Related Posts with Thumbnails

2010-03-17

ദുരന്തങ്ങളുടെ മൊബൈല്‍ കഥകള്‍


കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌ നവസാങ്കേതികത ആകാശംമുട്ടെ വളര്‍ന്നത്‌. 1990കളുടെ അവസാനത്തോടെയാണ്‌ കേരളത്തില്‍ മൊബൈല്‍ ഫോണുകള്‍ കടന്നുവന്നത്‌. തുടക്കത്തില്‍ സാധാരണക്കാരോട്‌ വലിയ ചങ്ങാത്തം കാണിക്കാതിരുന്ന മൊബൈല്‍ ഫോണുകള്‍ രണ്ടായിരാമാണ്ടിന്റെ ആദ്യപതിറ്റാണ്ട്‌ പകുതിയാവുമ്പോഴേക്കും എല്ലാവരുടെയും കീശയിലൊതുങ്ങുന്ന കിങ്ങിണിപ്പെട്ടിയായി. വിളിക്കാനും വിളി കേള്‍ക്കാനുമുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സകല നേട്ടങ്ങളും ഇണക്കിച്ചേര്‍ത്ത കണ്ണിയായി മാറിയതും ഇക്കാലത്താണ്‌. വലുപ്പം ഏറെയുള്ളകേള്‍ക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന ഫോണുകളില്‍ നിന്നും മൂന്നാം തലമുറ (ജി3) ഫോണിലെത്തിയതോടെ മാറ്റം വിപ്ലവകരമായി.
കാസര്‍ക്കോട്‌ നില്‍ക്കുന്ന വ്യക്തി താനിപ്പോള്‍ തിരുവനന്തപുരത്താണെന്ന്‌ യാതൊരു സങ്കോചവും കൂടാതെ മൊബൈല്‍ ഫോണിലൂടെ വിളിച്ചുപറയുന്നത്‌ കാണുന്നതും കേള്‍ക്കുന്നതും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. മൂന്നാംതലമുറ ഫോണുകളുടെ കടന്നുവരവ്‌ ഇത്തരം`സിംപിള്‍' കളവുകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞേക്കാനുള്ള സാധ്യതയുണ്ട്‌. കാരണം ഫോണ്‍ അറ്റന്റ്‌ ചെയ്യുന്ന വ്യക്തി എവിടെയാണെന്ന്‌ കാണാനും ഏത്‌ ടവറിന്‌ കീഴിലാണ്‌ ഉള്ളതെന്ന്‌ കണ്ടെത്താനും പുതിയ സംവിധാനം വഴി അരങ്ങൊരുങ്ങിക്കഴിഞ്ഞു.
ഇന്റര്‍നെറ്റിന്റെ അമിത സാങ്കേതികത ഇല്ലെന്നു മാത്രമല്ല,ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യത്തിന്‌ അനുസരിച്ച്‌ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ്‌ മൊബൈലുകളെ ഏറെ ജനപ്രിയമാക്കിയത്‌. ഏറ്റവും ആധുനികമായ മൊബൈല്‍ സെറ്റ്‌ ഏറ്റവും മികച്ച രീതിയിലും മനോഹരമായും ഉപയോഗിക്കാന്‍ സാധിക്കുന്നത്‌ മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ്‌. ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയാണ്‌ മൊബൈല്‍ ഫോണ്‍ സങ്കേതങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്നതെന്ന്‌ നിരീക്ഷിച്ചാല്‍ തിരിച്ചറിയാനാവുന്ന വസ്‌തുതയാണ്‌. അതുകൊണ്ടു കൂടിയാവണം ആറിനും പതിനെട്ടിനും ഇടയിലുള്ളവരാണ്‌ മൊബൈല്‍ കുറ്റങ്ങളിലും മൊബൈല്‍ ദുരന്തങ്ങളിലും കൂടുതലായി കുരുങ്ങുന്നത്‌.
