Related Posts with Thumbnails

2010-03-21

ഇനി നായകള്‍ക്കും ട്വിറ്റാം !!





'നിങ്ങള്‍ എന്തു ചെയ്യുന്നു' എന്നതിന്റെ 140 ക്യാരക്ടറില്‍ കവിയാത്ത ഉത്തരമാണ് ഓരോ ട്വിറ്റര്‍ അപ്‌ഡേറ്റും. ആ വാചകത്തെ 'നിങ്ങളുടെ നായ എന്തു ചെയ്യുന്നു' എന്ന് ഭേദഗതി വരുത്തി നോക്കൂ. നായ എന്തെടുക്കുന്നു എന്ന് അപ്പപ്പോള്‍ അറിയാന്‍ കഴിഞ്ഞാല്‍ നായപ്രേമികള്‍ക്ക് അതിലും വലിയ സന്തോഷം കാണില്ല.

അതെ, ട്വിറ്ററിന്റെ പേരില്‍ നായപ്രേമികള്‍ക്ക് സന്തോഷിക്കാന്‍ കാലമായി. 'മാറ്റെല്‍ ബ്രാന്‍ഡ്‌സ്' (Mattel Brands) കമ്പനി പുറത്തിറക്കുന്ന പുതിയ ഉപകരണം നായകളെ ട്വിറ്റര്‍ യുഗത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നായപ്രേമം ശരിക്കും ഓണ്‍ലൈന്‍ കൂടിയായി മാറും ഇതോടെ.

'പപ്പി ട്വീറ്റ്' (Puppy Tweet) എന്ന് പേരിട്ടിട്ടുള്ള ഉപകരണം, നായകളുടെ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന കോളറാണ്. നായ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുമ്പോഴും ശബ്ദമുണ്ടാക്കുമ്പോഴേക്കും ആ ഉപകരണം സൂചന മനസിലാക്കി, മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള 500 ട്വീറ്റുകളിലൊരെണ്ണം തിരഞ്ഞെടുത്ത് ട്വിറ്ററില്‍ (Twitter) പോസ്റ്റ് ചെയ്യും.

നിങ്ങളുടെ വീട്ടിലെ കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിട്ടുള്ള യുഎസ്ബി സ്വീകരണി, നായയുടെ ശരീരത്തിലെ ഉപകരണത്തില്‍ നിന്നുള്ള സിഗ്നല്‍ സ്വീകരിച്ച് കമ്പ്യൂട്ടറിന് കൈമാറുകയും, അത് ഇന്റര്‍നെറ്റിലെ ട്വിറ്റര്‍ സൈറ്റിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടുകയുമാണ് സംഭവിക്കുക. യുഎസ്ബി സ്വീകരണിയുടെ പരിധിയില്‍ നായ വരുമ്പോഴേ ട്വിറ്റിങ് നടക്കൂ എന്നുമാത്രം.

ട്വീറ്റുകളുടെ തിരഞ്ഞെടുക്കല്‍ കൃത്യമായിക്കൊള്ളണം എന്നില്ല. അതിനാല്‍, നായ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുകയെന്ന് വ്യക്തമാകണമെന്നില്ല. എങ്കിലും, നിങ്ങളുടെ ഓമനജീവി അവിടെയുണ്ട്, അവന്‍/അവള്‍ സാന്നിധ്യം അറിയിക്കുകയാണ് എന്നതിനുള്ള തെളിവായിരിക്കും ഓരോ ട്വീറ്റും. തീര്‍ച്ചയായും ആഹ്ലാദജനകമായിരിക്കുമത്, സംശയമില്ല.

അമേരിക്കയില്‍ 'പപ്പി ട്വീറ്റ്' വൈകാതെ പുറത്തിറങ്ങും. 29.99 ഡോളര്‍ ആയിരിക്കും വില. 'ഏത് നായയ്ക്കും അതിന്റെ ദിനം വരും' എന്ന് പറയുന്നത് ഇതൊക്കെ ആയിരിക്കണം അല്ലേ!

No comments:

Post a Comment