Related Posts with Thumbnails

2010-03-04

ഫിറ്റ്‌നെസ് എന്നാലെന്ത്?



ആരോഗ്യം, അല്ലെങ്കില്‍ സുഖം എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് കൃത്യമായ നിര്‍വചനങ്ങള്‍ നല്‍കാന്‍ അത്രയെളുപ്പമല്ല. എന്നാല്‍

ഫിറ്റ്‌നെസ് എന്നത് കുറച്ചു കൂടി കൃത്യതയുള്ളതും ശാസ്ത്രീമായതുമായ ഒന്നാണ്. ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍വചനത്തില്‍ത്തന്നെ അതിനെക്കുറിച്ച് കൃത്യമായി വിശദീകരിക്കുന്നുമുണ്ട്. പ്രധാനമായും അഞ്ച് ഘടകങ്ങളാണ് ഇതിലുള്ളത്.

കാര്‍ഡിയോവാസ്‌കുലാര്‍ ശേഷി, മസിലുകളുടെ കരുത്ത്, മസിലുകള്‍ക്ക് ദീര്‍ഘനേരം പ്രവര്‍ത്തിക്കാനുള്ള ക്ഷമത അഥവാസ്റ്റാമിന, ശരീരത്തിന്റെ വഴക്കം, ശരീരത്തിന്റെ സൗന്ദര്യമാര്‍ന്ന ഘടന എന്നിവയാണ് ഈ അഞ്ച് ഘടകങ്ങള്‍. ഇവയോരോന്നും മെച്ചപ്പെടുത്തുന്നതിനുള്ള സവിശേഷ വ്യായാമപദ്ധതികളും ഭക്ഷണച്ചിട്ടകളുമാണ് ഫിറ്റ്‌നെസ് ട്രെയനിങ്ങിലുള്ളത്. ഇവയെല്ലാം കൂടിച്ചേര്‍ന്ന സമഗ്രമായ ഫിറ്റ്‌നെസാണ് നമുക്കു വേണ്ടത്. പ്രത്യേക രോഗങ്ങളുള്ളവര്‍, പ്രത്യേക കായികഇനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരൊക്കെ ഇതില്‍ ഓരോ സവിശേഷഘടകത്തിനായിരിക്കും പ്രാധാന്യം നല്‍കുക. എല്ലാമനുഷ്യര്‍ക്കും ഒരുപോലെ പാകമാവുന്ന ഒരു ഫിറ്റ്‌നെസ് പദ്ധതിയുണ്ടാകുമോ അതത്രയെളുപ്പമല്ലെന്നേ പറയാനാവൂ!

25 വയസ്സുള്ളയാള്‍ക്കും 75 വയസ്സുള്ളവര്‍ക്കും ഫിറ്റ്‌നെസ് ഉണ്ടാവണം. എന്നാല്‍, ഇരുകൂട്ടര്‍ക്കും ഒരേ വ്യായാമപദ്ധതിയോ ഭക്ഷണച്ചിട്ടകളോ നിര്‍ദേശിക്കാനാവില്ലല്ലോ. ഗര്‍ഭകാലത്തു വേണ്ട ഫിറ്റ്‌നെസ് ക്രമങ്ങളല്ലല്ലോ പ്രസവാനന്തരം വേണ്ടത്. പ്രത്യേകരോഗങ്ങളുള്ളവര്‍ അതനുസരിച്ചുള്ള വ്യായാമപദ്ധതി ചിട്ടപ്പെടുത്തണം. ഹൃദ്രോഗമുള്ളവര്‍ക്ക് വേണ്ടത് കാര്‍ഡിയോ വാസ്‌കുലര്‍ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമക്രമങ്ങളാണ്. പ്രധാനമായും എയറോബിക് വ്യായാമങ്ങള്‍. പ്രമേഹരോഗികള്‍ക്ക് അതുമാത്രം മതിയാവില്ല. രക്താതിമര്‍ദമുള്ളവര്‍ക്ക് വെയിറ്റ്‌ട്രെയിനിങ്ങും മറ്റും ചെയ്യാനാവില്ല. വണ്ണം കുറയ്ക്കാന്‍ വേണ്ടത് കൊഴുപ്പ് ഉപയോഗിച്ചു തീര്‍ക്കുന്ന വര്‍ക്ഔട്ടാണ്. ശരീരസൗന്ദര്യമുണ്ടാക്കാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടത് മറ്റൊരു ചിട്ടയായിരിക്കും.

മോഡലിനുവേണ്ടതാവട്ടെ ശരീരത്തില്‍ മസിലുകള്‍ കട്ട കട്ടയായി നില്‍ക്കുന്നത് ഗുണകരമാവില്ല. എന്നാല്‍ കുടവയറോ പൊണ്ണത്തടിയോ ഇല്ലാതെ തികഞ്ഞശരീരഭംഗിയുണ്ടായിരിക്കുകയും വേണം. ഓരോരുത്തരും സ്വന്തം ആരോഗ്യാവസ്ഥയും ശാരീരിക നിലയും അവരവരുടെ ആവശ്യങ്ങളും വ്യക്തമായി മനസ്സിലാക്കി അതനുസരിച്ചുള്ള ഫിറ്റ്‌നെസ് ധാരണകള്‍ രൂപപ്പെടുത്തണം. അതിന്റെ അടിസ്ഥാനത്തിലാവണം വര്‍ക്ക് ഔട്ടുകളും ഭക്ഷണവും മറ്റും ചിട്ടപ്പെടുത്തേണ്ടത്.
കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങള്‍

വ്യായാമങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തവും സര്‍വസാധാരണവുമായത് കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമങ്ങളാണ്. എയറോബിക്അഥവാ ശ്വസനസഹായ വ്യായാമങ്ങള്‍. ഓക്‌സിജനോടു കൂടിയത് എന്നാണ് എയറോബിക് എന്ന വാക്കിന്റെ അര്‍ഥം. 'വ്യായാമം' എന്നാല്‍ ഈയിനത്തില്‍പ്പെട്ട് ശാരീരികായാസ പദ്ധതികള്‍ എന്നു മാത്രമാണ് അടുത്ത കാലം വരെ കരുതിയിരുന്നത്. നടത്തം, ജോഗിങ്ങ്,നീന്തല്‍, സൈക്കിളിങ്ങ്,നൃത്തം തുടങ്ങിയവയൊക്കെ. പതുക്കെ ഓടുന്നത് ശ്വസനസഹായവ്യായാമമാണ്. എന്നാല്‍ അതിവേഗം ഓടുന്നത് ഈയിനത്തില്‍പെട്ടവ്യായാമമല്ല. ഫിറ്റ്‌നെസ് എന്ന ലക്ഷ്യത്തോടെ സാധാരണക്കാര്‍ നടത്തുന്ന വര്‍ക്ഔട്ടില്‍ ഏറ്റവും പ്രധാനം എയറോബിക് വ്യായാമങ്ങള്‍ തന്നെ.

പതിവായി എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതുകൊണ്ടുള്ള ചില പ്രധാനപ്രയോജനങ്ങള്‍ ഇവയാണ്-

* ഹൃദയപേശികള്‍ക്ക് ശേഷികൂടുന്നു.
* കൂടുതല്‍ നന്നായി രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഹൃദയത്തിന് കൈവരുന്നു.
* ശരീരത്തിലെ ഏതാണ്ടെല്ലാ പേശികള്‍ക്കും ഊര്‍ജസ്വലതയുണ്ടാകുന്നു.
* അതിസൂക്ഷ്മമായ കാപില്ലറി രക്തക്കുഴലുകള്‍ പോലും തുറക്കുകയും എല്ലാ ശരീരകോശങ്ങളിലേക്കും രക്തം എത്തുകയും ചെയ്യുന്നു.
* രക്തപ്രവാഹം സുഗമമാകുന്നതോടെ രക്താതിമര്‍ദം കുറയുന്നു.
* രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണവും ഗുണവും മെച്ചപ്പെടുന്നു.
* മാനസിക സമ്മര്‍ദം കുറയുന്നു.
* മൊത്തത്തില്‍ ഒരു സുഖാവസ്ഥയുണ്ടാകുന്നു.
* ഹൃദയത്തിലെ രക്തക്കുഴലുകളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുന്നതിനാല്‍ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറയുന്നു.
* ശരീരത്തിന്റെ ബാലന്‍സിങ് ശേഷിയും വിവിധ അവയവങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷിയും മെച്ചപ്പെടുന്നു.

ഹൃദ്രോഗികള്‍, രക്താതിമര്‍ദമുള്ളവര്‍, പ്രായം കൂടിയവര്‍, എന്നിവര്‍ക്കൊക്കെ ഏറ്റവുംപറ്റിയത് നടത്തം പോലുള്ള കാര്‍ഡിയോവാസ്‌കുലര്‍ വ്യായാമങ്ങളാണ്. ഈയിനം വ്യായാമങ്ങള്‍ മാത്രമാണെങ്കില്‍ നിത്യവും 30-40 മിനിറ്റ് എങ്കിലും തുടരണം. നടത്തമാണെങ്കില്‍ ഇരു കൈകളും വീശി സാമാന്യംവേഗത്തില്‍ നടക്കുകയാണ് വേണ്ടത്. വ്യായാമംകൊണ്ട് ഹൃദയമിടിപ്പിന്റെ നി രക്ക് ഒരു നിശ്ചിത തോതു വരെ ഉയരുന്നില്ലെങ്കില്‍ അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടാവി ല്ല. രോഗങ്ങളുള്ളവര്‍ഡോക്ടറുമായി ചര്‍ച്ച ചെയ്ത് വ്യായാമത്തിന്റെ തീവ്രത നിശ്ചയിക്കണം. എത്ര ദൂരം നടന്നാലും ഹൃദയമിടിപ്പിന്റെ നിരക്ക് ഉയരുന്നില്ലെങ്കില്‍ എന്തു പ്രയോജനം! ഫിറ്റ്‌നെസ് സെന്ററുകളില്‍ കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് പ്രധാനമായും ട്രെഡ്്മില്‍,എക്‌സര്‍സൈക്കിള്‍ തുടങ്ങിയവ ഉപയോഗിച്ചും എയറോബിക് ഡാന്‍സിന്റെ രൂപത്തിലുമാണ്

No comments:

Post a Comment