Related Posts with Thumbnails

2010-03-11

ഹാര്‍ഡ് ഡ്രൈവുകള്‍ മാറാനൊരുങ്ങുന്നു;


Fun & Info @ Keralites.netമുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റത്തിന്റെ വക്കിലാണ് ഹാര്‍ഡ് ഡ്രൈവുകള്‍. 2011-ഓടെ ഹാര്‍ഡ് ഡ്രൈവുകളെല്ലാം 'പരിഷ്‌ക്കരിച്ച ഫോര്‍മാറ്റി'ലേക്ക് മാറും.

ഊര്‍ജം കുറച്ച് ഉപയോഗിക്കുന്നതും അതേസമയം കൂടുതല്‍ ആശ്രയിക്കാവുന്നതുമായ വലിയ ഡ്രൈവുകള്‍ നിര്‍മിക്കാന്‍, പുതിയ ഫോര്‍മാറ്റിന്റെ വരവ് കമ്പനികളെ സഹായിക്കും. എന്നാല്‍, ഈ മാറ്റം വിന്‍ഡോസ് എക്‌സ്​പി ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ഡോസ്' (DOS) ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാലം മുതല്‍ ഹാര്‍ഡ് ഡ്രൈവുകളിലെ സംഭരണസ്ഥലം ഫോര്‍മേറ്റ് ചെയ്തിരുന്നത് 512 ബൈറ്റ്‌സ് ബ്ലോക്കുകളായാണ്.

ഹാര്‍ഡ് ഡ്രൈവുകള്‍ക്ക് ഏതാനും മെഗാബൈറ്റ്‌സ് (MB) സംഭരണശേഷി മാത്രമുള്ളപ്പോള്‍ 512 ബൈറ്റ്‌സ് ബ്ലോക്കുകളായുള്ള ഫോര്‍മാറ്റിങ് ഉപയോഗപ്രദമായിരുന്നു. എന്നാല്‍ ടെറാബൈറ്റോ (ആയിരം ജിഗാബൈറ്റ്‌സ്) അതില്‍ കൂടുതലോ ശേഷിയുള്ള ഡ്രൈവുകളാകുമ്പോള്‍ ഇത്തരം ഫോര്‍മാറ്റിങിന് അര്‍ഥമില്ലാതാകും. മാത്രമല്ല, അത് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

'ടെക്‌നോളജി മാറിക്കഴിഞ്ഞു, എന്നാല്‍ ഫോര്‍മാറ്റിങിന്റെ അടിസ്ഥാന ഘടകം മാറിയിട്ടില്ല'-ഡേറ്റാ സ്‌റ്റോറേജ് കമ്പനിയായ 'സീഗേറ്റി'ലെ ഡേവിഡ് ബര്‍ക്ക്‌സ് പറയുന്നു. വന്‍ ശേഷിയുള്ള ഹാര്‍ഡ് ഡ്രൈവുകളില്‍ വലിയ തോതില്‍ സംഭരണസ്ഥലം ഉപയോഗശൂന്യമാകാന്‍ 512 ബൈറ്റ് ഫോര്‍മാറ്റിങ് കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഓരോ 512 ബൈറ്റ് മേഖലയിലും അതിന്റെ തുടക്കം സൂചിപ്പിക്കുന്ന ഒരു മാര്‍ക്കറും തെറ്റുതിരുത്താനുള്ള കോഡുകള്‍ക്കായി ചെറിയൊരു സ്ഥലവുമുണ്ട്. കൂടാതെ, ഓരോ മേഖലയ്ക്കിടയിലും വളരെ ചെറിയൊരു വിടവ് അവശേഷിക്കുകയും ചെയ്യും. വലിയ ഡ്രൈവുകളുടെ കാര്യത്തിലാകുമ്പോള്‍ ഇത്തരം ചെറുമേഖലകള്‍ ചേര്‍ന്ന് ഡ്രൈവില്‍ കാര്യമായ ഒരു സ്ഥലം പാഴാകുന്ന സ്ഥിതിയുണ്ടാകുന്നു.

എന്നാല്‍, നാല് കിലോബൈറ്റ്‌സ് (4K) ബ്ലോക്കുകളായുള്ള പുതിയ ഫോര്‍മാറ്റിങ് സമ്പ്രദായം നിലവില്‍ വരുന്നതോടെ, ഇത്തരത്തില്‍ ഹാര്‍ഡ് ഡ്രൈവുകളില്‍ പാഴാകുന്ന സംഭരണസ്ഥലത്തില്‍ എട്ടു മടങ്ങിന്റെ കുറവുണ്ടാകും. മാത്രമല്ല, തെറ്റുതിരുത്താനുള്ള കോഡുകള്‍ക്കായി ഡ്രൈവുകള്‍ക്ക് ഇരട്ടി സ്ഥലം നീക്കിവെക്കാനുമാകും.

ഈ മാറ്റം കൂടുതല്‍ ക്ഷമതയേറിയ ഹാര്‍ഡ് ഡ്രൈവുകള്‍ നിര്‍മിക്കാന്‍ വഴിയൊരുക്കും. ഡ്രൈവുകളില്‍ കൂടുതല്‍ ഡാറ്റ ശേഖരിക്കാം എന്നു മാത്രമല്ല, ഒരു ഫോര്‍മാറ്റ് എന്ന നിലയ്ക്ക് ഇതിന് 7 മുതല്‍ 11 ശതമാനം വരെ ക്ഷമത വര്‍ധിക്കുകയും ചെയ്യും.

ഇന്റര്‍നാഷണല്‍ ഡിസ്‌ക് ഡ്രൈവ് എക്യുപ്‌മെന്റ് ആന്‍ഡ് മെറ്റീരിയല്‍ അസോസിയേഷന്‍ (ഇഡിമ -Idema) വഴിയാണ്, 2011 ജനവരി മുതല്‍ എല്ലാ ഹാര്‍ഡ് ഡ്രൈവ് നിര്‍മാതാക്കളും 4K ഫോര്‍മാറ്റിലേക്ക് ചുവടു മാറ്റുക. വിന്‍ഡോസ് എക്‌സ്​പി മുതലായ സോഫ്ട്‌വേറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ മാറ്റം വഴിയുണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കമ്പനികള്‍ ബോധവല്‍ക്കരണവും ആരംഭിച്ചിട്ടുണ്ട്.

4K ഫോര്‍മാറ്റിന്റെ കാര്യം തീരുമാനിക്കും മുമ്പാണ് വിന്‍ഡോസ് എക്‌സ്​പി പുറത്തുവന്നത്. എന്നാല്‍, 2009 സപ്തംബറിന് ശേഷം പുറത്തു വന്ന വിന്‍ഡോസ് 7, വിസ്ത, ഒഎസ് എക്‌സ് ടൈഗര്‍, ലെപേര്‍ഡ്, സ്‌നോ ലെപേര്‍ഡ്, ലീനക്‌സിന്റെ വകഭേദം തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് പരിഷ്‌ക്കരിച്ച ഫോര്‍മാറ്റിനെ ഉള്‍ക്കൊള്ളാനാകും.

പരിഷ്‌ക്കരിച്ച ഫോര്‍മാറ്റിലുള്ള ഡ്രൈവുകള്‍ക്ക് വിന്‍ഡോസ് എക്‌സ്​പിക്ക് സഹായകമായ രീതിയില്‍ 512 ബൈറ്റ്‌സിനെ അനുകരിക്കാനാവും. എന്നാല്‍, ചില കേസുകളില്‍ അത് സാധിക്കാതെ വരും. ഡാറ്റ പകര്‍ത്തുന്നതിനും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിനും കാലതാമസം വരാം. 

-ജെ.എ.
കടപ്പാട്:
Fun & Info @ Keralites.net

No comments:

Post a Comment