Related Posts with Thumbnails

2010-03-10

ചുരുട്ടിവെക്കാം ലാപ്‌ടോപ്പ്‌












തിരക്കുള്ള ട്രെയിനിലും ബസ്സിലും ലാപ്‌ടോപ്പുമായോ നോട്ടുബുക്ക് കമ്പ്യൂട്ടറുമായോ കയറുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പരന്ന ഈ കമ്പ്യൂട്ടറിന് ഇത്തരം സാഹചര്യങ്ങളില്‍ ക്ഷതമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. തീര്‍ച്ചയായും ഇതൊന്നു ചുരുട്ടിവെക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആരും ആഗ്രഹിച്ചുപോകും.

ഈ ആഗ്രഹമാണ് ഇനി യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. ഡെസ്‌ക്‌ടോപ്പം ലാപ്‌ടോപ്പും നോട്ടുബുക്കുമെല്ലാം ഇനി റോള്‍ ടോപ്പിന് വഴിമാറേണ്ടിവരും. ഇപ്പോള്‍ ഇതൊരു സങ്കല്പം മാത്രമാണെങ്കിലും ഇതേക്കുറിച്ചുള്ള രൂപരേഖകളും മോഡലുകളും തയ്യാറായിക്കഴിഞ്ഞു.


നമുക്ക് നമ്മുടെ ചാര്‍ട്ട്‌പേപ്പര്‍ അല്ലെങ്കില്‍ ഒരു പായ ചുരുട്ടിയെടുക്കുന്നതുപോലെ കമ്പ്യൂട്ടറിനെ ചുരുട്ടിയെടുത്ത് ഒരു ത്രീഫോള്‍ഡ് കുടപോലെ കൊണ്ടുനടക്കാന്‍ പറ്റാവുന്ന രീതിയിലാക്കിയ കമ്പ്യൂട്ടറിനെയാണ് റോള്‍ടോപ്പ് എന്ന് പറയുന്നത്.

ഉയര്‍ന്ന വേഗവും ക്ലാരിറ്റിയും രണ്ടു സൈഡില്‍നിന്നും വ്യക്തമായി കാണാവുന്നതുമായ OLED (Organic Light Emiting Diode) സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിക്കുന്ന ഇതിന്റെ സ്‌ക്രീനാണ് ചുരുട്ടാന്‍ പറ്റുന്നത്. നിവര്‍ത്തിയാല്‍ ഒരു 17 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലാവുന്ന ഇതിനെ നടുവില്‍ മടക്കിയാല്‍ താഴെഭാഗം കീബോര്‍ഡും മുകള്‍ഭാഗം സ്‌ക്രീനുമായും ഉപയോഗിക്കാം. പൂര്‍ണമായും ടച്ച് സ്‌ക്രീന്‍ സംവിധാനത്തിലുള്ള ഇതിനെ വേണമെങ്കില്‍ നിവര്‍ത്തി ഫുള്‍സ്‌ക്രീന്‍ രീതിയിലുമാക്കാം. ടച്ച് സ്‌ക്രീന്‍ പെന്‍ ഉപയോഗിച്ച് ഈ സ്‌ക്രീനില്‍ ഒരു ചാര്‍ട്ട്‌പേപ്പറിലെന്നപോലെ വരയ്ക്കാനും കഴിയും.


കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാന ഭാഗമായ സി.പി.യു. ഒരു പൈപ്പ് ആകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു കേബിള്‍ മുഖേനയാണ് സി.പി.യു.വും സ്‌ക്രീനും തമ്മില്‍ കണക്ട് ചെയ്യുന്നത്. സാധാരണ കമ്പ്യൂട്ടറിനുള്ള എല്ലാ ഭാഗങ്ങളും ഈ സി.പി.യു.വിന് ഉള്ളിലുണ്ട്. ചുരുട്ടാന്‍ പറ്റുന്ന സ്‌ക്രീന്‍ ഈ സി.പി.യു.വിന് ചുറ്റും ഒരു പൈപ്പിനെ ചുറ്റുന്നതുപോലെ ചുറ്റി കുറച്ചുകൂടി വലിയൊരു പൈപ്പ് മാതൃകയിലുള്ള ബാഗിലാക്കിയാല്‍ നമുക്ക് ഒരു വാനിറ്റി ബാഗോ അല്ലെങ്കില്‍ ത്രീഫോള്‍ഡ് കുടയോ കൊണ്ടുപോവുന്നതുപോലെ ഇതും കൊണ്ടുപോവാം.


ഓര്‍ക്കിന്‍ ഡിസൈന്‍ എന്ന ഡെന്മാര്‍ക്ക് കമ്പനിയും സോണി കോര്‍പ്പറേഷനും ചേര്‍ന്നാണ് ഈ ഡ്രീം മോഡല്‍ വിപണിയിലെത്തിക്കുന്നത് കമ്പ്യൂട്ടര്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ റോള്‍ ടോപ്പിന്റെ വരവിനെ നോക്കുന്നത്. ഇതിന്റെ യൂടൂബ് വീഡിയോ കാണുക.
-ഷരീഫ് വെണ്ണക്കോട്‌
കടപ്പാട് : മാതൃഭൂമി



No comments:

Post a Comment