Related Posts with Thumbnails

2010-03-14

പാടശേഖരങ്ങളിലൂടെ




പുളിനാക്കല്‍ ബോട്ട്‌ ജെട്ടി കഴിയുമ്പോള്‍ കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തൊള്ളായിരം പാടശേഖരം അഥവാ ജെ. ബ്ലോക്ക്‌ ദൃശ്യമായി തുടങ്ങും. തോടിന്റെ ഇരുവശവും കണ്ണെത്താദൂരത്തോളം പച്ചപുതച്ചുകിടക്കുന്ന പാടങ്ങള്‍. ആ കാഴ്‌ചയില്‍നിന്ന്‌ കണ്ണെടുക്കാനേ തോന്നില്ല.

ഫ്രാന്‍സിലെ ഗ്രീനോബിള്‍ നിന്നു വന്ന ബെല്ലാന്റും ഭര്‍ത്താവും അതിശയത്തോടെയാണ്‌ ഈ ഭംഗിയിലേക്ക്‌ കണ്ണുനട്ടിരിക്കുന്നത്‌. ഇന്ത്യയില്‍ പലപ്രാവശ്യം വന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ അവര്‍ ആദ്യമായാണ്‌. തോടിന്റെ അരികിലുള്ള വീടുകളിലെ കുട്ടികളെ ബെല്ലാന്റ്‌ കൈവീശി കാണിക്കുന്നു.

ഫ്രാന്‍സിലെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച ബെല്ലാന്റിനും ഭര്‍ത്താവിനും ലോകം ചുറ്റലാണത്രേ ഇപ്പോഴത്തെ ജോലി.

തീരങ്ങള്‍ അകന്നുപോയിക്കൊണ്ടിരുന്നു... യാത്രക്കാരെല്ലാം പുറം കാഴ്‌ചകളിലേക്ക്‌ കണ്ണുനട്ടിരിക്കുകയാണ്‌. ഒറ്റപ്പെട്ട തുരുത്തില്‍ കള്ളുഷാപ്പുകള്‍ കാണാം. ബോട്ട്‌ തോടുവിട്ട്‌ ആര്‍. ബ്ലോക്ക്‌ കായലിലേക്ക്‌ കയറി. തൃശൂരില്‍നിന്നു വന്ന വിനായകും സുഹൃത്തായ ഹരിണിയും ആഹ്ലാദത്തിലാണ്‌. ചെന്നൈ സ്വദേശിയായ ഹരിണി ആദ്യമായാണ്‌ കേരളത്തില്‍ വരുന്നത്‌. ''കുട്ടനാടിന്റെ സൗന്ദര്യത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഭംഗിയുണ്ടെന്ന്‌ കരുതിയതേയില്ല. ഇനിയും ഞാന്‍ വരും.'' ഹരിണിയുടെ കമന്റ്‌.

കായലിലെത്തിയതോടെ കാറ്റിന്‌ ശക്‌തികൂടി. നീലപ്പരപ്പാര്‍ന്ന ജലാശയം.

ആര്‍. ബ്ലോക്കിലെ 'കൃഷ്‌ണന്‍കുട്ടി മൂല' ജെട്ടിയിലേക്ക്‌ ബോട്ട്‌ അടുത്തു. കൃഷ്‌ണന്‍കുട്ടി എന്ന ആളുടെ ഹോട്ടലും വീടും ഉള്ളതുകൊണ്ടാണ്‌ ഈ ജെട്ടിക്ക്‌ ആ പേരു കിട്ടിയത്‌. രണ്ടുമൂന്ന്‌ യാത്രക്കാര്‍ അവിടെയിറങ്ങി. ഒരു വശത്ത്‌ പാടങ്ങളും ഒറ്റപ്പെട്ട്‌ തലയുയര്‍ത്തി നില്‌ക്കുന്ന തെങ്ങുകളും. ബാക്കി മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്‌ഥലത്ത്‌ ഒരു വീടു മാത്രം. കായലില്‍ ഓളങ്ങള്‍ വലുതായിക്കൊണ്ടിരുന്നു.
ഈ പ്രദേശത്ത്‌ നല്ല കള്ളുകിട്ടും. കള്ളുകുടിക്കാന്‍ വേണ്ടി മാത്രം ഇവിടെ വരുന്നുണ്ട്‌. മുമ്പ്‌ ഈ പ്രദേശത്ത്‌ ഇഷ്‌ടംപോലെ വീടുകള്‍ ഉണ്ടായിരുന്നു. കള്ള്‌ ചെത്തുന്നവരും ഉണ്ടായിരുന്നു. ഇപ്പോള്‍ വീടുകളുടെ എണ്ണവും ചെത്തുകാരും കുറഞ്ഞു.

ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ കിടക്കുന്നതുപോലെ നിരന്ന്‌ കായലില്‍ ഹൗസ്‌ബോട്ടുകള്‍. അതുതന്നെ ഒരു കാഴ്‌ചയാണ്‌. വളരെ ഭംഗിയാര്‍ന്ന രീതിയില്‍ മോടിപിടിപ്പിച്ച ബോട്ടുകള്‍. വിനോദസഞ്ചാര സീസണായതുകൊണ്ടാണ്‌ ബോട്ടുകളുടെ എണ്ണം കൂടുതല്‍.

