Related Posts with Thumbnails

2010-03-14

വേമ്പനാട്ടു കായലിലൂടെ



വെയിലിന്റെ ശക്‌തി കുറഞ്ഞുവരുന്നു. യാത്ര തുടങ്ങിയിട്ട്‌ ഒന്നരമണിക്കൂര്‍ ആയതിന്റെ ക്ഷീണമൊന്നും ആരുടെയും മുഖത്ത്‌ ദൃശ്യമല്ല. ഒരു മണിക്കൂര്‍ കൂടി ഇനിയും യാത്രയുണ്ട്‌. മാര്‍ത്താണ്ഡം കായലിനോട്‌ ബോട്ട്‌ വിടപറഞ്ഞിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലിലൂടെയാണ്‌ ഇനി സഞ്ചരിക്കേണ്ടത്‌. കായലിന്റെ തീരത്ത്‌ ഒരു തുരുത്തിലുള്ള വേമ്പനാട്‌ പോസ്‌റ്റോഫീസ്‌ എന്ന ജെട്ടിയില്‍ ബോട്ട്‌ നില്‌ക്കുമ്പോള്‍ യാത്രക്കാര്‍ കയറാനോ ഇറങ്ങാനോ ഇല്ല.

എന്തിനാണ്‌ ഇവിടെ ബോട്ട്‌ നിര്‍ത്തിയത്‌ എന്ന്‌ അന്വേഷിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു സ്‌ത്രീ ഓടിവന്ന്‌ ഒരു ബാഗ്‌ ബോട്ട്‌ ജീവനക്കാരെ ഏല്‌പിക്കുന്നു. ആ പോസ്‌റ്റോഫീസിലെ ഏക ജീവനക്കാരി. ഭര്‍ത്താവുമൊന്നിച്ച്‌ അതിന്റെ അടുത്തുതന്നെയാണ്‌ താമസം. ബോട്ടുകാരാണ്‌ തപാല്‍ ഉരുപ്പടികള്‍ ആലപ്പുഴയില്‍ എത്തിക്കുന്നത്‌.

കായലിന്റെ വിസ്‌തൃതി പിന്നെയും കൂടിവന്നു. കണ്ണെത്താ ദൂരത്തോളം എങ്ങും ഓളപ്പരപ്പുകള്‍ മാത്രം. കാറ്റും ശക്‌തിപ്രാപിച്ചു. എത്ര സമയം ചെലവഴിച്ചാലും മതിവരാത്ത സൗന്ദര്യം. വിദേശികള്‍ക്ക്‌ ഫോട്ടോയെടുത്തിട്ട്‌ മതിവരുന്നില്ല. സ്‌ഥിരം ഈ വഴി യാത്രചെയ്യുന്നവര്‍ ഈ കാഴ്‌ചയില്‍ എന്താ ഇത്ര പുതുമയെന്ന മട്ടില്‍ നോക്കുന്നു.. കുട്ടനാട്ടുകാരന്‌ പറയാനുള്ളത്‌ ജീവിതദുരിതങ്ങളുടെ കഥകളാണ്‌. നല്ല ഗതാഗതസൗകര്യങ്ങളില്ല, കുടിവെള്ളമില്ല. ചികിത്സാസൗകര്യങ്ങള്‍ കുറവ്‌... ടൂറിസംകൊണ്ട്‌ സാധാരണക്കാരന്‌ ഒരു ഗുണവുമില്ല.'' ബോട്ടില്‍വച്ച്‌ പരിചയപ്പെട്ട തദ്ദേശവാസിക്ക്‌ ദുരിതങ്ങളുടെ കഥയേ പറയാനുള്ളൂ.

കായല്‍തീരത്തെ താമസസ്‌ഥലങ്ങള്‍ കാണുമ്പോള്‍ ആ പരാതി സത്യമാണെന്നു ബോധ്യപ്പെടും. ആലപ്പുഴ 5 കിലോമീറ്റര്‍ .തീരത്ത്‌ വലിയ ബോര്‍ഡു കാണാം. . കായലിന്റെ നടുവില്‍ കണ്ട കെട്ടിടത്തെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ നെഹ്‌റു ട്രോഫിയുടെ ഫിനിഷിംഗ്‌ പോയിന്റാണെന്നു സമീപത്തിരുന്ന യാത്രക്കാരന്‍ പറഞ്ഞു. വള്ളംകളി നടക്കുമ്പോള്‍ കമന്ററി പറയുന്നതും മറ്റും ആ കെട്ടിടത്തിലിരുന്നാണത്രേ. ഹൗസ്‌ബോട്ടുകളുടെ വിശ്രമകേന്ദ്രം കൂടിയാണ്‌ ഈ സ്‌ഥലം.

സമയം രണ്ടരമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. ബോട്ട്‌ ബസ്സ്റ്റാന്റിനോടടുത്തുളള ജെട്ടിയിലേക്ക്‌ അടുക്കുന്നു.അടുത്തത്‌ ആലപ്പുഴ ജെട്ടി. ജീവിതത്തില്‍ നല്ലൊരു യാത്ര അനുഭവിച്ചതിന്റെ സന്തോഷം സഞ്ചാരികളുടെ മുഖത്ത്‌ കാണാമായിരുന്നു. വീണ്ടും വരണമെന്നുളള മോഹത്തോടെയല്ലാതെ തിരികെ ബോട്ട്‌ ഇറങ്ങാനാവില്ല.കാണാത്തവര്‍ക്ക്‌ ഇത്‌ വലിയൊരു നഷ്‌ടമാണ്‌. കണ്ടവര്‍ക്ക്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയും.കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡിന്റെ അടുത്തുളള ജെട്ടിയിലിറങ്ങി നടന്നു.അടുത്ത ബസില്‍ കയറി കോട്ടയത്തേക്ക്‌...

No comments:

Post a Comment