കുരങ്ങന്റെ കൈയ്യിലെ പൂമാലയെന്നും കുട്ടിക്കുരങ്ങനെ കൊണ്ട്‌ ചുടുചോറ്‌ വാരിക്കുകയെന്നുമുള്ള പഴഞ്ചൊല്ലുകള്‍ കൗമാരക്കാരുടെ കൈയ്യിലെ മൊബൈല്‍ ഫോണ്‍ മുമ്പില്‍ കണ്ട്‌ പറഞ്ഞതാണെന്ന്‌ തോന്നിപ്പോകും. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും അതിന്റെ ഉപയോഗം പൂര്‍ണമായും അറിയില്ല എന്നുമാത്രമല്ലഏതൊക്കെ തരങ്ങളില്‍ അത്‌ ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള അറിവും അവര്‍ക്കില്ല. ഫോണ്‍ നിര്‍മാതാക്കള്‍ മൊബൈല്‍ സെറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ആധുനിക സൗകര്യങ്ങളും തങ്ങള്‍ക്ക്‌ ഉപയോഗിക്കാമെന്നാണ്‌ ഉപയോക്താക്കളില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത്‌. രസകരമായ വസ്‌തുത,കീശയിലും വാനിറ്റിബാഗിലും ഉള്ളംകൈയ്യിലും ഒതുക്കിവെച്ചിരിക്കുന്ന മൊബൈല്‍ പലര്‍ക്കും ഫോണ്‍ എന്ന ഉപയോഗത്തിന്‌ ഉള്ളതല്ലെന്നതാണ്‌. ഗെയിമുകള്‍ക്കും ക്യാമറയായും സിനിമകള്‍ കാണാനും പാട്ടുകള്‍ കേള്‍ക്കാനും ബ്ലൂടൂത്തോ എസ്‌എംഎസോഎംഎംഎസോ വഴി സന്ദേശങ്ങളും ചിത്രങ്ങളും അയക്കാനുമുള്ള ഉപകരണമാണ്‌ ഇത്തരക്കാര്‍ക്ക്‌ മൊബൈല്‍ സെറ്റുകള്‍. അങ്ങനെയാണെങ്കില്‍,എല്ലാവരുടെയും കൈകളില്‍ `കുഞ്ഞുവാവ'യെ പോലെ കിടക്കുന്ന ഈ ഉപകരണത്തെ കുറിച്ച്‌ ഒരു വിചിന്തനം ആവശ്യമുണ്ട്‌.

മൊബൈല്‍ ഫോണിന്റെ ദുരന്തങ്ങള്‍ കൃത്യമായി വരച്ചു കാണിച്ചതാണ്‌ ഈയ്യിടെ തളിപ്പറമ്പില്‍ നടന്ന സംഭവം.

ഒരു യുവാവിന്റെയും വിദ്യാര്‍ഥിനിയുടെയും ആത്മഹത്യയിലേക്കാണ്‌ ഈ ദുരന്തം വഴി കാണിച്ചു കൊടുത്തത്‌. ഇന്റര്‍നെറ്റില്‍ സഹപാഠി പ്രചരിപ്പിച്ചെന്ന്‌ പറയപ്പെടുന്ന അശ്ലീലചിത്രങ്ങളാണ്‌ വിദ്യാര്‍ഥിനിയുടെയും സുഹൃത്തിന്റെയും ആത്മഹത്യയില്‍ കലാശിച്ചത്‌. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം ഇന്റര്‍നെറ്റ്‌ വഴി പ്രചരിപ്പിക്കുകയായിരുന്നു. മൊബൈലില്‍ എടുത്ത ചിത്രം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ നല്‌കിയ ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നാണത്രെ അശ്ലീലചിത്രമായി പെണ്‍കുട്ടി കംപ്യൂട്ടര്‍വലയുടെ കുരുക്കുകളിലേക്ക്‌ കുടുങ്ങിപ്പോയത്‌. ഒന്നോ രണ്ടോ ആഴ്‌ചക്കാലം തളിപ്പറമ്പില്‍ പ്രചരിച്ച സംഭവം ഒടുവില്‍ രണ്ട്‌ ജീവനുകള്‍ അപഹരിച്ചുകളഞ്ഞു. മൊബൈല്‍ ഫോണിലെടുത്ത പെണ്‍കുട്ടിയുടെ ചിത്രത്തില്‍ അശ്ലീലരംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ഇന്റര്‍നെറ്റിലെ പ്രചാരണം. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയും സഹപാഠിയെ അറസ്റ്റ്‌ചെയ്യുകയും ഒരു ഇന്റര്‍നെറ്റ്‌ കഫേ വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌ത സംഭവപരമ്പരകള്‍ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ആത്മഹത്യയിലെത്തിയതോടെയാണ്‌ പുറംലോകത്തിന്റെ ശ്രദ്ധ അവിടേക്ക്‌ പതിഞ്ഞത്‌.
