമാര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നുവെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. 'ജങ്ക് ഫുഡുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോഷകാംശം കുറഞ്ഞ ലഘുഭക്ഷണം അമിതമായി കഴിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് അത്തരം ഭക്ഷണപദാര്‍ഥങ്ങളോട് 'ആര്‍ത്തി' ഉണ്ടാകുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഇതിനു പുറമേയാണ് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത.

പ്രധാന അവയവങ്ങള്‍ക്കു ചുറ്റും കൊഴുപ്പടിയുന്നത് ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഗവേഷണം നടത്തിയത് എലികളിലായതിനാല്‍ അതു തങ്ങളെ ബാധിക്കില്ലെന്നു കരുതുന്ന അമ്മമാര്‍ക്ക് ഗവേഷകസംഘത്തിലെ പ്രൊഫ. നീല്‍ സ്റ്റിക്‌ലാന്‍ഡിന്റെ മുന്നറിയിപ്പുണ്ട്. ''എലികളും മനുഷ്യരും ഒരേ ജൈവവ്യവസ്ഥ പങ്കിടുന്നവരാണ്. അതുകൊണ്ടുതന്നെ എലികളില്‍ നിരീക്ഷിച്ച കാര്യങ്ങള്‍ മനുഷ്യരിലും കണ്ടേക്കാം.''

എന്നാല്‍, നോട്ടിങ്ഹാം സര്‍വകലാശാലയിലെ പോഷകാഹാര വിദഗ്ധ ഡോ. സൈമണ്‍ ലാങ്‌ലെ ഈ ഗവേഷണഫലത്തോട് പൂര്‍ണമായി യോജിക്കാന്‍ തയ്യാറല്ല. അമിതഭക്ഷണം വഴിയുള്ള പൊണ്ണത്തടിയാണ് പ്രശ്‌നകാരണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ആദ്യമാസങ്ങളില്‍ വിശപ്പില്ലായ്മ, ക്ഷീണം, ചര്‍ദ്ദി തുടങ്ങിയ അസ്വസ്ഥതകളുണ്ടാകും. ക്ഷീണം തോന്നുമ്പോള്‍ സുഖമായി വിശ്രമിക്കുക. വേണ്ടത്ര സമയം ഉറങ്ങണം. ചര്‍ദ്ദിയിലൂടെയും മറ്റും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും ക്ഷീണമുണ്ടാക്കും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ആദ്യഘട്ടമായ പന്ത്രണ്ട് ആഴ്ചവരെ ഇക്കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം. ഗര്‍ഭകാലത്ത് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ നല്ലത് അവ നേരിട്ട് കഴിക്കുന്നതാണ്. വിവിധയിനം പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

14-ാമത്തെ ആഴ്ച മുതല്‍ മാതാവിന്റെ ശരീരത്തില്‍ കൂടുതല്‍ ഇരുമ്പ് സത്ത് ആവശ്യമായിവരും. അതിനാല്‍ ഈ ഘട്ടം മുതല്‍ അയണ്‍ ഗുളികകള്‍ കഴിച്ചുതുടങ്ങണം. കൂടുതല്‍ കാത്സ്യവും ആവശ്യമാണ്.

കാത്സ്യം ഗുളികകളും കഴിക്കണം. ഇരുമ്പുസത്തും കാത്സ്യവും ധാരാളമുള്ള ഭക്ഷണം ശീലിക്കുന്നത് നന്നായിരിക്കും. പാല്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചനിറം കൂടുതലുള്ള ഇലക്കറികള്‍, പച്ചക്കറികള്‍, തവിട് മുഴുവന്‍ നീക്കാത്ത അരി, നെല്ലിക്ക, പഴങ്ങള്‍ തുടങ്ങിയവയൊക്കെ നല്ലതുതന്നെ.

പാലും പാലുല്‍പ്പന്നങ്ങളും 

കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ പാലിലും പാലുല്‍പ്പന്നങ്ങളിലും ധാരാളം അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ എല്ലുകളും പല്ലുകളും രൂപപ്പെട്ടുവരുന്നതിന് കാത്സ്യം അത്യാവശ്യമാണ്. കുഞ്ഞിന് ആവശ്യത്തിന് കാത്സ്യം ലഭിച്ചില്ലെങ്കില്‍ അമ്മയുടെ എല്ലുകളില്‍നിന്നും മറ്റും കാത്സ്യം വലിച്ചെടുക്കും. അത് പിന്നീട് അമ്മയുടെ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പാല്‍ കുടിക്കാന്‍ മടിയാണെങ്കില്‍ പാലില്‍ ചോക്കലേറ്റോ വാനിലയോ അല്പം ചേര്‍ത്ത് തണുപ്പിച്ച് കഴിക്കാം. തൈര്, വെണ്ണ, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഒരു കപ്പ് പാലില്‍നിന്ന് ലഭിക്കുന്ന അത്രയുംതന്നെ കാത്സ്യം ഒരു കപ്പ് തൈരില്‍നിന്ന് ലഭിക്കും. 

ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും

പ്രോട്ടീന്‍ സമൃദ്ധമായ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകും.

പച്ചക്കറികള്‍

വൈറ്റമിന്‍ എ, സി, മിനറല്‍സ് ഫെബര്‍ എന്നിവ അടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. മലബന്ധം ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. നാരങ്ങ, ചെറുനാരങ്ങ, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. കാബേജ്, ഉരുളന്‍കിഴങ്ങ്, ചീര, ഗ്രിന്‍ബീന്‍സ്, തക്കാളി എന്നിയിലും വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ അയേണ്‍ വലിച്ചെടുക്കാന്‍ വൈറ്റമിന്‍ സി സഹായിക്കും. ശരീരം ശേഖരിച്ച് വെയ്ക്കാത്തതിനാല്‍ എല്ലാ ദിവസവും വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണ്.

പഴങ്ങള്‍

ഓറഞ്ച്, മുന്തിരി, വിവിധതരം തണ്ണിമത്തനുകള്‍(Melons), നീരുള്ള പഴങ്ങള്‍(berries) എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. പപ്പായ, മാങ്ങ പോലുള്ള പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. പ്രാതലില്‍ ജ്യൂസുകളും പഴങ്ങളും ഉള്‍പ്പെടുത്താം. ഇടക്കിടെയുള്ള ലഘുഭക്ഷണമായി ഡ്രൈഡ് ഫ്രൂട്ട്‌സുകളും കഴിക്കാം. ഫ്രൂട്ട് സലാഡ് ഉച്ചഭക്ഷണത്തോടൊപ്പവും ഫ്രൂട്ട് ഡെസര്‍ട്ട് അത്താഴത്തോടൊപ്പവും കഴിക്കാം.

മത്സ്യം മാംസം

ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും നല്‍കുന്ന പ്രോട്ടീന്‍ ഇവയിലും അടങ്ങിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും മറ്റും ഇത് അത്യാവശ്യമാണ്.

അവലംബം : മാതൃഭൂമി

No comments:

Post a Comment