Related Posts with Thumbnails

2010-03-08

ഒരു അസാധാരണ നെല്ലിക്ക‍

വിവാഹനാളില്‍ത്തന്നെ 
അവര്‍ കലഹം തുടങ്ങി. 
കഴിഞ്ഞ ഇരുപതുവര്‍ഷമായി
 അവര്‍ എന്നും കലഹത്തിലായിരുന്നു. 
ഒരാളുടെ ചെയ്‌തികളൊന്നും അപരന്‌ ഇഷ്‌ടമാകുകയില്ല. ക്രമേണ
 ഇഷ്‌ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം 
എന്ന സ്‌ഥിതി വന്നു. കൗസിലിംഗ്‌ കൊണ്ടൊന്നും
 പ്രയോജനമില്ല. ആര്‍ക്കും അവരുടെ സ്‌ഥായിയായ 
സ്വഭാവത്തെ തിരുത്താന്‍ കഴിയില്ല. ആ സ്വഭാവം 
നിലനിര്‍ത്തേണ്ടത്‌ അവരുടെ ആവശ്യമാണ്‌. സ്വന്തം
 പ്രത്യേകതകളെ നിലനിര്‍ത്താന്‍ നാം എന്തു ത്യാഗവും
 ചെയ്യും. എത്ര പണം വേണമെങ്കിലും ചെലവഴിക്കും.
 എനിക്ക്‌ ഞാനായി ജീവിച്ചു മരിക്കണം.

സ്‌നേഹം തീരെ പ്രകടിപ്പിക്കാത്തവരുണ്ട്‌. ശിരസ്സ്‌

 നഷ്‌ടപ്പെട്ടാലും അവര്‍ ഒരാളെ നോക്കി
 മന്ദഹസിക്കുകയില്ല. അങ്ങനെ വിവാഹജീവിതത്തിന്‌ 
സുല്ലിടാന്‍ നിശ്‌ചയിച്ച അവരോട്‌ ഏതോ ഒരാള്‍ ഒരു കഥ പറഞ്ഞുകൊടുത്തു. അത്‌ ഒരു നെല്ലിക്കയുടെ കഥയാണ്‌. 
നെല്ലിക്കയുടെ കഥ കേട്ടാല്‍ ദമ്പതികള്‍ 
വിവാഹമോചനപ്രക്രിയയില്‍നിന്നു പിന്‍തിരിയുമോ?
 ഒരിക്കലും ഉണ്ടാകില്ല. പക്ഷേ നെല്ലിക്കയുടെ കഥ നമുക്ക്‌ 
ധാരാളം ഗുണപാഠങ്ങള്‍ തരുന്നുണ്ട്‌. അത്‌ അത്രിമുനിയുടെ 
ആശ്രമത്തിലെ നെല്ലിക്കയാണ്‌. നെല്ലിക്കയോളം 
ഫലസിദ്ധിയുള്ള മറ്റൊരു ഔഷധം ഇല്ല.

വളരെ വലിയ ഒരു നെല്ലിമരം. പച്ചിലകള്‍ 

അതില്‍ ഇടതൂര്‍ന്നു നില്‌ക്കുന്നു. നെല്ലിമരത്തില്‍
 ആകെ ഒരു നെല്ലിക്ക മാത്രം. അത്‌ ഒരു
 വിശിഷ്‌ടവിഭവം മാതിരി തൂങ്ങിനില്‌ക്കുന്നു. 
ഐശ്വര്യമുള്ള നെല്ലിവൃക്ഷത്തില്‍ ഒരേ ഒരു കനി. 
ഓമനത്തം തോന്നിക്കുന്ന ഒരു നെല്ലിക്ക. അര്‍ജ്‌ജുനനും 
പാഞ്ചാലിയും അതുവഴി നടന്നുപോകുകയായിരുന്നു. 
പാഞ്ചാലിക്ക്‌ നല്ല വിശപ്പുള്ള സമയം. എന്തെങ്കിലും
 തിന്നാന്‍ കിട്ടിയാല്‍ കൊള്ളാമെന്ന മോഹം
 പാഞ്ചാലിക്കുണ്ട്‌. അങ്ങനെയിരിക്കെ ആ നെല്ലിക്ക 
പാഞ്ചാലിയുടെ ദൃഷ്‌ടിയില്‍പ്പെട്ടു. ആ നെല്ലിക്ക
 തനിക്ക്‌ തിന്നാന്‍ കിട്ടണമെന്ന്‌ പാഞ്ചാലി അര്‍ജ്‌ജുനനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. കേവലം ഒരു 
നെല്ലിക്കയല്ലേ? അര്‍ജ്‌ജുനന്‍ ആ നെല്ലിക്ക പൊട്ടിച്ച്‌
 പാഞ്ചാലിക്ക്‌ കൊടുത്തു. ഈ കാഴ്‌ച കണ്ട്‌
 ആശ്രമവാസികള്‍ പരിഭ്രമത്തോടെ ഓടി വന്നു. 
അര്‍ജ്‌ജുനന്‍ ചെയ്‌തത്‌ ഒരു മഹാപാതകമാണെന്ന്‌
 അവര്‍ പറഞ്ഞു.