ഇതേ രീതിയില്‍ മറ്റൊരു വാര്‍ത്ത കഴിഞ്ഞ ആഴ്‌ച റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ മാവേലിക്കരയില്‍ നിന്നാണ്‌. വീട്ടുകാര്‍ അറിയാതെ എ ടി എമ്മില്‍ നിന്നും പണമെടുത്ത്‌ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്‌ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന്‌ അധ്യാപക ദമ്പതികളുടെ ഏകമകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചുവെന്നായിരുന്നു വാര്‍ത്ത. പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ 14കാരന്‌ സ്വന്തമായി ഒരു മൊബൈല്‍ ഫോണുണ്ടായിരുന്നു. എന്നിട്ടും കയ്യിലുണ്ടായിരുന്ന പണവും അമ്മ അറിയാതെ എ ടി എമ്മില്‍ നിന്നുമെടുത്ത 4200 രൂപയും ഉപയോഗിച്ച്‌ വിദ്യാര്‍ഥി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഇതിന്‌ മകനെ ശാസിച്ച രക്ഷിതാക്കള്‍ രാത്രിതന്നെ ഫോണ്‍ തിരിച്ചു കൊടുക്കാന്‍ കടയില്‍ പോവുകയും മടങ്ങി വരുമ്പോഴേക്കും കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
അമ്പലപ്പുഴയിലെ മൂന്ന്‌ പെണ്‍കുട്ടികള്‍ ക്ലാസ്‌ മുറിയില്‍ ആത്മഹത്യ ചെയ്‌തതിനു പിറകില്‍ മൊബൈല്‍ ഫോണിന്റെ കൈകള്‍ക്കാണ്‌ പങ്കുള്ളതെന്നാണ്‌ പൊലീസ്‌ നിരീക്ഷിച്ചിട്ടുള്ളത്‌. സഹപാഠികളുമായി അമിത ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടികളുമായി ചേര്‍ന്നുള്ള അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും അത്‌ പിന്നീട്‌ പുലിവാലായതുമാണ്‌ കൂട്ടുകാരികളുടെ കൂട്ട ആത്മഹത്യയില്‍ കലാശിച്ചത്‌. കാമുകിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും അത്‌ സി ഡിയാക്കാന്‍ ഇന്റര്‍നെറ്റ്‌ കഫേകളെ സമീപിക്കുന്നതും സ്ഥിരം രീതിയാണ്‌. ഇത്തരം ചിത്രങ്ങളാണ്‌ പലപ്പോഴും മൊബൈല്‍ ഉടമ അറിയാതെ ഇന്റര്‍നെറ്റ്‌ വഴി പ്രചരിക്കുന്നത്‌. മാത്രമല്ലഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഇതുമായി ബന്ധപ്പെട്ടവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുന്നു.

അറിവില്ല എന്നത്‌ ഒഴിഞ്ഞു മാറാനുള്ള ന്യായീകരണമല്ല

നിയമങ്ങള്‍ അറിയില്ല എന്നത്‌ അത്‌ ലംഘിക്കുന്നവര്‍ക്ക്‌ രക്ഷപ്പെടാനുള്ള ന്യായമല്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാര്യത്തിലും അതുതന്നെയാണ്‌ അവസ്ഥ. മൊബൈലുമായി ബന്ധപ്പെട്ട കേസുകളില്‍ പെടുന്നവരില്‍ ഭൂരിപക്ഷവും കൗമാരക്കാരും യുവാക്കളുമാണെങ്കിലും മുതിര്‍ന്നവരും ഇത്തരം സംഭവങ്ങളില്‍ കുരുങ്ങി വഞ്ചിക്കപ്പെടാറുണ്ട്‌. ഐ ടി ആക്‌ടുമായി ബന്ധപ്പെട്ട്‌ കഠിനമായ ശിക്ഷകളാണ്‌ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്‌. വ്യാജ സന്ദേശങ്ങള്‍അശ്ലീലചിത്രങ്ങള്‍ തുടങ്ങിയവ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റുകളും വഴി കൈമാറുന്നത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട്‌ 2000ത്തിന്റെ ലംഘനമാണ്‌. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റങ്ങള്‍ക്ക്‌ തടയിടാനാണ്‌ 2000ല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട്‌ പാര്‍ലമെന്റ്‌ പാസ്സാക്കിയത്‌. ഐക്യരാഷ്‌ട്ര സഭ ആഗോളതലത്തില്‍ നടപ്പാക്കിയ മാതൃകാനിയമത്തിന്‌ സമാനമായാണ്‌ ഇന്ത്യയിലും ഈ നിയമം രൂപീകരിച്ചത്‌. ഐ ടി മേഖലയുടെ പുരോഗതിക്ക്‌ അനുസൃതമായി 2008ല്‍ നിയമത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തുകയുണ്ടായി.
അനുവാദമില്ലാതെ മറ്റൊരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കുന്നതും ഡാറ്റകള്‍ നശിപ്പിക്കുന്നതും കമ്പ്യൂട്ടര്‍ സിസ്റ്റത്തിലും നെറ്റ്‌വര്‍ക്കിലും തടസ്സങ്ങള്‍ സൃഷ്‌ടിക്കുന്നതുമായ കുറ്റങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരമായി ഒരു കോടി രൂപ വരെയാണ്‌ വിധിക്കുക. നിയമവിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‌ മൂന്ന്‌ വര്‍ഷം വരെ തടവും അഞ്ച്‌ ലക്ഷം രൂപ വരെ പിഴയും വിധിക്കാം. മോഷ്‌ടിക്കപ്പെട്ട കമ്പ്യൂട്ടര്‍ റിസോഴ്‌സുകളും മറ്റും സ്വീകരിക്കുന്നത്‌ മൂന്ന്‌ വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌.
സുഡാനിലെ ഒരു ബാങ്കില്‍ ഒന്നരക്കോടി അമേരിക്കന്‍ ഡോളറിന്റെ ചിട്ടിക്ക്‌ നറുക്കുവീണെന്ന സന്ദേശം ലഭിക്കുകയും അതിന്റെ ആവശ്യത്തിലേക്കെന്നു പറഞ്ഞ്‌ 80,000 ഡോളര്‍ തട്ടിയെടുക്കുകയും ചെയ്‌ത കേസാണ്‌ കേരളത്തില്‍ സൈബര്‍ പൊലീസ്‌ സ്റ്റേഷന്‍ സ്ഥാപിച്ച 2009ല്‍ ആദ്യം റജിസ്റ്റര്‍ ചെയ്‌ത കേസ്‌. കണ്ണൂര്‍ സ്വദേശി ശരീഫിന്റെ പരാതിയിലാണ്‌ ആദ്യ സൈബര്‍ കേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. മൊബൈല്‍ ഫോണുകള്‍ കാമ്പസുകളിലും സ്‌കൂള്‍ മുറികളിലും ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ്‌ കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കലക്‌ടര്‍മാര്‍ ഇറക്കിയിരുന്നു. അധ്യയന സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നായിരുന്നു പ്രസ്‌തുത ഉത്തരവ്‌. എന്നാല്‍ ഇത്‌ പരക്കെ ലംഘിക്കപ്പെടുകയായിരുന്നു. അതോടെ കൂടുതല്‍ കര്‍ശനമായ നിയമങ്ങളും നിര്‍ദേശങ്ങളും നല്‌കാനുള്ള തയ്യാറെടുപ്പിലാണ്‌ വിദ്യാഭ്യാസ വകുപ്പ്‌.
ബ്ലൂടൂത്ത്‌ക്യാമറ തുടങ്ങിയ സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ സ്‌കൂളുകളിലും കോളെജുകളിലും നിയന്ത്രിക്കാനാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഒരുങ്ങുന്നത്‌. മൊബൈല്‍ ജാമര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ്‌ വകുപ്പ്‌ ആലോചിക്കുന്നത്‌. ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ കാമ്പസില്‍ കയറ്റരുതെന്നാണ്‌ പുതിയ നിര്‍ദേശത്തില്‍ കര്‍ശനമായി ആവശ്യപ്പെടുക. അത്തരം മൊബൈലുകള്‍ അധികൃതര്‍ പിടിച്ചെടുത്താല്‍ തിരിച്ചു കൊടുക്കാന്‍ വകുപ്പില്ലാത്ത വിധം നിയമം കര്‍ശനമാക്കാനാണ്‌ ആലോചിക്കുന്നത്‌.
ക്യാമറാ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രം നിമിഷങ്ങള്‍ക്കകം ബ്ലൂടൂത്തോ എംഎംഎസോ വഴി അടുത്തയാള്‍ക്ക്‌ കൈമാറാനാകും. ഫോട്ടോ എടുത്തയാള്‍ക്ക്‌ സ്വന്തം മൊബൈലില്‍ നിന്നും ചിത്രം മായ്‌ച്ചുകളഞ്ഞ്‌ നിരപരാധി ചമയുകയുമാവാം. എന്നാല്‍ അപ്പോഴേക്കും ആവശ്യമായ ചിത്രം ആവശ്യമായ കേന്ദ്രങ്ങളില്‍ എത്തിക്കഴിഞ്ഞിരിക്കും. എന്നാല്‍ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍ മായ്‌ച്ചുകളഞ്ഞാലും ഹാര്‍ഡ്‌വെയര്‍ പരിശോധനയിലൂടെ ഇത്‌ കണ്ടെത്താനാവുമെന്ന്‌ പലര്‍ക്കും അറിയില്ല. നിയമം കര്‍ശനമായാല്‍ ഇത്തരക്കാര്‍ എളുപ്പത്തില്‍ കുടുങ്ങുകയായിരിക്കും ഫലം. ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ ഇലക്‌ട്രോണിക്‌ രൂപത്തില്‍ പകര്‍ത്തുന്നതും കൈമാറുന്നതും മൂന്ന്‌ വര്‍ഷം വരെ തടവ്‌ കിട്ടാവുന്ന കുറ്റമാണ്‌.
മൊബൈല്‍ ഉപയോക്താക്കളായ സ്‌ത്രീകളുടെ ശ്രദ്ധ പതിയാത്ത മേഖലയാണ്‌ റീ ചാര്‍ജിംഗ്‌. പലപ്പോഴും വിദ്യാര്‍ഥിനികളോ ഉദ്യോഗസ്ഥകളോ ആയ സ്‌ത്രീകളാണ്‌ റീ ചാര്‍ജിംഗ്‌ കുഴപ്പത്തില്‍ എത്തിപ്പെടുക. ഈസി റീചാര്‍ജിംഗിനായി കടകളില്‍ സ്വന്തം നമ്പറും പണവും നല്‌കി പുറത്തിറങ്ങുമ്പോള്‍ അവര്‍ അറിയുന്നില്ലതന്റെ ഫോണ്‍നമ്പര്‍ പരസ്യമായിക്കഴിഞ്ഞെന്ന്‌. പലപ്പോഴും ഇങ്ങനെ കിട്ടുന്ന നമ്പറുകളാണ്‌ പിന്നീട്‌ അജ്ഞാതകോളുകളായും മിഡ്‌സ്‌കാള്‍ പ്രളയങ്ങളായും എസ്‌എംഎസ്‌ ശല്യങ്ങളായും മാറുന്നത്‌. സ്‌ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഈസി റീചാര്‍ജിനേക്കാള്‍ കൂപ്പണ്‍ റീചാര്‍ജാണ്‌ ഉത്തമം.
മൊബൈല്‍ കണക്ഷന്‍ എടുക്കാനായി പൂരിപ്പിച്ച്‌ നല്‌കുന്ന അപേക്ഷാഫോറത്തിലൂടെ ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ ഫോട്ടോ സഹിതം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്‌. പരസ്യ കമ്പനികളും മറ്റുമാണ്‌ ഇത്തരത്തില്‍ നമ്പറും വിലാസവും ശേഖരിക്കുന്നത്‌. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ പാടില്ലെന്നാണ്‌ നിയമമെങ്കിലും അത്‌ നിര്‍ബാധം നടക്കുന്നുണ്ട്‌. മാത്രമല്ലരേഖകള്‍ ഫോട്ടോസ്റ്റാറ്റ്‌ എടുക്കുമ്പോള്‍ വ്യാജ മൊബൈല്‍ കണക്ഷനുകള്‍ക്ക്‌ വേണ്ടി അവ ദുരുപയോഗം ചെയ്യപ്പെടാറുള്ള സംഭവവും നിരവധി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
ഓര്‍ക്കുട്ട്‌ഫെയ്‌സ്‌ബുക്ക്‌ തുടങ്ങിയവയില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങളിലൂടെയും പലരുടെയും വിവരങ്ങള്‍ ചോര്‍ന്നു പോകാറുണ്ട്‌. അത്‌ പിന്നീട്‌ അവരെ വട്ടംകറക്കാനും കുഴിയില്‍ ചാടിക്കാനുമുള്ള ഏടാകൂടാങ്ങളായി മാറാറുമുണ്ട്‌. ഇന്റര്‍നെറ്റ്‌ ഫോണിലൂടെ സന്ദേശങ്ങള്‍ അയച്ച്‌ വട്ടംകറക്കുന്നവരും കുറവല്ല. ഇത്തരം ഫോണുകളില്‍ നിന്നുള്ള സന്ദേശത്തില്‍ അയക്കുന്ന വ്യക്തിയുടെ നമ്പര്‍ ലഭിക്കാത്തതിനാല്‍ അജ്ഞാതര്‍ക്ക്‌ എളുപ്പത്തില്‍ കയറി മേയാനുള്ള മേഖലയായി ഇത്‌ മാറിയിട്ടുണ്ട്‌. ഇതിനെതിരെ പരാതികള്‍ പുറത്തെത്താത്തതും ഇത്തരക്കാര്‍ക്ക്‌ ഗുണകരമാകാറുണ്ട്‌.
മാസത്തില്‍ കാല്‍ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന തൊഴിലുണ്ട്‌,വിദേശത്തേക്ക്‌ വിസതാങ്കള്‍ ഭാഗ്യവാനാണ്‌ കോടികളുടെ ലോട്ടറി അടിച്ചു തുടങ്ങിയ സന്ദേശങ്ങളുമായി പലപ്പോഴും എസ്‌എംഎസുകള്‍ എത്താറുണ്ട്‌. ഇതില്‍ കുടുങ്ങുന്നവര്‍ക്ക്‌ റീ ചാര്‍ജ്‌ ചെയ്‌ത്‌ പണം കളയാമെന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടാകാറില്ല. ചിലപ്പോള്‍ ബാങ്കിലുള്ള പണവും നഷ്‌ടപ്പെടാറുണ്ട്‌. ആര്‍ത്തി കാണിക്കുന്നവര്‍ക്ക്‌ വന്‍തുകയാണ്‌ നഷ്‌ടപ്പെടാറുള്ളത്‌. ആരെന്നറിയാതെ ഒരു സന്ദേശം വരുമ്പോഴേക്കും അതിന്റെ നിജസ്ഥിതി അറിയാതെ പിന്നാലെ പോകുന്നവരാണ്‌ ഇത്തരം വഞ്ചനകളില്‍ ഉള്‍പ്പെടാറുള്ളത്‌.
റിംഗ്‌ടോണ്‍, ഇഷ്‌ടപ്പെട്ട തമാശകള്‍മഹദ്‌വചനങ്ങള്‍ തുടങ്ങിയ പരസ്യങ്ങളിലൂടെയും മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യാറുണ്ട്‌. ഉപഭോക്താക്കളില്‍ നിന്നും പണം പിടുങ്ങാനായി മൊബൈല്‍ കമ്പനികള്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗമാണ്‌ റിയാലിറ്റി ഷോകളിലെ മത്സരാര്‍ഥികള്‍ക്ക്‌ അനുകൂലമായി എസ്‌എംഎസുകള്‍ അയക്കാന്‍ പറയുന്നത്‌. വന്‍ തുകയാണ്‌ ഇത്തരം എസ്‌എംഎസുകള്‍ക്ക്‌ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഈടാക്കാറുള്ളത്‌. റിയാലിറ്റി ഷോയുടെ ആവേശത്തില്‍ പണം ചോരുന്ന വഴി ഉപയോക്താക്കള്‍ അറിയുകയേ ഇല്ല. ഷൂട്ടിംഗ്‌ കഴിഞ്ഞതും ഫല പ്രഖ്യാപനം വന്നതുമായ പരിപാടികള്‍ക്കാണ്‌ തങ്ങള്‍ ആവേശത്തോടെ എസ്‌എംഎസ്‌ അയക്കുന്നതെന്ന്‌ പ്രേക്ഷകരും മൊബൈല്‍ ഉപയോക്താക്കളും അറിയാറില്ല.
എസ്‌എംഎസുകളിലൂടെ തന്നെയാണ്‌ ആണ്‍-പെണ്‍ സൗഹൃദ പരസ്യങ്ങളും എത്താറുള്ളത്‌. ചില സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നമ്പര്‍ രഹസ്യമാക്കുമെന്നറിയിച്ച്‌ ആണ്‍-പെണ്‍ സൗഹൃദകോളുകള്‍ നല്‌കുന്നുണ്ട്‌. ആരാണെന്നോ എന്താണെന്നോ അറിയാതെ കമ്പനിയുടെ പരസ്യത്തില്‍ വിശ്വസിച്ച്‌ കൊഞ്ചിക്കുഴയുന്നവര്‍ തങ്ങളുടെ പണം ഒഴുകിപ്പോകുന്നത്‌ അറിയാറില്ല. മൊബൈല്‍ പ്രണയവും എസ്‌എംഎസ്‌ ദുരന്തങ്ങളുമൊക്കെ സമ്മാനിക്കുന്നതില്‍ എഫ്‌എം റേഡിയോകളും ഇപ്പോള്‍ പിറകിലല്ല.
എല്ലാ ദുരന്തങ്ങളില്‍ നിന്നും ചിലപ്പോള്‍ സ്വയം മാറാന്‍ കഴിഞ്ഞെന്ന്‌ വരില്ല. ചിലത്‌ നമ്മെ തേടിയെത്തുക തന്നെ ചെയ്യും. എന്നാല്‍ ഓരോരുത്തര്‍ക്കും സ്വയം ഉണ്ടാക്കുന്ന കുറേ പ്രശ്‌നങ്ങള്‍ക്ക്‌ സൂക്ഷ്‌മതയിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞേക്കും. തന്റെ രഹസ്യങ്ങള്‍ സ്വന്തം സൂക്ഷിക്കാന്‍ കഴിഞ്ഞിയാത്തവര്‍ അത്‌ മറ്റുള്ളവര്‍ സൂക്ഷിക്കുമെന്ന്‌ കരുതുന്നുവെങ്കില്‍ മണ്ടന്‍ചിന്ത എന്നല്ലാതെ മറ്റെന്താണ്‌ വിശേഷിപ്പിക്കുക. അത്തരക്കാരാണ്‌ ആദ്യം കുഴപ്പങ്ങളില്‍ ചെന്ന്‌ വീഴുന്നതും. അബദ്ധങ്ങളില്‍ ചെന്നുചാടിയതിനു ശേഷം വിലപിക്കുന്നതിന്‌ പകരം അത്തരം കുഴപ്പങ്ങളിലേക്ക്‌ വീഴാതെ സൂക്ഷിക്കുന്നതാണ്‌ ഉത്തമം.

തുരുത്തില്‍ ഒറ്റപ്പെട്ട്‌ പോയവര്‍

മൊബൈല്‍ ഫോണിന്റെ വരവോട്‌ കൂടിയാണ്‌ നല്ല ചങ്ങാത്തങ്ങള്‍ അവസാനിച്ചത്‌. നേര്‍ക്കു നേരെ സംസാരിക്കാന്‍ വിഷയമില്ലാത്തവര്‍ പോലും മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കും. എന്താണ്‌ പറഞ്ഞതെന്ന്‌ പറയുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ പിന്നീട്‌ ഓര്‍ത്തെടുക്കാന്‍ പോലും പറ്റിയെന്ന്‌ വരില്ല. ഗൗരവത്തോടെ സംസാരിക്കുന്നവര്‍ക്കിടയിലേക്ക്‌ വില്ലനെപോലെ മൊബൈലിന്റെ റിംഗ്‌ട്യൂണ്‍ കടന്നു വരുന്നതോടെ പരിഗണന മൊബൈലിലേക്കു പോകും. അതോടെ സമീപസ്ഥന്‍ ക്യൂവിലാവുകയും ദൂരെയെങ്ങോ ഉള്ളയാള്‍ ചെവിക്കടുത്തേക്ക്‌ എത്തുകയും ചെയ്യും. ഇപ്പോള്‍ സ്വന്തം പേരുകള്‍ പോലും മറന്നുപോയ തലമുറയാണ്‌ ജീവിതം മുമ്പോട്ട്‌ പോകുന്നത്‌. പത്ത്‌ അക്കങ്ങളുള്ള നമ്പറാണ്‌ പുതിയ തലമുറയുടെ പേര്‌. ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കൈവെള്ളയില്‍ പൊതിഞ്ഞു കെട്ടി നടക്കുന്നതാണ്‌ ഫാഷന്‍. ചില പൊങ്ങച്ച മാസികകളില്‍ മൊബൈല്‍ ഫോണിന്റെ മോഡലുകളെ കുറിച്ച്‌ പംക്തികള്‍ തന്നെ കൈകാര്യം ചെയ്യുന്നുണ്ട്‌. കാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ പ്രിയപ്പെട്ട കമ്പനി പുറത്തിറക്കുന്ന ഇത്തരം മൊബൈലുകളിലെ സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നുമൊക്കെയായിരിക്കും പൊങ്ങച്ചച്ചേട്ടന്മാരും ചേച്ചിമാരും ഈ പംക്തിയില്‍ ചോദ്യങ്ങള്‍ ചോദിക്കാറുള്ളത്‌.
ഇന്ന്‌ മൊബൈല്‍ ആഡംബര വസ്‌തുവില്‍ നിന്നും അവശ്യവസ്‌തുവിലേക്ക്‌ ചുവടു മാറിക്കഴിഞ്ഞു. റേഷന്‍ കടയില്‍ അരിക്ക്‌ കാത്തുനില്‍ക്കുന്നവരില്ലാത്ത ലോകത്ത്‌ മൊബൈല്‍ റീചാര്‍ജ്‌ കൂപ്പണിനു വേണ്ടി ക്യൂ നില്‍ക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. സൂക്ഷിച്ച്‌ ഉപയോഗിക്കുക എന്നതു തന്നെയാണ്‌ മൊബൈലിന്റെ കാര്യത്തിലും നടപ്പാക്കാന്‍ കഴിയുന്ന രക്ഷാമാര്‍ഗം.




www.keralites.net 

No comments:

Post a Comment