ഓരോ തുരുത്തിലും ഒറ്റപ്പെട്ട വീടുകള്‍... പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ എങ്ങനെ ഈ പ്രദേശത്ത്‌ ജീവിക്കുമെന്ന്‌ അതിശയം തോന്നും. വീടുകളിലെ കൊച്ചുകുട്ടികള്‍ വെള്ളത്തിലിറങ്ങി കളിക്കുന്നതു കാണാം. ചെറുപ്പത്തിലേ അതിജീവനത്തിന്റെ പാഠങ്ങള്‍ അഭ്യസിക്കുന്നവര്‍. ഫോട്ടോഗ്രാഫര്‍ കണ്ണനോട്‌ ബെല്ലാന്റ്‌ തങ്ങളുടെ ഫോട്ടോ എടുത്തുതരണമെന്ന്‌ ആവശ്യപ്പെടുന്നു. എന്നിട്ട്‌ ചിരപരിചിതരെപ്പോലെ ഫോട്ടോയ്‌ക്ക് പോസുചെയ്യുന്നു. വേമ്പനാട്ടുകായലിന്റെ ഉപശാഖകളിലൂടെയാണ്‌ ബോട്ടിന്റെ യാത്ര. സമീപത്തുകൂടെ കടന്നുപോകുന്ന കെ.ടി.ഡി.സയുടെ ബോട്ടിന്റെ ഓളങ്ങളില്‍പ്പെട്ട്‌ ബോട്ട്‌ ചെറുതായി ഉലയുമ്പോള്‍ മനസില്‍ പേടി തോന്നാതിരുന്നില്ല.

കൈനകരിയിലെത്തിയപ്പോള്‍ വിശാലമായ തെങ്ങിന്‍തോട്ടങ്ങള്‍. കായലിലൂടെയുള്ള യാതയില്‍ കുറച്ചെങ്കിലും ആള്‍വാസമുള്ള സ്‌ഥലം കൈനകരിയാണ്‌. അവിടെനിന്നും കുറേ യാത്രക്കാര്‍ കയറി. കൈനകരി കഴിയുമ്പോള്‍ മുരിക്കന്റെ മാര്‍ത്താണ്ഡം പാടശേഖരമാണ്‌ വലിയ കാഴ്‌ച. ആധുനിക എന്‍ജിനീയറിംഗ്‌ വിസ്‌മയങ്ങള്‍ ഒന്നുമില്ലാതിരുന്നകാലത്ത്‌ കായല്‍ രാജാവായിരുന്ന മുരിക്കന്‍ മനുഷ്യപ്രയത്നംകൊണ്ടു മാത്രം കായലില്‍നിന്നും സൃഷ്‌ടിച്ചെടുത്ത കൃഷിനിലം. മാര്‍ത്താണ്ഡം കായിലൂടെയാണ്‌ യാത്ര. ചെറിയ കൊതുമ്പുവള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍. ബോട്ടിന്റെ ഓളങ്ങളില്‍പ്പെട്ട്‌ വള്ളം ഉലയാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു.

തീരങ്ങളില്‍ കെട്ടിയിട്ടിരിക്കുന്ന ഹൗസ്‌ബോട്ടുകള്‍... എങ്ങും മോഹിപ്പിക്കുന്ന കാഴ്‌ചകള്‍. തീരങ്ങളില്‍ ഒറ്റപ്പെട്ടു കാണുന്ന കള്ളുഷാപ്പിന്റെ മുന്‍പിലെല്ലാം നല്ല തിരക്കാണ്‌. ബോട്ടുകളിലെത്തിയ സഞ്ചാരികള്‍, സ്‌ത്രീകളും കുട്ടികളുമെല്ലാമുണ്ട്‌. ഷാപ്പിന്റെ ബോര്‍ഡിലെഴുതിയിരിക്കുന്ന വിഭവങ്ങളുടെ പേര്‌ കണ്ടാല്‍ ഭക്ഷണപ്രിയരുടെ നാവില്‍ കൊതിയൂറും. "ഈ പ്രദേശത്തുകൂടെ ഇനിയും വരണം. നല്ല ഭക്ഷണമൊക്കെ കഴിച്ച്‌ ഒരു ദിവസം ചെലവഴിക്കണം.'' ഫോട്ടോഗ്രാഫര്‍ കണ്ണന്റെ ആത്മഗതം

ഇഷ്‌ടമുള്ള സ്‌ഥലങ്ങളില്‍ ഇറങ്ങി കായലിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ സ്വകാര്യബോട്ട്‌ സര്‍വീസുകളെ ആശ്രയിക്കണം. കായലിന്റെ വിസ്‌തൃതി കൂടി വന്നു.. കരയില്‍ കറ്റ ഉണങ്ങാനിടുന്ന സ്‌ത്രീകളെ കാണാം. 'ബെല്ലാന്റ്‌' അടുത്തിരുന്ന യാത്രക്കാരോട്‌ അതെന്താണെന്ന്‌ അനേഷിക്കുന്നു.

No comments:

Post a Comment