അത്രിമുനി അസാധാരണ സിദ്ധികളുള്ള 

മഹര്‍ഷിയാണ്‌. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി 
ആ മഹര്‍ഷി തപസ്സിലായിരുന്നു. ആഹാരമൊന്നും 
കഴിക്കാതെയാണ്‌ മഹര്‍ഷി തപസ്സിരുന്നത്‌. ഇന്നു 
രാവിലെ തപസ്സില്‍നിന്നുര്‍ന്ന അദ്ദേഹം സ്‌നാനത്തിനായി 
നദിയിലേക്ക്‌ പോയിരിക്കുകയാണ്‌. പന്ത്രണ്ടുവര്‍ഷത്തെ ഉപവാസത്തിനുശേഷം അദ്ദേഹത്തിന്‌ ഭക്ഷിക്കാനായി 
നെല്ലിമരത്തില്‍ ഉണ്ടായ ദിവ്യഫലമാണ്‌ ആ നെല്ലിക്ക.
 അദ്ദേഹം സ്‌നാനം കഴിഞ്ഞു വന്ന ഉടനെ ആ നെല്ലിക്ക 
കണ്ടില്ലെങ്കില്‍ ക്ഷുഭിതനാകും. ശപിക്കും.
 ആ ശാപാഗ്നിയില്‍നിന്ന്‌ അര്‍ജ്‌ജുനന്‌
 മോചനമുണ്ടാകില്ല. 
ആ നെല്ലിക്ക ഞെട്ടില്‍ത്തന്നെ ഒട്ടിച്ചുവയ്‌ക്കാന്‍ 
ശ്രമം നടത്തി. പാണ്ഡവരെല്ലാം ഇടപെട്ടുവെങ്കിലും 
ഞെട്ടിയില്‍നിന്നും അറ്റുപോയ നെല്ലിക്ക പഴയസ്‌ഥാനത്ത്‌ 
കൂട്ടിവയ്‌ ക്കാന്‍ ഒരാള്‍ക്കും കഴിയുന്നില്ല. അപ്പോള്‍ 
അവിടെ പ്രത്യക്ഷനായ കൃഷ്‌ണന്‍ പറഞ്ഞു.

''പിരിഞ്ഞത്‌ ഒട്ടാന്‍ ഹൃദയം തുറന്ന്‌ സംസാരിക്കുക.

 ഓരോരുത്തരും ഉള്ളുതുറന്ന്‌ വര്‍ത്തമാനം
 പറയാന്‍ തുടങ്ങി. മറയില്ലാത്ത സംസാരം. 
ആ നെല്ലിക്ക ഭൂമിയില്‍നിന്നും പൊങ്ങിത്തുടങ്ങി. 
ഒടുവില്‍ പാഞ്ചാലിയും ഹൃദയം തുറന്ന്‌ ഏതാനും 
കാര്യങ്ങള്‍ പറഞ്ഞു. ആ നെല്ലിക്ക ഞെട്ടിയില്‍ത്തന്നെ 
ചേര്‍ന്നു കഴിഞ്ഞു.

മറയില്ലാതെ ഹൃദയം തുറന്ന്‌ സംസാരിച്ചു നോക്കുക.

 അതിന്റെ ശക്‌തി വേറെ തന്നെയാണ്‌. നാം ഹൃദയം
 തുറക്കുമ്പോഴാണ്‌ അന്യര്‍ നമ്മോട്‌ അടുക്കുന്നത്‌.
 മനസ്സിലെ പ്രയാസം എന്തോ ആകട്ടെ. മറ്റുള്ളവരുടെ
 മുന്‍പില്‍ ഗമ കാണിക്കാനായിട്ടാണ്‌ നാം പലതും
 ഒളിച്ചുവയ്‌ക്കുന്നത്‌. വെല്ലുവിളികളും ആത്മപ്രശംസയും
 ഒഴിവാക്കുക. ഒട്ടണമെന്നാണോ ആഗ്രഹം? മറയില്ലാതെ
 ഉള്ളത്‌ തുറന്നുപറയുക. എല്ലാ കാര്യങ്ങളും
 തുറന്നുപറയുന്നവരെ മറ്റുള്ളവര്‍ ഇഷ്‌ടപ്പെടും. 
നമ്മുടെ ദൗര്‍ബല്യങ്ങളും ദു:ഖങ്ങളും തുറന്നു 
സംസാരിക്കുക. ഭാര്യാഭര്‍ത്താക്കന്മാര്‍ ഞാനെന്നഭാവം 
വെടിഞ്ഞ്‌ അങ്ങനെ സംസാരിച്ചാല്‍ മിക്കവാറും എല്ലാ
 പ്രശ്‌നങ്ങളും അസ്‌തമിക്കുന്നതാണ്‌. 
കടപ്പാട് Mangalam Publishers

1 comment: